top of page

ഓര്‍മ്മകള്‍

Apr 1, 2013

3 min read

ഷാജി കരിംപ്ലാനിൽ
The memories

വാര്‍ദ്ധക്യത്തിന്‍റെ ജ്വരക്കിടക്കയിലെ ഒരു വല്യമ്മയെ സന്ദര്‍ശിക്കാനെത്തുന്നതുവരെ "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാന്‍ ജീവിക്കുന്നു" എന്ന ദെക്കാര്‍ത്തസിന്‍റെ വാക്കുകള്‍ സത്യമെന്ന് നാം വിചാരിക്കുന്നു. അവര്‍ എന്തൊക്കെയോ ചിന്തിക്കുന്നു, അവ്യക്തമായി എന്തോ പുലമ്പുന്നു, 'അമ്മയ്ക്ക് എന്നെ മനസ്സിലായോ?' എന്ന് ചോദിക്കുമ്പോള്‍ മനസ്സിന്‍റെ ശൂന്യത കണ്ണുകളില്‍ തെളിയുമാറ് വിളറിയൊന്നു ചിരിക്കുന്നു. കാര്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എവിടെയോ മുറിഞ്ഞുപോയി. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട മനസ്സ് എഴുത്തുകളെല്ലാം മായിച്ച് വൃത്തിയാക്കിയ സ്ളേറ്റുപോലെ ശൂന്യം. ഇനി നമുക്കിങ്ങനെയൊന്ന് തിരുത്തിപ്പറഞ്ഞു നോക്കാം: "ഞാന്‍ ഓര്‍മ്മിക്കുന്നു, അതുകൊണ്ട് ഞാന്‍ ജീവിക്കുന്നു."


ഓര്‍മ്മിക്കുന്നതുപോലെതന്നെ ഓര്‍മ്മിക്കപ്പെടുന്നതും ഒരു അസ്തിത്വപ്രശ്നമാണ്. തൊടിയിലെ കവുങ്ങിന്‍പോളയിലും പുഴവക്കിലെ കല്ലിന്‍പുറത്തും സ്വന്തം പേരെഴുതി, പ്രണയിനിയുടെ പേരെഴുതി, അനശ്വരഓര്‍മ്മകളുടെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്ന ബാല്യവും കൗമാരവും ഒന്നും ആര്‍ക്കും അന്യമല്ലല്ലോ. സ്കൂള്‍ബസ്സിന്‍റെ ചില്ലില്‍ പറ്റിയിരുന്ന പൊടിയിലും കടലോരത്തെ മണലിലും പേരെഴുതുന്ന കുട്ടി ഓര്‍മ്മിക്കപ്പെടുക എന്ന ജൈവിക ചോദനയുടെ നിഷ്കളങ്കമായ ആവിഷ്ക്കരണമാണ് നടത്തുന്നത്.


യാത്രയിലെ വഴിയോരക്കാഴ്ചകളായ് എല്ലാം പിന്നിലേയ്ക്ക് ഓടിമറയുമ്പോള്‍ ഇത്തിരി ശാന്തിയുടെ മധുരം നുകരാന്‍ ഓര്‍മ്മകളുണ്ടാകണമെന്ന് നൊന്തും നോവിച്ചും പിന്നിട്ട ദാമ്പത്യത്തിന്‍റെ മുപ്പതാണ്ടുകളിലേയ്ക്ക് പിന്തിരിഞ്ഞുനോക്കി കവി സഖിയെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് ജീവിതം - നൊന്തതിന്‍റെയും നോവിച്ചതിന്‍റെയും ഓര്‍മ്മകള്‍. കയ്ക്കുന്ന ഓര്‍മ്മകളും മധുരിക്കുന്ന ഓര്‍മ്മകളും. ഒരാള്‍ ജീവിതത്തെക്കുറിച്ച് കഥയെഴുതുന്നത് ഉള്ളി തൊലിപൊളിക്കുന്നതുപോലെയെന്ന് ഗുന്ദര്‍ ഗ്രാസ്സ്. ഓര്‍മ്മയുടെ അടരുകള്‍ക്കുമേല്‍ അടരുകള്‍. ഒന്ന് പൊളിച്ചുചെല്ലുമ്പോള്‍ അതിനുള്ളില്‍ പുതുമയോടെ മറ്റൊന്ന്. മുറിച്ചാലോ അത് കണ്ണുകളെ ഈറനണിയിക്കുന്നു. പൊളിച്ചുചെല്ലുമ്പോഴാണ് സത്യം വെളിവാകുന്നത് - കാമ്പില്‍ ഒന്നും അവശേഷിക്കാത്ത ശൂന്യത.


***********


കേട്ടിട്ടുള്ള പഴമൊഴികളെല്ലാം പറഞ്ഞത് ഓര്‍മ്മ ശാപവും മറവി അനുഗ്രഹവുമാണെന്നാണ്. ഒന്നു മറക്കാനായാല്‍ പലരോടും പലതിനോടും പൊറുക്കാനായേനെ. ഓര്‍മ്മകള്‍ പല മുഖങ്ങളായ് വേട്ടയാടുന്നു. സ്വപ്നങ്ങളില്‍ വന്നുപോലും ഭയപ്പെടുത്തി കടന്നുപോകുന്നു. എല്ലാം മറക്കാനായാല്‍ എല്ലാമൊന്ന് പുതുതായി ആരംഭിക്കാമായിരുന്നു. ഓര്‍മ്മകളെ പിടിച്ച് അത്രയും ഇരുണ്ട ഒരഴിക്കൂടിനുള്ളില്‍ നിറുത്തണമോ? സ്നേഹബന്ധത്തിന്‍റെ കടമകളും കടപ്പാടുകളും മറക്കുകയെന്നാല്‍... തെറ്റിപ്പോയ വഴികളില്‍നിന്ന് പഠിച്ചെടുത്ത ജീവിതപാഠങ്ങള്‍ വിസ്മരിക്കുകയെന്നാല്‍... അത് മനുഷ്യനായിരിക്കുക എന്ന തനിമയുടെ അന്ത്യമാണ്.


ഓര്‍മ്മയെക്കുറിച്ചും മറവിയെക്കുറിച്ചും പറയാന്‍ ഏറ്റവും നല്ല ചരിത്രം യഹൂദന്‍റേതാണ്. ഓര്‍മ്മിച്ചെടുക്കാനാവുന്ന 4000 വര്‍ഷം നീണ്ട യഹൂദന്‍റെ ചരിത്രത്തില്‍ വെറും 400 വര്‍ഷങ്ങള്‍ക്ക് താഴെ സ്വാതന്ത്ര്യം അനുഭവിച്ചവരാണവര്‍. ബാക്കി നീണ്ടുനീണ്ട വര്‍ഷങ്ങള്‍ അടിമകളായി, പരദേശികളായി, വിപ്രവാസത്തിന്‍റെ നാട്ടില്‍. ഇരുപതു നൂറ്റാണ്ടുകള്‍ക്കപ്പുറം ചിതറിക്കപ്പെട്ട ഈ ജനതയെ 1948 ല്‍ സ്വന്തമായൊരു രാജ്യം നേടുന്നതുവരെ പിടിച്ച് നില്‍ക്കാന്‍, തകരാത്ത സ്വപ്നങ്ങള്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിച്ചത് ഓര്‍മ്മകളായിരുന്നു. അത്ര ശക്തമായിരുന്നു വാഗ്ദത്തനാടിനെക്കുറിച്ചുള്ള അവന്‍റെ ഓര്‍മ്മകള്‍. അവരിലൊരു പാട്ടുകാരന്‍ ബാബിലോണ്‍ നദിയുടെ തീരത്തിരുന്ന് ഇസ്രായേലിനെ ഓര്‍ത്ത് ഇങ്ങനെ പാടുന്നു:

"എന്‍റേതല്ലാത്ത ഒരു നാട്ടിലിരുന്ന്

നിന്‍റെ ഗാനങ്ങള്‍ ഞാന്‍ പാടുന്നതെങ്ങനെ?

ഇസ്രായേല്‍, നിന്നെ ഞാന്‍ മറക്കുന്നുവെങ്കില്‍

എന്‍റെ വലംകരം ശോഷിച്ചുപോകട്ടെ.

ജറുസലേം, നിന്നെ ഞാന്‍ ഓര്‍ക്കാതിരുന്നാല്‍

എന്‍റെ നാവ് മന്ദീഭവിക്കട്ടെ."

വിപ്രവാസത്തിന്‍റെ നാട്ടിലിരുന്ന് വിമോചനത്തിന്‍റെ ഓര്‍മ്മ പുതുക്കിയ ഓരോ പെസഹാരാവിലും അപ്പന്‍ കുഞ്ഞിനോട് പറഞ്ഞു: "മോനെ, ഈ പെസഹാ അത്താഴത്തിന് നാമിവിടെ; വരുംകൊല്ലം ജെറുസലേമില്‍." അങ്ങനെ ശക്തമായ ചില ഓര്‍മ്മകളിലും ഓര്‍മ്മപ്പെടുത്തലുകളിലും അവര്‍ പിടിച്ചുനിന്നു. മറുവശത്ത് മറവി യഹൂദന്‍റേയും വലിയ പ്രലോഭനമായിരുന്നു. സൗഭാഗ്യത്തിന്‍റെ നല്ല നാളുകളില്‍ പ്രവാചകര്‍ നിരന്തരം അവരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നതിങ്ങനെ: 'മറക്കരുത് നിങ്ങളും ഒരുനാള്‍ അടിമകളും പരദേശികളുമായിരുന്നുവെന്ന്.' ഒരു പക്ഷേ ഈ മറവിയാകാം ഇന്നത്തെ ഇസ്രായേല്‍ നേരിടുന്ന വലിയ ദുരന്തങ്ങളിലൊന്ന്. ചൂഷിതന്‍ ചൂഷകനായി തീരുന്നതാണ് മറവിയുടെ ഏറ്റവും വലിയ കണ്‍കെട്ട്.


എന്തൊക്കെപ്പറഞ്ഞാലും ഓര്‍മ്മയെക്കാള്‍ പഴി കേട്ടത് മറവി തന്നെ. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ശപിച്ചത് മറവിയെയാണ്. തിടുക്കപ്പെട്ട് യാത്ര പോയപ്പോള്‍ ശപിച്ചത് മറവിയെ. ഒരിക്കല്‍ പേഴ്സ് മറക്കുന്നു, മറ്റൊരിക്കല്‍ പെയ്സ്റ്റോ ബ്രഷോ മറക്കുന്നു, വേറൊരവസരത്തില്‍ അത്യാവശ്യം വേണ്ട ഡ്രസ്സ് എടുക്കാന്‍ മറക്കുന്നു.


പാഠപുസ്തകത്തിലെ അക്ഷരങ്ങളേയും വരികളേയും ഫോട്ടോകോപ്പിപോലെ ഒപ്പിയെടുക്കാന്‍ കഴിയുന്ന ചില സഹപാഠികളെ അസൂയയോടെ നോക്കിനിന്നു പോയിട്ടുണ്ട്. മനഃപാഠമാക്കി പകര്‍ത്തിയെഴുതാന്‍ കഴിവുള്ളവര്‍ ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളായി എണ്ണപ്പെട്ടിരുന്ന അക്കാലത്ത് ഓര്‍മ്മ മാത്രമായിരുന്നു വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡം. "വിദ്യാഭ്യാസമെന്നാല്‍ നിങ്ങള്‍ക്ക് എത്രമാത്രം ഓര്‍മ്മിച്ചിരിക്കാനാകുമെന്നോ, എത്രമാത്രം അറിയാമെന്നോ ഉള്ളതല്ല. നിങ്ങള്‍ക്ക് എന്തറിയാമെന്നും എന്തറിയില്ലായെന്നും വേര്‍തിരിച്ചറിയാനുള്ള കഴിവാണ്" എന്ന അനാത്തൊളെ ഫ്രാന്‍സിന്‍റെ വാക്കുകള്‍ കണ്ടുമുട്ടുന്നത് വളരെ പിന്നീടാണ്. അപ്പോഴാണ് ഫോട്ടോകോപ്പി മെഷിനുകളായിരുന്ന സഹപാഠികളില്‍ മിക്കവരും എങ്ങനെ പ്രയോഗിക ജീവിതത്തില്‍ പരാജിതരായി എന്നത് വെളിവായത്. ഫ്രെഡറിക് നീഷെ ഇങ്ങനെ എഴുതി: "പല മനുഷ്യരും തനിമയുള്ള ചിന്തകരാകുന്നതില്‍ പരാജയപ്പെടാന്‍ കാരണം അവര്‍ക്ക് വളരെ നല്ല ഓര്‍മ്മശക്തി ഉള്ളതാണ്." അങ്ങനെയെങ്കില്‍ മറവിക്കാര്‍ക്കും അഭിമാനിക്കാന്‍ ചിലതുണ്ട്. അവര്‍ക്കേ പുതുമകളുടെ ലോകത്തിലേയ്ക്ക് പ്രവേശിക്കാനാവൂ.


***********


ഓര്‍മ്മയെ, വിവരങ്ങളെ ഓര്‍ത്തിരിക്കാനുള്ള മാനസിക കഴിവിന് ഉപരിയായി കാണാനാവുന്നിടത്താണ് ഓര്‍മ്മയ്ക്ക് ഒരു രാഷ്ട്രീയമാനവും വിപ്ലവാത്മകമാനവും കൈവരുന്നത്. ഒരു വ്യക്തിയെയോ ജനതയെയോ തളര്‍ത്താനും വളര്‍ത്താനുമുള്ള രാഷ്ട്രീയ ആയുധമായി ഓര്‍മ്മ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവര്‍ ചെയ്യുന്നതതാണ്. കര്‍ണ്ണനെ അവന്‍റെ നിന്ദിത ജന്മത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നഷ്ടധൈര്യനാക്കുന്നു. ആത്മാഭിമാനത്തിന്‍റെ കവചകുണ്ഡലങ്ങള്‍ നഷ്ടപ്പെട്ടവന് മുകളില്‍ പാണ്ഡവര്‍ വിജയത്തിന്‍റെ കൊടി ഉറപ്പിക്കുകയാണ്. 'എല്ലാം മറന്നേക്കൂ' എന്ന് നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ട് മാര്‍ക്കറ്റ് നമ്മെ പരസ്യങ്ങളിലൂടെ, വിനോദങ്ങളിലൂടെ, സുഖഭോഗങ്ങളിലൂടെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ട് ഇന്നുകളെ മാത്രം ആഘോഷിക്കാന്‍ ക്ഷണിക്കുന്നു. മുത്തങ്ങയിലും ചെങ്ങറയിലും പ്ലാച്ചിമടയിലും സമരങ്ങളൊതുക്കണമോ? വളരെ നിസ്സാരമാണ് കാര്യങ്ങള്‍. എല്ലാ കുടുംബങ്ങള്‍ക്കും ഓരോ റ്റി.വി.യും പറ്റുമെങ്കില്‍ കേബിള്‍ കണക്ഷനും കൊടുക്കുക. മധ്യവര്‍ഗസമൂഹത്തിനെ ഉന്നംവെച്ച് ഓര്‍മ്മകളെ വിറ്റ് കാശക്കുന്ന 'നൊസ്റ്റാള്‍ജിയ' എന്ന ഒരു വിനോദ കാല്പനികത കൂടി സാഹിത്യത്തിലും കലകളിലും ദൃശ്യമാധ്യമങ്ങളിലും അരങ്ങേറുന്നുണ്ട്. അവിടെയും തകര്‍ക്കപ്പെടുന്നത് ഓര്‍മ്മയുടെ വിപ്ലവ ഊര്‍ജ്ജവും ക്രിയാത്മകശക്തിയുമാണ്. ബുദ്ധന്‍റേയും അംബേദ്ക്കറിന്‍റേയും ഓര്‍മ്മകളില്‍ അധഃസ്ഥിത സമൂഹം ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍, ക്രിസ്തുവിന്‍റെയും ഫ്രാന്‍സിസിന്‍റെയും ഓര്‍മ്മകളില്‍ സഭ ജീര്‍ണ്ണതയില്‍നിന്ന് കരകയറുമ്പോള്‍, ഈറോം ഷാര്‍മിളയുടെ ഓര്‍മ്മകളില്‍ സ്ത്രീത്വം ഉണരുമ്പോള്‍, ഹോളോക്കോസ്റ്റിന്‍റേയും വര്‍ണ്ണവിവേചനത്തിന്‍റെയും ഓര്‍മ്മകളില്‍ വെള്ളക്കാരന്‍ ലജ്ജയിലും അനുതാപത്തിലും തലകുനിച്ച് നില്‍ക്കുമ്പോള്‍, ധീരരക്തസാക്ഷികളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പ്രസ്ഥാനങ്ങള്‍ സ്ഥാനമാനങ്ങളുടേയും സമ്പത്തിന്‍റെയും പടികളിറങ്ങി ഗ്രാമങ്ങളിലേക്കും ചേരികളിലേക്കും എത്തിപ്പെടുന്ന കാലം ഓര്‍മ്മകള്‍ അവയുടെ ഊര്‍ജ്ജം വീണ്ടെടുക്കും. ഓര്‍മ്മകളില്‍ താലോലിച്ച ഒരു പുത്തന്‍ ലോകം ജനിക്കും.

Featured Posts

bottom of page