top of page

ഈ ഭൂമി പവിത്രമാണ്

May 1, 2010

2 min read

ഡോ. റോയി തോമസ്

Image portraying our earth is precious
Image portraying our earth is precious

"ഈ ദേശത്തിന്‍റെ ഓരോ ഭാഗവും എന്‍റെ ജനങ്ങള്‍ക്കു പവിത്രമാണ്. ഓരോ മലഞ്ചെരിവും താഴ്വരയും പുല്‍പരപ്പും മരക്കൂട്ടവും എന്‍റെ വര്‍ഗ്ഗത്തിന്‍റെ പ്രിയസ്മരണകള്‍ കൊണ്ടോ ദുഃഖാനുഭവങ്ങള്‍ കൊണ്ടോ വിശുദ്ധമാക്കപ്പെട്ടവയാണ്. കടല്‍ത്തീരത്ത് വെയിലില്‍ ചുട്ടുപൊള്ളി മൂകമായി ഗാംഭീര്യം പൂണ്ട് കിടക്കുന്ന ശിലകള്‍പോലും എന്‍റെ  ജനങ്ങളുടെ ജീവിതവിധിയോട് ചേര്‍ന്ന ഭൂതകാലസംഭവങ്ങളുടെ സ്മരണകളില്‍ കോരിത്തരിക്കുന്നവയാണ്" - 1854 ല്‍ സിയാറ്റില്‍ മൂപ്പന്‍ നടത്തിയ പ്രഭാഷണത്തിന്‍റെ ഭാഗമാണിത്. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളില്‍ ആദ്യം കടന്നുവരുന്ന ദര്‍ശനമാണിത്.

ചുട്ടുപൊള്ളുന്ന ഭൂമിയിലിരുന്ന് നാം ആലോചിക്കുന്നു: എന്തുകൊണ്ടാണ് ഇങ്ങനെ കാലാവസ്ഥ മാറുന്നത്? ഓരോ വര്‍ഷവും ചൂട് കൂടുന്നത്? ചുട്ടുനീറുന്ന ഭൂമി പൊട്ടിത്തെറിച്ച് മറ്റൊരു ഗ്രഹം ഉണ്ടാകുമോ? ഒരു അപകടസന്ധിയില്‍ നാം എത്തിപ്പെട്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യന് വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ളതാണ് ഭൂമി എന്ന ചിന്ത, വികസനം എന്നത് പരിസ്ഥിതി നശിപ്പിച്ചുകൊണ്ടാകണം എന്ന കാഴ്ചപ്പാട് ഇതെല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. സിയാറ്റില്‍ മൂപ്പന്‍ വെള്ളക്കാരന്‍റെ സംസ്കാരത്തെ ശക്തമായി വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. പ്രകൃതിയോടു ചേര്‍ന്നുനിന്ന് ജീവിച്ച ഒരു ജനതയെ ഇറക്കിവിട്ട് അധിനിവേശത്തിന്‍റെ പുത്തന്‍ സംസ്കാരം പണിതുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള എക്കാലത്തെയും താക്കീതാണ് മൂപ്പന്‍റെ വാക്കുകള്‍. "അയാളുടെ (വെള്ളക്കാരന്‍റെ) ആര്‍ത്തി ഭൂമിയെ വിഴുങ്ങുകയും ഒരു മരുഭൂമി മാത്രം അവശേഷിപ്പിക്കുകയും ചെയ്യും" എന്ന് അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്! മനുഷ്യന്‍റെ ആര്‍ത്തി ഭൂമിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കാടും മലകളും തോടുകളും പുഴകളുമെല്ലാം ഇല്ലാതാകുന്നു. ഒരു മരുഭൂമി നമ്മുടെ ജീവിതത്തിലേക്കു പടര്‍ന്നു കയറുകയാണോ എന്ന ചോദ്യം നമ്മെ അലട്ടുന്നു. "വെളുത്തവന്‍റെ ചൂഷണ സംസ്കാരത്തെ പിന്തുടര്‍ന്ന നാം ഈ പ്രകൃതിയെ, ഭൂമിയെ വില്പനച്ചരക്കാക്കി മാറ്റിയപ്പോള്‍ മൂല്യങ്ങളും പരിസ്ഥിതിയും തകിടം മറിഞ്ഞു.

 "ഭൂമിക്കു സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കള്‍ക്കും സംഭവിക്കും. ജീവന്‍റെ വല നെയ്തത് മനുഷ്യനല്ല. അവനതിന്‍റെ ഒരു ഇഴ മാത്രമാണ്. ആ വലയോട് അവന്‍ ചെയ്യുന്നതെല്ലാം അവന്‍ തന്നോടുതന്നെയാണ് ചെയ്യുന്നത്" എന്ന തിരിച്ചറിവ് അനുഭവത്തില്‍നിന്നു നാം നേടുന്നു. ഒരു മടക്കയാത്രയാണ് ഇനി വേണ്ടത്. 'ഭൂമി മനുഷ്യന്‍റെയല്ല, മനുഷ്യന്‍ ഭൂമിയുടേതാണ്' എന്ന ചിന്തയാണ് നമുക്കുണ്ടാകേണ്ടത്. ആശയത്തിന്‍റെ തലത്തില്‍ നില്‍ക്കുന്നതു മാത്രമാകരുത് പാരിസ്ഥിതിക വിവേകം. ഇനി പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. ഭൂമിക്ക് ഇതുവരെ നാം ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. 'മനുഷ്യന്‍ ഭൂമിയില്‍ തുപ്പുമ്പോള്‍ അവനവനെത്തന്നെയാണ് തുപ്പുന്നത്' എന്ന സിയാറ്റില്‍ മൂപ്പന്‍റെ ദര്‍ശനം നാമെന്നാണ് ഉള്‍ക്കൊള്ളുന്നത്?

  എന്തും വാങ്ങാനും വില്‍ക്കാനും ഉള്ളതാണെന്നു കരുതുന്ന കമ്പോള സംസ്കാരം നദികളും മരങ്ങളും പ്രകൃതിയും വില്പനച്ചരക്കാക്കി. "Humanised nature is culture" എന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത്. മാനുഷികമാക്കപ്പെട്ടപ്പോള്‍ മറ്റെല്ലാറ്റിനും പ്രകൃതിയില്‍ സ്ഥാനം നഷ്ടപ്പെട്ടു. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നത് നാം മറന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഒരു ചിത്രശലഭം കൂടുതല്‍ ചിറകടിച്ചാല്‍ അത് സമുദ്രങ്ങളെപ്പോലും ബാധിക്കും എന്ന ദര്‍ശനം നല്‍കുന്നത് എല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് എന്ന സന്ദേശമാണ്. ഉപഭോഗസംസ്കാരത്തിന്‍റെ വേലിയേറ്റത്തില്‍ കടപുഴകി വീഴുന്ന ഭൂമിയിലെ ലാവണ്യങ്ങള്‍ എത്ര വിലപ്പെട്ടതാണ് എന്നു നാം തിരിച്ചറിയണം. നാം ജീവിക്കുന്നത് വര്‍ത്തമാനകാലത്തിലാണെങ്കിലും ഭൂതവും ഭാവിയും നമ്മോടൊപ്പമുണ്ട്. ഭാവിയിലെ തലമുറകളുടെ സമ്പത്തെടുത്താണ് നാമിന്നു ധൂര്‍ത്തടിക്കുന്നത്. നമുക്കവകാശപ്പെട്ടതെല്ലാം എന്നേ തീര്‍ന്നിരിക്കുന്നു! എന്നിട്ടും ആര്‍ത്തിയും വിശപ്പും ശമിക്കാത്ത മനുഷ്യന്‍ ഭൂമിയെ വീണ്ടും വീണ്ടും ആക്രമിക്കുന്നു. ഈ അവിവേകത്തില്‍ മനംനൊന്താണ് ഒ. എന്‍. വി. കുറുപ്പ് 'ഭൂമിക്ക് ഒരു ചരമഗീതം' എഴുതിയത്. ആ കവിതയില്‍ കവി പ്രവചിച്ചത് പലതും ഇപ്പോള്‍ അന്വര്‍ഥമായിക്കൊണ്ടിരിക്കുന്നു.

'ഭൂമിയെ ദ്രോഹിക്കുന്നത് അതിന്‍റെ സ്രഷ്ടാവിന്‍റെമേല്‍ നിന്ദ കോരിച്ചൊരിയുന്നതിനു തുല്യമാണ്' എന്നു സിയാറ്റില്‍ മൂപ്പന്‍ പറയുന്നു. നാം ഈ ഭൂമിയുടെ സ്രഷ്ടാവിനെ എത്രമാത്രം നിന്ദിച്ചിരിക്കുന്നു! ഈ തെറ്റില്‍നിന്ന് ഒരിക്കലും നമുക്കു രക്ഷപ്പെടാനാവില്ല എല്ലാറ്റിനെയും അണച്ചുനിര്‍ത്തുന്ന പുതിയൊരു സംസ്കാരം, ആത്മീയത, പ്രാര്‍ത്ഥന ഇതിലൂടെ നമുക്ക് പ്രായശ്ചിത്തം അനുഷ്ഠിക്കാം. അതാണ് ഈ പാപത്തിന് പരിഹാരം. "ഇതുവരെ ദൈവത്തിനെതിരായ പാപമായിരുന്നു വലുതെങ്കില്‍ ഇന്ന് ഭൂമിക്കെതിരായ പ്രവൃത്തികളാണ് ഏറ്റവും വലിയ പാപം" എന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. നാം ഒരിക്കലും ഏറ്റുപറയാത്ത മാരകപാപമാണ് ഭൂമിക്കെതിരായി നാം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. "സ്വന്തം കിടക്കയെ മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം അമേധ്യത്തില്‍ ശ്വാസംമുട്ടി മരിക്കും" എന്നാണ് സിയാറ്റില്‍ മൂപ്പന്‍ മുന്നറിയിപ്പു തന്നത്. അങ്ങനെയൊരു ശ്വാസംമുട്ടലിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. വെള്ളം, ശുദ്ധവായു, പരിസ്ഥിതി, മരങ്ങള്‍ എല്ലാം എത്ര വിലപ്പെട്ടതാണ് എന്നു നാം മനസ്സിലാക്കുന്നത് ഈ അപകടസന്ധിയിലാണ്. ജീവിതരീതിയില്‍, ചിന്തകളില്‍ എല്ലാം സമഗ്രമായ മാറ്റം ഉണ്ടായാലേ ഇനി നമുക്ക് നിലനില്‍ക്കാനാവൂ. ഭൂമിയില്‍നിന്ന് ആവശ്യത്തിലധികം നാം കറന്നെടുത്തു കഴിഞ്ഞൂ.

പൗലോ കൊയ്ലോയുടെ 'ബ്രിഡ' എന്ന നോവലിന്‍റെ ആമുഖത്തില്‍ മനുഷ്യന്‍റെ മുമ്പിലുള്ള രണ്ടുമാര്‍ഗ്ഗങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഒന്ന് പണിയുന്നവന്‍റെ മാര്‍ഗം, രണ്ട് നടുന്നവന്‍റെ മാര്‍ഗം. പണിയുന്നവനു പണി പൂര്‍ത്തിയാകുന്നതോടെ ജീവിതത്തിന്‍റെ അര്‍ഥം നഷ്ടമാകുന്നു. ഭൂമിക്കുമേല്‍ നാം പണിതുയര്‍ത്തിയതൊന്നും ആത്യന്തികമായ സന്തോഷത്തിലേക്കു നമ്മെ നയിക്കുന്നില്ല എന്നു സാരം. നടുന്നവന്‍റെ മാര്‍ഗ്ഗം വ്യത്യസസ്തമാണ്. "നടുന്നവന്‍ വിശ്രമമറിയുന്നില്ല. വൃക്ഷത്തിന്‍റെ വളര്‍ച്ച കെട്ടിടത്തെപ്പോലെ നിലയ്ക്കുന്നില്ല. അത് തോട്ടക്കാരന്‍റെ ജീവിതം എന്നും സജീവമാക്കി നിര്‍ത്തുന്നു." പണിയുന്നവന്‍റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന നമുക്ക് നടുന്നവന്‍റെ മാര്‍ഗ്ഗത്തിലേക്കു മാറി സഞ്ചരിച്ചുകൊണ്ടേ മുന്നോട്ടു പോകാനാവൂ. സിയാറ്റില്‍ മൂപ്പനും റേച്ചല്‍ കാഴ്സനും സുഗതകുമാരിയുമെല്ലാം അതിനുവേണ്ടിയാണ് ആഹ്വാനം ചെയ്തത്. നടുന്നവന്‍റെ സംതൃപ്തി ഭൂമിയെ പവിത്രമായി കാത്തുസൂക്ഷിക്കുന്നതിലാണ്. 'ഭൂമിക്കൊരു ചരമഗീതം' എഴുതാന്‍ കവി ഒരുങ്ങിയതിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, മനുഷ്യന്‍റേതു മാത്രമല്ല ഭൂമിയെന്ന വിവേകത്തില്‍, നടുന്നവരുടെ മാര്‍ഗ്ഗത്തിലൂടെ വീണ്ടെടുക്കുകയാണ് വേണ്ടത്.

Featured Posts