ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
ബഹുമാന്യരായ യു.എന്‍. സെക്രട്ടറി ജനറല്‍ മി. ബാന്‍കിമൂണ്‍, ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റ് വുക് ജെറെമിക്, ആഗോള വിദ്യാഭ്യാസത്തിന്‍റെ യു.എന്‍. എന്‍വോയ് മി. ഗോര്‍സന്‍ ബ്രൗണ്‍, ആദരണീയരായ മറ്റു വിശിഷ്ട വ്യക്തികളേ, എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ അസ്ലാമു അലൈക്കും.
ഒരുപാടു നാളുകള്‍ക്കുശേഷം സംസാരിക്കാനാകുക-അതും ഇവിടെത്തന്നെ- എന്നുള്ളത് എനിക്കു ലഭിച്ചിരിക്കുന്ന ഒരു ബഹുമതിയാണ്. ഇത്രയും ആദരണീയരായ മനുഷ്യര്‍ക്കൊപ്പം ഇവിടെയായിരിക്കുന്ന ഈ വേള എന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണ്. ഇപ്പോള്‍ ഞാന്‍ ധരിച്ചിരിക്കുന്നത് ബേനസീര്‍ ഭൂട്ടോയുടെ ഷാള്‍ ആണെന്നതും എനിക്ക് കിട്ടാവുന്ന വലിയ ബഹുമതിയാണ്. ഈ പ്രസംഗം എവിടെയാണു തുടങ്ങേണ്ടതെന്നതിനെക്കുറിച്ച് എനിക്കു വലിയ പിടിയില്ല. ആളുകള്‍ എന്നില്‍നിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നും എനിക്കറിയില്ല. ആദ്യമായിട്ട് ആരുടെ മുമ്പിലാണോ നാമെല്ലാം തുല്യരായിട്ടുള്ളത് ആ ദൈവത്തിനും എന്‍റെ സൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ആളുകള്‍ എന്നോടു കാണിച്ച സ്നേഹം എനിക്കു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും "സുഖപ്പെടട്ടെ" എന്ന ആശംസയോടെ ആയിരക്കണക്കിനു കാര്‍ഡുകളും സമ്മാനങ്ങളും എനിക്കു ലഭിക്കുകയുണ്ടായി. എല്ലാവര്‍ക്കും ഒരുപാടു നന്ദി. തങ്ങളുടെ നിഷ്കളങ്ക വാക്കുകള്‍കൊണ്ട് എനിക്കു ശക്തിയേകിയ കുഞ്ഞുങ്ങള്‍ക്കു നന്ദി. തങ്ങളുടെ പ്രാര്‍ത്ഥനകള്‍കൊണ്ട് എനിക്കു കരുത്തേകിയ മുതിര്‍ന്നവര്‍ക്കു നന്ദി. പാകിസ്ഥാനിലും ഇംഗ്ലണ്ടിലുമുള്ള ആശുപത്രികളില്‍വച്ച് എന്നെ ശുശ്രൂഷിച്ച നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും എന്‍റെ സൗഖ്യത്തിനു സഹായിച്ച യു.എ.ഇ. ഗവണ്‍മെന്‍റിനും നന്ദി.
എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ, ഒരു കാര്യം നിങ്ങള്‍ പ്രത്യേകമായി ഓര്‍മ്മിക്കുക: മലാല ദിനമെന്നത് എന്നെക്കുറിച്ചുള്ള ഒരു ദിനമല്ല. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ഏതൊരു സ്ത്രീയുടെയും ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ദിവസമാണിന്ന്.
എല്ലാവരും സമാധാനവും വിദ്യാഭ്യാസവും സമത്വവും കൈവരിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമുണ്ട് ഇവിടെ. ഭീകരവാദികള്‍ ആയിരക്കരണക്കിനു മനുഷ്യരെ കൊല്ലുകയും ലക്ഷക്കണക്കിന് ആളുകളെ മുറിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണു ഞാന്‍. അവിലൊരുവളായിട്ടാണു ഞാന്‍ ഇവിടെ നില്ക്കുന്നത്. എനിക്കു വേണ്ടി മാത്രമല്ല ഞാന്‍ സംസാരിക്കുന്നത്, പിന്നെയോ നാം കേള്‍ക്കാനിടയില്ലാത്ത അനേകര്‍ക്കുവേണ്ടിയാണ്; ഒപ്പം സമാധാനത്തില്‍ ജീവിക്കുവാന്‍ വേണ്ടി, അഭിമാനത്തോടെ പുലരാന്‍ വേണ്ടി, അവസരസമത്വത്തിനു വേണ്ടി, വിദ്യാഭ്യാസമെന്ന അവകാശത്തിനുവേണ്ടി പോരാടിയ എല്ലാവര്‍ക്കും വേണ്ടിയാണു ഞാന്‍ സംസാരിക്കുന്നത്.
പ്രിയ സുഹൃത്തുക്കളെ, 2012 ഒക്ടോബര്‍ 9 നാണ് താലിബാന്‍ എന്‍റെ നെറ്റിയുടെ ഇടതുവശത്തു വെടിയുതിര്‍ത്തത്. എന്‍റെ സുഹൃത്തുക്കളെയും അവര്‍ വെടിവെച്ചു. വെടിയുണ്ടകള്‍ ഞങ്ങളെ നിശ്ശബ്ദരാക്കുമെന്നാണ് അവര്‍ കരുതിയത്; പക്ഷേ അവര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കുറച്ചുനാള്‍ ഞങ്ങള്‍ നിശ്ശബ്ദരായിപ്പോയി. പക്ഷേ ആ നിശ്ശബ്ദതയില്‍നിന്ന് പുറത്തുവന്നത് ആയിരങ്ങളുടെ സ്വരമാണ്. ഭീകരര്‍ വിചാരിച്ചത് എന്‍റെ ലക്ഷ്യബോധത്തെ മാറ്റിയെടുക്കാമെന്നും എന്‍റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍നിന്ന് എന്നെ തടയാമെന്നുമാണ്. എന്നാല്‍ ഞാനൊട്ടും മാറിയിട്ടില്ല. ഒരു കാര്യം മാത്രമേ മാറ്റിയെടുക്കാന്‍ അവര്‍ക്കായിട്ടുള്ളൂ. അതിതാണ്: എന്നിലെ കരുത്തില്ലായ്മയും ഭയവും പ്രതീക്ഷയില്ലായ്മയും എന്നേക്കുമായി മരിച്ചിരിക്കുന്നു. കരുത്തും ധൈര്യവും എന്നില്‍ ജന്മമെടുത്തിരിക്കുന്നു. ഞാന്‍ പഴയ മലാല തന്നെ. എന്‍റെ അഭിലാഷങ്ങള്‍ പഴയതാണ്. എന്‍റെ പ്രതീക്ഷകളും പഴയത്. എന്‍റെ സ്വപ്നങ്ങളുടെ കാര്യവും അങ്ങനെതന്നെ. എന്‍റെ പ്രിയ സഹോദരിമാരേ, സഹോദരന്മാരേ, ഞാന്‍ ആര്‍ക്കും എതിരല്ല. താലിബാനെതിരെയോ മറ്റേതെങ്കിലും ഭീകരകൂട്ടത്തിനെതിരയോ വ്യക്തിപരമായ പകതീര്‍പ്പു നടത്താനുമല്ല എന്‍റെ ശ്രമം. ഞാനിവിടെ നില്ക്കുന്നത് ഓരോ കുഞ്ഞിനും അവകാശമായി ലഭിക്കേണ്ട വിദ്യാഭ്യാസത്തെക്കുറിച്ചു പറയാനാണ്. താലിബാന്‍റെയും മറ്റെല്ലാ ഭീകരരുടെയും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. എനിക്കെതിരേ വെടിയുതിര്‍ത്ത താലിബാന്‍കാരനോടുപോലും സത്യത്തില്‍ എനിക്കു പകയില്ല. എന്‍റെ കൈയില്‍ ഒരു തോക്കുണ്ടായിരിക്കുകയും അയാളിവിടെ നില്ക്കുകയും ചെയ്താല്‍പോലും ഞാന്‍ വെടിവയ്ക്കില്ല. ദയയുടെ പ്രവാചകനായ മുഹമ്മദില്‍നിന്നും ക്രിസ്തുവില്‍നിന്നും ബുദ്ധനില്‍നിന്നും ഞാന്‍ പഠിച്ച കാരുണ്യം അതാണ്. ഈയൊരു പാരമ്പര്യമാണ് ഞാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗില്‍നിന്നും നെല്‍സണ്‍ മണ്ഡേലയില്‍നിന്നും മുഹമ്മദലി ജിന്നയില്‍നിന്നും സ്വീകരിച്ചിട്ടുള്ളത്. അഹിംസയുടെ ഈ തത്വശാസ്ത്രമാണ് ഞാന്‍ ഗാന്ധിയില്‍നിന്നും ബച്ചാവാനില്‍നിന്നും മദര്‍ തെരേസയില്‍നിന്നും പഠിച്ചിട്ടുള്ളത്. ഇതേ ക്ഷമയുടെ പാഠങ്ങളാണ് എന്‍റെ അപ്പനും അമ്മയും എനിക്ക് നല്കിയിട്ടുള്ളത്. എന്‍റെ ആത്മാവ് എന്നോടു നിമന്ത്രിക്കുന്നതും അതുതന്നെ. എല്ലാവരോടും സമാധാനത്തിലും സ്നേഹത്തിലും വര്‍ദ്ധിക്കുക.
എന്‍റെ സഹോദരീസഹോദരന്മാരേ, വെട്ടത്തിന്‍റെ പ്രാധാന്യം നമുക്കു മനസ്സിലാകുക ഇരുട്ടത്താണ്. നിശ്ശബ്ദരായിരിക്കാന്‍ ആജ്ഞ കിട്ടുമ്പോഴേ ശബ്ദത്തിന്‍റെ വിലയറിയൂ. ഇതിനു സമാനമായിരുന്നു ഉത്തര പാക്കിസ്ഥാനിലെ സ്വാത് എന്ന പ്രദേശത്തു ഞങ്ങള്‍ ജീവിച്ചപ്പോള്‍. അവിടെ തോക്കുകള്‍ കണ്ടുകൊണ്ടിരുന്നപ്പോഴാണ് പേനകളുടെയും പുസ്തകങ്ങളുടെയും മൂല്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. 'വാളിനേക്കാള്‍ കരുത്തുറ്റതു പേന തന്നെ" എന്ന ചൊല്ല് എത്രയോ ശരി! ഭീകരവാദികള്‍ക്ക് പേനകളെ, പുസ്തകങ്ങളെ പേടിയാണ.് വിദ്യാഭ്യാസം കൊണ്ടുവരുന്ന കരുത്തിനെ അവര്‍ ഭയത്തോടെ കാണുന്നു. അവര്‍ക്കു സ്ത്രീകളെ പേടിയാണ്. സ്ത്രീകള്‍ സംസാരിക്കുന്നതും പേടിയാണവര്‍ക്ക്. അതുകൊണ്ടാണ് ഖ്വെത്തയില്‍ പതിന്നാലു പാവം വിദ്യാര്‍ത്ഥികളെ അവര്‍ കൊന്നുകളഞ്ഞത്; അതുകൊണ്ടാണ് അവര്‍ അധ്യാപികമാരെയും തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. സമൂഹത്തില്‍ മാറ്റങ്ങളും സമത്വവും കൊണ്ടുവരും എന്നതുകൊണ്ട്, അതിനെ അവര്‍ ഭയപ്പാടോടെ കാണുന്നതുകൊണ്ട്, പ്രതിദിനമെന്നോണം സ്കൂളുകള്‍ അവര്‍ ബോംബുവച്ചു തകര്‍ക്കുകയാണ്. ഒരു പത്രക്കാരന്‍ ഒരിക്കല്‍ ഞങ്ങളുടെ സ്കൂളിലെ ഒരു ആണ്‍കുട്ടിയോട് ചോദിച്ചു: "എന്തുകൊണ്ടാണ് താലിബാന്‍ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത്?" പുസ്തകം ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞ മറുപടി എന്‍റെ ഓര്‍മയിലുണ്ട്: "താലിബാനികള്‍ക്ക് പുസ്തകത്തില്‍ എഴുതിയത് എന്താണെന്ന് അറിയില്ലല്ലോ."
താലിബാനികള്‍ വിചാരിക്കുന്നത്, സ്കൂളില്‍ പോകുന്നതിന്‍റെ പേരില്‍ തോക്കു ചൂണ്ടുന്ന യാഥാസ്ഥിതികനായ നന്നേ ചെറിയൊരു വ്യക്തിയാണു ദൈവമെന്നാണ്. വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി ഇസ്ലാമിന്‍റെ പേരു ദുഷിപ്പിക്കുകയാണു ഈ ഭീകരവാദികള്‍. സമാധാനം കാംക്ഷിക്കുന്ന ഒരു ജനാധിപത്യരാഷ്ട്രമാണു പാകിസ്ഥാന്‍. പഷ്ത്തുണകള്‍ തങ്ങളുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നു. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവികതയുടെയും മതമാണ് ഇസ്ലാം. അതു പഠിപ്പിക്കുന്നത് വിദ്യാഭ്യാസം നേടുകയെന്നത് ഓരോ കുട്ടിയുടെയും അവകാശവും കടമയുമാണെന്നാണ്. വിദ്യാഭ്യാസം ലഭിക്കാനും കൊടുക്കാനും സമാധാനം കൂടിയേ തീരൂ. ലോകത്തിന്‍റെ പലയിടങ്ങളിലും, പ്രത്യേകിച്ച് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകരവാദവും യുദ്ധവും സംഘര്‍ഷങ്ങളും സ്കൂളുകളില്‍ പോകുന്നതില്‍നിന്ന് കുട്ടികളെ തടയുന്നു. ഈ യുദ്ധങ്ങള്‍ കണ്ടു ഞങ്ങള്‍ മടുത്തിരിക്കുന്നു. കുട്ടികളും സ്ത്രീകളും ഏതെല്ലാം വിധത്തിലാണ് ലോകത്തിന്‍റെ പലഭാഗങ്ങളില്‍ സഹിച്ചുകൊണ്ടിരിക്കുന്നത്?
ഇന്ത്യയില്‍ എത്രയോ പാവപ്പെട്ട കുട്ടികളാണ് ബാലവേലയിലേര്‍പ്പെട്ടിരിക്കുന്നത്. നൈജീരിയയില്‍ എത്രയോ സ്കൂളുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ എത്രയോ മനുഷ്യര്‍ ഭീകരവാദത്താല്‍ വേട്ടയാടപ്പെടുന്നു. പെണ്‍കുട്ടികള്‍ ചെറുപ്രായത്തിലെ വീട്ടുവേല ചെയ്യാനും വിവാഹിതരാകാനും നിര്‍ബന്ധിക്കപ്പെടുന്നു. ദാരിദ്ര്യം, അജ്ഞത, അനീതി, വംശവെറി, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം ഇവയെല്ലാമാണ് പുരുഷനും സ്ത്രീയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍.
ഇന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവകാശത്തിലാണ്. അതിനു കാരണം, അവരാണേറ്റവും സഹിക്കുന്നത് എന്നതുതന്നെ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു കാലത്ത് സ്ത്രീ പ്രവര്‍ത്തകര്‍ പുരുഷന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി മുതല്‍ ഞങ്ങള്‍ തന്നെ അതു നിര്‍വഹിച്ചുകൊള്ളാം. പുരുഷന്മാര്‍ സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളരുതെന്നല്ല ഞാന്‍ പറയുന്നത്, പിന്നെയോ, സ്ത്രീ സ്വതന്ത്രയാകണമെന്നും തനിക്കുവേണ്ടിത്തന്നെ പോരാടണമെന്നുമാണ്. അതുകൊണ്ട് ഞങ്ങള്‍ ലോകനേതാക്കളോടെല്ലാം പറയുന്നത് ഇതാണ്: നിങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഉടമ്പടികളും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാകട്ടെ. സ്ത്രീക്കെതിരായി ഭവിക്കാന്‍ സാധ്യതയുള്ള ഒരുടമ്പടിയും ഞങ്ങള്‍ക്കു സ്വീകാര്യമല്ല.
പ്രിയ സഹോദരീ സഹോദരന്മാരേ, എല്ലാ കുഞ്ഞുങ്ങള്‍ക്കും ശോഭനമായ ഭാവിയുണ്ടാകാന്‍ നാം അവര്‍ക്കു വിദ്യാഭ്യാസം നല്കേണ്ടതുണ്ട്. സമാധാനത്തിലേക്കും സാര്‍വജനീന വിദ്യാഭ്യാസത്തിലേക്കുമുള്ള നമ്മുടെ യാത്ര നാം തുടരുകതന്നെ ചെയ്യും. ആര്‍ക്കും നമ്മെ തടയാനാവില്ല. നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി നാം സംസാരിക്കും. വാക്കിന്‍റെ ശക്തിയില്‍ എനിക്കു വിശ്വാസമുണ്ട്. നമ്മുടെ വാക്ക് ലോകത്തെ മാറ്റിമറിക്കും, കാരണം വിദ്യാഭ്യാസമെന്ന മഹാലക്ഷ്യത്തിനുവേണ്ടി നാം ഒറ്റക്കെട്ടാണ്.
അജ്ഞതക്കെതിരേ, ദാരിദ്ര്യത്തിനെതിരേ, ഭീകരതക്കെതിരേ നമുക്കു മഹത്തായ സമരത്തിലേര്‍പ്പെടാം. അതിനുവേണ്ടി ഏറ്റവും ശക്തിയുള്ള ആയുധങ്ങളായ പുസ്തകവും പേനയും നമുക്കു കരങ്ങളിലെടുക്കാം. ഒരു കുട്ടി, ഒരധ്യാപകന്‍, ഒരു പുസ്തകം, ഒരു പേന -ഇവയ്ക്ക് ലോകത്തെ മാറ്റിയെടുക്കാനാകും. ഒരേയൊരു പരിഹാരമാര്‍ഗ്ഗം വിദ്യാഭ്യാസമാണ്. പ്രഥമസ്ഥാനം വിദ്യാഭ്യാസത്തിന്.
നന്ദി.