top of page

ഓണം ബുദ്ധനെ ഓര്‍മ്മിപ്പിക്കുന്നു

Sep 1, 2011

2 min read

എഅ
Children are laying flowers for Onam

തൊണ്ണൂറുകള്‍ക്കുശേഷം ജീവിതം പൊതുവില്‍ ഉദാരമാവുകയും ആഘോഷനിര്‍ഭരമായിത്തീരുകയും ചെയ്തിരിക്കുന്നു. നമ്മളും നമ്മുടെ കുട്ടികളുമൊക്കെ ഒരുതരം ഉത്സവാന്തരീക്ഷത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. പുഷ്പോത്സവങ്ങളും ഭക്ഷ്യോത്സവങ്ങളും വ്യാപാരോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും അടക്കം പാര്‍ട്ടിസമ്മേളനങ്ങള്‍വരെ സമസ്ത മനുഷ്യജീവിത സന്ദര്‍ഭങ്ങളും ആഘോഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതം ആഘോഷിക്കാനുള്ളതാണെന്നു താരവിഗ്രഹങ്ങള്‍ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുകയും നാം വിശ്വസിച്ചുകൊണ്ടിരിക്കുകയുമാണ്. അതേസമയം അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമ്പോള്‍ നമ്മുടെ വിപണികളിലെ ആഘോഷങ്ങള്‍ക്കെല്ലാം മങ്ങലേല്‍ക്കുകയും നമ്മുടെ ചിരികളെല്ലാം മായുകയും ചെയ്യുന്നു. ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കുന്നവരും ആഘോഷിക്കാനാഹ്വാനം ചെയ്തിരുന്നവരും സാമ്പത്തിക പ്രതിസന്ധിയുടെ കാലംവരുമ്പോള്‍ പെട്ടെന്നു മറഞ്ഞുകളയുന്നു.

ജനനവും മരണവും വിവാഹവും ആഘോഷങ്ങളാകുമ്പോള്‍ ജീവിതമെന്ന നീണ്ട ഇടവേളയ്ക്കും മറ്റൊരര്‍ത്ഥമില്ലാതെ വരും. പഴയകാലത്ത് അത്യധികമായി സന്തോഷിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമ്പോഴെല്ലാം ആളുകള്‍ വല്ലാതെ ആശങ്കാകുലരാകാറുണ്ട്: 'എന്തിനാണാവോ ഇങ്ങനെ ചിരിക്കുന്നത്, എന്തോ ആപത്തു വരാനാണ്' എന്നു സ്വന്തം സന്തോഷങ്ങളുടെ മീതെ ആശങ്കയുടെ ഒരു കരിനിഴല്‍ വീഴ്ത്തിയിരുന്നു, അക്കാലത്തെ പല മനുഷ്യരും. അമിതമായി സന്തോഷിക്കുന്നത് ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുമെന്നും അതു വ്യക്തിജീവിതത്തെ ഒട്ടുമുക്കാലും മൂടിക്കിടക്കുന്ന ദുരന്താനുഭവങ്ങളെ നേരിടാന്‍ അശക്തരാക്കുന്നുവെന്നും ആണ് ഓര്‍മ്മിപ്പിച്ചിരുന്നത്. സന്തോഷകരമായ ജീവിതത്തെ ഭയപ്പെടുകയും സന്തോഷത്തെപ്പറ്റി ദോഷൈകദൃഷ്ടികളായിരിക്കുകയും ചെയ്യുന്ന മനുഷ്യവിഷാദകാലങ്ങളില്‍ നിന്നാണ് ഉത്സവങ്ങളുടെ തുടക്കം.

രതിയെപ്പോലും കൂട്ടായ്മയുടെ ആഘോഷമാക്കി അനുഭവിച്ചവരായിരുന്നു പല മദ്ധ്യവര്‍ഗ്ഗ സമൂഹങ്ങളും. വേശ്യകളോടൊത്തുള്ള ഉത്സവമായി രതി നമ്മുടെ നാട്ടിലും ആഘോഷിക്കപ്പെട്ടിരുന്നു. കേരളത്തില്‍ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ 'ചന്ദ്രോത്സവ'മെന്ന കൃതി വേശ്യകളുടെ മഹാസംഗമവും ഉത്സവവും വര്‍ണ്ണിക്കുന്നുണ്ട്. വേട്ടയാടി ജീവിച്ചിരുന്ന കാലം മുതല്‍ക്കേ മനുഷ്യന്‍ പലതരം ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. വേട്ടയാടുന്നതുതന്നെ ഒരുത്സവമാണ്. കൂട്ടായ്മകളിലൂന്നിയുള്ള പവര്‍ത്തനങ്ങളിലെല്ലാം ഒരുത്സവാന്തരീക്ഷം സ്വാഭാവികമായി രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മൃത്യു കണ്‍മുന്‍പില്‍ നില്‍ക്കുന്ന യുദ്ധരംഗത്തേക്കു പോകുമ്പോഴും ആ യാത്ര ആഘോഷനിര്‍ഭരമാകുന്നത്. കുഞ്ചന്‍നമ്പ്യാര്‍ അത്തരമൊരനുഭവത്തെ 'ഘോഷയാത്ര'യില്‍ ആവിഷ്കരിച്ചിട്ടുണ്ട്. തിന്നും കുടിച്ചും മദിച്ചും നൃത്തമാടിയും രതിയിലേര്‍പ്പെട്ടും ആഘോഷിക്കപ്പെടുകയാണ് യുദ്ധവും യുദ്ധവിജയങ്ങളും ഒക്കെ.

കൂട്ടായ്മ ദുരന്തങ്ങളെപ്പോലും ആഘോഷമാക്കിത്തീര്‍ക്കുന്നു എന്നിടത്താണ് ഓണം മലയാളികളുടെ സവിശേഷമായ ഒരുത്സവമായി രൂപപ്പെടുന്നത്. വ്യക്തിപരമായും സാമുദായികമായും മഹാബലിയുടെ പതനകഥ ഒരു ദുരന്തമാണ്. നല്ലൊരു ഭരണാധികാരിയുടെ തിരോഭാവം ജനതയുടെ ദുരന്തവും മഹാനഷ്ടവുമാണ്. തന്‍റെ നീതിബോധത്തിന്‍റെയും ധാര്‍മ്മികതയുടെയും പരിപാലകനായി, കര്‍ണ്ണനെപ്പോലെതന്നെ ബ്രാഹ്മണനാല്‍, ആദര്‍ശാത്മകതയ്ക്കു ബലി നല്‍കേണ്ടിവരികയാണ് മഹാബലിയുടെ വ്യക്തിത്വവും. എന്നാല്‍ ഈ വലിയ ദുരന്തങ്ങളാണ് ഒരു ജനതയുടെ ആഘോഷമായി മാറുന്നത്. ജനനംപോലെതന്നെ മരണവും ആഘോഷമാകുന്നതിന്‍റെ തെളിവാണിത്. ജനനത്തിന്‍റെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുവിന്‍റേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജന്മദിനാഘോഷമാണത്. ക്രിസ്തുവിന്‍റെ മരണം പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടിട്ടുകൂടി ആഹ്ലാദകരമായ ഉത്സവമായി കൊണ്ടാടപ്പെടുന്നില്ല. പാശ്ചാത്യര്‍ നല്ല വെള്ളിയാഴ്ചയെന്നു(Good Friday) പറയുമെങ്കിലും സ്വാഭാവികമായും നമുക്കതു ദുഃഖവെള്ളിയാഴ്ചയാവുന്നതു ശ്രദ്ധേയമാണ്. ഇങ്ങനെ മരണം ഒരര്‍ത്ഥത്തിലും ആഘോഷിക്കേണ്ടതില്ല എന്നൊരു ബോധം നമുക്കുണ്ടായിരുന്നിട്ടുപോലും മഹാബലിയുടെ ദുരന്തത്തെ നാമൊരാഘോഷമാക്കി മാറ്റിയത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതാണ്.

മഹാബലിയുടെ കഥയുമായി ബന്ധപ്പെടുത്താതെതന്നെ ഓണത്തിനൊരു സ്വതന്ത്രമായ നിലനില്‍പ്പ് സാദ്ധ്യമാണ് എന്നതാവാം ഒരു കാര്യം. ഓണം ചിങ്ങമാസത്തിലെ വിളവെടുപ്പുത്സവമാണ്. വിളവെടുപ്പ് ഏറ്റവും ആഹ്ലാദകരമായ ഒരു കര്‍മ്മമാണ്. പ്രാചീനസമൂഹത്തിലെ വേട്ടയാടലിനു സമാനമാണ് കാര്‍ഷിക സമൂഹത്തിലെ വിളവെടുപ്പ്. രണ്ടും വന്‍തോതിലുള്ള ഭക്ഷണം ശേഖരിക്കലാണ്. ജനനവും മരണവും പോലൊന്നാണ് വിശപ്പും. മനുഷ്യനു പരിഹരിക്കാന്‍ കഴിയാത്ത പിടികിട്ടാതൊഴിഞ്ഞു പോകുന്ന സമസ്യയാണതും. അതിനാല്‍ വിശപ്പാറ്റുകയെന്നതു ജീവശക്തിയുടെ ജനനവുമാണ്. കര്‍ക്കിടകത്തില്‍ പൂര്‍ത്തിയാവുന്ന പട്ടിണിമരണങ്ങളുടെ, മഴക്കാല മഹാരോഗങ്ങളുടെ, പ്രളയനാശങ്ങളുടെ, ഭൂനഷ്ടങ്ങളുടെ, പാട്ടക്കുടിശ്ശികയുടെ ഒക്കെ ദുരന്തകാലം കടന്നുള്ള വരവാണ് ചിങ്ങമാസത്തിന്‍റേത്. അതു 'പട്ടിണിപ്പൊന്നുഷസ്സുകളില്‍' നിന്നു 'പൊന്നിന്‍ ചിങ്ങ'ത്തിലേയ്ക്കുള്ള ഒരു കിനാക്കാണലാണ്. ഓണം മലയാളിയുടെ ഒരു സ്വപ്നവുംകൂടിയായിരുന്നു. അതിനാല്‍ വിളവെടുപ്പുത്സവങ്ങളില്‍ അറിയാതെതന്നെ ഒരു ജനനമരണ സാന്നിദ്ധ്യമുണ്ട്. മഹാബലി പാതാളത്തിലേയ്ക്കു പോകുക മാത്രമല്ല തിരിച്ചുവരികയും ചെയ്യുന്നുണ്ട്. അതു വിളവെടുപ്പുത്സവംപോലെ, നിരവധി ധാന്യങ്ങളുടെയും കിഴങ്ങുകളുടെയും പച്ചക്കറികളുടെയും സമൃദ്ധികള്‍ക്കു നടുവിലേയ്ക്കുള്ള മടങ്ങിവരവാണ്. അതു വസന്തത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും മടങ്ങിവരവുപോലെയാണ്. ആ അര്‍ത്ഥത്തില്‍ മഹാബലി സമൃദ്ധിയുടെയും ആഘോഷത്തിന്‍റെയും ദേവനാണ് മലയാളിക്ക്. അത് ആദര്‍ശാത്മകമായ ഒരു ഭരണകൂടത്തെ സംബന്ധിച്ച കിനാവാണ്. പറഞ്ഞ വാക്ക് പാലിക്കപ്പെടുന്നതിന്‍റെ മഹാത്യാഗമാണ്. അതൊരു കരാറിന്‍റെയും വാഗ്ദാനത്തിന്‍റെയും പേരിലുള്ള മഹത്തായ ബലിയാണ്. നമ്മള്‍ ഓണത്തെ ഒരാഘോഷമാക്കി മാറ്റുമ്പോള്‍ അതിന്‍റെ ആദര്‍ശങ്ങളെ പാതാളത്തിലേയ്ക്കു തള്ളുകയും കിട്ടാവുന്ന മൂന്നടി ഭൂമി കൈവശപ്പെടുത്താന്‍ നാടുനീളെ വാമനന്മാരായി അവതരിക്കുകയുമാണ്. ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള മനുഷ്യരുടെ സമരകാലങ്ങളില്‍ ഓണം ഒരാഘോഷമല്ല, വേദനിപ്പിക്കുമോ എന്നുപോലുമറിയാത്ത ഓര്‍മ്മപ്പെടുത്തലാണ്.

എന്തെങ്കിലുമൊന്നു ദാനം ചെയ്യാന്‍ കഴിയുക എന്നതാണ് ഓണം മറന്നുവെച്ചതെന്നു തോന്നുന്നു. ഭൂദേവന്മാര്‍ക്കു ദാനം ചെയ്യുന്നവര്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു പോകുന്നുവെന്നു ബ്രാഹ്മണസ്മൃതികള്‍ പറയുമ്പോള്‍ ദാനം ചെയ്യുന്നവര്‍ പാതാളത്തിലേയ്ക്കു പോകുന്നുവെന്നു മഹാബലിയുടെ മിത്ത് നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ മൂന്നടിവീതം ഭൂമി ഭൂദേവന്മാര്‍ക്ക് ദാനം ചെയ്തു പാതാളത്തിലേയ്ക്കു വീണുപോയ കേരളീയജനതയുടെ കഥയാണ് ഓണത്തിന്‍റെ ചരിത്രവും പുരാവൃത്തവും. അതിനാല്‍ ദാനം ചെയ്യാന്‍ ഭയപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. സകല ദുരിതങ്ങള്‍ക്കും ഒരറുതിയുണ്ടെന്നും സകല ഉത്സവങ്ങള്‍ക്കും നന്മകള്‍ക്കും പാതാളത്തിലേയ്ക്കു മടങ്ങേണ്ടിവരുമെന്നും ആ അര്‍ത്ഥത്തില്‍ ജീവിതം പലഹാരമായിരിക്കെത്തന്നെ അതില്‍ കണ്ണീരിന്‍റെ ഉപ്പു വീണിട്ടുണ്ടെന്നും, ഇടശ്ശേരിക്കവിത പോലെ ഓണവും നമ്മെ ജാഗ്രതയിലേക്കും മധ്യമാര്‍ഗ്ഗത്തിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്നു. അങ്ങനെ ഓണം ബുദ്ധനെക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

എഅ

0

0

Featured Posts