top of page

അവള്‍ അഗ്നിയായിരുന്നു

Dec 23, 2017

3 min read

വവ
 the  first girl who became teacher

നമ്മുടെ കുട്ടികളുടെ  ചരിത്രപുസ്തകത്താളു കളില്‍ ഇടം കിട്ടാതെ പോയ ഒരു മഹാവനിതയുടെ കഥയാണിത്. ജാതിമേല്‍ക്കോയ്മയ്ക്കും ലിംഗപര മായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ഒരു സാധാ രണ നാട്ടിന്‍പുറത്തുകാരി നടത്തിയ ഐതിഹാസി കമായ പോരാട്ടത്തിന്‍റെ കഥ. ഭാരതത്തിന്‍റെ സ്ത്രീശാക്തീകരണപ്പോരാട്ടങ്ങളിലെ ആദ്യ പഥികയായിരുന്നു അവള്‍, സാവിത്രി ബായി ഫൂലെ.

1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലെ നയി ഗാവ് എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു സാവിത്രിയുടെ ജനനം. പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍, പഠിക്കാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ കേരളത്തിലെന്നപോലെ, മഹാരാഷ്ട്രയിലും പെണ്‍കുട്ടികളുടെ അവസ്ഥ ഒട്ടും ആശാവഹമായിരുന്നില്ല. ബാല്യവിവാഹം സമൂഹത്തിലെ നടപ്പുരീതിയായിരുന്നു. ഒന്‍പതാം വയസ്സില്‍ അവളെ ജ്യോതിറാവു  ഫൂലെ എന്ന പന്ത്രണ്ടു വയസ്സുകാരന് വിവാഹം ചെയ്തു നല്‍കി. 

ഭാഗ്യവശാല്‍, സാവിത്രിയുടെ ഭര്‍ത്താവ് ജ്യോതിറാവു ഒരു പുരോഗമന വാദിയായിരുന്നു. സ്ത്രീകള്‍ നിര്‍ബ്ബന്ധമായും വിദ്യാഭ്യാസം നേടിയിരിക്കണം എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വിദ്യാഭ്യാസം തുടരുവാന്‍ വേണ്ട എല്ലാ പിന്തുണയും ജ്യോതിറാവു സാവിത്രിക്ക് നല്‍കി. അങ്ങനെ പഠനം പുനരാരംഭിച്ച അവള്‍ പതിനേഴാം വയസ്സില്‍ അദ്ധ്യാപന പരിശീലനം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അന്നാ ട്ടിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനായി ജ്യോതിറാവു മാറിക്കഴിഞ്ഞിരുന്നു.  ജാതിയുടെ പേരില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്ക പ്പെട്ട അടിയാളവര്‍ഗ്ഗത്തെ വിദ്യാഭ്യാസവും ഐക്യബോധവും പകര്‍ന്ന് ശാക്തീകരിച്ചെടു ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ജ്യോതിറാവു. നിരവധി വിദ്യാലയങ്ങള്‍ അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ചിരുന്നു. ആ വിദ്യാലയ ങ്ങളിലൊന്നില്‍ സാവിത്രി അദ്ധ്യാപികയായി. ഒപ്പം ജ്യോതിറാവുവിന്‍റെ സാമൂഹികപ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയായി.

അദ്ധ്യാപനരംഗത്ത് സ്ത്രീകള്‍ കടന്നുവരുന്നതിനെപ്പറ്റി കേട്ടുകേള്‍വിപോലു മില്ലാത്ത കാലമായിരുന്നു അത്. നന്നായി വായിക്കു വാനും പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള മികവായിരുന്നു സാവിത്രിയുടെ മുഖമുദ്ര.  1848ല്‍ ചമാര്‍, മഹര്‍, മാംഗ് തുടങ്ങിയ കീഴാള ജാതികളിലെ കുട്ടികള്‍ക്കായി അവള്‍ ഒരു വിദ്യാലയം ആരംഭിച്ചു. സമൂഹത്തിലെ മേലാളന്മാര്‍ക്ക്, എന്തിന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും അതൊരിക്കലും ഉള്‍ക്കൊള്ളുവാനാകുമായിരുന്നില്ല. അവര്‍ സാധ്യമായ എല്ലാ ആയുധങ്ങളുമെടുത്ത്  അവളെ വീഴ്ത്താന്‍ നോക്കി. ആദ്യമവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. കീഴാളര്‍ക്കായി തുടങ്ങിയ ആ വിദ്യാലയം സാമ്പത്തിക പരാധീനതകളാല്‍ പൂട്ടിപ്പോയി. എങ്കിലും ഒട്ടും നിരാശയാവാതെ അവള്‍ തന്‍റെ പോരാട്ടം തുടര്‍ന്നു.

അന്ന്, സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ അത്യധികം പരിതാപകരമായിരുന്നു. പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവായതിനാല്‍ വിധവകളുടെ എണ്ണം ഏറെയായിരുന്നു. പത്തുവയ സ്സാകുന്നതിനുമുമ്പുതന്നെ വിവാഹിതയാകുന്ന പെണ്‍കുട്ടി, പലപ്പോഴും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിധവയായിത്തീരും. അതോടെ ദുരിതകാലം തുടങ്ങുകയായി. തല മുണ്ഡനം ചെയ്ത് ചുവന്ന സാരിയുടുത്ത് മരണം വരെ ഏകാന്ത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരുന്നു,അവര്‍. കുടുംബ ത്തിലെ ഒരു സദ്കര്‍മ്മത്തിനും സാക്ഷികളാകാന്‍ പോലും അവര്‍ക്കനുവാദമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥയ്ക്ക് അറുതിവരുത്താന്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു സമരമുറയുമായി സാവിത്രിബായി രംഗത്തെത്തി.  വിധവകളുടെ തല മുണ്ഡനം ചെയ്യാന്‍ തയ്യാറാകരുതെന്ന് നാട്ടിലെ ക്ഷുരകരോട് ആവശ്യപ്പെട്ടുകൊണ്ട് സാവിത്രിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നു. 

1951 ജൂലൈയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം സാവിത്രി ആരംഭിച്ചു. 8 വിദ്യാര്‍ത്ഥിനികളുമായി ആരംഭിച്ച ആ സ്കൂള്‍ വളരെപ്പെട്ടെന്ന് വിപുലീകരിക്കപ്പെട്ടു. ഇന്ത്യയിലെ തന്നെ  ആദ്യത്തെ പെണ്‍പള്ളിക്കൂടമായിരുന്നു അത്. എന്നാല്‍, സ്ത്രീകള്‍ പുറത്തിറങ്ങുന്നതുപോലും കടുത്ത അപമാനമായിക്കണ്ടിരുന്ന പൊതുസമൂഹം നാട്ടിലെ പെണ്‍പള്ളിക്കൂടത്തിലെ അദ്ധ്യാപികയെ ഒട്ടും സന്തോഷത്തോടെയല്ല എതിരേറ്റത്. അപഹാസങ്ങളുടെ നടുവിലൂടെയായിരുന്നു സ്കൂളിലേക്കും തിരികെയുമുള്ള അവളുടെ യാത്ര. ചാണകവും ചെളിയും കല്ലുമൊക്കെ വഴിയില്‍ അവള്‍ക്കുനേരെ വര്‍ഷിക്കപ്പെട്ടു. ഓരോ ദിവസവും മറ്റൊരു സാരികൂടി അവള്‍ കയ്യില്‍ കരുതി, സ്കൂളിലെത്തിയ ശേഷം മാറാന്‍. വൈകാതെ, ചുറ്റുമുള്ള സ്വജാതിക്കാരുടെ എതിര്‍പ്പ് താങ്ങാനാവാതെ ആ ദമ്പതികളെ സാവിത്രിയുടെ അച്ഛന്‍ വീട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കി. 

തൊട്ടടുത്ത വര്‍ഷം തന്നെ, 1952 നവംബര്‍ 16ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഫൂലെ ദമ്പതികളെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ നിസ്തുലമായ സേവന ങ്ങള്‍ക്ക്  'ബെസ്റ്റ് ടീച്ചര്‍' ആയി സാവിത്രിബായി ഫൂലെ സമ്മാനിതയായി. അക്കൊല്ലം തന്നെ അവള്‍ രൂപം നല്‍കിയ 'മഹിളാ സേവാ മണ്ഡല്‍' ഭാരതചരിത്രത്തിലെ തന്നെ ആദ്യ സ്ത്രീശാക്തീക രണ പ്രസ്ഥാനമായിരുന്നു.

അക്കാലത്ത്, സാധാരണ വിധവമാരുടെ അവസ്ഥയെക്കാള്‍ ഹീനമായിരുന്നു വിധവകളായ അമ്മമാരുടെ അവസ്ഥ. ലൈംഗികാതിക്രമങ്ങളില്‍ ഗര്‍ഭിണിയായിത്തീരുന്ന പെണ്ണിനെ നികൃഷ്ടയായി കാണുന്ന സമൂഹമായിരുന്നു അത്.  ആ ഹതഭാഗ്യ കള്‍ ആത്മഹത്യ ചെയ്യുകയോ ജനിച്ചയുടന്‍ കുഞ്ഞിനെ കൊല്ലുകയോ ആയിരുന്നു പതിവ്. അത്തരക്കാര്‍ക്കായി സാവിത്രിഭായി ഒരു ആശ്രയകേന്ദ്രം സ്ഥാപിച്ചു  ബാല്‍ഹത്യ പ്രതി ബന്ധക് ഗൃഹ.

കീഴാളര്‍ക്കും അഗതികള്‍ക്കും ആലംബഹീനര്‍ ക്കുമായി പോരാടാനുള്ള ഊര്‍ജ്ജം അവളില്‍ നിറച്ചതില്‍ ജീവിതസഖാവായ ജ്യോതിറാവു ഫൂലെക്ക് വലിയ പങ്കുണ്ടായിരുന്നു. മഹാരാഷ്ട്ര യിലെ ശ്രദ്ധേയനായ മനുഷ്യാവകാശ പ്രവര്‍ത്തകനാ യിരുന്നു അദ്ദേഹം. 1873ല്‍ അദ്ദേഹം സ്ഥാപിച്ച സത്യശോധക് സമാജിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാവിത്രിയും സജീവമായി. സംഘടനയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വിധവാ വിവാഹം, വിധവകളുടെ മക്കള്‍ക്കായി അനാഥാലയങ്ങള്‍, പരമ്പരാഗതമായ അനാചാരങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ബദല്‍ വിവാഹങ്ങള്‍ തുടങ്ങിയവയായിരുന്നു സത്യശോധക് സമാജിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പിന്നീട്, ജ്യോതിറാവു വിന്‍റെ മരണശേഷം ഈ സംഘടനയുടെ നേതൃത്വം സാവിത്രി ബായി ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും ഭര്‍ത്താവിന്‍റെ നിഴലായൊതു ങ്ങിയില്ല, അവള്‍. ഭര്‍ത്താവിനോടുള്ളതിനു തുല്യമായ കൂറ് സ്വന്തം കര്‍മ്മത്തോടും അവള്‍ പുലര്‍ത്തി.

മികച്ച ഒരു കവയിത്രികൂടിയായിരുന്നു സാവിത്രി ബായി. അറിവു നേടുന്നതിന്‍റെ പ്രാധാന്യത്തെ പ്രതിപാദിക്കുന്ന നാടോടി ശൈലിയിലുള്ള നിരവധി കവിതകള്‍ അവളെഴുതിയത് പിന്നീട് 'കാവ്യ ഫൂലെ' എന്ന ശീര്‍ഷകത്തില്‍ പുസ്തകമായി. ബ്രാഹ്മണിക ഹിന്ദുത്വം പാവപ്പെട്ടവരില്‍ അടിച്ചേല്‍പ്പിക്കുന്ന അനാചാരങ്ങളെ പ്രതിരോധിക്കാന്‍ പ്രപഞ്ച സത്യത്തിന്‍റെ പുതിയ മതം എന്ന നിലയില്‍ 'സാര്‍വ്വജനിക് സത്യ ധര്‍മ്മ' എന്ന മതത്തിനും രൂപം നല്‍കി.

പൊതുകിണറുകളില്‍ നിന്ന് കുടിവെള്ളമെടുക്കു വാന്‍ കീഴാളര്‍ക്ക് അവകാശമില്ലായിരുന്ന അക്കാലത്ത് അവള്‍ സ്വന്തം വീട്ടുമുറ്റത്ത് അവര്‍ക്കായി കിണര്‍ കുഴിച്ചുനല്‍കി. നാട് ക്ഷാമ ത്തിന്‍റെ പിടിയിലമര്‍ന്നപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ നിരവധി കേന്ദ്രങ്ങള്‍ രൂപീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകത്തില്‍, നാട്ടില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ഓരോ വിടുകളിലും കയറിയിറങ്ങി രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനും വേണ്ട പരിചരണം നല്‍കാനും സാവിത്രിബായി മുന്നിട്ടിറങ്ങി. ഒടുവില്‍ അവളും രോഗബാധിതയായി. 1897 മാര്‍ച്ച് 10 ന് സാവിത്രിബായി അന്തരിച്ചു.

ആ മഹാവനിതയോടുള്ള ആദരസൂചകമായി 2014ല്‍ പൂനെ സര്‍വ്വകലാശാല, സാവിത്രിബായി ഫൂലെ പൂനെ യൂണിവേഴ്സിറ്റി എന്ന് പുനര്‍നാമക രണം ചെയ്യപ്പെട്ടു.

സാവിത്രിബായി ഫൂലെ എന്ന വിപ്ലവകാരി അക്ഷരാര്‍ത്ഥത്തില്‍ ഒരു അഗ്നിനാളമായിരുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത്, അന്ധകൂപത്തില്‍ക്കഴിഞ്ഞിരുന്ന ഒരു സമൂഹത്തില്‍ അവള്‍ അക്ഷരത്തിന്‍റെയും നീതിബോധത്തിന്‍റെയും നറുവെട്ടം പകര്‍ന്നു. സംഘടിക്കാനും പോരാടാനും നേടിയെടുക്കാനു മുള്ള ഊര്‍ജ്ജം പെണ്മനസ്സുകളില്‍ നിറച്ചു. 

ഇന്ത്യയുടെ ആദ്യ പെണ്‍പള്ളിക്കൂടത്തിലെ ആദ്യ അദ്ധ്യാപികയെ, ഇന്ത്യന്‍ വനിതാശാക്തീ കരണ പോരാട്ടങ്ങളിലെ ആദ്യപഥികയെ എങ്ങനെയാണ് കാലത്തിനും ചരിത്രത്തിനും വിസ്മരിക്കാനാവുക!


Featured Posts