ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
May 1, 2012
3 min read
"എനിക്കെന്‍റെ കുഞ്ഞിനെ ഒരിക്കല്‍കൂടി വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍...
ആദ്യം ഞാനവനില്‍ ആത്മാഭിമാനം സൃഷ്ടിക്കും.
പിന്നീട് മാത്രം അവനായി ഒരു വീട് പണിയും;
കുഞ്ഞുവിരലുകള്‍കൊണ്ട് ഒത്തിരി നിറക്കൂട്ടുകള്‍ ചാലിപ്പിക്കും,
കുറച്ചു മാത്രം അവന്‍റെ നേരെ വിരല്‍ചൂണ്ടും;
തിരുത്തിന്‍റെ വാക്കുകൊണ്ട് അവനെ ബന്ധിക്കാതെ,
അവന്‍റെ ബന്ധങ്ങളുടെ ലോകം വിശാലമാക്കും;
സമയനിഷ്ഠയുടെ ഘടികാരത്തില്‍നിന്ന് ദൃഷ്ടികള്‍ പറിച്ച് മാറ്റി,
ആര്‍ദ്രമായ മിഴികള്‍കൊണ്ട് അവനെ സാകൂതം വീക്ഷിക്കും;
ഞങ്ങള്‍ ഒരുമിച്ച് മലകയറാന്‍ പോകും,
ഒത്തിരി പട്ടം പറപ്പിച്ച് കളിക്കും;
ഗൗരവം നടിക്കല്‍ ഉപേക്ഷിച്ച്,
ഗൗരവമായിതന്നെ അവനോടൊപ്പം കളികളില്‍ ഏര്‍പ്പെടും;
ഞങ്ങളൊന്നിച്ച് തൊടികളിലൂടെ ഓടുകയും
നക്ഷത്രങ്ങളെ നോക്കി നില്ക്കുകയും ചെയ്യും;
അടുക്കല്‍ വരുമ്പോള്‍ അകറ്റി വിടാതെ
അവനെ എന്നോട് ചേര്‍ത്ത് പുണരും."
(ഡിയാന്‍ ലൂമന്‍സ്, "എന്‍റെ കുഞ്ഞിനെ ഒരിക്കല്‍ കൂടി വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍...")
"ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്ന കഥ മുഴുവനും സത്യമാണോ എന്ന് എനിക്കറിഞ്ഞു കൂടാ. എന്നിരുന്നാലും ഞങ്ങളുടെ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച വിചിത്രമായ ആ കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, ഈ രാജ്യത്ത് തന്നെ സംഭവിച്ച പല സംഗതികളുടെയും സത്യാവസ്ഥയെ വെളിപ്പെടുത്താന്‍ അവയ്ക്കു കഴിഞ്ഞേക്കും" - അഭ്രപാളിയുടെ ഇരുളിമയില്‍ മുഴങ്ങുന്ന ഒരു വൃദ്ധന്‍റെ പതറുന്ന ശബ്ദപശ്ചാത്തലത്തിലാണ് ഠവല ണവശലേ ഞശയയീി The White Ribbon (Das Weisse Band "വെള്ളനാട") എന്ന 2009-ല്‍ മിഖായേല്‍ അനെകെ (Michael Haneke) സംവിധാനം നിര്‍വ്വഹിച്ച ജര്‍മ്മന്‍ ഭാഷാചിത്രം കഥയുടെ ഉള്ളറകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടു പോകുന്നത്. കാല്പനിക കഥകളിലേതുപോലെ സുന്ദരമായ ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള ഒരു ഗ്രാമമാണ് കഥ അരങ്ങേറുന്ന എഹ്വാള്‍ട് (Eichwald). വീട്ടിലേയ്ക്കുള്ള വഴിയില്‍ ആരോ ഗൂഢലക്ഷ്യത്തോടെ രണ്ട് മരങ്ങളെ കൂട്ടിച്ചേര്‍ത്തു തറനിരപ്പില്‍നിന്നും അല്പം ഉയരത്തിലായി വലിച്ചു കെട്ടിയ നൂല്‍ക്കമ്പിയില്‍ തട്ടിവീണ് ഗ്രാമ ഡോക്ടറായ റെയ്നര്‍ ബ്ലോക്കിന്‍റെ കൈ ഒടിയുകയും സഞ്ചരിച്ചിരുന്ന കുതിര ചാവുകയും ചെയ്യുന്ന ആകസ്മിക സംഭവത്തോടെ ഒന്നിനുപിറകെ ഒന്നായി അരങ്ങേറുന്ന അപമൃത്യുവിലൂടെയും പീഡനകഥകളിലൂടെയും ചലച്ചിത്രം പുരോഗമിക്കുന്നു. ഈര്‍ച്ചമില്ലില്‍ സംശയാസ്പദമായി മരണപ്പെടുന്ന സ്ത്രീ, മരണകാരണം ഗ്രാമത്തലവനാണ് എന്ന ചിന്തയില്‍ രോഷാകുലനായി അദ്ദേഹത്തിന്‍റെ ക്യാബേജ് പാടം വെട്ടിനശിപ്പിക്കുന്ന മരണപ്പെട്ട സ്ത്രീയുടെ മകന്‍, ധാന്യപ്പുരയില്‍ മര്‍ദ്ദിക്കപ്പെട്ട് തലകീഴായി കെട്ടിതൂക്കപ്പെട്ട കുട്ടി, ഒരു അതിശൈത്യരാത്രിയില്‍ തീ പിടിക്കുന്ന ധാന്യപ്പുര, രാത്രിയില്‍ ഗ്രാമത്തോടു ചേര്‍ന്ന കാടിനുള്ളില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി രക്തമൊലിക്കുന്ന കണ്ണുകളോടെ ഒരു കുട്ടി... അങ്ങനെ പോകുന്നു പരസ്പരബന്ധമില്ലാത്ത നിഗൂഢവും ദാരുണവും ഭീതിജനകവുമായ ക്രൂരതയുടെ കഥകള്‍...
കഥ പറയുന്ന വൃദ്ധന്‍ ക്രിസ്ത്യന്‍ ഫ്രയ്ഡല്‍ ആ ഗ്രാമത്തിലെ മുന്‍കാല അദ്ധ്യാപകനായിരുന്നു. ഇത് കൗമാരദിശയില്‍ കുഞ്ഞുമനസ്സുകളുടെ അഗാധതയില്‍ മുളയെടുക്കുന്ന പൈശാചികതയുടെ കഥയാണ്. കുഞ്ഞുമനസ്സുകളെ അടിച്ചമര്‍ത്തുന്ന വര്‍ഗ്ഗാവബോധത്തെക്കുറിച്ച് പാഠങ്ങളില്ലാത്ത ഒരു പഠനമാണ്. ഊഹാപോഹങ്ങളിലേയ്ക്കും നിഗമനങ്ങളിലേയ്ക്കും മാത്രം കാഴ്ചക്കാരെ എത്തിച്ചു നിര്‍ത്തുന്ന പരിസമാപ്തിയില്ലാത്ത ഒരു ആഖ്യാനമാണ്.
"സാധാരണയായി മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള ബന്ധത്തില്‍ തങ്ങളുടെ ആയുധങ്ങളെല്ലാം (ശാരീരിക വലിപ്പം, അധികാരം, മാനസിക-ബൗദ്ധിക- വൈകാരിക മേല്‍ക്കോയ്മ) പുറത്തെടുക്കുന്നു. ഉറക്കെ വിളിച്ചുകൂവുകയോ, ഭീഷണിപ്പെടുത്തുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നു. എന്നിട്ട് അവര്‍ ജയിക്കുന്നു. ബലഹീനരായ ശിശുക്കള്‍ എപ്പോഴും പരാജയപ്പെടുന്നു. തകര്‍ന്നടിഞ്ഞ ബന്ധങ്ങളുടെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ നില്ക്കുമ്പോള്‍ സ്വന്തം കുട്ടികള്‍ പുറമെ വിനയാന്വിതരായും ഉള്ളില്‍ കലാപകാരികളായും കാണപ്പെടും. അടിച്ചമര്‍ത്തപ്പെട്ട അവരുടെ വികാരങ്ങള്‍ പിന്നീട് വൃത്തികെട്ട രീതിയില്‍ പുറത്തുവരും." എവിടെയോ വായിച്ചു മറന്ന ഇങ്ങനെയൊരു ചിന്ത ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. മുതിര്‍ന്ന തലമുറയുടെ കാപട്യം നിറഞ്ഞ അച്ചടക്ക പരിശീലനത്തിനും, മതബോധനത്തിനും, ശിക്ഷണ നടപടികള്‍ക്കും പിന്നില്‍ വൈരാഗ്യപൂര്‍വ്വം ദുര്‍ബലരായ കുഞ്ഞുങ്ങള്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഹൃദയാലുക്കളായ കാണികള്‍ക്ക് കേള്‍ക്കാം. "യൗവനത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി ബാല്യത്തിന്‍റെ നൈര്‍മ്മല്യം നഷ്ടപ്പെട്ടിട്ടും ആദര്‍ശങ്ങളെ മുറുകെ പിടിക്കുക" എന്നതാണെന്ന് ബ്രൂസ് സ്പ്രിങ്ങ്സ്റ്റീന്‍ (Bruce Sprinsteen) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. White Ribbonലെ കുഞ്ഞുങ്ങളൊക്കെയും ഇത്തരം ചില ദുരവസ്ഥകള്‍ക്കുവേണ്ടി വിധിക്കപ്പെട്ടവരാണ്. സ്വയംഭോഗം മാരകപാപമെന്നു കരുതുന്ന ശുദ്ധതാവാദിയായ പിതാവിന്‍റെ മതശിക്ഷണത്തിനു കീഴില്‍ കൈകള്‍ രണ്ടും കട്ടിലിനോടു ചേര്‍ത്തുവച്ച് കെട്ടി കിടക്കേണ്ടി വരുന്ന കൗമാരക്കാരനായ മാര്‍ട്ടിന്‍. ഉള്ളിന്‍റെ എല്ലാ നൈര്‍മല്യങ്ങളും നഷ്ടപ്പെട്ടിട്ട് നൈര്‍മ്മല്യത്തിന്‍റ അടയാളമായ വെള്ള റിബണും കെട്ടി നടക്കേണ്ടി വരുന്ന ക്ലാര. മരണം മടങ്ങിവരാനാവുന്ന ഒരു നീണ്ടയാത്രയല്ലെന്ന് മാര്‍ട്ടിനും ക്ലാരയും ചേച്ചിയില്‍നിന്ന് ചോദിച്ചറിയുമ്പോള്‍ സൂപ്പുപാത്രം തട്ടിയുടയ്ക്കുന്ന അമ്മ. മരിച്ചുപോയ കൊച്ചു റൂഡി. പുറംലോകത്തിന് മുന്നില്‍ മാന്യനായ ഒരു ഡോക്ടറായി കാണപ്പെടുമ്പോഴും അദ്ദേഹത്താല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഡോക്ടറിന്‍റെ മകള്‍ ആനി... അങ്ങനെ ചിത്രത്തിലെ എല്ലാ കുഞ്ഞുങ്ങളും പേറുന്നത് അടിച്ചമര്‍ത്തപ്പെട്ട വിമ്മിട്ടം കൊള്ളിക്കുന്ന ശോകമാണ്. നിശ്ചയമായും ഇവര്‍ ഭീകരതയുടെ ആള്‍രൂപങ്ങളായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
ഹനെക്കെയുടെ വൈറ്റ് റിബണ്‍ ജര്‍മ്മനിയിലെ നാസിസത്തിന്‍റെ ഉദയത്തിന് ഒരു അനുബന്ധമാണ്. എല്ലാ കലാപകാരികളും ഭീകരരും ജനിക്കുന്നത് ബാല്യത്തില്‍തന്നെയാണ്. അഡോള്‍ഫ് ഹിറ്റ്ലറും അജ്മല്‍ കസബും ഒക്കെ തങ്ങളുടെ ചിന്താരീതികളെയും ഇഷ്ടാനിഷ്ടങ്ങളെയും അധികാരപൂര്‍വ്വം കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പിതാക്കന്മാരോടുള്ള എതിര്‍പ്പിന്‍റെ ഉല്പന്നങ്ങളാണ്. ഒപ്പം സ്നേഹത്തിന്‍റെ ആര്‍ദ്രത നഷ്ടപ്പെട്ട ഏത് മതപരിശീലനങ്ങളും ഭീകരതയുടെ രൂപമാര്‍ജ്ജിക്കാന്‍ മതത്തിനുള്ളില്‍നിന്നുതന്നെ മൗലികവാദത്തിന്‍റെ 'തിരുവെഴുത്തുകള്‍' ചികഞ്ഞെടുക്കാം എന്ന സൂചനയോടെ കണ്ണുകള്‍ ചൂഴ്ന്നുകീറിയ മംഗ്ലോയിഡ് കുട്ടിയുടെ ശരീരത്തോട് ഒരു വെള്ളനാടയില്‍ ചേര്‍ത്തുകെട്ടിയ കുറിപ്പ് ഇങ്ങനെ വായിക്കുന്നു: "കുഞ്ഞുങ്ങളെ അവരുടെ പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് മൂന്നും നാലും തലമുറവരെ പക വീട്ടുന്ന ആസൂയാലുവായ ദൈവമായ കര്‍ത്താവാണു ഞാന്‍" (പുറ. 20:5).
ജീവിതത്തിന്‍റെ ഇരുള്‍മൂടിയ ഇടങ്ങളെ മാത്രം അവതരിപ്പിക്കുന്ന ഈ ബ്ലാക്ക്&വൈറ്റ് ചിത്രത്തിലെ ഒരു രംഗം എന്നില്‍ പ്രതീക്ഷയുണര്‍ത്തുന്നു. അച്ചടക്കത്തിന്‍റെ കാര്‍ക്കശ്യത്തിനുള്ളില്‍ ദൈവത്തെ തിരയുന്ന പാസ്റ്ററിന്‍റെ മുന്നില്‍ അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഒരു മുറിവേറ്റ കുഞ്ഞിക്കുരുവിയുമായി വന്ന് അതിന്‍റെ മുറിവ് കെട്ടി സുഖപ്പെടുത്താന്‍ അനുവാദം ചോദിക്കുന്നു. "സുഖപ്പെടുമ്പോള്‍ അതിനോട് ഉള്ളില്‍ മമതയുണ്ടാകില്ലായെങ്കില്‍... അതിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക് അതിനെ പറഞ്ഞയയ്ക്കുമെങ്കില്‍." പാസ്റ്ററുടെ റൂമില്‍ കൂട്ടിലിട്ടിരിക്കുന്ന കുരുവിയെ നോക്കി കുഞ്ഞിന്‍റെ സംശയം, "ആ കുരുവി കൂട്ടിലല്ലേ... അതിന്‍റെ സ്വാതന്ത്ര്യം?" പാസ്റ്ററുടെ മറുപടി: "അത് അടിമത്തത്തില്‍ വളര്‍ന്ന കിളിയാണ്. അടിമത്വം അതിന് ശീലമാണ്." ഏതാനും നാളുകള്‍ക്കുശേഷം പാസ്റ്ററുടെ കൂട്ടില്‍ അടയ്ക്കപ്പെട്ടിരുന്ന കിളി മരിക്കുമ്പോള്‍ കുഞ്ഞുമകന്‍ അവന്‍ സുഖപ്പെടുത്തിയ കിളിയുമായി പിതാവിന്‍റെ റൂമില്‍ വന്നു പറയുന്നു: "പപ്പാ, കുരുവി ചത്തതുകൊണ്ട് കുറേ ദിവസമായി, പപ്പ ദുഃഖിതനാണ്. ഇതാ ഈ കുരുവിയെ ആ കൂട്ടിലിട്ടു കൊള്ളുക."
എല്ലാ സദാചാരമൂല്യങ്ങളെയും ആത്മീയപഠനങ്ങളെയും സ്വന്തം അധികാരവും ശക്തിയും ബലപ്പെടുത്താന്‍ ഉപയോഗിക്കുന്ന പിതൃതലമുറയ്ക്കു മുന്നില്‍ അപരന്‍റെ സന്തോഷത്തിനുവേണ്ടി കുഞ്ഞുകുരുവിയുടേതുപോലുള്ള ഹൃദയം സൂക്ഷിക്കുന്ന ഒരാള്‍ ഇവിടെ ഇളംതലമുറയിലും അവശേഷിക്കുന്നു.