ഫാ. മിഥുന് ജെ. ഫ്രാന്സിസ് എസ്. ജെ.
Oct 4
പ്രബുദ്ധമായിരുന്ന ഒരു കാര്‍ഷികസംസ്കാരവും കാര്‍ഷിക ആഭിമുഖ്യവും അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ജീവിതശൈലികളില്‍ വന്ന മാറ്റവും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. കാര്‍ഷികമേഖല ഇപ്പോള്‍ പ്രായോഗികതലത്തില്‍ എന്നതിനുമപ്പുറം നഷ്ടക്കച്ചവടം എന്ന രീതിയിലാണ് നാം കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രാദേശിക-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും മറ്റ് സാമൂഹിക-സാംസ്കാരിക-മത സംഘടനകള്‍ക്കും പ്രായോഗികതലത്തിലേയ്ക്ക് കൃഷിയെ എത്തിക്കാനും മികവുറ്റതാക്കാനും സാധിക്കുന്ന തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തുകയാണെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ വലിയ കാര്‍ഷിക ആഭിമുഖ്യം ജനങ്ങളില്‍ വളര്‍ത്തും. 2005ല്‍ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി ഏറെ മികച്ചരീതിയിലാണ് ഇപ്പോഴും തുടരുന്നത്. അതിനാല്‍ ഇത്തരം കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണം.
1. സ്വന്തമായി ഭൂമിയുള്ളവരും ഇല്ലാത്തവരുമായ കര്‍ഷകര്‍ നേട്ടമില്ലാത്തതിനാല്‍ കൂലികൊടുത്ത് പണിയിപ്പിക്കുന്നതിന് മുതിരാറില്ല. ആയതിനാല്‍ ധാരാളം നിലം തരിശുനിലമായും മിച്ചഭൂമിയായും അവശേഷിക്കുന്നു. കര്‍ഷകസംഘങ്ങളും മററും രൂപീകരിച്ച് ഇത്തരം നിലങ്ങളില്‍ പച്ചക്കറികൃഷി, ഹ്രസ്വകാല വിളകള്‍ ഇവ കൃഷി ചെയ്യണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കു മിനിമം 100 ദിവസത്തെ വേതനവും ലഭ്യമാക്കണം. കൃഷിവകുപ്പ് ഉദ്യോഗസ്ഥരടക്കം കര്‍ഷകരോട് നേരിട്ട് സംവദിച്ച് ഇവയെ പ്രോത്സാഹിപ്പിക്കണം. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം നടത്താന്‍ സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങളുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണം. ഗുണമേന്മ ഉറപ്പാക്കിയുള്ള കാര്‍ഷികവിഭവങ്ങളുടെ വിപണനത്തിനായി ഉപഭോക്താവിന്‍റെ വിശ്വാസം നേടാന്‍ തക്ക വിപണനതന്ത്രങ്ങളും ഉപയോഗിക്കണം. മികച്ച ഉത്പന്നങ്ങള്‍ എന്തു വിലകൊടുത്തും ഉപഭോക്താവ് വാങ്ങും.
2. പാലും പാലുല്‍പ്പന്നങ്ങളും കേരളത്തില്‍ ദൗര്‍ലഭ്യം നേരിടുന്ന വസ്തുക്കളാണ്. കേരളത്തിനു പുറത്തുനിന്നുമാണ് ഇത്തരം ഉത്പന്നങ്ങള്‍ നമ്മുടെ നാട്ടിലെത്തുന്നത്. സാധാരണ ഗതിയില്‍ ഒരു പശുവിനെ വളര്‍ത്തുന്ന വീട്ടമ്മയ്ക്ക് ഒന്നിനെക്കൂടെ വളര്‍ത്തുന്നതില്‍ സമയനഷ്ടമൊന്നും ഉണ്ടാകാറില്ല. സാമ്പത്തിക മേഖല ഒരു പ്രശ്നമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ പശുവളര്‍ത്തല്‍ പോലുള്ള കാര്യങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ സബ്സിഡി നല്‍കി, ഇവ ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം. പിന്നീട് പാല്‍ സംഭരിക്കുകയും ഒപ്പം, പുല്‍കൃഷിക്കും മറ്റും സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യണം. ഇവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പിച്ച് കൂലി നല്‍കേണ്ടതാണ്. പാലിനും ഇതരഉല്‍പന്നങ്ങള്‍ക്കും കര്‍ഷകര്‍ വില നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാക്കണം.
3. നാണ്യവിളകളില്‍ നിന്ന് കാര്‍ഷികവിളകളിലേക്ക് ശ്രദ്ധ നല്കണം. ഇവയെക്കുറിച്ച് വ്യക്തവും വിശദവുമായ പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. തേങ്ങ, മഞ്ഞള്‍, ചക്ക, കൂവ മുതലായ പ്രാദേശിക കാര്‍ഷികവിഭവങ്ങള്‍ക്ക് കൃത്യമായ മാര്‍ക്കറ്റിംഗ് ഉണ്ടാകണം. ഇത്തരത്തില്‍ കേരളത്തിന്‍റെ തനതു ഭക്ഷ്യസംസ്കാരം തിരികെ കൊണ്ടുവരാനാകും. പ്രാദേശിക വിഭവങ്ങളില്‍ നിന്ന് വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ച് പലയിടങ്ങളിലും വിജയകരമായി വിപണനം നടത്തുന്നുണ്ട്.
4. വിദ്യാഭ്യാസ മേഖലയില്‍ കൃഷിയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്ന് നല്‍കേണ്ടത് ആവശ്യമാണ്. 5-9വരെയുള്ള ക്ലാസ്സുകളില്‍ കൃഷിപാഠങ്ങള്‍ സിലബസിന്‍റെ ഭാഗമാക്കുകയും ആഴ്ചയില്‍ ഒരു മണിക്കൂര്‍ കൃഷിക്കായി കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതിന് ഗ്രേസ് മാര്‍ക്കും നല്‍കാവുന്നതാണ്. കൃഷിശാസ്ത്രം ഒരു പഠനവിഷയമാക്കണം.
5. അസ്സീസിയുടെ വായനക്കാരില്‍ കൂടുതല്‍ പേരും ക്രിസ്ത്യാനികളാണ്. കൃഷി, സുസ്ഥിര ആരോഗ്യം ഇവയ്ക്ക് ആരും പ്രാധാന്യം കൊടുക്കാറുമില്ല. എന്നാല്‍ ആത്മീയതയില്‍ മാത്രം ഒതുക്കാതെ ധ്യാനങ്ങള്‍ പോലുള്ള പരിപാടികളില്‍ ജനങ്ങളോട് നേരിട്ട് സംവദിച്ച് കൃഷി, ആരോഗ്യകരമായ കൃഷിരീതികള്‍, അവയുടെ വളര്‍ച്ച ഇവയെക്കുറിച്ച് സംവദിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. ആത്മീയത നല്ല ആരോഗ്യത്തിന്‍റെ ഭാഗമാണെന്ന് കൂടെ നാം പഠിപ്പിക്കണം.