top of page
വ്യത്യസ്തമായ സംസ്കാരവും സ്വത്വവും ഉള്ളവരെ അപരരും അന്യരും ആയി നിര്‍മ്മിച്ചെടുക്കുക എന്നത് കേരളത്തിലെ മാധ്യമങ്ങള്‍ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും നിര്‍വ്വഹിച്ചുവരുന്ന ഒരു കര്‍മ്മമാണ്. പത്രങ്ങളുടെ പ്രാദേശിക പേജുകളാണ് പലപ്പോഴും വംശീയവും ജാതീയവുമായ മുന്‍വിധികളുടെ രൂപപ്പെടുത്തലില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഉദാഹരണത്തിന് മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ 2010 ഒക്ടോബര്‍ 16-ാം തീയതി പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നോക്കുക:
"സംസ്ഥാനത്ത് മാവോ തീവ്രവാദികള്‍ വഴി കള്ളനോട്ട് എത്തുന്നതായി നേരത്തെതന്നെ വിവിധ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. യഥാര്‍ത്ഥനോട്ടുകളെ വെല്ലുന്ന വിധം വിദേശത്ത് അച്ചടിക്കുന്ന ഇവ ബംഗ്ലാദേശ് വഴിയാണ് രാജ്യത്തേക്ക് കടക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ പണമിടപാടുകള്‍പോലും ഇപ്പോള്‍ ഇന്‍റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ വേരോട്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുടെ ധനാഗമമാര്‍ഗങ്ങളും നിരീക്ഷണത്തിലായിരുന്നു. പാകിസ്താനില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇവര്‍ക്ക് പണം എത്തുന്നതായാണ് വിവരം. ഇത്തരം സംഘടനകള്‍ സംസ്ഥാനത്ത് ചില മേഖലകളില്‍ വ്യാപകമായി പണം ചെലവഴിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളെല്ലാം മറികടന്നാണ് റിസര്‍വ് ബാങ്കില്‍ പണം എത്തിയത്. ബാങ്കുകളെ കബളിപ്പിച്ച് കറന്‍സി നിക്ഷേപിക്കപ്പെടുന്നെങ്കില്‍ ബാങ്കിനു പുറത്ത് വന്‍തോതില്‍ കള്ളനോട്ട് പ്രചരിക്കുന്നുണ്ടാവും എന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്."
വളരെ വിദഗ്ദ്ധമായും കയ്യടക്കത്തോടെയുമാണ് ഈ റിപ്പോര്‍ട്ടര്‍ തന്‍റെ മുന്‍വിധികളെയും തെറ്റായ അറിവുകളെയും കോര്‍ത്തിണക്കി വാര്‍ത്തയായി അവതരിപ്പിക്കുന്നത്. ഭീതിയുളവാക്കുന്ന ഒന്നായി ഈ വാര്‍ത്ത അങ്ങനെ പരിണാമപ്പെടുകയാണ്. ഇത്തരത്തിലുള്ള നിരന്തരമായ റിപ്പോര്‍ട്ടിംഗിലൂടെ മുസ്ലീം-ഹവാല- ഭീകര ബന്ധം നമ്മുടെ അബോധമനസ്സിന്‍റെ ഭാഗമാക്കിയെടുത്തത് പരിചിതമായ സമകാലിക പ്രതിഭാസമാണ്. മുസ്ലീങ്ങള്‍ സമ്പാദിക്കുന്ന പണത്തെയും അവരുടെ തൊഴിലിനെയും പണമിടപാടുകളെയും എല്ലാം ചുറ്റിപ്പറ്റി പുകമറ സൃഷ്ടിക്കാനും അവയെല്ലാം പ്രശ്നം പിടിച്ചതും നിയമവിരുദ്ധവുമാണെന്ന തോന്നലുളവാക്കാനും ഈ വാര്‍ത്തകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മുസ്ലീങ്ങളുടെ അപരത്വവത്കരണം-സമൂഹവുമായി പൊരുത്തമില്ലാത്തവരായി അവരെ ചിത്രീകരിക്കല്‍-വിജയകരമായി നിര്‍വഹിക്കുന്നതിലുള്ള മാധ്യമങ്ങളുടെ ഇടപെടല്‍ ഭയപ്പെടുത്തുന്നതാണ്. ആധികാരികമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണോ മുകളിലത്തെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയത് എന്ന് ആരും അന്വേഷിക്കാറില്ല. കാരണം അതു സത്യമായി എല്ലാവരും കൊണ്ടാടുകയാണ്. ആര്‍ക്കും ഒരു സംശയവുമില്ല. പക്ഷെ നമ്മെ അതിശയിപ്പിക്കുന്നത് മുസ്ലീം-ഭീകരബന്ധം നിര്‍മ്മിച്ചെടുക്കുന്നതിനിടയിലൂടെ, വളരെ അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്കാണ്: 'ഉത്തരേന്ത്യന്‍ തൊഴിലാളികള്‍.' ആരാണിവര്‍? അവരെക്കുറിച്ചുള്ള സംശയങ്ങളുടെയും ഭീതികളുടെയും സാമൂഹ്യ പശ്ചാത്തലം എന്താണ്?
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. കെട്ടിടനിര്‍മ്മാണത്തിലും പാറമടയിലും ഹോട്ടലിലും പ്ലൈവുഡ്, പ്ലാസ്റ്റിക്, കെമിക്കല്‍സ്, ലോഹങ്ങള്‍ തുടങ്ങിയവയുണ്ടാക്കുന്ന ഫാക്ടറികളിലും അവരുണ്ട്. ഇത്തരമിടങ്ങളിലെ ഏറ്റവും പ്രയാസമേറിയതും അപകടകരവുമായ പണികളിലേര്‍പ്പെടുന്നത് ഇവരാണ്. കേരളത്തിലെ മുഖ്യധാരയില്‍നിന്ന് മാറി ലേബര്‍ക്യാമ്പുകളിലും മോശം ജീവിതസാഹചര്യങ്ങളുള്ള അയല്‍പക്കങ്ങളിലുമാണ് ഇവരുടെ ജീവിതം. ഒരു മലയാളിക്കു കിട്ടുന്ന കൂലിയേക്കാള്‍ കുറഞ്ഞ കൂലിക്ക് അതേ പണി ഈ കുടിയേറ്റത്തൊഴിലാളികള്‍ ചെയ്യുന്നു. ഒറീസ, പശ്ചിമബംഗാള്‍, ആസാം, ഝാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരിലേറെയും. ഈ സംസ്ഥാനങ്ങളിലെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ നിന്ന് കാര്‍ഷികത്തകര്‍ച്ചയും ജന്മിത്ത ഭൂബന്ധങ്ങളും ഇരപിടിയന്‍ മുതലാളിത്തവും പിഴുതെറിഞ്ഞ ഗ്രാമീണ തൊഴിലാളികള്‍. കേരളത്തിലെ മുതലാളിമാര്‍ വളരെക്കാലമായി ആഗ്രഹിക്കുന്ന 'അനുസരണയുള്ള' തൊഴിലാളികള്‍, കൂടുതല്‍ കൂലിക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാത്ത, വിധേയത്വമുള്ളവര്‍. പക്ഷെ ഇവരും മനുഷ്യരാണെന്ന്, ശ്വസിക്കുകയും തുപ്പുകയും തൂറുകയും ഒരുമിച്ചുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണെന്ന്, അംഗീകരിക്കാന്‍ മലയാളികള്‍ക്കു വിഷമമാണ്. മാതൃഭൂമി പത്രത്തിന്‍റെ എറണാകുളം എഡിഷനില്‍ 2010 ഫെബ്രുവരി ഒന്നാം തീയതി വന്ന ഈ വാര്‍ത്ത കാണുക: "ഗാന്ധി ബസാറില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം' എന്നാണ് തലക്കെട്ട്.
"പെരുമ്പാവൂര്‍ ടൗണില്‍ കോലഞ്ചേരി കവലയ്ക്കു സമീപം ഗാന്ധി ബസാര്‍ കോംപ്ലക്സില്‍ അയല്‍ സംസ്ഥാന തൊഴിലാളികള്‍ അഴിഞ്ഞാടുന്നതായി പരാതി. ടൗണിലും സമീപപ്രദേശങ്ങളിലുമുള്ള സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന അയല്‍സംസ്ഥാന തൊഴിലാളികള്‍ വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ഒത്തു കൂടുന്ന താവളമായി മാറിയിരിക്കുകയാണ് കോംപ്ലക്സ്. 50 ഓളം കടമുറികളാണ് കോംപ്ലക്സിലുള്ളത്. അയല്‍സംസ്ഥാനതൊഴിലാളികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ഥാപന ഉടമകള്‍ പലവട്ടം അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. തെരുവ് വ്യാപാരങ്ങളുടെ മറവില്‍ മയക്കുമരുന്നും മദ്യവും ഇവിടെ കച്ചവടം നടത്തുന്നതായും പരാതിയുണ്ട്. കോംപ്ലക്സ് പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നുവെന്നാണ് മറ്റൊരാക്ഷേപം. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗാന്ധിബസാര്‍ മര്‍ച്ചന്‍റ്സ് സൊസൈറ്റി ആവശ്യപ്പെട്ടു."
കുടിയേറ്റത്തൊഴിലാളികളുടെ ശരീരങ്ങളെയും സാന്നിദ്ധ്യത്തെയും നിയമവിരുദ്ധമാക്കുന്ന ഈ റിപ്പോര്‍ട്ട് പ്രതിനിധീകരിക്കുന്നത് പെരുമ്പാവൂരിലെ ഒരു വിഭാഗം വ്യാപാരികളുടെ താത്പര്യങ്ങളാണ്. അവരുടെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ് കുടിയേറ്റ തൊഴിലാളികളൊക്കെ കുറ്റക്കാരായി മാറുന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത വ്യക്തി എല്ലാ കുടിയേറ്റ തൊഴിലാളികളെയും ക്രിമിനലുകളായി മുദ്രകുത്തുന്നതിന് ആധാരമാക്കുന്ന വിവരങ്ങള്‍ എന്താണെന്നുമാത്രം വ്യക്തമല്ല. വഴിയോര കച്ചവടക്കാര്‍ സാധാരണയായി വില്ക്കുന്നത് പഴയ തുണികളും മൂര്‍ഷിദാബാദില്‍ നിന്നുള്ള ബീഡിയും വിലകുറഞ്ഞ മൊബൈല്‍ ഫോണുകളും ഒക്കെയാണ്. അവരെയെല്ലാം മദ്യമയക്കു മരുന്നു കച്ചവടക്കാരാക്കുകയാണ് ഈ റിപ്പോര്‍ട്ടര്‍. അങ്ങനെ അവരുടെ ഒരുമിച്ചുചേരല്‍ പോലും ക്രിമിനല്‍ക്കുറ്റമായി ചിത്രീകരിക്കപ്പെടുന്നു. 2010 ഒക്ടോബര്‍ നാലിനിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പില്‍ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും ഒരു ലേഖനമുണ്ടായിരുന്നു. പക്ഷെ അതില്‍പോലും അവര്‍ക്കെതിരായ ചില മുന്‍വിധികള്‍ ദൃശ്യമാണ്.
"പല്ലിനുള്ളിലേക്ക് വിലകുറഞ്ഞ പുകയില ഉല്‍പന്നം കുഴമ്പുരൂപത്തില്‍ കുത്തിത്തിരുകുന്നതുകൊണ്ട് ഹനുമാന്‍സ്വാമിയെപ്പോലെ ചുണ്ടു മുന്നോട്ടു തള്ളിക്കൊണ്ടേ ഇവരെ ജോലിസ്ഥലത്ത് കാണാന്‍ പറ്റൂ. അടുത്തുപോയി സംസാരിച്ചാലറിയാം എരുമച്ചാണകം നാറുന്ന വായുടെ ഭീകരത."
കുടിയേറ്റത്തൊഴിലാളികളുടെ വൃത്തിഹീനതയെക്കുറിച്ചുള്ള ഈ പരാതിക്ക് വംശീയവെറുപ്പിന്‍റെ സ്വരമാണ്. അവരുടെ വൃത്തിയെക്കുറിച്ചുള്ള ഉത്കണ്ഠ ഈ തൊഴിലാളികളോടുള്ള അസഹിഷ്ണുതയുടെ പ്രകടനം മാത്രമായി മാറുന്നു. മലയാളിയായ ഒരാള്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: "ഇവന്‍മാര്‍ മൃഗങ്ങളെപ്പോലും വെറുതെ വിടില്ല." അവരുടെ ലൈംഗികശീലങ്ങള്‍ പോലും മലയാളികള്‍ക്ക് വിഷയമാവുമ്പോള്‍ അവര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും അപകടകരമായ തൊഴില്‍സാഹചര്യങ്ങളും ആര്‍ക്കും പ്രശ്നമല്ലാതാകുന്നു.
മലയാളികളായ യൂണിയന്‍ തൊഴിലാളികളും കുടിയേറ്റത്തൊഴിലാളികളും തമ്മില്‍ പലയിടങ്ങളിലും തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്നുണ്ട്. വര്‍ഗ്ഗേതരമായ സ്വത്വങ്ങളെക്കുറിച്ചുള്ള മാധ്യമചര്‍ച്ചകള്‍ കൊണ്ടുപിടിച്ചു നടക്കുമ്പോഴും വംശീയമായ സ്വത്വങ്ങള്‍ വര്‍ഗ്ഗത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ് നമുക്കുചുറ്റും, യഥാര്‍ത്ഥജീവിതത്തില്‍. അഥവാ വര്‍ഗ്ഗരാഷ്ട്രീയത്തിന്‍റെ മറവിയിലാഴ്ന്ന ഭാഷ നമുക്കു തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു ആഗോളവത്കരണത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും പശ്ചാത്തലത്തില്‍. നമ്മുടെ മാധ്യമപ്രവര്‍ത്തകരെ അവരുടെ സുഖകരമായ മയക്കത്തില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള വാര്‍ത്തകളെ തമസ്കരിക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍നിന്നും രക്ഷിക്കാന്‍ കുടിയേറ്റത്തൊഴിലാളികളുടെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ.