top of page

പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക

Feb 1, 2010

2 min read

ഡോ. റോയി തോമസ്
Portrait on technology focused lives

'ശ്രദ്ധ' (സൊസൈറ്റി ഫോര്‍ റൂറല്‍ ഡവലപ്മെന്‍റ് ആന്‍റ് ഹാര്‍മോണിയസ് ആക്ഷന്‍) എന്ന പ്രസ്ഥാനത്തിന്‍റെ കാമ്പയില്‍ ലക്ഷ്യം വയ്ക്കുന്നത് പൊതുഇടങ്ങളുടെ വീണ്ടെടുപ്പാണ്. സമൂഹത്തിലെ നിര്‍മാണാത്മകമായ, സര്‍ഗാത്മാകമായ ഏതു കൂട്ടുചേരലിനെയും പൊതുഇടമായി കാണാം. പുതിയ കാലം ഈ ഇടങ്ങളെ ഇല്ലാതാക്കുന്നു. സ്വകാര്യതയിലേക്ക് പിന്തിരിയുന്ന മനുഷ്യന്‍ ഗുഹാവാസികളെപ്പോലെ അന്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമി ക്കുന്നു. ഒരു സാഹചര്യ ത്തില്‍ 'ശ്രദ്ധ'യുടെ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കുക സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്ന ഏവരുടെയും കടമയാണ്.

  ഭൗതികമായ പുരോഗതികളുടെയും സമ്പത്തിന്‍റെ വളര്‍ച്ചയുടെയും കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ ഭൗതികവളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ ഉള്ളുണര്‍ത്തുന്ന കര്‍മ്മങ്ങള്‍ക്കു പകരം വിപണിയുടെ ആകര്‍ഷണത്തില്‍ ഏവരും നിപതിക്കുന്നു. ഇന്ന് ഏറ്റവും ശക്തമായ മതം വിപണിയാണെന്നു ചില ചിന്തകര്‍ പറയുന്നത് അതുകൊണ്ടാണ്. യഥാര്‍ത്ഥമതം ആത്മീയമായ ഉണര്‍വ് നല്‍കുമ്പോള്‍ വിപണി ആത്മീയതയെ ഊറ്റിയെടുക്കുന്നു. ആത്മാവില്ലാത്ത ഉപഭോക്താവിനെയാണ് വിപണിയ്ക്കാവശ്യം. അങ്ങനെ സമൂഹം ആള്‍ക്കൂട്ടമായി മാറുന്നു. പരസ്പരം കൂട്ടിയിണക്കുന്ന കണ്ണികള്‍ ഒന്നൊന്നായി അറ്റുപോകുമ്പോള്‍ സമൂഹസൃഷ്ടി നടക്കാതെ പോകുന്നു. 'ഞാനും നീയും, നീയും മറ്റൊരാളും തമ്മിലുള്ള ബന്ധമാണ് സമൂഹം' എന്ന് ജിദ്ദുകൃഷ്ണ മൂര്‍ത്തിയുടെ നിര്‍വചനം സമൂഹത്തെക്കുറിച്ചുള്ള ഏറ്റവും ലളിതമായ നിര്‍വചനമാണ്. ബന്ധങ്ങളാണ് സമൂഹത്തിന്‍റെ അടിത്തറ. വ്യക്തിത്വമുള്ള മനുഷ്യര്‍ തമ്മിലുള്ള  സര്‍ഗാത്മകമായ കൂടിച്ചേരലാണ് സമൂഹത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നത്. അനുനിമിഷം രോഗാതുരമായി ക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തിന് ഇനി ക്രിയാത്മകമായി മുന്നേറണമെങ്കില്‍ ചിലതെല്ലാം വീണ്ടെടുത്തേ പറ്റൂ.

വര്‍ത്തമാനകാലത്തെ കൂട്ടായ്മകള്‍ മിക്കവയും തന്നെ താല്ക്കാലികവും സ്വാര്‍ത്ഥ പ്രേരിതവുമാണ്. ക്ലബ്ബുകളും വായനശാലകളും ചായക്കട സദസ്സുകളും കളിയിടങ്ങളും ആല്‍ത്തറയിലെ വെടിവട്ടവുമെല്ലാം പണ്ട് സര്‍ഗാത്മകമായി കൂട്ടുചേരുന്നതിനു സഹായിച്ചിരുന്നു. പരസ്പരം സഹായിക്കുന്ന, പിന്തുണ നല്‍കുന്ന സംസ്കാരം ഇവിടെയെല്ലാം നിലനിന്നിരുന്നു. അവനവനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരിലേക്ക് വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. മുഖമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ എവിടെയും പെരുകിവരുന്നു. പരസ്പരം സംസാരിക്കാനും മനസ്സിലാക്കാനും പിന്തുണയ്ക്കാനും സാവകാശമില്ലാത്ത നാം തിരക്കിട്ട് ഓടുകയാണ്. ജീവിതം ഒരോട്ടപ്പന്തയമായത്തീരുകയും, തിരിഞ്ഞു നോക്കാതെ ഒന്നാമതെത്താന്‍ ഓടുകയും ചെയ്യുമ്പോള്‍ 'അപരന്‍റെ' സാന്നിദ്ധ്യം  നമ്മെ സന്തോഷിപ്പിക്കുന്നില്ല. അങ്ങനെ അപരനിലേക്ക് നീളാത്ത കൈകളും കണ്ണും മനസ്സും നമ്മെ പിഗ്മികളാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും അസ്വസ്ഥതയുടെ തടവറയിലാകുന്നു. പരസ്പര ബന്ധങ്ങളും കൂട്ടുചേരലുകളുമാണ് സന്തോഷത്തിന്‍റെ ഭൂമികയൊരുക്കുന്നത്. അതെല്ലാം നഷ്ടപ്പെടുമ്പോള്‍ മനസ്സില്‍നിന്ന് സന്തോഷവും സമാധാനവും കുടിയിറങ്ങുകയും ഭയവും അസ്വസ്ഥതയും കുടിയേറുകയും ചെയ്യുന്നു.

  സര്‍ഗാത്മക കൂടിച്ചേരലുകള്‍ അസാധ്യമാക്കുന്ന തരത്തിലാണ് വിപണി നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. അടുക്കള മുതല്‍ ജീവിതവ്യവഹാരത്തിന്‍റെ എല്ലാ തലങ്ങളിലും അതിന്‍റെ സര്‍വാധിപത്യമാണ് നിലനില്‍ക്കുന്നത്. പുതിയ പുതിയ ഉപഭോഗ വസ്തുക്കള്‍ വച്ചുനീട്ടി നമ്മെ ആകര്‍ഷിക്കുന്ന പൈഡ് പൈപ്പറായി വിപണി മാറിയിക്കുന്നു. ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കൂട്ടമായി മനുഷ്യ സമൂഹം മാറുന്നു. 'ഏകമാന മനുഷ്യന്‍' (one-dimensional man) എന്നാണ് ഒരു ചിന്തകന്‍ ഇന്നത്തെ മനുഷ്യനെ വിളിക്കുന്നത്. ഭൗതികജീവിത വിജയത്തിനു വേണ്ടി മാത്രമായി ജീവിതം ചുരുങ്ങുമ്പോള്‍ ജീവിതത്തിന്‍റെ അര്‍ത്ഥസാധ്യതകള്‍ നഷ്ടപ്പെടുന്നു. ബന്ധങ്ങളുടെ സപ്തവര്‍ണ്ണാഞ്ചിതമായ ചാരുതയില്‍ വിടര്‍ന്നു വരുന്ന ആത്മ ചൈതന്യത്തിന്‍റെ നിമിഷങ്ങള്‍ അകന്നുപോകുന്നു. ഇവിടെയാണ് ഒരു തിരിച്ചുപോക്കിന്‍റെ അനിവാര്യതയെക്കുറിച്ച് 'ശ്രദ്ധ' നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ചുറ്റും കണ്ണോടിക്കാനും മറ്റുള്ളവരെ കാണാനും സാവകാശം ഈ വീഥികളിലൂടെ നടക്കാനും നമുക്കു കഴിയണം. വേഗം ചിലപ്പോള്‍ നമ്മെ സ്വത്വത്തില്‍ നിന്നകറ്റിക്കളഞ്ഞേക്കാം.

'നിലനിന്നിരുന്നതും നിലനില്‍ക്കുന്നതുമായ പൊതുഇടങ്ങളെ തിരിച്ചറിയുക, സമൂഹത്തിന്‍റെ സര്‍ഗ്ഗാത്മ ജീവിതക്രമത്തില്‍ അവയ്ക്കുണ്ടായിരുന്ന സ്വാധീനം രേഖപ്പെടുത്തുക, അവയുടെ കൊഴിഞ്ഞുപോക്കിലൂടെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സാമൂഹിക പ്രതിസന്ധികളെ കണ്ടെത്തുക, നിലവിലുള്ള പൊതു ഇടങ്ങളെ പരിപോഷിപ്പിക്കുകയും കൂടുതല്‍ പൊതു ഇടങ്ങളെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുക' എന്നീ ലക്ഷ്യങ്ങളാണ് ശ്രദ്ധ മുന്നോട്ടു വയ്ക്കുന്നത്. നമ്മുടെ സമൂഹത്തിന് ആരോഗ്യകരമായി മുന്നേറണമെങ്കില്‍ പൊതുഇടങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യമാണ്. അധികകാലം ഈ പൊള്ളയായ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്കു കഴിയില്ല. ഗ്രാമങ്ങള്‍പോലും നഗര സംസ്കാരത്തില്‍, ആഗോളീകരണത്തിന്‍റെ തരംഗത്തില്‍ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുമ്പോള്‍, അതേറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് സാമൂഹിക ബന്ധങ്ങളെയാണ്. വീടിനുള്ളില്‍ എല്ലാമൊരുക്കി വാതിലുകള്‍ തഴുതിട്ട് ചതുരപ്പെട്ടിയിലൂടെ ലോകത്തെ കാണുമ്പോള്‍ നാം അവിടെ ഒറ്റയാകുന്നു. കുടുംബത്തിലുള്ളവരും ഒറ്റപ്പെടുന്നതായി പലര്‍ക്കും തോന്നുന്നു.

  മനുഷ്യവ്യക്തിത്വം നിര്‍വചിക്കപ്പെടുന്നത്, സാക്ഷാത്ക്കരിക്കപ്പെടുന്നത് അപരനിലൂടെയാണ്. 'അപരന്‍ നരകമാണ്' എന്നു കരുതുന്ന ആസുരകാലത്ത് ചിലതെല്ലാം തിരിച്ചെടുത്തേ മതിയാവൂ. 'നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക' എന്ന മുദ്രാവാക്യംപോലെ അടിസ്ഥാന തലങ്ങളെ സ്പര്‍ശിക്കുന്ന മുദ്രാവാക്യമാണ് 'നമ്മുടെ പൊതു ഇടങ്ങളെ വീണ്ടെടുക്കുക' എന്നതും. ഒറ്റപ്പെട്ടവന്‍റെ ആര്‍ത്തനാദമാണ് പലരൂപത്തില്‍ നാം കേള്‍ക്കുന്നത്. ആത്മഹത്യയായും നശീകരണ വാസനയായും തീരുന്നത് പലപ്പോഴും ഒറ്റപ്പെട്ടവന്‍റെ ദീനതയാണ്. അവന്‍റെ നിലവിളി കേള്‍ക്കാന്‍ ആരുമില്ലാതാകുമ്പോള്‍, ആരും മനസ്സ് തുറക്കാതാകുമ്പോള്‍, പരസ്പരം വിശ്വാസമില്ലാതാകുമ്പോള്‍ സുഖകരമായ വാഴ്വ് അസാധ്യമാകുന്നു. അടുത്തു നില്‍ക്കുന്നവനെക്കാണാനും തിരിച്ചറിയാനും ശ്രമിച്ചുകൊണ്ട്, തിടുക്കപ്പെടാതെ നമുക്കു കുറച്ചു നേരം നടക്കാം. ചുറ്റും കണ്ണോടിച്ച് ശ്രദ്ധയോടെ നടക്കാനാണ് 'ശ്രദ്ധ' നമ്മെ പ്രചോദിപ്പിക്കുന്നത്. പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ഈ പരിശ്രമത്തില്‍ നമുക്കും അണിചേരാം.

Featured Posts