ജോര്‍ജ് വലിയപാടത്ത്
Oct 25
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ഒപ്പം ശ്രദ്ധാപൂര്‍വ്വമുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നപ്പോള്‍ത്തന്നെ, രണ്ടര വര്‍ഷത്തിന്‍റെ വേദനകള്‍ക്കൊടുവില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തപ്പെടാനായി ഒരു ശരീരം ബഹ്റൈനിലെ ഒരു ഹോസ്പിറ്റലില്‍ കാത്തുകിടപ്പുണ്ടായിരുന്നു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമ്രാജ് ലങ്ക എന്ന ഗ്രാമത്തിലെ ദളിത് സ്ത്രീ നല്ലി മാരിയമ്മയുടെ മൃതശരീരമായിരുന്നു അത്. ഒരു തുണ്ടുഭൂമിപോലും സ്വന്തമായില്ലാത്ത ഒരു കര്‍ഷക തൊഴിലാളിയുടെ ഭാര്യയായ ആ സ്ത്രീ ആരാലും ശ്രദ്ധിക്കപ്പെടാതെ, പരിചരിക്കപ്പെടാതെ, ഒന്നു കരയാന്‍ പോലും അടുത്താരുമില്ലാതെ മൃതിയടഞ്ഞു.
അവരുടെ മകളായ നാഗവേണി ഓര്‍ക്കുന്നു, നാലുകൊല്ലങ്ങള്‍ക്കുമുമ്പ് 2007 ല്‍ ബഹ്റൈനില്‍ വച്ചാണ് അവളുടെ അമ്മ മരിച്ചത്. അറബി ഭവനങ്ങളിലെ വീട്ടുജോലിയായിരുന്നു അവള്‍ക്ക്. കടംവീട്ടണം, ഒരു വീടു പണിയണം എന്നതിനപ്പുറം സ്ഥിരം ജോലി, ഗള്‍ഫ് പൗരത്വം എന്നിങ്ങനെ മിന്നുന്ന സ്വപ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏജന്‍റിനു കമ്മീഷനായി കൊടുത്ത 50000 രൂപയും കടമായിത്തന്നെ വാങ്ങിയതാണ്.
ഇതിനുമുമ്പ് ഒരിക്കല്‍ മസ്കറ്റിലേക്കു പോയതിന്‍റെ വകയില്‍ 40000 രൂപ കടമുണ്ട്. അവിടെയെത്തി 3 മാസങ്ങള്‍ക്കുശേഷം തൊഴില്‍ ദാതാവിന് അവരെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. കിട്ടാനുണ്ടായിരുന്ന ശമ്പളം യാത്രച്ചെലവിനെന്നപേരില്‍ അയാള്‍ എടുത്തു. അങ്ങനെ കടം മാത്രം ഞങ്ങള്‍ക്കു ബാക്കിയായി, നാഗവേണി പറയുന്നു.
ബഹ്റൈനില്‍ എത്തിയശേഷവും ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ആശയവിനിമയം നടത്താനാവില്ലെന്ന പേരില്‍ വീണ്ടും തിരിച്ചയയ്ക്കപ്പെടുമോ എന്ന ഭയവും ഈ അമ്മയ്ക്കുണ്ടായിരുന്നു. കുന്നുകൂടിയ കടം വീട്ടണമല്ലോ എന്ന ചിന്ത അവരെ എങ്ങനെയും പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. അവസാനം അവിടെനിന്നും രക്ഷപെടാതെ മാര്‍ഗ്ഗമില്ലെന്ന സ്ഥിതിയായപ്പോള്‍ അവര്‍ അവിടം വിട്ടു. പക്ഷേ പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയിലായിരിക്കെ ഒരു ദിനരാത്രം കൊണ്ട് അവരവിടെ അനധികൃത കുടിയേറ്റക്കാരിയായി. പിന്നീട് ഏഴുമാസത്തോളം അവരെപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു. അമ്മ മരിച്ചെന്നു ഞങ്ങളെല്ലാം കരുതി. എന്നാല്‍ ഒരുദിവസം ആശ്വാസം പകരുന്ന ഒരു ഫോണ്‍കോള്‍ എത്തി. പിന്നീട് കടം വീട്ടാനുള്ള പണവും അയച്ചു തുടങ്ങി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞറിഞ്ഞു, അവരുടെ പാസ്പോര്‍ട്ട് തൊഴില്‍ദാതാവിന്‍റെ കൈയിലായതുകൊണ്ട് ജോലി സ്ഥലത്തു നിന്ന് അവരെ പറഞ്ഞയയ്ക്കുകയാണെന്ന്. അതോടെ അവര്‍ ഇറങ്ങിയോടി; നാഗവേണി പറയുന്നു.
അടുത്ത നാലുമാസത്തേയ്ക്ക് ജോലിയൊന്നും ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് കൂടെ താമസിക്കുന്നവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ ഉയരാന്‍ തുടങ്ങി. അവിടെ തുടര്‍ന്നു താമസിക്കാനാവാത്ത സ്ഥിതിയായി. അമ്മ പെരുവഴിയിലായി. മനാമയില്‍നിന്നു ലഭിച്ച വിവരപ്രകാരം എല്ലാം നഷ്ടപ്പെട്ട് അവര്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്നു.
ദാരിദ്ര്യവും ഓര്‍മക്കുറവും മൂലം മാരിയമ്മ കുറേ നാളുകളായി വീട്ടിലേയ്ക്കു വിളിച്ചിരുന്നില്ല. പെട്ടെന്നൊരു ദിനം രോഗാവസ്ഥയിലായിരുന്ന അവരുടെ ഫോണ്‍ കോളെത്തി. വിളിച്ചപ്പോള്‍ അമ്മ വല്ലാതെ കരയുകയായിരുന്നു. എന്താണ് അസുഖമെന്ന് വിവരിക്കാന്‍ പോലുമാകുമായിരുന്നില്ല. വയറുവേദനയുണ്ടെന്നു മാത്രം പറഞ്ഞു. ഭാഷയറിയാത്തതുകൊണ്ട് ഡോക്ടേഴ്സിനോട് ഒന്നും ചോദിക്കാന്‍ ഞങ്ങള്‍ക്കായില്ല. ആരും അമ്മയെ നോക്കാനില്ലായിരുന്നു. ബഹറിന്‍ ഹോസ്പിറ്റലില്‍ നിന്ന് 10 ദിവസത്തിനുശേഷം മരണവിവരവുമെത്തി.
മൃതശരീരം നാട്ടിലേയ്ക്കു കൊണ്ടുവരണമെങ്കില്‍ രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. അതിനുള്ള സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ലാത്തതുകൊണ്ട്, ജീവിക്കാന്‍പോലും ഭയന്നിരുന്ന ആ നാട്ടില്‍ത്തന്നെ മരണശേഷവും അമ്മക്ക് ആയിരിക്കേണ്ടി വന്നു. ഭര്‍ത്താവിന്‍റെ അനുമതിപത്രം ഉണ്ടെങ്കിലേ അന്ത്യകര്‍മ്മങ്ങള്‍ നടത്തൂ. എന്നാല്‍ ഒരു ഫാക്സ് മെഷീന്‍പോലുമില്ലാത്ത ഗ്രാമത്തിലുള്ളവരാണ് ഞങ്ങള്‍.മാരിയമ്മയുടെ അനുഭവങ്ങളും മരണവുമൊക്കെ മാധ്യമങ്ങള്‍ക്കും ഭരണപ്രതിപക്ഷത്തിനും പ്രവാസിക്ഷേമത്തിനുവേണ്ടി ഘോരഗര്‍ജ്ജനങ്ങള്‍ നടത്തുന്നവര്‍ക്കും അജ്ഞാതമായിത്തന്നെ കിടന്നു. അവരുടെ മരണം രാജ്യമനഃസാക്ഷിയെ ഇത്ര കണ്ട് ഉലയ്ക്കാതിരിക്കുന്നതിനെക്കരുതി സമയം കളയാന്‍ നാഗവേണിക്കോ അവളുടെ അച്ഛനോ സാധിക്കുമായിരുന്നില്ല. ഈ ദുരന്തവുമായി പൊരുത്തപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. കാരണം മുന്‍പോട്ടുള്ള നിലനില്‍പ്പിന് ഇതിലേറെ ദുരിതങ്ങള്‍ അവര്‍ക്കു നേരിടാന്‍ കിടപ്പുണ്ടായിരുന്നു.
വിദേശത്തേയ്ക്കു ജോലി തേടിപ്പോകുന്ന പാവപ്പെട്ടവര്‍ നേരിടേണ്ടിവരുന്ന ഇത്തരം ഭീകരയാഥാര്‍ത്ഥ്യങ്ങളുടെ അവ്യക്ത വിധികള്‍ മാരിയമ്മ സംഭവത്തിലൂടെ തീരുന്നില്ല. കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം, വ്യത്യസ്ത സാംസ്കാരികാനുഭവങ്ങള്‍, വിദ്യാഭ്യാസ തൊഴില്‍ പുരോഗതി, ആഡംബര ജീവിത പ്രതീക്ഷകള്‍ ഇവയൊക്കെ വിദ്യാസമ്പന്നരായ പ്രാമാണിക വര്‍ഗ്ഗത്തിന് വിദേശകുടിയേറ്റത്തിനു പ്രലോഭനമാകുമ്പോള്‍ ഒരു തുണ്ടു ഭൂമി, മകളുടെ സ്ത്രീധനം, ഒരു കൊച്ചുവീട് ഇവയ്ക്കൊക്കെവേണ്ടി ഗള്‍ഫ് നാടുകളിലേയ്ക്ക് ദിവസവേതനത്തിന് എത്തിപ്പെട്ടിട്ടുള്ള പാവങ്ങള്‍ക്ക് - ഇത്തിരി തുകയ്ക്ക് ഒത്തിരി അധ്വാനിക്കേണ്ടി വരുന്നവര്‍ക്ക് - ജീവിതം തന്നെ അപ്രാപ്യമായിത്തീരുന്നു. ഓസ്ട്രേലിയന്‍ വംശീയാക്രമണത്തിന്‍റെ ഇരകളേക്കാളേറെ, പ്രതികൂല സാഹചര്യങ്ങളില്‍പ്പെട്ടും താങ്ങാനാരുമില്ലാതെയും, സ്വപ്നങ്ങള്‍ തകര്‍ന്നുപോയവരുടെ എണ്ണമാണ് കൂടുതല്‍. ആന്ധ്രപ്രദേശിലെ നിസാമബാദ് ജില്ലയില്‍ തിമ്മകപള്ളി ഗ്രാമവാസിയായി ടി. നരഗൗഡയുടെ ദുരൂഹമരണം മറ്റൊരു ഉദാഹരണമാണ്. ജൂണ്‍ 2009 ല്‍ അയാള്‍ സൗദിയിലെത്തിച്ചേര്‍ന്നിട്ട് വെറും ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അത്. അവിടെ ഒരു മരുഭൂമിയില്‍ അദ്ദേഹത്തിന്‍റെ ജഡം കാണപ്പെട്ടപ്പോള്‍ ആദ്യം ഒരു ആത്മഹത്യയെന്നും പിന്നീട് ഹാര്‍ട്ടറ്റാക് എന്നും ഊഹാപോഹങ്ങള്‍ നിരന്നു. സന്ദേഹങ്ങള്‍ക്കു നടുവില്‍ ഒരു രണ്ടാം ശരീരപരിശോധനയ്ക്ക് പോലീസ് ഉത്തരവിട്ടു. ചില ഭയാനകമായ കണ്ടെത്തലുകള്‍ക്ക് അത് ഇടയാക്കി. അയാളുടെ കൈകളിലും തോളുകളിലും കണ്ട തൊലിയുരിഞ്ഞ പാടുകള്‍ ദീര്‍ഘനേരം ചങ്ങലയ്ക്കിട്ടതിന്‍റെ സൂചനകള്‍ നല്‍കി. കടുത്ത വെയിലില്‍ ദീര്‍ഘനേരം ആയാസപ്പെട്ടതിന്‍റെ ഫലമായി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ദുര്‍ബലമായി നിലച്ചുപോവുകയും ചെയ്തു. ഫോറന്‍സിക് പരിശോധനകള്‍ക്കു ദീര്‍ഘനാള്‍ വേണ്ടി വന്നതുമൂലം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു മുഴുവര്‍ഷം പിന്നിടേണ്ടി വന്നു.
സൗദി അറേബ്യയിലേയ്ക്കു പോകും മുന്‍പ് ഗൗഡ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കാര്‍ ഡ്രൈവറായി നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത പ്രാദേശിക ഏജന്‍റിന് തന്‍റെ ഓട്ടോ വിറ്റ 80000 രൂപയാണ് അദ്ദേഹം നല്‍കിയത്. എന്നിട്ട് അവിടെ ഒട്ടകങ്ങളെ നോക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. പിന്നീടറിയുന്നത് മരണവാര്‍ത്തയാണ്. ഗൗഡയുടെ സഹോദരീ പുത്രനായ എന്‍, സത്യനാരായണ ഗൗഡ പറയുന്നു.
ഓട്ടോ വിറ്റതു കൂടാതെ 1.5 ലക്ഷം രൂപ കടമായും അദ്ദേഹം നാട്ടില്‍ നിന്നും വാങ്ങിയിരുന്നു. ശേഷം സംഭവിച്ചത് ഗൗഡയുടെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും പെരുവഴിയിലേയ്ക്കിറങ്ങേണ്ടി വന്നു എന്നതാണ്. അദ്ദേഹത്തിന്‍റെ മൂത്തമകന് പഠനം നിര്‍ത്തി കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നു.
ഇത്തരം പൈശാചികതയ്ക്കെതിരേ നമ്മുടെ രാജ്യത്തുനിന്ന് ഒരു പ്രതിഷേധസ്വരം പോലുമുയരുന്നില്ല. വംശീയാക്രമണങ്ങള്‍ക്കെതിരേ നേരിയ സംശയത്തിന്‍റെ ബലത്തില്‍പ്പോലും ആഞ്ഞടിക്കുന്ന നമ്മുടെ പ്രവാസി കൊടിപിടുത്തക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല; ദേശ സ്നേഹത്തിന്‍റെ തിരയിളക്കങ്ങളോ മാധ്യമ മുന്നേറ്റങ്ങളോ ഒന്നും ഇവിടെ കാണ്‍മാനില്ല. സ്റ്റേറ്റ് അസംബ്ലിയില്‍ ഇതു സംബന്ധിച്ച ചോദ്യമുയര്‍ത്തിയ ഒരു എം. എല്‍. എ യ്ക്ക് കുറേയധികം ഉറപ്പുകള്‍ നല്‍കി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കി. പറഞ്ഞ കാര്യങ്ങള്‍ക്ക് ഇതുവരെ നടപടികളൊന്നും ഉണ്ടായതായി അറിവില്ല.
രാജ്യത്തിന്‍റെ ഇത്തരം നിസംഗഭാവങ്ങള്‍ക്ക് മറ്റൊരുദാഹരണമാണ് 26കാരനായ ഹബീബ് ഹുസൈന്‍റെ കഥ. അയാള്‍ ഒരു വിമാന ടോയ്ലറ്റില്‍ ഒളിച്ചിരുന്നാണ് സൗദിയില്‍ നിന്നു മടങ്ങിയത്. വിമാനയാത്രയ്ക്കിടെ ഇത് ആദ്യം ഒരു പരിഭ്രമത്തിനിടയാക്കി- രാജ്യസുരക്ഷയെപ്പറ്റിയുള്ള പരിഭ്രമം! RAW, IB, SID, Rajasthan ATS, Local Police ഇവരുടെ ചോദ്യം ചെയ്യലുകള്‍ക്കുശേഷം മനസിലായി വീട്ടിലേയ്ക്കു മടങ്ങുക മാത്രമായിരുന്നു അവന്‍റെ ലക്ഷ്യമെന്നും മറ്റു ദുരുദ്ദേശ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും. അവന് ജോലി കൊടുത്ത കമ്പനിയുടമ ഒട്ടും ദയവില്ലാതെയാണ് പെരുമാറിയിരുന്നത്. പാസ്പോര്‍ട്ടുപോലും പിടിച്ചു വച്ചു. സാധാരണ ജോലി സമയത്തിനു ശേഷം കന്നുകാലികളെ നോക്കാനാവശ്യപ്പെട്ടു. വേതനം ഒട്ടും തന്നെ കൊടുത്തിരുന്നുമില്ല. ഹുസൈന്‍റെ അനധികൃത വിമാന യാത്രയെപ്പറ്റിയുള്ള അന്വേഷണത്തെപ്പറ്റിയും കോടതി നടപടികളെപ്പറ്റിയും വലിയ വായില്‍ പറഞ്ഞുനടന്ന മാധ്യമങ്ങളില്‍ ചിലത് ഒരു ചെയ്ഞ്ചിനു വേണ്ടിയെന്നോണം അവന്‍റെ നാട്ടിലെ ദാരിദ്ര്യാവസ്ഥയും സൗദിയിലേയ്ക്കു പോകാനിടയാക്കിയ സാഹചര്യങ്ങളും പുറം ലോകത്തെയറിച്ചു. വംശീയതക്കെതിരേ തൊണ്ടകീറിയലയ്ക്കുന്ന മാധ്യമങ്ങള്‍ ചൈതന്യരഹിതമായ ഒരു വിലാപംപോലെ ഇമ്മാതിരി സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാമര്‍ശിച്ചു. വിദേശ കുടിയേറ്റക്കാരെപ്പറ്റി രാഷ്ട്രീയക്കാരും വ്യത്യസ്ത നിലപാടൊന്നുമല്ല കൈക്കൊള്ളുന്നത്. ആന്ധ്രയിലെ ന്യൂനപക്ഷ കാര്യ മുന്‍മന്ത്രി മുഹമ്മദ് അലി ഷാബിറും വിദേശകാര്യമന്ത്രാലയത്തില്‍ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രമുഖനായ ഒരാളും ഗള്‍ഫ് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ആശ്വസിക്കുന്നു. അവിടെ തങ്ങളെ കാത്തിരിക്കുന്ന മനുഷ്യത്വരഹിത സാഹചര്യങ്ങളെപ്പറ്റി ജനത്തിനുണ്ടായ അവബോധമാണിതിനു കാരണമെന്ന് അവര്‍ പറയുന്നു.
സൗദിയില്‍ നിന്നു മടങ്ങിവന്ന, ഐഷ സുല്‍ത്താന എന്ന ഹൈദരാബാദി സ്ത്രീയുടെ അനുഭവം ഇങ്ങനെ: ഇങ്ങനെ പറയുന്നു. റിയാദില്‍ വീട്ടുജോലിക്കായിപ്പോയ ഐഷ മാസങ്ങളോളം ശമ്പളം ലഭിക്കാതെ, പലേയിടത്തും മാറി മാറി അയയ്ക്കപ്പെട്ടു. ഏജന്‍റു കൈവശപ്പെടുത്തിയ പാസ്പോര്‍ട്ട് മടക്കി നല്‍കിയതേയില്ല. അവസാനം മക്കയിലെ ജോലി സ്ഥലത്തുനിന്ന് ഒളിച്ചു രക്ഷപ്പെട്ട അവള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തിച്ചേര്‍ന്നു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം, എംബസി വഴി അവളുടെ ഹൈദരബാദിലേയ്ക്കുള്ള മടക്കയാത്രയ്ക്കു വഴി തെളിഞ്ഞു. "പത്തും പതിനഞ്ചും വര്‍ഷങ്ങളായി പെരുവഴിയില്‍ നിന്ന് ഒരു മടക്കയാത്രയ്ക്കു കാത്തിരിക്കുന്ന അനേകര്‍ അവിടെയുണ്ട്. ജിദ്ദയിലുള്ള ഫ്ളൈദാവറിനു താഴെ ഇങ്ങനെയുള്ള ധാരാളംപേര്‍ നിറഞ്ഞുപാര്‍ക്കുന്നുണ്ട്. പോലീസ് പിടിച്ചു നാടുകടത്താന്‍ വേണ്ടി, ഒന്ന് അറസ്റ്റ് ചെയ്യപ്പെടാന്‍ വേണ്ടി, പോലീസിന് കൈക്കൂലി കൊടുക്കാന്‍പോലും അവര്‍ തത്പരരാണ്." ഐഷ പറയുന്നു.
ഇനിയൊരിക്കലും അങ്ങോട്ടേയ്ക്കില്ലെന്നു പറയുന്ന അവള്‍ തന്‍റെ കൂടെയുള്ളവരോടു പറയുന്നത്, ഇവിടെ ഒരു ചില്ലിക്കാശുപോലുമില്ലാതെ ജീവിക്കേണ്ടി വന്നാലും ഗള്‍ഫ് മരീചികകള്‍ തേടി പോകരുതെന്നാണ്. കഷ്ടമായിപ്പോകുന്നത് ഇതല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഈ പാവങ്ങള്‍ക്കില്ലാതെപോകുന്നു എന്നതത്രേ. എന്നാല്‍ ഐഷയുടെ സുരക്ഷിതമായ തിരിച്ചുവരവിന്‍റെ സന്തോഷം ഏറെനാള്‍ നീണ്ടുനിന്നില്ല. ആറുമാസങ്ങള്‍ക്കു ശേഷം അവളുടെ അഞ്ചുവയസ്സുകാരി മകള്‍ റുബീന-ആര്‍ക്കുവേണ്ടിയോ അവള്‍ കടല്‍ കടന്നു പോയത് ആ കുഞ്ഞ് -ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് സര്‍ജറി ആവശ്യമായ അവസ്ഥയിലാണ്; ആരോരും സഹായിക്കാന്‍ പോലുമില്ലാതെ.
ഇത്തരത്തിലുള്ള മറ്റൊരു ഇരയാണ് കരിംനഗറില്‍ നിന്നുള്ള മഹുമ്മദ് മൊയ്തീന്‍. അയാള്‍ തന്‍റെ പീഡകനായ തൊഴില്‍ദാതാവില്‍ നിന്ന് രക്ഷപെട്ടശേഷം ദിവസക്കൂലിക്ക് ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അവസാനം വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച്, മതിയായ ചികിത്സ ലഭിക്കാതെ ജിദ്ദയിലെ ഒരാശുപത്രിയില്‍ കിടന്ന് മരിച്ചു. അവിവാഹിതകളായ മൂന്നു സഹോദരിമാരുടെ യും വിവാഹസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാതെ അയാള്‍ പോയി. സ്വന്തം പിതാവിന്‍റെ മരണവുമായി വെറും 12 ദിനങ്ങളുടെ വ്യത്യാസത്തില്‍. അയാളുടെ അമ്മയും സഹോദരിമാരും ഇപ്പോള്‍ ആശ്രയമറ്റവരായി കഴിയുന്നു.
കിഴക്കന്‍ ഗോദാവരിയില്‍ നിന്നുള്ള കേത്ത തത്റാവു അടിമപ്പണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഒട്ടകപ്പുറത്തുനിന്ന് വീണു മരിച്ചു. കരിംനഗറില്‍ നിന്നുള്ള ഭന്തുഗുലാഭിമയ്യ മരിച്ചത്, തന്‍റെ മകന് ജോലി വാഗ്ദാനം ചെയ്ത ഏജന്‍റ് 16 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന്‍റെ മാനസികാഘാതത്തിലാണ്. നല്‍ഗോഡയിലെ ആര്‍ ലക്ഷ്മണ്‍ ഒമാനില്‍ ജോലി ചെയ്യവേ ഓര്‍മ നഷ്ടപ്പെട്ട്, തിരിച്ചറിയല്‍ രേഖകളില്ലാത്തവനായി അവിടെ കുടുങ്ങേണ്ടി വന്നു. മേഡക്കിലെ കങ്കയ്യ, ഒരു കാര്‍പ്പറ്റ് മാനുഫാക്ച്ചറിംഗ് കമ്പനിയിലെ അപകടകരമായി ജോലി മൂലം സ്ഥിരം രോഗിയായി, ഒരു വീട് എന്ന തന്‍റെ സ്വപ്നമുപേക്ഷിച്ച് മടങ്ങിവന്നു. ഇവരെല്ലാം ദാരിദ്ര്യത്തിനെതിരേ സാഹസികമായി പടപൊരുതുകയും ഒടുക്കം പരിതാപകരമാംവിധം ജീവിതം നഷ്ടപ്പെടുകയും ചെയ്തവരാണ്. ഇക്കാര്യത്തിലുള്ള രാഷ്ട്രീയവും നിയമപരവുമായ ഇടപെടലുകള്‍ പലപ്പോഴും ഏജന്‍റുമാരുടെ പരിശോധനാ നിയന്ത്രണങ്ങളില്‍ മാത്രമൊതുങ്ങിപ്പോവുകയാണ്. കുടിയേറ്റക്കാരുടെ തൊഴിലും വേതനവും ഉറപ്പാക്കാന്‍ ഒന്നും ചെയ്യുന്നുമില്ല. മറ്റു വിദേശ രാജ്യങ്ങളിലെ തൊഴിലുകള്‍ക്കാവശ്യമായ മുന്നൊരുക്ക കോഴ്സുകള്‍ അനവധിയുള്ളപ്പോലും ഇത്തരത്തിലുള്ള തൊഴില്‍ കേന്ദ്രീകൃത ട്രെയിനിംഗുകള്‍ ഗള്‍ഫ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി നല്‍കപ്പെടുന്നുമില്ല. ഭവനപരിപാലനം, പ്ലംബിംഗ്, ഇലക്ട്രിക് വര്‍ക്കുകള്‍, നിര്‍മ്മാണ ജോലികള്‍ ഇവയ്ക്കൊക്കെയും വേണ്ടി ഇംഗ്ലീഷില്‍ കോഴ്സുകള്‍ നടത്തപ്പെടുകയാണെങ്കില്‍ വളരെ സഹായകരമായിരിക്കും. കാരണം നല്ല പരിശീലനം നേടിയ ഫിലിഫൈന്‍സുകാര്‍,. ഇന്ത്യോനേഷ്യാക്കാര്‍ ഇവര്‍ക്കൊക്കെഒപ്പമാണ് ഒരു പരിശീലനവും ലഭിക്കാത്ത ആ തൊഴിലുകള്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടിവരിക.
പുതിയ രജിസ്ട്രേഷന്‍ നിയമം ഏജന്‍റുമാരുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ കേന്ദ്രീകൃതരീതിയിലാക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിലുള്ള ഏജന്‍റുമാരുടെ നിയന്ത്രണത്തിലൂടെ ഗള്‍ഫിലേയ്ക്കു പോകുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനല്ലാതെ കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെ വേണ്ടവിധം അഭിമുഖീകരിക്കാന്‍ ഇതു സഹായിക്കുന്നില്ല. പിന്‍കാല ചരിത്രവും അനുഭവങ്ങളും വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള കുടിയേറ്റ ചലനാത്മകത നിഷേധിക്കുന്നത് സമൂഹത്തിന് ദോഷകരമാകുന്നുണ്ടെന്നാണ്. എന്തു കഷ്ടപ്പാടിലും മറ്റൊരു വഴി തേടാനാകാതെ അവര്‍ കുടുങ്ങിക്കിടക്കേണ്ടി വരുമ്പോള്‍, ഈ ഗ്രാമീണരെപ്പറ്റിയുള്ള മിത്തുകളും ധാരണകളും ചിന്താഗതികളുമൊക്കെ പുറംലോകത്തിനു മുന്‍പില്‍ മാറ്റപ്പെടാതെ തുടരുന്നു. ജീവിത നിലവാരമുയര്‍ന്നവരുമായുള്ള ഇടപെടലുകളിലൂടെ അവരിലും മാറ്റങ്ങളുണ്ടാകുന്നു. ഒരു റെഡ്ഡിയും ദളിതനും തങ്ങളുടെ സ്വന്തം ദേശത്തെങ്ങനെയാണോ അതിന് നേര്‍വിപരീതമായി ഇവിടെ ഒന്നിച്ചു താമസിക്കുകയും ഇടപെടുകയും ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ചെയ്യേണ്ടതുണ്ട്.
ഗള്‍ഫ് തൊഴില്‍ ദാതാക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക കുടിയേറ്റ രാജ്യത്തെ ഗവണ്‍മെന്‍റിനാണ്. പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുക, മറ്റു ശിക്ഷാനടപടികള്‍ എടുക്കുക തുടങ്ങിയവയൊക്കെ തടയപ്പെടാന്‍ തക്കരീതിയില്‍ നമ്മുടെ ഗവണ്‍മെന്‍റും കുടിയേറ്റ രാജ്യത്തെ ഗവണ്‍മെന്‍റും തമ്മില്‍ ധാരണാപത്രങ്ങള്‍ ഉണ്ടാവണം. കുടിയേറ്റക്കാരോടുള്ള കൈയേറ്റങ്ങളും നാടുകടത്തലുകളുമൊക്കെ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംബസികളുടെ ചുമതലയില്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ സ്ഥാപിക്കണം. ഇവ വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം. എംബസികള്‍ക്ക് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചുമതല നല്‍കുക നന്നായിരിക്കും.
എന്നാല്‍ ഇത്തരം നടപടികളൊക്കെ വിജയപ്രദമാകണമെങ്കില്‍ ഏറ്റവും അവശ്യം വേണ്ടത് സംസ്കാരസമ്പന്നമായ എല്ലാവരേയും സമഭാവനയോടെ കാണുന്ന, വംശീയ മുന്‍വിധികളില്ലാത്ത ഒരു നല്ല സമൂഹമാണ്.
പരിഭാഷ: മറിയം