top of page
ഇന്ത്യയിലെ സാധാരണജനങ്ങളുടെ മനസ്സില്‍ ഏറെ സന്ദേഹങ്ങള്‍ നിറയുന്ന കാലമാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നിയമവും അധികാരവുമെല്ലാം സാധാരണക്കാരുടെ മുകളിലൂടെ തേരോട്ടം നടത്തുകയാണോ എന്ന സംശയം നമുക്കുണ്ട്. ചില കോടതി വിധികളും തൂക്കിക്കൊലകളും സൂര്യനെല്ലി, ബസന്ത്, കെ. സുധാകരന്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നമ്മില്‍ ചില ചോദ്യങ്ങള്‍ നിറയ്ക്കുന്നു. പെരുകുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നാം. ഡല്‍ഹിസംഭവത്തെത്തുടര്‍ന്നുണ്ടായ സംവാദങ്ങളുടെ സ്വഭാവവും ഇതിനോടുബന്ധപ്പെട്ട് നാം പരിഗണിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നത്തെ നാം പരിഹരിക്കേണ്ടത് എപ്രകാരമാണ്? കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച് നമുക്ക് പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനുയോജിച്ച രീതി ശാസ്ത്രത്തിലൂടെയാണ് നാം മുന്നോട്ടുപോകേണ്ടതെന്നത് വാസ്തവം. മതവും ജാതിയുമെല്ലാം തീവ്രതരമാകുന്ന വര്‍ത്തമാനകാലസന്ധിയില്‍ നിയമവും നീതിയും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതും സത്യം അകലേക്കു മാഞ്ഞുപോകുന്നതും കണ്ട് നാം ഞെട്ടുന്നു.
പാര്‍ലമെന്‍റ്സമ്മേളനത്തിനു മുമ്പ് ഒരാളെ തൂക്കിക്കൊല്ലേണ്ടിവരുന്നത് രാഷ്ട്രീയത്തിന്‍റെ, ജനാധിപത്യത്തിന്‍റെ, പരാജയമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. തെറ്റുകാരനെന്ന് തെളിയിക്കപ്പെടുന്നതിനുമുമ്പേ തിടുക്കപ്പെട്ട് നടപ്പിലാക്കിയ ശിക്ഷയ്ക്കു പിന്നില്‍ ദുരൂഹതകള്‍ ഏറെയാണെന്ന സത്യം നാം പരിഗണിക്കേണ്ടതുണ്ട്. ചില സംഭവങ്ങളില്‍ തിടുക്കം കാട്ടുന്ന കോടതികള്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍ ഇഴഞ്ഞുനീങ്ങുന്നു. സൂര്യനെല്ലി പ്രശ്നം കഴിഞ്ഞിട്ട് പതിനാറുവര്‍ഷത്തിലധികമാകുന്നു. അതുപോലെ എത്രയോ കേസുകള്‍. നീതിപീഠവും ഭരണകൂടവും കൂട്ടുചേരുന്ന ചില സവിശേഷമുഹൂര്‍ത്തങ്ങളില്‍ നിയമത്തിന് വേഗം കൂടുന്നു. വിചാരണകാത്ത് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത് ലക്ഷക്കണക്കിനാളുകളാണ്. രേഖപ്പെടുത്തിയ നിയമത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ ആര്‍ക്കും താത്പര്യമില്ലെന്നു തോന്നുന്നു.
സമൂഹത്തെ നമുക്കിപ്പോള്‍ രണ്ടു ഗണമാക്കിത്തിരിക്കാം: ഇരകളും വേട്ടക്കാരും. ഭരണകൂടവും അധികാരത്തെ കൈപ്പിടിയിലൊതുക്കാന്‍ ശേഷിയുള്ളവരും വേട്ടക്കാരുടെ ഭാഗമാണ് അഭിനയിക്കുന്നത്. സാധാരണക്കാര്‍ എപ്പോഴും ഇരകളായിത്തീരുന്നു. ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിങ്ങനെ ദുര്‍ബലവിഭാഗങ്ങള്‍ എപ്പോഴും വേട്ടയാടപ്പെടുന്നു. ഡല്‍ഹിസംഭവത്തിനുശേഷം സ്ത്രീകള്‍ക്കു കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. നിയമവും നീതിപീഠവുമൊന്നും പലപ്പോഴും ഇവരുടെ പക്ഷത്തല്ല എന്നതാണ് ശ്രദ്ധേയം. സൂര്യനെല്ലിക്കേസില്‍ ജസ്റ്റീസ് ബസന്തിന്‍റെ വിധി ഉദാഹരണമാണ്. അതിനുശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളും ആണ്‍കാഴ്ചപ്പാടിന്‍റെ ഏറ്റവും വികലമായ രൂപമാണ് വെളിപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കനുകൂലമായ ബില്ല് പാസാക്കേണ്ടവര്‍ തന്നെയാണ് അവരുടെ അവകാശത്തെ ചവിട്ടിമെതിക്കുന്നതെന്ന വസ്തുത നാം കാണാതിരുന്നുകൂടാ. കെ. സുധാകരനെപ്പോലുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയാണ്. ശക്തിയില്ലാവര്‍ക്ക് എന്തവകാശം എന്നാണ് അവരുടെ ഭാവം.
ദരിദ്രര്‍ക്ക് ജീവിക്കാനോ നിലനില്‍ക്കാനോ ആവാത്തവിധത്തിലാണ് പുതിയ സാമ്പത്തികക്രമം വികസിക്കുന്നത്. അവരെ താങ്ങിനിര്‍ത്തേണ്ട ബാദ്ധ്യതയില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്നു. അതില്‍നിന്ന് അനേകം അസമത്വങ്ങള്‍ ഉണര്‍ന്നുവരുന്നു. അടിമുടി അസമത്വം നിറഞ്ഞ ലോകത്തില്‍ നീതിപീഠങ്ങളും സമ്പന്നപക്ഷത്തേക്ക് ചായുന്നു. നീതി വില കൊടുത്തു വാങ്ങേണ്ട ഉത്പന്നമായി മാറുന്നു. കോടതി വെറുതെവിട്ടു എന്നത് ചിലപ്പോഴെങ്കിലും സത്യത്തിന്‍റെ പരാജയമായി മാറുന്നു. ഉപരിവര്‍ഗത്തിന്‍റെ കൈകളിലേക്ക് നിയമവും നീതിയുമെല്ലാം എത്തുന്നു. ആനന്ദിന്‍റെ 'ഗോവര്‍ധന്‍റെ യാത്രകളി'ലെ ഗോവര്‍ധന്‍റെ അവസ്ഥയിലാണ് സാധാരണപൗരന്മാര്‍. ആഗോളീകരണത്തിന്‍റെ വര്‍ത്തമാനകാലത്ത് കടുത്ത മത്സരത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്ന മനുഷ്യര്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. വേട്ടയാടപ്പെടുന്ന ഇരകള്‍ക്ക് നിലവിളിക്കാന്‍ പോലും അവകാശമില്ലാതാകുന്നു. അവരുടെ നിലവിളി നീതിപീഠത്തില്‍ എത്തുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷമുള്ള ദശകങ്ങള്‍ പരിശോധിച്ചാല്‍ മൂല്യങ്ങളുടെ, നീതിയുടെ, കൊടിയിറക്കമാണ് നമുക്കു കാണേണ്ടിവരുന്നത്.
നീതിപീഠത്തിനുപോലും ഇപ്പോള്‍ ജാതിമതവിഭാഗങ്ങളുടെ പ്രതികരണങ്ങളെ പ്രധാനമായിക്കാണേണ്ടിവരുന്നു. പെട്ടെന്നു മുറിവേല്‍ക്കുന്ന മതവികാരവുമായാണ് നാമോരോരുത്തരും ജീവിക്കുന്നത്. നമ്മുടെ വിശ്വാസത്തെക്കുറിച്ച് നമുക്കു തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ. അതുകൊണ്ടാണ് കോടതികള്‍ക്കും മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നിലപാടെടുക്കാന്‍ കഴിയാത്തത്. ഒരേ നിയമത്തെത്തന്നെ ഭിന്നവ്യക്തികള്‍ വ്യാഖ്യാനിക്കുമ്പോള്‍ സാധ്യതകള്‍ മാറിമറിയുന്നു. മനുഷ്യാവകാശത്തില്‍ പ്രാഥമിക പാഠങ്ങള്‍പോലും പലപ്പോഴും അപ്രസക്തമാകുന്നത് നാം കാണുന്നു. നിയമത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഡോ. കെ. ബാലഗോപാല്‍ എന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ലാഭം മാത്രം ലക്ഷ്യമാക്കുന്ന വ്യവഹാരമായി മനുഷ്യജീവിതത്തെപ്പോലും കാണുന്ന പുതിയ വിപണിസമ്പദ്വ്യവസ്ഥയ്ക്ക് സൗകര്യങ്ങളൊരുക്കുകയാണ് ഭരണകൂടത്തിന്‍റെയും നീതി പീഠത്തിന്‍റെയും കടമയെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടുന്ന കേസുകളിലെ വിധികള്‍ പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള സംശയം അസ്ഥാനത്തല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കും.
ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്നതെല്ലാം കാണുമ്പോള്‍ സോമന്‍ കടലൂരിന്‍റെ ഈ കവിത ഓര്‍മ്മവരും:
"ഓരോന്നിനും വാദിച്ച് വാദിച്ച്
ഓരോരുത്തരും
ഓരോ വഴിക്കായി
തൊഴിലാളിക്കുവേണ്ടി വാദിച്ചവര്‍
മുതലാളിമാരായി
കീഴാളന്വേണ്ടി വാദിച്ചവര്‍
മേലാളരായി
ഇരകള്‍ക്കുവേണ്ടി വാദിച്ചവര്‍
വേട്ടക്കാരായി
മണ്ണിനുവേണ്ടി വാദിച്ചവര്‍
മണ്ണുടമകളായി
പെണ്ണിനുവേണ്ടി വാദിച്ചവര്‍
ആണായി
മനുഷ്യനുവേണ്ടി മിണ്ടിയവര്‍ മാത്രം
മൃതരായി"
വാദങ്ങളും പ്രതിവാദങ്ങളും പെരുകുന്നു. എന്നാല്‍, നീതി അകലുന്നു. ജീവിതംതന്നെ വലിയൊരു നിലവിളിയായി മാറിയവര്‍ക്ക് ഒരു നീതിപീഠവും താങ്ങാകുന്നില്ല എന്നതാണ് വാസ്തവം. പുത്തന്‍ ലാഭമന്ത്രങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു. എല്ലാം കച്ചവടമാകുമ്പോള്‍ ചെട്ടിമിടുക്ക് അതിപ്രധാനമാകുന്നു. നിയമത്തെയും നീതിപീഠത്തെയും നോക്കുകുത്തികളാക്കി പുതിയ അശ്വമേധം നടക്കുന്നു. പരമോന്നതനീതിപീഠത്തെപ്പോലും പണം വിഴുങ്ങുന്നത് നാം ഭയത്തോടെ നോക്കി നില്‍ക്കുന്നു. കാലം പിന്‍തിരിഞ്ഞു നടക്കുമ്പോള്‍ പിടിച്ചു നിര്‍ത്തി മുന്നോട്ടുനയിക്കാനുള്ള ജാഗ്രതകാണിക്കാനുള്ള സമയമിതാണ്!