top of page
എന്നെങ്കിലും നിങ്ങളുടെ കണ്‍പോളകളില്‍ മഴയുടെ ആദ്യത്തെ തുള്ളി വീണിട്ടുണ്ടോ? നനവിന്‍റെ ചെറുതരിസുഖമുള്ള തണുപ്പിനൊപ്പം വേദനയുടെ ഭാരംകൂടിയുണ്ടാകും ഈ മഴത്തുള്ളികള്‍ക്ക്. ഇപ്രാവശ്യം ഒരു നല്ല ഓര്‍മ്മയുടെ സുഖവും ദുഃഖവും 'കടുകുമണിയും പുളിമാവിലും' നമുക്കു കാണാം.
1885-1895 കാലഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കിയ മുല്ലപ്പെരിയാര്‍ ഡാമിനോടനുബന്ധിച്ച് രൂപം കൊണ്ട പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ കാവലാളായിരുന്ന കണ്ണനെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ കാലഘട്ടത്തിന്‍റെയും ദേശത്തിന്‍റെയും ചരിത്രം അറിയുക അനിവാര്യമാണ്. മേജര്‍ ജോണ്‍ പെനികുക്ക് എന്ന മദ്രാസ് ലെജിസ്ലേറ്റിവിലെ മെമ്പര്‍ കൂടിയായിരുന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാം, ഡാമുകളുടെ ചരിത്രത്തിലെ ഒരു മുത്തശ്ശിതന്നെ. യാത്രാസൗകര്യങ്ങളും മനുഷ്യജീവിതവും നന്നേ കുറവായിരുന്ന പശ്ചിമഘട്ടത്തില്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ച് ഒരു പ്രദേശത്തിന്‍റെ ജലലഭ്യത ഉറപ്പുവരുത്തിയ ഈ സംവിധാനം ചരിത്രവിസ്മയങ്ങളില്‍ ഇടം നേടിയതാണ്. ഈ മനുഷ്യനിര്‍മ്മിത വിസ്മയത്തിന്‍റെ ശില്പികള്‍ പ്രധാനമായും ബംഗാളില്‍നിന്ന് ഇവിടെ കുടിയേറ്റിയ വിദഗ്ധ ശില്പികള്‍ തന്നെയായിരുന്നു. ഇങ്ങനെ ഒരു നൂറ്റാണ്ടിനു മുന്‍പിവിടെത്തിയ ബംഗാളിയായ ദേവുസ്വാമിയുടെ കൊച്ചുമകനായിരുന്നു കാടിന്‍റെ സ്വന്തം കണ്ണനായ 'താടിക്കണ്ണന്‍' എന്നറിയപ്പെടുന്ന ഫോറസ്റ്റ് വാച്ചര്‍ കണ്ണന്‍.
മനുഷ്യവാസമില്ലാതെ കിടന്ന ഒരു ദേശത്ത് അണക്കെട്ട് നിര്‍മ്മിച്ച് കമ്പം, തേനി തുടങ്ങി വൈഗ നദിയിലൂടെ ജലസേചനത്തിനാവശ്യമായ ജലം ലഭ്യമാക്കിയതടക്കമുള്ള എല്ലാ നിര്‍മ്മാണങ്ങളിലും ദുര്‍ബലമെന്നു നാം കരുതുന്ന ചില വ്യക്തിത്വങ്ങളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ദേവുസ്വാമി ഇതിനൊരു അപവാദമല്ല. ഇന്ന് നാം കാണുന്ന തേക്കടി തടാകവും അതിനു ചുറ്റുമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെയും ചരിത്രം തുടങ്ങുന്നതിവിടെ നിന്നാണ്. ആയിരത്തോളം ഇനം ജൈവവൈവിധ്യങ്ങളുള്ള ഈ പ്രദേശം ഇന്ന് നാം കാണുന്ന രൂപത്തിലും ഭാവത്തിലും പ്രതിഷ്ഠിച്ചതില്‍ 'കണ്ണന്‍' എന്ന സാധാരണക്കാരില്‍ അസാധാരണക്കാരനായ ഈ ഫോറസ്റ്റ് വാച്ചറുടെ കൈയൊപ്പ് ഉണ്ടെന്നുള്ളത് തലമുറകളുടെ ചരിത്രാവര്‍ത്തനമാണ്.
തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ നായാട്ടുകമ്പങ്ങള്‍ക്കായി രൂപംകൊണ്ട, ആ കാലത്ത് അവരുടെ Game reserve ആയിരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ ആദ്യറേഞ്ചര്‍ ആയിരുന്ന വുഡ് സായിപ്പിന്‍റെ ഡ്രൈവറും സഹായിയുമായിരുന്നു കണ്ണന്‍റെ പിതാവ് ഗോപാലന്‍. കാടിനെ നിരന്തരം ചൂഴ്ന്ന്നോക്കുന്ന സംരക്ഷകന്‍റെ കണ്ണുകളുണ്ടായിരുന്ന 'റേഞ്ചര്‍ വുഡി'ന്‍റെ സന്തതസഹചാരിയായിരുന്ന പിതാവിനൊപ്പം കണ്ണനും സഹോദരങ്ങളും കളിച്ചുവളര്‍ന്നത് വുഡ് സായിപ്പിന്‍റെ വീട്ടുമുറ്റത്താണ്. ഈ ചരിത്രപശ്ചാത്തലങ്ങളൊക്കെയാവാം കണ്ണന്‍റെ കാടിനോടുള്ള ആത്മബന്ധത്തിന്‍റെ കാതല്‍.
കണ്ണനെന്ന നന്മ നിറഞ്ഞ മനുഷ്യനെ വലുതാക്കുന്നത് സകല ചരാചരങ്ങളോടുമുള്ള ആ ദരവും ബഹുമാനവും തന്നെയാണ്, മനുഷ്യരും മൃഗങ്ങളും പൂവും പുല്‍ക്കൊടിയും എല്ലാം കണ്ണനൊന്നായിരുന്നു. പ്രകൃതിയെന്ന ഈ വിസ്മയതുണ്ടിലെ ഏറ്റവും ചെറുതായ ഒരംശം മാത്രമാണ് മനുഷ്യനെന്ന് തിരിച്ചറിഞ്ഞ ഋഷിതുല്യനായ സാത്വികനായിരുന്നു കണ്ണന്‍. പരിചയപ്പെടുന്ന എല്ലാവര്‍ക്കും ആത്മസുഹൃത്ത്. കണ്ണന്‍റെ സുഹൃത്തുകള്‍ക്ക് ഏതാവശ്യത്തിനും ഏതുനേരവും കണ്ണനുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ടതില്ലായിരുന്നു. കാട്ടുമൃഗങ്ങളുടെ വരവും പോക്കും രീതിയും സ്വഭാവവുമെല്ലാം കണ്ണന് മനപ്പാഠം. രൗദ്രജീവികളെന്ന് നാം സാധാരണ വിശേഷിപ്പിക്കുന്നവരൊക്കെയും കണ്ണനു കൂട്ടുകാര്‍. ആരെപ്പറ്റിയും (മനുഷ്യര്‍/മൃഗങ്ങള്‍) കണ്ണനു പരാതികള്‍ ഇല്ല.
വ്യവസ്ഥകളില്ലാത്ത സ്നേഹം എന്നൊക്കെ പറയാന്‍ പറ്റുന്നത് ദേശാന്തരങ്ങള്‍ക്കതീതനായ ഈ കുറിയ മനുഷ്യനെ പറ്റി മാത്രമെന്നദ്ദേഹത്തിന്‍റെ ആത്മസുഹൃത്തുക്കള്‍. കണ്ണന്‍ എന്ന ഫോറസ്റ്റ് വാച്ചര്‍ ഐ. എഫ്. എസ്. ഓഫിസേഴ്സിനും വനഗവേഷകര്‍ക്കും പാഠങ്ങള്‍ പറഞ്ഞുകൊടുത്തിരുന്ന മികച്ച അധ്യാപകനായിരുന്നു എന്നതാണ് ആശ്ചര്യം. ഒരിക്കല്‍ ഒരു സംഘം ഗവേഷകര്‍ കാട്ടിലെ ഒരു മരത്തെപ്പറ്റി കണ്ണനോട് ചോദിച്ചു. 30 സെക്കന്‍റില്‍ പേരു പറഞ്ഞു തീര്‍ക്കാമായിരുന്ന ആ മരത്തെപ്പറ്റി കണ്ണന്‍ പറഞ്ഞത് 30 മിനിട്ട് - ആ മരത്തിന്‍റെ പ്രത്യേകത, അതില്‍ വളരുന്ന ജീവിവര്‍ഗ്ഗങ്ങള്‍, ആവാസവ്യവസ്ഥ, സംരക്ഷണം... പട്ടിക അനന്തമായി നീളുകയാണ്. അതിരാവിലെ തടാകത്തിലെ കുറ്റിയില്‍ കെട്ടിയ ചങ്ങാടം അഴിച്ചെടുക്കാന്‍ തണുത്തുമരവിച്ച വെള്ളത്തിലൂടെ നീന്തിച്ചെല്ലുന്ന കണ്ണന്‍റെ ഉള്ള് എന്നും സ്നേഹം കൊണ്ട് ഊഷ്മളമായിരുന്നു. പരിചയപ്പെടുന്നവര്‍ക്കെല്ലാം അറിവിനൊപ്പം അന്നവും കണ്ണനൊരുക്കി. കാടിന്‍റെ പരിമിതമായ സാഹചര്യങ്ങളില്‍ ലഭ്യമായതെല്ലാം കൊണ്ടു രുചിയുടെ അവസാനിക്കാത്ത വിരുന്ന് കണ്ണന്‍ തന്‍റെ കൂട്ടുകാര്‍ക്ക് ഒരുക്കിയിരുന്നു. ഓരോ പുല്ലിനെയും പുല്‍ക്കൊടിയെയും പുഴുവിനെയും പൂമ്പാറ്റയേയും വന്യജീവികളെയും കണ്ണനു വ്യക്തമായും വ്യക്തിപരമായും അറിയാമായിരുന്നു. ശാസ്ത്രനാമങ്ങള്‍ തൊട്ട് പ്രത്യേകതകള്‍ വരെ. എന്‍റെയും നിങ്ങളുടെയും നിലനില്‍പ്പിനാധാരം ഈ കാടും മരങ്ങളും ജീവജാലങ്ങളുമാണെന്നും മനുഷ്യന്‍ ഈ ആവാസവ്യവസ്ഥയുടെ ഒരു കണ്ണി മാത്രമാണെന്നും ആരേക്കാളും നന്നായി കണ്ണനറിയാമായിരുന്നു. അതിനാല്‍ തന്നെ കാടിന്‍റെ സംരക്ഷണം കര്‍ണ്ണന്‍റെ കവചകുണ്ഡലങ്ങള്‍പോലെ തന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒരു ആവരണമായി കണ്ണന്‍ എടുത്തണിഞ്ഞിരുന്നു. ഇത്രമാത്രം സ്വന്തം ജീവിതദൗത്യത്തെ തന്നില്‍നിന്നും ഇഴതിരിച്ചെടുക്കാന്‍ പറ്റാത്തവിധം ഒന്നാക്കിയ മറ്റൊരു വ്യക്തിത്വം കേരളചരിത്രത്തില്‍ അധികമില്ല. സമാനതകളില്ലാത്ത വിധം സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഉടമയാണ് കണ്ണന്‍, കാടിനും കൂട്ടുകാര്‍ക്കും.
അക്കാദമിക് പഠനസാഹചര്യങ്ങള്‍ ഇല്ലെങ്കിലും എല്ലാം കണ്ണന് വഴങ്ങി എന്നത് ഒരു അത്ഭുതമാണ്. ഡ്രൈവിങ്ങും, ട്രക്കിങ്ങും, മെക്കാനിസവും പാചകവും എല്ലാം ഒരുപോലെ അദ്ദേഹത്തിന്‍റെ നൈപുണ്യങ്ങളില്‍ പെടും. ഒരുതരി വെട്ടം പോലുമില്ലാതെ തേക്കടി തടാകത്തിലെ ഒരു മരക്കുറ്റിയില്‍പോലും തട്ടാതെ ബോട്ടുപയോഗിക്കാന്‍ അദ്ദേഹത്തിന് അറിയാം. ഇന്നും നാം തേക്കടിയില്‍ കാണുന്ന ഈ ജൈവസമ്പത്ത് വനവേട്ടക്കാരില്‍ നിന്നും മറ്റു കവര്‍ച്ചക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ അക്ഷീണപ്രയത്നമാണ് കണ്ണനും സംഘാംഗങ്ങളും നടത്തിയിട്ടുള്ളത്.
അവകാശവാദങ്ങളുടെ ഈ പെരുമഴക്കാലത്തും ചെയ്ത വിലയേറിയ സേവനങ്ങള്‍ തന്‍റെ കടമമാ ത്രമാണെന്ന് കരുതി ചെയ്തുപോന്നവനാണ് കണ്ണന്‍. വെറുമൊരു സാധാരണ വാച്ചര്‍ എന്നതിനുപരി പിതൃഭാവമുള്ള സംരക്ഷകനായിരുന്നു കണ്ണന്‍. തേക്കടി സന്ദര്‍ശിച്ചിരുന്ന അനേകം പ്രശസ്തര്‍ക്കും(ബിബിസി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഡയറക്ടര്‍ ജെമ്മ വാര്‍ഡ്, രാജവെമ്പാലയുടെ ഇണചേരല്‍ ചിത്രീകരിക്കാനെത്തിയ റോമൂളസ് വിറ്റേക്കര്‍ തുടങ്ങിയവര്‍) അപ്രശസ്തര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു.
2017 ജൂണ്‍ 21ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പച്ചക്കാട് ഫോറസ്റ്റ് ഡിവിഷനില്‍വച്ചുതന്നെ കണ്ണന്‍റെ ജീവന്‍ പൊലിഞ്ഞത് യാദൃച്ഛികമല്ല, കണ്ണന്‍റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളില്‍തന്നെ വെച്ച് മരിക്കണമെന്നതായിരുന്നു. അങ്ങനെ കണ്ണനും കാടായി.
അതെ, ഒരു മഴത്തുള്ളിയുടെ നനവും ഭാരവും കണ്ണീരും സുഖവുമൊക്കെ ഇങ്ങനെ ചില ജീവിതങ്ങളില്‍ നിന്ന് അനുഭവിക്കാനാവും. ഇത്തരം സാധാരണക്കാരില്‍ സാധാരണക്കാരായ കൊച്ചുമനുഷ്യര്‍ക്കുമാത്രമേ ചരിത്രത്തെ അതിന്‍റെ എല്ലാ നന്മകളോടെയും നനവോടെയും പിന്‍തലമുറയ്ക്കായി കാഴ്ചവയ്ക്കാനാവൂ. 'കണ്ണന്‍ അനുസ്മരണം' ഏകദേശം 650 കുട്ടികളുടെ മുന്‍പില്‍ കഴിഞ്ഞ ജൂണ്‍ 30ന് പ്രമാടം നേതാജി സ്കൂളില്‍ നടന്നപ്പോള്‍ കണ്ണനവശേഷിപ്പിച്ച ശൂന്യതയ്ക്കു മുന്‍പില്‍ വിതുമ്പിയ കുട്ടികളുടെ മനസ്സുകള്‍ ഇതിന് സാക്ഷി പറയും.
കണ്ണനെന്ന നന്മ നിറഞ്ഞ മനുഷ്യനെ വലുതാക്കുന്നത് സകല ചരാചരങ്ങളോടുമുള്ള ആ ദരവും ബഹുമാനവും തന്നെയാണ്, മനുഷ്യരും മൃഗങ്ങളും പൂവും പുല്‍ക്കൊടിയും എല്ലാം കണ്ണനൊന്നായിരുന്നു. പ്രകൃതിയെന്ന ഈ വിസ്മയതുണ്ടിലെ ഏറ്റവും ചെറുതായ ഒരംശം മാത്രമാണ് മനുഷ്യനെന്ന് തിരിച്ചറിഞ്ഞ ഋഷിതുല്യനായ സാത്വികനായിരുന്നു കണ്ണന്‍.