ഫാ. ബോബി ജോസ് കട്ടിക്കാട്
top of page
കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെല്ലാം ക്ലബ്ബുകളുണ്ടാവും. ചീട്ടും കാരംസും ചെസ്സും പന്തുമൊക്കെ കളിക്കാനുള്ള ഒരു സങ്കേതം. 29 വര്‍ഷം മുമ്പ് ഇതില്‍ക്കവിഞ്ഞ ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ തുടങ്ങിയ ഒരു ക്ലബ്ബ് 'സന്ധ്യ ഡവലപ്പ്മെന്‍റ് സൊസൈറ്റി' എന്ന സ്ഥാപനമായി വളര്‍ന്ന് വിസിബ് എന്ന വടവൃക്ഷത്തിനു വളം നല്‍കിക്കൊണ്ടിരിക്കുന്നു.
മറ്റു ക്ലബ്ബുകള്‍ ചെയ്യുംപോലെതന്നെ കായികമത്സരങ്ങളും സാംസ്കാരിക പരിപാടികളും പഠന-വിനോദ യാത്രകളും ഒക്കെ സംഘടിപ്പിച്ചുകൊണ്ടുതന്നെയായിരുന്നു. 'സന്ധ്യ'യും വളര്‍ന്നത്. എന്നാല്‍ സായാഹ്നങ്ങളില്‍ അംഗങ്ങള്‍ക്ക് സ്വന്തം ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാന്‍ അവര്‍ വേദിയൊരുക്കിയിരുന്നു. അവര്‍ക്കിടയില്‍ നിത്യവൃത്തിക്കായുള്ള ബദ്ധപ്പാടുകള്‍ക്കിടയില്‍ എസ്.എസ്.എല്‍.സി. യുടെ കടമ്പകടക്കാന്‍പോലും കഴിയാത്ത കുറെ യുവ സുഹൃത്തുക്കളുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 'സ്കൂള്‍ ഓഫ് സന്ധ്യ' എന്നൊരു നിശാപാഠശാല തുടങ്ങിയത് ഒരു വഴിത്തിരിവു തന്നെയായിരുന്നു. അതിലൂടെ എസ്.എസ്.എല്‍.സി. പാസാകാനും നല്ല തൊഴിലുകള്‍ കണ്ടെത്താനും കഴിഞ്ഞ യുവാക്കള്‍ നാടിനും നാട്ടുകാര്‍ക്കുംവേണ്ടി അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ രക്തം ചിന്താന്‍ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെയൊരു 'രക്തദായകസംഘം' (ബ്ലഡ് ഡൊണേഴ്സ് ഫോറം) ജന്മമെടുത്തു. അത്യാസന്നനിലയില്‍ രക്തം വേണ്ടവര്‍ക്ക് രക്തം നല്‍കുന്ന ആ സംവിധാനം രക്തം വാങ്ങുന്നവരുടെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വളര്‍ന്നുകൊണ്ടിരുന്നു.
തുടര്‍ന്നുണ്ടായ ഒരു സംരംഭം ബസ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രൂപീകരിച്ച ബസ് പാസഞ്ചേഴ്സ് അസോസിയേഷനായിരുന്നു. അതിന്‍റെ നേതൃത്വത്തില്‍ വെയിറ്റിങ് ഷെഡ്ഡുകള്‍, റോഡുകള്‍, കിണറുകള്‍ മുതലായവ പൊതുജനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നിര്‍മ്മിച്ചുകൊണ്ട് നാട്ടിലെ വികസനപ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ 'സന്ധ്യ'നിലയുറപ്പിച്ചു. തുടര്‍ന്ന് 'സന്ധ്യ' സമാരംഭിച്ച ഫോറസ്ട്രി ക്ലബ്ബും, പീപ്പിള്‍സ് ഫോറവും വനിതാവേദിയുമെല്ലാം നാടിന്‍റെ കര്‍മ്മശേഷി ഉണര്‍ത്താനുള്ള സംവിധാനങ്ങളായി മാറി. അവര്‍ അന്നു ചെയ്ത, നാട്ടിലൂടെ നീളം ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും വച്ചു പിടിപ്പിക്കുക എന്ന പ്രവര്‍ത്തനം തന്നെയാണ്. പ്രതീകാത്മകമായി അവര്‍ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നൂറിലേറെ പഞ്ചായത്തുകളില്‍ വേരുകളൂന്നി പടര്‍ന്നു നില്‍ക്കുന്ന വിസിബിനു വളവും വെള്ളവും പകര്‍ന്നുകൊണ്ടിരിക്കുന്നത് സന്ധ്യാ ഡവലപ്മെന്‍റ് സൊസൈറ്റിയാണ്.
നൂറുശതമാനം കാര്‍ഷിക മേഖലയായ എലിവാലി പ്രദേശത്ത് നബാര്‍ഡിന്‍റെ വികാസ് വോളണ്ടിയര്‍ വാഹിനി പദ്ധതിയുടെ കീഴില്‍ ഒരു ഫാര്‍മേഴ്സ് ക്ലബ്ബിനു രൂപം കൊടുത്തത് 'സന്ധ്യ'യാണ്. കാര്‍ഷികമേളകള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍, പരിശീലനപരിപാടികള്‍ മുതലായവ അതിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയതിന്‍റെ ഫലമായി ആ പ്രദേശത്തെ കൃഷി രീതികളില്‍ പ്രകടമായ മാറ്റം ഉളവാക്കാന്‍ കഴിഞ്ഞു. 15 സ്ത്രീകളുടെ ഒരു ഗ്രൂപ്പുണ്ടാക്കി ളാലം ബ്ലോക്ക് ഓഫീസ് പരിസരത്ത് ഒരു കാര്‍ഷിക നഴ്സറി തുടങ്ങിയതാണ് സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴില്‍ സാധ്യതകളുണ്ടാക്കുന്നതിനുള്ള 'സന്ധ്യ'യുടെ ആദ്യസംരംഭം.
ഇടക്കാലത്ത് അവര്‍ ഒരു ക്രെഡിറ്റ് യൂണിയനും തുടങ്ങിയിരുന്നു. 'സ്വയംസഹായസംഘങ്ങളിലൂടെ ലഘുവായ്പകള്‍' എന്ന ആശയം ഇന്ത്യയിലെങ്ങും നബാര്‍ഡു പ്രചരിപ്പിച്ചു തുടങ്ങുന്നതിനും മുമ്പായിരുന്നു അത്. ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിന്‍റെ മാതൃക സ്വാശീകരിച്ചു കൊണ്ടായിരുന്നു. നബാര്‍ഡ് സ്വയം സഹായസംഘങ്ങളിലൂടെ ദരിദ്രജനവിഭാഗങ്ങളെ സഹായിക്കാന്‍ സന്നദ്ധസംഘടനകള്‍ക്കും ബാങ്കുകള്‍ക്കും ഉത്തേജനം പകര്‍ന്നത്. (ഇന്ത്യയില്‍ ഗ്രാമവികസനത്തിനും കൃഷി വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് ഉത്തേജനം പകരാനായി ദേശീയതലത്തില്‍ ഉണ്ടായിട്ടുള്ള ഒരു സംവിധാനമാണ് (National Bank for Agricultural and Rural Development).
പഴയതലമുറയില്‍നിന്നുള്ള ആദാനപ്രദാനം
ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനത്തിനു തുടക്കംകുറിച്ച പ്രൊഫസര്‍ മുഹമ്മദ് യൂനസിനായിരുന്നു 2006-ലെ സമാധാനത്തിനുള്ള നോബല്‍സമ്മാനം. അദ്ദേഹത്തിന്‍റെ പ്രചോദനമാണ് നബാര്‍ഡിനുണ്ടായിരുന്നതെങ്കിലും അതിനുംമുമ്പേതന്നെ "ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം അയല്‍പക്കത്തായ"മാണെന്ന് പ്രചരിപ്പിച്ചിരുന്ന അമ്പലപ്പുഴ സ്വദേശിയായിരുന്ന ദര്‍ശനം മാസികയുടെ പത്രാധിപര്‍ ഡി. പങ്കജാക്ഷക്കുറുപ്പും 'സന്ധ്യ'യുടെ അയല്‍ക്കൂട്ട സംഘാടനത്തിനു പ്രചോദനം നല്കിയവരില്‍ പ്രധാനിയായിരുന്നു. ("അയല്‍പക്കത്തായം" എന്ന പദപ്രയോഗം നാരായണഗുരുവിന്‍റേതായിരുന്നു. "മക്കത്തായമോ മരുമക്കത്തായമോ നല്ലത്" എന്ന ചോദ്യത്തിനുള്ള മറുപടിയായി നാരായണഗുരു പറഞ്ഞ മറുപടി "അതു രണ്ടുമില്ലെങ്കിലും അയല്‍പക്കത്തായം ഉണ്ടായിരുന്നാല്‍ മതി" എന്നായിരുന്നു. ഈ വാക്കിന്‍റെ അര്‍ത്ഥം ജാതി, മത, കക്ഷി രാഷ്ട്രീയ വിഭാഗീയതകള്‍ക്കതീതമായി ഉള്‍ക്കൊണ്ട് കേരളത്തിലാദ്യമായി ഒരു വലിയ പ്രസ്ഥാനം കരുപ്പിടിപ്പിച്ചത് 'സന്ധ്യ' യാണ്).
വികാസ് ക്രെഡിറ്റ് ആന്‍ഡ് ഇന്‍ഫോര്‍മല്‍ ബാങ്കിങ് (വിസിബ്) എന്ന പേരില്‍ എലിവാലിക്കടുത്തുള്ള കൊടുമ്പിടിയില്‍ 1996 ജനുവരി 26-നു രൂപീകരിച്ച സ്വാശ്രയസംഘം കോട്ടയം ജില്ലയിലെ ആദ്യത്തെ സ്വാശ്രയസംഘമാണ്. 'സന്ധ്യ'യുടെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സ്വയം സഹായസംഘങ്ങളുടെ രൂപീകരണത്തിന് ഉത്തേജനം പകരാന്‍ നബാര്‍ഡ് അക്കാലത്തു തയ്യാറാക്കി പ്രചരിപ്പിച്ചിരുന്ന ബ്രോഷറുകള്‍ എന്നത് 'സന്ധ്യ'യുടെ പ്രവര്‍ത്തകര്‍ ഇന്ന് അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്.
കൊടുംമ്പിടിയിലാരംഭിച്ച സ്വയംസഹായസംഘത്തിന്‍റെ പ്രവര്‍ത്തനം 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ല് സാമ്പത്തിക സ്വയംപര്യാപ്ത നേടാന്‍ സ്ത്രീകള്‍ക്ക് ശക്തിപകരുന്ന ഒരു മന്ത്രമാണെന്ന് ആരെയും ബോദ്ധ്യപ്പെടുത്തുംവിധമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും ഭര്‍ത്താക്കന്മാരെ ആശ്രയിച്ചിരുന്ന സ്ത്രീകള്‍, കാര്യശേഷിക്കുറവും ധൂര്‍ത്തും മദ്യപാനവും മറ്റുംമൂലം സ്വന്തം ഭര്‍ത്താക്കന്മാര്‍ അകപ്പെട്ടുപോയ കടക്കെണിയില്‍ നിന്ന് അവരെ രക്ഷപെടുത്താന്‍പോലും 'താന്‍ പാതി ദൈവം പാതി' എന്ന ചൊല്ലില്‍ വിശ്വാസം സമര്‍പ്പിച്ചുകൊണ്ടുള്ള സ്വാശ്രയ സംഘപ്രവര്‍ത്തനത്തിലൂടെ സാധിക്കും എന്ന മാതൃക കാണിച്ചു. അതിന്‍റെ ഫലമായി ഒരു വര്‍ഷത്തിനകം 25 ഗ്രൂപ്പുകളുണ്ടായി. കടനാടു പഞ്ചായത്തില്‍ നിന്ന് സമീപത്തുള്ള രാമപുരം പഞ്ചായത്തിലേക്കും പ്രവര്‍ത്തനം വ്യാപിച്ചു. ഓരോ പഞ്ചായത്തിലെയും സംഘങ്ങളെ ബ്രാഞ്ച് ഓഫീസുകളും ഭരണസംവിധാനവുമുണ്ടാക്കി ഏകോപിപ്പിച്ചുകൊണ്ടായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനം. ആറുവര്‍ഷം കൊണ്ട് ആറു പഞ്ചായത്തുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. എന്നാല്‍ 2002 ആഗസ്റ്റുമുതല്‍ 2003 ജനുവരിവരെയുള്ള അഞ്ചുമാസംകൊണ്ട് 11 ബ്രാഞ്ചുകള്‍ കൂടി രൂപംകൊണ്ടു. 2003-ലും 2004 ലും 11 ബ്രാഞ്ചുകള്‍ വീതം കൂടി ഉണ്ടായി. 2007 ജനുവരിയില്‍ 11-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 70 പഞ്ചായത്തുകളില്‍ വിസിബ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മൂവായിരത്തി അഞ്ഞൂറോളം ഗ്രൂപ്പുകള്‍. കുട്ടികളുടെയും (കിഡ്സ്) ടീനേജുകാരുടെയും ഗ്രൂപ്പുകള്‍ വേറെ. ഓരോ ഗ്രൂപ്പിലും 15 കുടുംബങ്ങളെങ്കിലും ഉണ്ട്. മൊത്തം അമ്പതിനായിരത്തിലേറെ കുടുംബങ്ങളടങ്ങുന്നതായി വിസിബ് പ്രസ്ഥാനം വളര്‍ന്നു.
അതിനുശേഷം മൂന്നുവര്‍ഷം കൂടി കടന്നുപോയിരിക്കുന്നു. ഇപ്പോഴുള്ള ബ്രാഞ്ചുകളുടെ എണ്ണം 104. സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ 6000. ഗ്രൂപ്പംഗങ്ങളായി വിസിബില്‍ ഉള്ള അംഗങ്ങളുടെ എണ്ണം 100000.അനേകര്‍ക്ക് തൊഴിലവസരങ്ങളും പ്രസ്ഥാനത്തിനു സാമ്പത്തികനേട്ടങ്ങളും ഉണ്ടാക്കാന്‍ സഹായകമാകുംവിധം ഇന്ന് വിസിബ് മൈക്രോ ക്രെഡിറ്റ് രംഗത്തുമാത്രമല്ല, ഉത്പാദനമേഖലയിലും മാര്‍ക്കറ്റിംങ്ങ് മേഖലയിലുംകൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
അരിപ്പൊടി, ഗോതമ്പുപൊടി, മസാലപ്പൊടികള്‍ മുതലായവ ഉണ്ടാക്കാനും സ്വന്തം ഗ്രൂപ്പംഗങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കി വിറ്റഴിക്കാനുള്ള സംവിധാനമാണ് പ്രധാനസംരംഭം. 'ഹോംലി' എന്നു പേരിട്ടിട്ടുള്ള ഈ ഉത്പന്നങ്ങള്‍ ആവശ്യാനുസൃതം ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ലെന്നൊരു കുറവേയുള്ളൂ.എല്‍.ഐ.സി.യുടെ കോര്‍പ്പറേറ്റ് ഏജന്‍സിയും ഇന്‍സ്റ്റാള്‍മെന്‍റായി പണമടച്ച് ഗ്യാസ്, ടി.വി., ഫ്രിഡ്ജ് മുതലായവയൊക്കെ വാങ്ങാവുന്ന ബി.എച്ച്.എല്‍., ബി.എച്ച്.പി. പ്രോജക്ടുകളും ഒക്കെ വിസിബിന്‍റെ തനിമയാര്‍ന്ന പദ്ധതികളാണ്. ആയൂര്‍വ്വേദ ഔഷധങ്ങളും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിച്ച് അംഗങ്ങളിലൂടെ വിതരണം ചെയ്യുന്ന ഒരു സംവിധാനവും ഈയിടെ ഉണ്ടാക്കിയിട്ടുണ്ട്. ഇവയിലൂടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വരുമാനമാര്‍ഗ്ഗം തെളിക്കാനും ഇടനിലക്കാരുടെ ചൂഷണം പരമാവധി കുറയ്ക്കാനും ഉള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് പൂവണിഞ്ഞുകൊണ്ടിരിക്കുന്നത്.
യാതൊരു മത-സാമുദായിക-രാഷ്ട്രീയ വിദേശ സ്വാധീനവും ഇല്ലാതെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രം നേടുന്ന വളര്‍ച്ചയാണ് വിസിബിന്‍റേത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരാതെ നോക്കുന്നതിനും ആവശ്യക്കാരെ ആവശ്യം വരുന്ന സമയത്തു തന്നെ സഹായിക്കുന്നതിനും ഉണ്ടാക്കിയിട്ടുള്ള ഭരണസംവിധാനങ്ങളാണ് വിസിബിന്‍റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത്. ഓരോ ഭരണസമിതിയും വര്‍ഷംതോറും മാറി മാറി വരുമെങ്കിലും അവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ടുണ്ടാക്കിയിട്ടുള്ള ശബളം പറ്റുന്ന ജീവനക്കാരുടെ നിര വളരെ ആത്മാര്‍ത്ഥമായും ജനകീയമായും നടത്തുന്ന പ്രവര്‍ത്തനം മൂലം യാതൊരു ഇടവേളയുമില്ലാതെയാണ് വിസിബിന്‍റെ വികാസം.
ഓരോ വര്‍ഷവും ഉയര്‍ന്നുവരുന്ന നേതൃത്വനിരയ്ക്കു നല്‍കുന്ന നേതൃത്വ പരിശീലനം പൊതുരംഗത്തും ഗ്രാമസഭകളിലും പഞ്ചായത്തു കമ്മറ്റികളിലും ഒക്കെ സജീവമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുംവിധമുളളതാണ്. ഗ്രൂപ്പുകളില്‍നിന്നുള്ള പ്രതിനിധികളടങ്ങുന്ന ബ്രാഞ്ചു ഭരണസമിതിയും ബ്രാഞ്ചുകളില്‍നിന്നുള്ള പ്രതിനിധികളടങ്ങുന്ന സോണല്‍ സിന്‍ഡിക്കേറ്റുകളും അതില്‍ നിന്നുള്ള മൂന്നു തലങ്ങളുള്ളതാണ് ജനകീയ സംവിധാനം. ഈ പ്രതിനിധികളില്‍ നിന്നാണ് വായ്പ കൊടുക്കുന്നതിനായി ഓരോ ബ്രാഞ്ചിലുമുള്ള മേഖലാ ലോണ്‍ കമ്മറ്റികളുണ്ടാകുന്നത്.
വിസിബില്‍ നിന്നു ലോണെടുത്ത് അമിത പലിശക്കാരുടെ കടക്കെണിയില്‍ നിന്ന് രക്ഷപെട്ടിട്ടുള്ളവര്‍ ആയിരക്കണക്കിനുണ്ട്. സ്വയം തൊഴിലിലൂടെ ശ്രദ്ധേയമായ പുരോഗതി നേടിയിട്ടുള്ളവരും നൂറുകണക്കിനുണ്ട്. അവരില്‍ ഒരാള്‍ക്ക് ഒരു അന്തര്‍ദേശീയ പുരസ്കാരം കിട്ടിയത് 2005-ലെ ഒരു പ്രധാനവാര്‍ത്തയായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ സിറ്റിഗ്രൂപ്പ് വിസിബില്‍ നിന്നു ലോണെടുത്ത് ഇടുക്കി ജില്ലയില്‍ മൂലമറ്റത്ത് തട്ടുകട നടത്തുന്ന സുലേഖാ അബ്ദുള്‍ കരിമീനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള മൈക്രോ ക്രെഡിറ്റ് സംരംഭകരില്‍ രണ്ടാം സ്ഥാനം നല്കി ഒരു ലക്ഷം രൂപായുടെ അവാര്‍ഡു സമ്മാനിച്ചത്. അതേത്തുടര്‍ന്ന് സുലേഖ, ഒരു ഉന്തുവണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകട മൂലമറ്റം ബസ് സ്റ്റാന്‍റിനു സമീപമുള്ള കെട്ടിടത്തിലേക്കു മാറ്റി, ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റാക്കി മാറ്റി കൂടുതല്‍ നേട്ടങ്ങളിലേക്കുള്ള വഴി തേടുകയാണ്.
സ്ത്രീശക്തി മാതൃക
സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴില്‍ സാധ്യതകളുണ്ടാക്കുന്നതിനുള്ള സന്ധ്യയുടെ ആദ്യസംരംഭം 15 സ്ത്രീകളുടെ ഒരു ഗ്രൂപ്പ് മുഖേന ളാലം ബ്ലോക്ക് ഓഫാസ് പരിസരത്ത് ഒരു കാര്‍ഷിക നേഴ്സറി തുടങ്ങിയതാണ്. ളാലം വികസനബ്ലോക്ക് D W C R A സ്കീമിന്‍റെ കീഴില്‍ ഈ സംരംഭത്തെ സ്പോണ്‍സര്‍ ചെയ്തു. അതിന്‍റെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കടനാടു പഞ്ചായത്തില്‍ നിന്നുള്ള 24 സ്ത്രീകളെ സംഘടിപ്പിച്ച് പാലാ സിവില്‍ സ്റ്റേഷനുസമീപം ഒരു വനിതാ കാന്‍റീന്‍ തുടങ്ങി. ഈ സംരംഭത്തിനും D W C R A സ്കീമില്‍ ളാലം ബ്ലോക്കിന്‍റെ പിന്തുണയുണ്ടായിരുന്നു. ഇന്‍ഡ്യന്‍ ബാങ്ക് പാലം ശാഖ ഈ യൂണിറ്റിന് 4 ലക്ഷം രൂപാ വായ്പ നല്‍കി. വായ്പ ക്രമമായി തിരിച്ചടച്ചുകൊണ്ട് അവര്‍ നല്‍കിയ മാതൃക സന്ധ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബാങ്ക് സഹായങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
'സന്ധ്യ'യില്‍ നിന്നു പഠിച്ച പാഠങ്ങള്‍
നമ്മുടെ സ്വയംസഹായസംഘങ്ങള്‍ക്ക്, അതു തുടങ്ങുംവരെയുണ്ടായിരുന്ന സന്ധ്യയുടെ പ്രവര്‍ത്തന പരിചയം പകര്‍ന്നു തന്നിട്ടുള്ള അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ആസ്തി. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.താന്‍പാതി ദൈവം പാതി എന്നചൊല്ലില്‍ പറയുന്നതുപോലെ എല്ലാവിധ വിജയങ്ങളും കരഗതമാകും. ഇതാണ് വിസിബ് സ്വാശ്രയസംഘങ്ങള്‍ 'സന്ധ്യ'യില്‍ നിന്നു പഠിച്ചിട്ടുള്ള ഒന്നാം പാഠം. മറ്റു പാഠങ്ങളിവയാണ്: ധൃതിപിടിക്കാതെ സാവധാനം ഓരോരോ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. പരാജയങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുക. വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കുക.
വിശ്വാസ്യതയുടെ വേരുകള്‍
കൊടുക്കുംതോറുമേറിടും എന്ന തത്ത്വം സത്യമാണെന്ന് അനേകം ബാങ്കുകള്‍ സഹായവുമായി വിസിബിനെ സമീപിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് വിസിബ് നേതൃത്വത്തിന് ഇന്നു ബോധ്യമായിട്ടുണ്ട്. വാങ്ങുന്നവരും തിരികെ കൊടുക്കാന്‍ സത്യസന്ധതയും കൃത്യനിഷ്ഠയും കാണിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും നിക്ഷേപിക്കുന്ന തുകയുടെ നാലിരട്ടി ആവശ്യക്കാരില്‍ പകുതിപ്പേര്‍ക്കെങ്കിലും നല്‍കാന്‍ വിസിബിനു കഴിയുന്നുവെങ്കില്‍ അതിന്‍റെ കാരണം വിസിബിന്‍റെ വേരുകള്‍ 'സന്ധ്യ'യിലും 'സന്ധ്യ' വളര്‍ത്തിയെടുത്തിട്ടുള്ള വിശ്വാസ്യതയിലുമാണ് എന്നതാണ്. വിസിബിന്‍റെ ചരിത്രത്തിന്‍റെ തുടക്കം ഇതുവരെ എഴുതിയ 'സന്ധ്യ'യുടെ ചരിത്രത്തിലാണ്. മറ്റൊരര്‍ത്ഥത്തില്‍ വിസിബിന്‍റെ കഥ 'സന്ധ്യ'യുടെ തന്നെ കഥയാണ്.