top of page

ആശങ്കകളുടെ സുവര്‍ണ്ണകാലം

Aug 1, 2012

3 min read

കഹ
Gold Bars.

സംസ്കാരം നിലനില്‍ക്കുന്നത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യന് ഹാനികരമായിട്ടുള്ള ഏതു സംസ്കാരത്തെയും, ഏതു ജീര്‍ണ്ണ സംസ്കാരത്തെയും, ഉപേക്ഷിക്കുകയാണ് അവന്‍റെ ആദ്യത്തേതും അവസാനത്തേതുമായ കര്‍ത്തവ്യം.

മുതലാളിത്തത്തിന്‍റെ സാമ്പത്തിക ഉന്മാദത്തിന്‍റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നാം എന്തു കഴിക്കണം, എന്തു ധരിക്കണം, എങ്ങനെ യാത്ര ചെയ്യണം എന്ന് നിരന്തരമായി മുതലാളിത്തം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീത്വത്തിന്‍റെയും പൗരുഷത്തിന്‍റെയും പുതുനിര്‍വചനങ്ങള്‍ അവര്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. പരമ്പരാഗതമായി കോംപ്ലക്സുള്ള മലയാളിയെ അവര്‍ മനോരോഗികളായി മാറ്റിക്കൊണ്ടിരിക്കുന്നു. വിപണിയുടെ ഇരയായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന മലയാള മനസ്സിന്‍റെ നേര്‍ക്കാഴ്ച സ്വര്‍ണ്ണവിപണിയെ വിലയിരുത്തി മാത്രം ചിന്തിച്ചാല്‍ നമുക്കു മനസ്സിലാകുന്നതാണ്. വിലകൂടിയ ഒരു ലോഹം, മികച്ച ഒരു നിക്ഷേപം (താത്ക്കാലികമാവാം) എന്ന നിലയില്‍നിന്ന് സ്വര്‍ണ്ണം നമ്മുടെ സംസ്കാരത്തിന്‍റെ, നമ്മുടെ വിശ്വാസങ്ങളുടെ, പ്രതീകമായി മാറിയിരിക്കുന്നു, അല്ലെങ്കില്‍ മാറ്റിയെടുക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്‍റെയും പ്രതീകമായി പുരാണങ്ങളില്‍ നിന്നിറങ്ങി കച്ചവടവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനത്തില്‍ അത് നിത്യജീവിതത്തിന്‍റെ ഭാഗമായി മാറ്റപ്പെടുന്നു. ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നത് ഇത് സാധാരണക്കാരന്‍റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാത്രമാണ്.

ചരിത്രവഴികള്‍ ഉടനീളം അന്വേഷിക്കുമ്പോഴും കൃത്യമായി എന്നു മുതല്‍ക്കാണ് സ്വര്‍ണ്ണം മനുഷ്യജീവിതത്തിന്‍റെ ഭാഗമാകുന്നതെന്ന് നിര്‍ണ്ണയിക്കുക അസാധ്യമാണ്. കിഴക്കന്‍ യൂറോപ്പില്‍ ബി.സി നാലായിരത്തില്‍ സ്വര്‍ണ്ണം അലങ്കാരപ്പണികള്‍ക്കായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് സൂചനകളുണ്ട്. മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റേയും രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയുടെയും അളവുകോലായി സ്വര്‍ണ്ണം മാറുമ്പോള്‍ അത് വിലകൂടിയ ഒരു ലോഹത്തിന്‍റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കും ആശങ്കാജനകമായ ഭാവിയിലേക്കുമുള്ള കടന്നുകയറ്റമായേ മതിയാവൂ. ആയിരക്കണക്കിനു വര്‍ഷത്തെ ചരിത്രമുള്ള സ്വര്‍ണ്ണം രാഷ്ട്രങ്ങളുടെ വിധിയെ, സംസ്കാരങ്ങളുടെ ഭാവിയെ, സാധാരണക്കാരന്‍റെ സ്വപ്നങ്ങളെ നിര്‍ണയിക്കുന്ന ഘടകമായി മാറിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനു വിവിധ മാനങ്ങളുണ്ട്.

യൂറോപ്യന്‍ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഈജിപ്റ്റില്‍ ബി. സി. രണ്ടായിരത്തി അഞ്ഞൂറില്‍ സ്വര്‍ണ്ണ നിര്‍മ്മിത ആഭരണങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. ബി. സി. ആയിരത്തി അഞ്ഞൂറില്‍ അന്താരാഷ്ട്ര വാണിജ്യ കൈമാറ്റങ്ങളില്‍ ആ രാഷ്ട്രം സ്വര്‍ണ്ണത്തെ അംഗീകരിക്കപ്പെട്ട മാനദണ്ഡമാക്കി. ബി.സി. അഞ്ഞൂറ്റി അറുപതില്‍ ശുദ്ധമായ സ്വര്‍ണ്ണനാണയങ്ങള്‍ ഏഷ്യാമൈനറിന്‍റെ തലസ്ഥാനമായ 'ലിഡിയ'യില്‍നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബി. സി. മുന്നൂറ്റി നാല്പത്തിനാലില്‍ നാല്പതിനായിരം വരുന്ന തന്‍റെ സൈന്യബലവുമായി പേര്‍ഷ്യയില്‍നിന്ന് സ്വര്‍ണ്ണം കടത്തുന്നതിനായി അലക്സാണ്ടര്‍ നടത്തിയ മുന്നേറ്റം സ്വര്‍ണ്ണത്തോടുള്ള പ്രാക്തനകാല ഭരണകൂടതാല്പര്യങ്ങള്‍ വെളിവാക്കുന്നുണ്ട്.

ഭാരതത്തില്‍ പുരാണങ്ങളില്‍ നിന്നാരംഭിച്ച് രാജാക്കന്മാരിലൂടെ വൈദേശിക അധിനിവേശത്തിന്‍റെ കാലവും കടന്നെത്തിനില്‍ക്കുന്ന ചരിത്രമുണ്ട് സ്വര്‍ണ്ണത്തിന്. പുരാണങ്ങളില്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതരായ ദേവീദേവന്മാര്‍. സ്വര്‍ണ്ണം ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഈശ്വരസാന്നിധ്യത്തിന്‍റെയും പ്രതീകമായി വാഴ്ത്തപ്പെട്ട പൗരാണികത. രാജഭരണത്തിന്‍റെ നാള്‍വഴികളില്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള ക്രയവിക്രയങ്ങള്‍ക്കും രാഷ്ട്രീയമായ ശത്രുതയ്ക്കും ആക്രമങ്ങള്‍ക്കുമൊക്കെ വഴിതെളിച്ചു. അധിനിവേശത്തിന്‍റെ കാലത്ത് അധികാരം കൈക്കലാക്കാന്‍ പാരിതോഷികങ്ങളുടെ രൂപത്തില്‍ രാജസന്നിധിയിലേക്കു നയിക്കപ്പെട്ട പാരമ്പര്യം. പുതിയ കാലത്ത് മാധ്യമങ്ങളുടെ സ്വാധീനം ജീവിതത്തെ അപ്പാടെ മാറ്റുന്ന കാലത്ത് സ്വര്‍ണ്ണവ്യവസായികള്‍ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും മൂലധനനിക്ഷേപം നടത്തുമ്പോള്‍ സ്വര്‍ണ്ണം സൗന്ദര്യത്തിന്‍റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകമെന്നതിനപ്പുറത്ത് ജനാധിപത്യകാലത്തും അധികാരത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുവായി മാറുന്നു.

"മുതലാളിത്തത്തിനുള്ള ഒരു ഗുണം മുതലാളിത്തം ജാതി ഇല്ലാതാക്കുന്നു" - എന്ന പ്രൊഫ. എം. എന്‍. വിജയന്‍റെ നിരീക്ഷണം ഈ ചിന്തയില്‍ പ്രസക്തമാണ്. സാധനം എല്ലാവരിലൂടെയും വിറ്റു പോകണമെന്ന മുതലാളിത്തത്തിന്‍റെ ചിന്ത അവരുടെ വാണിജ്യ താല്പര്യങ്ങളെ മതേതരമാക്കുന്നു. 'അക്ഷയതൃതീയ' എന്ന പുതിയ തന്ത്രം സ്വര്‍ണ്ണത്തിന്‍റെ കാര്യത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും എല്ലാ മതവിശ്വാസികളുടെയും പാരമ്പര്യത്തിന്‍റെയും അന്തസ്സിന്‍റെയും പ്രതീകമാക്കി ഈ വ്യവസായത്തെ മാറ്റിത്തീര്‍ക്കാന്‍ ഈ രംഗത്തുള്ളവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഹിന്ദു-ഇസ്ലാം-ക്രിസ്ത്യന്‍ പശ്ചാത്തലങ്ങളിലുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാം. സ്വര്‍ണ്ണം എല്ലാവരുടെയും പ്രശ്നമായി അങ്ങനെ മാറ്റപ്പെടുന്നു.

ലോകത്തിലെ പുതിയ മുതലാളിത്തം മനുഷ്യനെ, അവന്‍റെ നന്മകളെ അവന്‍റേതായ തീരുമാനങ്ങളെ, നിലപാടുകളെ ഇല്ലാതാക്കി മനുഷ്യജീവിതത്തിന്‍റെ യഥാര്‍ത്ഥ ധര്‍മ്മത്തില്‍നിന്ന് അവനെ എത്രമാത്രം അകറ്റാമോ അത്രയുമകറ്റി ലാഭമെന്നുള്ള ഒരൊറ്റ വസ്തുവില്‍ ജീവിതത്തെ കൊണ്ടെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒരുവന്‍റെ ജനനം മുതലുള്ള ചടങ്ങുകളില്‍ സ്വര്‍ണ്ണം ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മാറുന്നത് ഇത്തരത്തില്‍ അടയാളപ്പെടുത്താവുന്നതാണ്. സ്വന്തമാക്കിയാല്‍ മാത്രം പോരാ, അതിന്‍റെ ക്രയവിക്രയവും സ്വര്‍ണ്ണ വ്യവസായം ആഗ്രഹിക്കുന്നു. അപ്പോള്‍ "വീട്ടില്‍ സ്വര്‍ണ്ണംവെച്ചിട്ട് നാട്ടില്‍ പണം തേടി നടക്കേണ്ട" എന്ന പുതുമൊഴി പഴമൊഴിപോലെ പ്രചരിക്കപ്പെടുന്നു. താലിമാല നഷ്ടപ്പെടുന്ന സ്ത്രീ തന്‍റെ സ്വത്വം നഷ്ടപ്പെട്ടപോലെ വിലപിക്കുന്നു. കാരണം 'പെണ്ണായാല്‍ പൊന്നുവേണം' - താന്‍ പെണ്ണല്ലാതായിരിക്കുന്നു! ഇത്തരത്തില്‍ തെറ്റായ അറിവുകളുടെ വിപണിയായി ജനനവും വിവാഹവും ആദ്യരാത്രിയുമൊക്കെ മാറുമ്പോള്‍ ചിലതൊക്കെ അവസാനത്തേതാകാനും അധികകാലം വേണ്ടിവരുന്നില്ല എന്നും നാം അറിയാതെ പോകുന്നു.

ഇവിടെ പകച്ചുനില്‍ക്കുന്നത് പലപ്പോഴും പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ്. കുട്ടി പെണ്ണാണെന്നറിയുമ്പോള്‍ മുതലുണ്ടാകുന്ന ആശങ്ക എങ്ങിനെയെങ്കിലും അവളെ വിവാഹം ചെയ്തയയ്ക്കുമ്പോള്‍ പോലും അവസാനിക്കുന്നില്ല. ജാതിമതഭേദമെന്യെ വിവാഹച്ചെലവിന്‍റെ ഏതാണ്ട് എണ്‍പതു ശതമാനത്തിലധികം തുക സ്വര്‍ണ്ണത്തിനു വേണ്ടി മാത്രം വേണമെന്ന സ്ഥിതി കുടുംബജീവിതാരംഭത്തിലെ സ്വര്‍ണ്ണത്തിന്‍റെ ശക്തിയെ വിളിച്ചറിയിക്കുന്നു. പുതിയ കാലത്തു, പ്രത്യേകിച്ചും ഉപരിവര്‍ഗ്ഗത്തിനിടയില്‍, സ്ത്രീധനം പണമായി വാങ്ങുന്നതിനുപകരം സ്വര്‍ണ്ണമാക്കി സ്വീകരിക്കുന്നത് കൂടുതല്‍ അന്തസ്സായും, അതിലുപരി പ്രകടനപരത മുഖമുദ്രയായ ജീവിതത്തില്‍ കല്യാണ ദിവസം ആഭരണങ്ങള്‍ ക്ഷണിക്കപ്പെട്ടവരുടെ മുന്നില്‍ 'സ്റ്റാറ്റസ് സിംബല്‍' ആയും മാറുന്നു. ഇതും സ്വര്‍ണ്ണത്തോടുള്ള ഭ്രമത്തിനു കൂടുതല്‍ ശക്തമായ പശ്ചാത്തലമൊരുക്കുന്നു. പെണ്‍കുട്ടികള്‍ തന്നെ സ്വര്‍ണ്ണത്തിനുവേണ്ടി വാശി പിടിക്കുന്നു എന്ന വൈരുധ്യവും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നു. ചെന്നുകയറുന്ന വീട്ടിലെ തന്‍റെ വില സ്വര്‍ണ്ണത്തിന്‍റെ വിലയാണെന്നവള്‍ വിശ്വസിക്കുന്നു. അവളാര്‍ജ്ജിച്ച വിദ്യാഭ്യാസത്തിനും ജീവിതമൂല്യങ്ങള്‍ക്കുമപ്പുറം വിലകൂടിയതാണു സ്വര്‍ണ്ണമെന്ന് കാലം അവളോടു പറയുന്നു. മകളുടെ വിവാഹത്തോടെ സാമ്പത്തികമായി നിരാലംബരായിത്തീരുന്ന മാതാപിതാക്കള്‍ കേരളത്തില്‍ കൂടിവരുന്നുവെന്നതും ആശങ്കാജനകമായ വസ്തുതയാണ്.

കോടികള്‍ മുടക്കി കച്ചവടസ്ഥാപനങ്ങള്‍ അലങ്കരിച്ചും അതിലേറെ മുടക്കി താരരാജാക്കന്മാരെ അണിനിരത്തി പരസ്യങ്ങള്‍ ചെയ്തും വലിയ ലാഭങ്ങള്‍ കൊയ്യാന്‍ കഴിയുന്ന ഇവര്‍ നല്‍കുന്ന സ്വര്‍ണ്ണത്തിന്‍റെ യഥാര്‍ത്ഥ വിലയെന്താണ്? വാങ്ങുന്നവന് വാരിക്കോരി സമ്മാനങ്ങള്‍ നല്കിയിട്ടും തളരാതെ മുന്നേറുന്ന ഇവരുടെ ലാഭം ഒളിച്ചിരിക്കുന്നത് പണിക്കൂലിയിലോ പണിക്കുറവിലോ ശതമാനക്കണക്കുകളിലോ. ഇക്കാര്യത്തിലുള്ള തര്‍ക്കം അവര്‍ക്കിടയില്‍ത്തന്നെ ഉണ്ട് എന്ന് പരസ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നിത്യജീവിതത്തിനായി പച്ചക്കറി വില്ക്കുന്ന സാധാരണക്കാരന്‍റെ കടയില്‍നിന്ന് അരകിലോ വെണ്ടയ്ക്ക ഒടിച്ചുനോക്കിയിട്ടു മാത്രം വാങ്ങുന്ന മലയാളി പരിശുദ്ധ സ്വര്‍ണ്ണത്തെ ഏതു വിരലുകളുപയോഗിച്ച് തിരിച്ചറിയും. പരിശുദ്ധിയളക്കുന്ന യന്ത്രങ്ങളും കച്ചവടക്കാരന്‍റേതാണല്ലോ. ജൂവലറി ഷോറൂമിന്‍റെ മായിക പ്രപഞ്ചത്തിലെത്തുന്ന മലയാളി അവിടെ നില്‍ക്കുന്ന പരിശീലനം സിദ്ധിച്ച സെയില്‍സ്മാന്‍റെ വശ്യതയാര്‍ന്ന പെരുമാറ്റത്തിനുമുന്‍പില്‍ കരുതിവെച്ച എല്ലാ ചോദ്യങ്ങളും മറക്കും. ടാക്സുകൂടി നല്‍കേണ്ടി വരുമെന്നതിനാല്‍ ബില്ലുപോലും വാങ്ങാതെ പാനോപചാരങ്ങളെല്ലാം സ്വീകരിച്ച തൃപ്തിയില്‍ പുറത്തിറങ്ങുന്ന മലയാളി കേരളത്തിലെ പതിവു കാഴ്ചയാണ.് ബുദ്ധിമാനായ മലയാളിയെ ആര്‍ക്കും കബളിപ്പിക്കാം, ബാഹ്യമോടികള്‍ മെച്ചമായിരിക്കണമെന്നു മാത്രം.

ആരാണ് ഉണരേണ്ടത്? സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഇടങ്ങളില്‍ ഇതിനെതിരായ ബോധ്യങ്ങള്‍ ഉയരണം. ഒരു ലോഹത്തെ ആശ്രയിച്ച് കെട്ടി ഉയര്‍ത്തേണ്ടതാണോ മനുഷ്യജീവിതം എന്നു നാം ആലോചിക്കണം. കോടികള്‍ വിറ്റുവരവുള്ള ഒരു വ്യവസായത്തിന്‍റെ -സ്വര്‍ണ്ണ വ്യവസായികള്‍ എത്ര വേഗമാണു വളരുന്നതെന്നു നോക്കുക- ഉപോല്പന്നമായി സാധാരണക്കാരന്‍റെ ജീവിതം മാറുന്നതിനെ നാം പ്രതിരോധിക്കണം. സാംസ്കാരിക ജീവിതത്തിന്‍റെ 'സ്പോണ്‍സര്‍'മാരായി വിപ്ലവങ്ങളുടെ 'ഫ്ളക്സ്' പ്രചാരകന്മാരായി ആരാധനാലയങ്ങളുടെ പുറംതേപ്പുകാരായി മാറിയിരിക്കുന്ന ഇത്തരക്കാരുടെ പിന്നാലെ പോകാതിരിക്കാന്‍ നമുക്കാകണം. കച്ചവടത്തിന്‍റെ ദുഷ്ടലാക്കിനെ പ്രതിരോധിക്കാന്‍ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുള്ള ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമേ ആകൂ എന്നു മനസ്സിലാക്കണം. സാധാരണ മനുഷ്യന്‍റെ ജീവിതാരംഭം മുതല്‍ വിലകൂടിയൊരു ലോഹം കടന്നുകൂടുകയും അതിന്‍റെ ഇരയായി അവന്‍റെ ജീവിതം മാറാതിരിക്കാനുമുള്ള കരുതല്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളാണ് അഭികാമ്യം.

കഹ

0

0

Featured Posts