top of page

എക്സ്ക്ലൂസീവിസം

Aug 2, 2023

2 min read

റോണി കപ്പൂച്ചിന്‍

വൈദികപരിശീലന കാലയളവില്‍ മനശ്ശാസ്ത്ര ക്ലാസുകളില്‍ വച്ച് ക്ലിക്ക് (clique)കളെ കുറിച്ച് കേട്ടത് ഓര്‍ക്കുന്നു. പുറമേ നിന്ന് മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്ത ചെറിയ ഗ്രൂപ്പുകളാണ് ക്ലിക്കുകള്‍. എക്സ്ക്ലൂസീവ് ഗ്രൂപ്പുകള്‍ സമൂഹ ജീവിതത്തില്‍ ഒട്ടും ഭൂഷണമായ ഒന്നല്ല. ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഏതെങ്കിലും ഒരു കാരണത്തിന്‍റെ പേരില്‍ ഒന്നിക്കുകയും ചെയ്യുന്നതാണ് അത്തരം ഗ്രൂപ്പുകള്‍. വ്യത്യസ്തമായ ആശയങ്ങള്‍ക്ക് അവിടെ ഒരിക്കലും ഇടമില്ല. തീവ്രവാദികളെയും മറ്റും ഇത്തരം എക്സ്ക്ലൂസീവ് ഗ്രൂപ്പുകളില്‍പെടുത്താം. ഇന്ന് എക്സ്ക്ലൂസീവിസം (exclusivism) പ്രബലമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യരെ കൂടുതല്‍ പരസ്പരം അടുപ്പിക്കാനും വ്യതിരിക്തതകള്‍ക്കുപരി ഒരേ വംശത്തില്‍പ്പെട്ടവ രെന്ന ഒരു അവബോധം ഉണ്ടാക്കിയെടുക്കാനുമായിരുന്നു സഹായിക്കേണ്ടിയിരുന്നത്. പകരം അത് കൂടുതല്‍ ഭിന്നിപ്പിനും കലഹത്തിനും വിദ്വേഷം പകരുന്നതിനും ആണ് ഉപയോഗിക്കപ്പെടുന്നത്. ചെറിയ ജനക്കൂട്ടങ്ങളുടെ വലിയൊരു നിരയായി ഭാരതം ഇന്നു വളര്‍ന്നിരിക്കുന്നു.


മണിപ്പൂരില്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്നതിന് പ്രമോട് സിംഗ് എന്ന മെയ്തെയ് ലീപുന്‍ സംഘടനയുടെ നേതാവി നെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ കേസെടുത്തിട്ടുണ്ട്. 'ഡീസന്‍റ് ലുക്കിംഗ് ക്രിമിനല്‍' എന്ന് വളരെ കൂള്‍ ആയി ഫേസ്ബുക്ക് പ്രൊഫൈലില്‍ എഴുതിവെച്ചിട്ടുള്ള അയാളുടെ ഏപ്രില്‍ അവസാനം ആഴ്ചകളിലെ എല്ലാ പോസ്റ്റുകളുംതന്നെ കുക്കികള്‍ക്കെതിരെയുള്ള ആക്രമണത്തിനുള്ള ആഹ്വാനങ്ങളാ യിരുന്നു.


മണിപ്പൂര്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗും ഇതേ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ അനധികൃത കുടിയേറ്റവും ലഹരികടത്തും മറ്റും ആരോപിച്ച് കുക്കി ഗോത്രത്തെ ഇല്ലായ്മ ചെയ്യുവാനും അവരുടെ അധീനതയിലുള്ള മലനാടുകളും വനപ്രദേശങ്ങളും കൈവശമാക്കുവാനുമുള്ള കരുതിക്കൂട്ടിയ ശ്രമമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


കലാപത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍തോതില്‍ അക്രമം ഉണ്ടായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അവയില്‍ ചിലതിനൊക്കെ മുന്‍കൈയെടു ത്തത് സ്ത്രീകള്‍ തന്നെയായിരുന്നു എന്നത് വല്ലാതെ ഭാരപ്പെടുത്തുന്നു. അധികാരികളുടെ ഭാഗത്തുനിന്ന് തികച്ചും നിരുത്തരവാദപരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത് എന്നത് പകല്‍ പോലെ വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഒത്താശയോടെയാണ് ഭൂരിപക്ഷസമൂഹം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമണം അഴിച്ചുവിട്ടത്. അവിടെ കലാപം നടക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. വളരെ മുന്നൊരുക്കങ്ങളോടുകൂടി നടത്തപ്പെട്ട ഒന്നായി മുഖ്യധാര മാധ്യമങ്ങള്‍ ഈ കലാപത്തെ റിപ്പോര്‍ട്ട് ചെയ്യുന്നു. തമ്മിലടിപ്പിച്ച് മുതലെടുക്കുകയും ഭിന്നിപ്പിച്ച് നേട്ട ങ്ങള്‍ കൊയ്യുകയും ചെയ്യുന്നവര്‍ നാടു ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.


കഴിഞ്ഞൊരു പതിറ്റാണ്ടിനിടയില്‍ സാങ്കേതിക വിദ്യ അതിന്‍റെ എല്ലാ സാധ്യതകളും സാധാരണക്കാരനും പ്രാപ്തമാകുന്ന രീതിയില്‍ സാധാരണമായി കഴിഞ്ഞു. അതേസമയം അത് നമ്മുടെ നാട്ടില്‍ നന്നായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി അല്‍ഗോരിതങ്ങളെ ദുരുപയോഗിച്ച് ആശയ പ്രചരണങ്ങള്‍ നടത്തുകയും വിദ്വേഷത്തിന്‍റെ വിത്തുകള്‍ പാകുകയും ചെയ്യുന്നു. മതങ്ങള്‍ക്കിടയിലെ ഭിന്നതയും അസഹിഷ്ണുതയും ഭാരതീയര്‍ക്കിടയില്‍, മലയാളികള്‍ക്കിടയില്‍ ഇത്രയധികം ഉണ്ടായത് ഈ കഴിഞ്ഞ കുറച്ചുകാലം കൊണ്ടല്ലേ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിവിധ പാര്‍ട്ടികളുടെ അണികള്‍ തമ്മില്‍ നടക്കുന്ന സാമൂഹ്യ മാധ്യമ തര്‍ക്കങ്ങളും പോര്‍വിളികളും എത്രയധികം അസ ഹിഷ്ണുത പേറുന്നവരാണ് തങ്ങള്‍ എന്ന് സ്വയം അറിയാതെ അവര്‍ വെളിപ്പെടുത്തുന്നു. വിവിധ മത ങ്ങളില്‍പ്പെട്ടവര്‍ തമ്മിലും സ്ഥിതി വ്യത്യസ്തമല്ല.


ഞാന്‍, ഞങ്ങള്‍, എന്‍റെ ഗ്രൂപ്പ്, എന്‍റെ മതം, എന്‍റെ രാഷ്ട്രീയം, എന്‍റെ ആശയം എന്നിങ്ങനെ സ്വന്തം കാല്‍ച്ചുവട്ടിലേക്ക് മനുഷ്യന്‍ ചുരുങ്ങിപ്പോകുന്നു.

***


മൗനം പലതരത്തില്‍ ഉപയോഗിക്കാറുണ്ട്. പണ്ട് ഗാന്ധിജി അത് ഒരു സമരമാര്‍ഗമായി ഉപയോ ഗിച്ചു. ഇപ്പോള്‍ ചിലര്‍ അത് ജനത്തെ പുച്ഛിക്കാന്‍ ഉപയോഗിക്കുന്നു. ദ ടെലഗ്രാഫ് പത്രത്തില്‍ വന്ന ചിത്രവും വാര്‍ത്തയും (ജൂലൈ 21) സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മളൊക്കെയും കണ്ടിരുന്നു. 79 ദിവസം വേണ്ടിവന്നു 56 നെഞ്ച് തുളയ്ക്കാന്‍ എന്നതായിരുന്നു അതിന്‍റെ തലക്കെട്ട്. മണിപ്പൂരില്‍ കലാപം ആരംഭിച്ച 79 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയിരുന്നു 30 സെക്കന്‍ഡ് നീണ്ട പ്രധാനമന്ത്രിയുടെ പ്രതികരണം. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നത് ഇപ്പോഴാണെ ങ്കിലും അധികാരികള്‍ക്ക് അത് നേരത്തെതന്നെ കിട്ടിയിരുന്നു.


എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ മൗനം പൂണ്ടു കഴിഞ്ഞ ഒരാളാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതികരണം തേടി പ്രതിപക്ഷം പാര്‍ലമെന്‍റിലും പുറത്തും പ്രതിഷേധം നടത്തുമ്പോഴും മൗനംപാലിച്ച പ്രധാനമന്ത്രിയുടേത് ധാര്‍ഷ്ട്യം മാത്രമാണ്.


എല്ലാകാലവും അധികാരം കൂടെയുണ്ടാകു മെന്ന് മൂഢസ്വപ്നത്തിലുള്ള ധാര്‍ഷ്ട്യം. ഇവിടെ കേരളത്തിന്‍റെ മുഖ്യനും അതേ പാതയില്‍ മൗനത്തിലാണ്. ഇവരൊക്കെ ആരെയാണ് പേടിക്കുന്നത്. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിലുണ്ടായ വീഴ്ചകളോടാണ് ഇവര്‍ മൗനം പാലിക്കുന്നത്.


തനിക്കെതിരെ ഉയര്‍ന്ന ദുരാരോപണങ്ങളെ മൗനം കൊണ്ട് നേരിട്ട ഒരു മുന്‍മുഖ്യമന്ത്രിയുടെ സംസ്കാരചടങ്ങുകള്‍ മലയാളികളെയും ഭാരതത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞിരുന്നു. നീണ്ട അഞ്ചു പതിറ്റാണ്ടുകാലത്തെ പൊതു പ്രവര്‍ത്തനശേഷം സ്വന്തമായ ഒരു വീടു പോലു മില്ലാതെ കടന്നുപോകുമ്പോഴും ആയിരക്കണക്കിന് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയാണ് മടക്കം. മത- രാഷ്ട്രീയ- സാംസ്കാരിക രംഗത്തുള്ള എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാ വുന്ന ഒരു പ്രവര്‍ത്തനശൈലിയും ജീവിതവും അവശേഷിപ്പിച്ചാണ് അയാള്‍ കടന്നുപോകുന്നത്. മനുഷ്യന്‍റെ നന്മയെ മുറുകെപ്പിടിച്ച് വേര്‍തിരിവുകള്‍ ഇല്ലാതെ മനുഷ്യനെ ചേര്‍ത്തുപിടിച്ച ഒരു പൊതുപ്രവര്‍ത്തകന്‍റെ ജീവിതമായിരുന്നു അത്.


ഒരു രാഷ്ട്രത്തിന്‍റെ വളര്‍ച്ച അവിടെയുള്ള ജനങ്ങള്‍ക്കിടയിലെ ഐക്യമാണ്. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പാക്കാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്. ജനാധിപത്യത്തിന്‍റെ മൂന്നു തൂണു കളും ദുര്‍ബലമാകുമ്പോള്‍ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് കോച്ചുവിലങ്ങിടുമ്പോള്‍ തെരുവില്‍ സ്വാതന്ത്ര്യത്തിന്‍റെ തുണിയുരി യപ്പെടുന്നു, കണ്ണു മൂടപ്പെട്ട നീതിയുടെ സ്ത്രീ തെരു വില്‍ പിച്ചിച്ചീന്തപ്പെടുന്നു, മനുഷ്യര്‍ ഓരോരോ കാരണങ്ങളാല്‍ പലായനം ചെയ്യപ്പെടേണ്ടിവരുന്നു, പല കാരണങ്ങള്‍ കണ്ടെത്തി അവര്‍ സ്വയം ഭിന്നിച്ചും ഭിന്നിപ്പിച്ചും സ്വാര്‍ത്ഥരായി തീരുന്നു. ഭാരതത്തിന്‍റെ പൊതുവായ ഐക്യവും അഖണ്ഡ തയും കാത്തുസൂക്ഷിക്കുന്ന നേതാക്കളും ജനങ്ങളും ഇവിടെ ഉയര്‍ന്നുവരികതന്നെ ചെയ്യും. പരസ്പരം ബഹുമാനിക്കുന്ന ആര്‍ഷഭാരത സംസ്കാരത്തിന്‍റെ നന്മകള്‍ തിരികെ പിടിക്കുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ടുകൊണ്ട്...

റോണി കപ്പൂച്ചിന്‍

0

0

Featured Posts

bottom of page