top of page

മാനുഷരെല്ലാരും ഒന്നുപോലെ

Jan 1, 2014

2 min read

ഷക
Unity without color discrimination.

2013 കടന്നുപോയത് നമ്മുടെ കാലത്തെ പ്രകാശിപ്പിച്ച ഒരു വിളക്ക് കെടുത്തിക്കളഞ്ഞിട്ടാണല്ലോ. ആ വിളക്കില്‍ നിന്നു തെറിച്ചുവീണ തീപ്പൊരികള്‍ ഏതൊക്കെയോ നെഞ്ചുകള്‍ ഏററുവാങ്ങിയിട്ടുണ്ടാകണം എന്ന പ്രതീക്ഷയാണ് പുതുവര്‍ഷത്തില്‍ ഒരാശ്വാസം. നെല്‍സണ്‍ റോലിഹ് ലാഹ്ലാ മണ്ടേലയുടെ മരണത്തോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍ ചിലത് ഓര്‍മ്മയിലുണ്ട്. ഒന്ന്, മലയാളം വാരികയില്‍ വന്നത്. ഒരു കൈയില്‍ മണ്ടേലയുടെ ഫോട്ടോയും മറുകൈയില്‍ കത്തിച്ച മെഴുകുതിരിയും ഏന്തി നൊമ്പരത്തോടെ നില്‍ക്കുന്ന ചെന്നൈയിലെ ഒരു പെണ്‍കുട്ടി. രണ്ട്, ഫ്രണ്ട്ലൈന്‍ മാസികയില്‍ വന്നത്. വാവിട്ടു കരയുന്ന ഒരു കറുത്ത വൃദ്ധയെ അണച്ചുപിടിച്ചിരിക്കുന്ന വെള്ളക്കാരനായ ഒരു ചെറുപ്പക്കാരന്‍. മാനവികതയ്ക്ക് അതിര്‍വരമ്പുകളില്ലെന്നതിന് ഇതിലും വലിയ തെളിവുകള്‍ വേണ്ട. ജയില്‍ മോചിതനായി അധികം താമസിക്കാതെ മണ്ടേല ഇന്ത്യയിലെത്തി. കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം അന്നു നിറഞ്ഞുതുളുമ്പിയത്രേ. സ്റ്റേഡിയത്തിലും പുല്‍ത്തകിടിയിലും എല്ലാം മണ്ടേലയാല്‍ ആകര്‍ഷിക്കപ്പെട്ട ജനമായിരുന്നു. പ്രസിഡന്‍റ് മണ്ടേലയുടെ സാന്നിധ്യത്തില്‍ വാഗ്പടുവായ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ വാക്കുകളില്ലാതെ വിഷമിച്ചുവത്രേ: "മണ്ടേലയുടെ സാന്നിധ്യം എന്നെ സ്തബ്ധനാക്കുന്നു. നിങ്ങളോട് എന്തെങ്കിലും പറയാന്‍ എനിക്കു വാക്കു കിട്ടുന്നില്ല. നമ്മെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ മണ്ടേലയെ ക്ഷണിക്കുന്നു." ചെന്നൈക്കാരി പെണ്‍കുട്ടിയും ദക്ഷിണാഫ്രിക്കക്കാരി വൃദ്ധയും കല്‍ക്കട്ടാ വാസികളും അമേരിക്കന്‍ പ്രസിഡന്‍റും ഒരേ പോലെ ആ ദീപ്തസാന്നിധ്യത്താല്‍ വശീകരിക്കപ്പെട്ടു. എല്ലാവിധ വിഭാഗീയതകളും തേരോട്ടം നടത്തുന്ന ഇക്കാലത്തും വിശ്വമാനവികതയെന്നത് ഏട്ടിലെ പശുവൊന്നുമല്ലെന്നു സ്ഥാപിക്കുന്നു മണ്ടേലയെന്ന മഹത്ജീവിതം.


***


ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരം പ്രസിദ്ധമായത് അവിടുത്തെ ബീച്ചുകളുടെ പേരിലാണ്. അവിടെ പണ്ട് സ്ഥാപിക്കപ്പെട്ടിരുന്ന ചില ബോര്‍ഡുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു: "വെള്ളക്കാരല്ലാത്തവര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല." ഇത്തരത്തിലുള്ള നൂറുകൂട്ടം കാര്യങ്ങളെയാണ് മണ്ടേല എതിര്‍ത്തത്. അതിന്‍റെ പേരിലാണ് തീരത്തുനിന്നും ഒന്‍പതു കിലോമീറ്റര്‍ ദൂരെയുള്ള റോബെന്‍ ദ്വീപിലെ ജയിലിനകത്ത് 4664 എന്ന നമ്പറായി മണ്ടേല മാറിയത്. ഒരു കുടുസ്സുമുറി, ഒരു കിടക്കപ്പായ, കക്കൂസിന് ഒരു തൊട്ടി - ഇത്രയുമാണ് സൗകര്യങ്ങള്‍. മൂന്നുമാസത്തിലൊരിക്കല്‍ ഒരു സന്ദര്‍ശകനെ മുപ്പതുമിനിറ്റുനേരം കാണാം. നാലുമാസത്തിലൊരിക്കല്‍ ഒരു കത്തെഴുതാം. തടവുകാരില്‍ ചിലര്‍ക്ക് അവരുടെ ഭാര്യമാരുടെ പേരില്‍ ചിലപ്പോള്‍ കത്തുകള്‍ കിട്ടിയിരുന്നു: "നിങ്ങളിനി ഒരിക്കലും പുറത്തിവരികയില്ലല്ലോ. കുട്ടികളെ നോക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് ഞാന്‍ വേറെ വിവാഹം കഴിക്കുന്നു." ജയില്‍പുള്ളികളെ മാനസികമായി തകര്‍ക്കാനുള്ള ജയിലര്‍മാരുടെ കൗശലങ്ങളായിരുന്നു അവയില്‍ മിക്കവയും. എല്ലാ ദിവസവും ചുണ്ണാമ്പുകല്ലിന്‍റെ മടയില്‍ തടവുപുള്ളികള്‍ക്കു കഠിനജോലിയുണ്ട്. വെളുത്ത പാറയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം ഏറ്റേറ്റ് മണ്ടേലയുടെ കാഴ്ച മങ്ങിപ്പോയി. പൊടി ശ്വസിച്ച് ശ്വസിച്ച് ക്ഷയം പിടിച്ചു. അങ്ങനെ ഇരുപത്തേഴു വര്‍ഷങ്ങള്‍.


മണ്ടേലയെ തുറുങ്കിലേക്കു തള്ളിയിട്ടത് കറുത്തവരോട് വെറുപ്പും നിന്ദയും മാത്രമുള്ള ഒരു ഭരണകൂടം. എന്നാല്‍ തുറുങ്കില്‍നിന്നു പുറത്തുവന്നതോ ആരോടും പകയോ അവജ്ഞയോ ഇല്ലാത്ത ഒരു മനുഷ്യന്‍. വെറുപ്പിനും ദ്വേഷത്തിനും തന്നെ വിട്ടുകൊടുക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തതുപോലെ. ജയിലര്‍മാരെപോലും അദ്ദേഹം ചിരിച്ചുകാണിച്ചു. എത്ര വലിയ ആത്മസംഘര്‍ഷങ്ങള്‍ക്കും ആന്തരികമായി നടത്തിയ നീണ്ടയാത്രകള്‍ക്കുമൊടുക്കമായിരിക്കണം ആ പ്രശാന്തമായ തീരത്ത് അദ്ദേഹം എത്തിയത്. നമ്മുടെയൊക്കെ സങ്കീര്‍ണ്ണമായ മതാത്മകജീവിതം ഒന്നും കൂടാതെയാണ് അദ്ദേഹം ഔന്നത്യത്തിന്‍റെ പടവുകള്‍ താണ്ടിയത്. പറയുടെ കീഴിലും ജ്വലിച്ചുനിന്നു ആ ദീപം.


***


"അനേകനാളുകളായി നാം ഏറ്റുകൊണ്ടിരുന്ന, എല്ലാ സീമകളേയും ലംഘിച്ച ക്രൂരതയുടെ അനുഭവത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട് മാനവരാശിയാകമാനം അഭിമാനിക്കുന്ന ഒരു സമൂഹമായി നാം ഉയിര്‍കൊള്ളണം." പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടയുടനെ മണ്ടേല പറഞ്ഞ വാക്കുകളാണിത്. താന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് കറുത്തവന്‍റെ മാത്രം വിജയമാകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടാണ് തന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ തന്‍റെ ജയിലറെ പ്രത്യേകമായി അദ്ദേഹം ക്ഷണിച്ചുവരുത്തിയത്.


ദക്ഷിണാഫ്രിക്കയെ കറുത്തവന്‍റെയും വെളുത്തവന്‍റെയും നാടാക്കുക - ഇതായിരുന്നു മണ്ടേലയുടെ സ്വപ്നം. ജയില്‍പുള്ളി മാത്രമല്ല, ജയിലറും വിമോചിതനാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ധ്രൂവീകരണത്തിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അദ്ദേഹം സമന്വയത്തിന്‍റെയും സമവായത്തിന്‍റെയും മാര്‍ഗ്ഗമവലംബിച്ചു. തന്‍റെ വൈസ് പ്രസിഡന്‍റുമാരായി, തന്‍റെ പാര്‍ട്ടിക്കെതിരായി പോരാടിയ, വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു: വെള്ളക്കാരനായ ഡി ക്ലാര്‍ക്കും കറുത്തവനായ മംഗോസുതു ബുത്തലേസിയും.


സ്വാതന്ത്ര്യാനന്തര ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോഴാണ് മണ്ടേല നേടിയെടുത്തത് എന്തെന്നു നമുക്കു കൂടുതല്‍ വ്യക്തമാകുക. നെഹ്റു ഭരിച്ചു തുടങ്ങി അഞ്ചുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഇവിടെ വിഭാഗീയത രൂക്ഷമായിത്തുടങ്ങി. അധഃകൃതരുടെ പല ആവശ്യങ്ങളും നേടിയെടുക്കാനാവാതെ പോയതിനാല്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ദലിത് ഇന്ത്യയും ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തോടെ ഹിന്ദു ഇന്ത്യയും കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഷെയഖ് അബ്ദുള്ളയെ പുറത്താക്കിയതോടെ മുസ്ലീം ഇന്ത്യയും ഭിന്നധ്രുവങ്ങളിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു. സമകാലീന ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മിലുള്ള അകലം വര്‍ദ്ധമാനമാകുന്നുണ്ടല്ലോ. ഇത്തരത്തില്‍ വല്ലാതെ ശൈഥില്യം ബാധിക്കേണ്ടതായിരുന്നു ദക്ഷിണാഫ്രിക്കയേയും. അതു സംഭവിക്കാതെ പോയത് മണ്ടേല എന്ന നേതാവു നിമിത്തം മാത്രമാണ്.


***


മഹാത്മാക്കളെ അതിമാനുഷരാക്കുന്നതാണു അവരോടു നമുക്കു ചെയ്യാവുന്ന ഒരപരാധം. മണ്ടേല വിശുദ്ധനായിരുന്നില്ല; പകരം പച്ചമനുഷ്യനായിരുന്നു. നിറങ്ങളേറെയുള്ള ഉടുപ്പുകള്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. നന്നായി നൃത്തം ചെയ്തു. എണ്‍പതാം വയസ്സില്‍ പുനര്‍വിവാഹം ചെയ്തു. തന്‍റെ മകന്‍ എയിഡ്സ് ബാധിച്ചു മരിച്ചപ്പോള്‍, അതു ബി. ബി. സിയിലൂടെ ലോകത്തോടു മുഴുവന്‍ പറഞ്ഞു. 2001 സെപ്തം. 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പേരില്‍ മുസ്ലീമുകളെ ഒന്നടങ്കം അദ്ദേഹം കുറ്റപ്പെടുത്തി; പിന്നീട് അതിന്‍റെ പേരില്‍ മാപ്പു ചോദിച്ചു. "കരയാന്‍ അനുവദിക്കാത്ത ജ്ഞാനത്തില്‍നിന്നും ചിരിക്കാന്‍ അനുവദിക്കാത്ത തത്ത്വശാസ്ത്രത്തില്‍നിന്നും കുഞ്ഞിന്‍റെ മുമ്പില്‍ തല കുമ്പിടാന്‍ അനുവദിക്കാത്ത മഹത്വത്തില്‍നിന്നും എന്നെ കാത്തുകൊള്ളണമേ" എന്ന ഖലീല്‍ ജീബ്രാന്‍റെ പ്രാര്‍ത്ഥന മണ്ടേലയുടേതുമായിരിക്കണം.


മണ്ടേല, ഈ കേരളത്തിലിരുന്ന് ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു. ഞങ്ങളുടെ കാലത്തെ ദീപ്തമാക്കിയതിനു നന്ദി. വെറുക്കാന്‍ ഏറെ കാരണങ്ങളുണ്ടായിട്ടും സ്നേഹിക്കാന്‍ താങ്കള്‍ ചില കാരണങ്ങള്‍ ചികഞ്ഞെടുത്തു. കഠിനഭാവത്തോടെ നില്‍ക്കാമായിരുന്നിട്ടും താങ്കള്‍ ചിരിച്ചുകൊണ്ടേയിരുന്നു. ഞങ്ങളോടൊപ്പം നടന്നു ഞങ്ങള്‍ക്കു വഴികാട്ടിയതിനു മണ്ടേല, താങ്കള്‍ക്കു നന്ദി.

Featured Posts