top of page

മടുപ്പ്

Mar 1, 2010

2 min read

Image of a woman being harassed in public
Image of a woman being harassed in public

എന്നാണ് ആകുലതകളും വ്യാകുലതകളും ഇല്ലാതെ പ്രഭാതത്തിന്‍റെ നൈര്‍മല്യത്തിലേക്ക് ഉണരാന്‍ കഴിയുന്നത്?

ഇന്നു വല്ലാത്ത തിരക്കാണ് ബസില്‍. വിയര്‍ത്തൊലിച്ച് തിങ്ങിഞെരുങ്ങി നില്ക്കുന്നതിനിടെ എവിടെ നിന്നൊക്കെയോ നീളുന്ന കൈകളെയാണ് എന്നും ഭയം. കാലുകള്‍ പോലും ശരിക്കു നിലത്തുറയ്ക്കാതെ നില്ക്കുന്നതിനിടെ ഈ തോണ്ടലുകള്‍ക്കെതിരെ ആരോട് പ്രതികരിക്കാന്‍! ഉടമസ്ഥരില്ലാത്ത കൈകളാണവ. അപമാനം കടിച്ചിറക്കുകയേ നിവൃത്തിയുള്ളൂ. ഓഫീസിനടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍തന്നെ അഞ്ചു മിനിറ്റ് താമസിച്ചിരുന്നു. ഇന്ന് മാനേജരുടെ കഴുകന്‍ കണ്ണുകള്‍ക്കു മുമ്പില്‍ ചൂളി നില്ക്കേണ്ടി വരും. പരിഹാസച്ചുവയുള്ള ശകാരവാക്കുകള്‍ക്കുശേഷം ഒരു ഔദാര്യമായി നീട്ടിത്തരുന്ന ഹാജര്‍ബുക്ക് ഒപ്പിടുമ്പോള്‍ കൈ വിറയ്ക്കും. അളന്നു മുറിക്കുന്ന നോട്ടങ്ങളും പരിഹാസദ്യോതകമായ ചിരികളും നേരിടുമ്പോള്‍ പുഴുവിനെക്കാള്‍ നികൃഷ്ടമായൊരു ജീവിയെന്ന് സ്വയം തോന്നിപ്പോകും. ഉച്ചഭക്ഷണസമയത്തെ സൗഹൃദക്കൂട്ടായ്മയാണ് ആകെയുള്ള സന്തോഷം. ചില നല്ല സൗഹൃദങ്ങള്‍ എതിര്‍ലിംഗത്തില്‍പെട്ടവരോടായിപ്പോയതിനാല്‍ പഴികളും കുത്തുവാക്കുകളും ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കേണ്ടി വന്നിട്ടും അവയൊന്നും ഉപേക്ഷിക്കാന്‍ കഴിയുന്നില്ല - ചിരിക്കാനും ജീവിച്ചിരിക്കുന്നുവെന്നതിനു തെളിവായി വല്ലപ്പോഴും അത്ഭുതപ്പെടാനും സൗഹൃദത്തിനര്‍ഹതന്നെയെന്ന് സ്വയം വിശ്വസിപ്പിക്കാനും വേണ്ടിമാത്രം. പിന്നെയുള്ളത് പതിവു തിരക്കുകള്‍- പരാതികള്‍, ആവശ്യങ്ങള്‍, അന്ത്യശാസനങ്ങള്‍. ഫയലുകളുടെ ഈ കൂമ്പാരങ്ങള്‍ കാണുമ്പോള്‍ അടുക്കള സിങ്കിലെ പാത്രങ്ങള്‍ ഓര്‍മ്മവരും. കഴുകിയാലും കഴുകിയാലും തീരാതെ കുമിഞ്ഞുകൂടുന്ന പാത്രങ്ങള്‍! സ്വയം തിരുത്താനും ശ്രമിക്കും - ജീവിതത്തോടൊപ്പം ചിന്തകള്‍ പോലും അടുക്കളവട്ടങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടിപ്പോകുന്നതിലെ ദയനീയതയോര്‍ത്ത്!

******

ജോലി തീര്‍ത്ത് ഇറങ്ങിയപ്പോഴേയ്ക്കും പതിവു ബസ്സ് പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി 20 മിനിറ്റെങ്കിലും കാത്തു നില്ക്കണം. വൈകും എന്ന് വീട്ടിലറിയിക്കണം. ബാഗില്‍ പരതി. സെല്‍ഫോണ്‍ എടുക്കാന്‍ മറന്നിരിക്കുന്നു. മറന്നു എന്നു പറയാനും വയ്യ. എന്തോ ആവശ്യത്തിനെന്നോണം അദ്ദേഹം ബാഗ് തുറന്ന് ഫോണെടുക്കുന്നതും വിളിച്ചതും വന്നതുമായ കോളുകളും സമയവും എല്ലാം പരിശോധിക്കുന്നതും ഇന്നലെ വൈകുന്നേരം എപ്പോഴോ കണ്ടിരുന്നു. അതൊരു പതിവുശീലമായതിനാല്‍ നിസ്സംഗതയോടെ കടന്നുപോയി. തിരിച്ചു വയ്ക്കാന്‍ മറന്നുപോയിരിക്കും. സ്വന്തമെന്നോ സ്വകാര്യതയെന്നോ ഒന്നിനെക്കുറിച്ചും അവകാശപ്പെടാനുള്ള ശബ്ദം എന്നേ നഷ്ടപ്പെട്ടുപോയി! പ്രധാനം കുടുംബം എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പ്രാരാബ്ധക്കൂടിന്‍റെ ഭദ്രതയാണ്. ആ ഭദ്രതയുടെ കാതല്‍ അനുസരണയും വഴങ്ങലുകളും എല്ലാ കയ്പും വിഴുങ്ങലുമാകുമ്പോള്‍ നഷ്ടപ്പെടുന്ന വ്യക്തിത്വത്തെക്കുറിച്ച് ആരോര്‍ക്കുന്നു? ചെന്നിട്ട് ചെയ്തു തീര്‍ക്കേണ്ട പണികളോര്‍ത്താണ് ഇപ്പോള്‍ വേവലാതി. വസ്ത്രങ്ങള്‍ കഴുകണം, കുഞ്ഞുങ്ങളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കണം, രാത്രിഭക്ഷണം തയ്യാറാകണം, പിറ്റേന്നത്തേയ്ക്കുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിടണം - വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന പതിവുകള്‍. എന്നിട്ടും ഓരോ ദിവസവും പിരിമുറുക്കമാണ്- ഇതെല്ലാം എങ്ങനെ ചെയ്തു തീര്‍ക്കും എന്നോര്‍ത്ത്. ഇതിനിടയില്‍ നഷ്ടപ്പെട്ടുപോകുന്നത് സന്ധ്യയുടെ നിറങ്ങളും പ്രശാന്തതയുമാണ്, ആകാശവും നിലാവും നക്ഷത്രങ്ങളുമാണ്, ശാന്തമായൊരു മനസ്സാണ്. ഈ നഷ്ടങ്ങള്‍ക്കു പകരം പരലോകത്ത് കിട്ടിയേക്കാവുന്ന എന്തു സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ ത്താണ് സന്തോഷിക്കേണ്ടത്?

******

എല്ലാവരും അത്താഴം കഴിഞ്ഞ് പോയിരിക്കുന്നു. പാത്രങ്ങള്‍ കഴുകി തീര്‍ന്നിട്ടില്ല. അദ്ദേഹം ഊണു കഴിച്ചുപോയിട്ട് കുറെസമയം ആയിരിക്കുന്നു. ബാക്കി ജോലികള്‍ നാളത്തേയ്ക്കു മാറ്റി വയ്ക്കാതെ പറ്റില്ല. അദ്ദേഹം കാത്തിരുന്നു മുഷിയരുതല്ലോ. പ്രത്യേകിച്ച് ചടങ്ങുകളൊക്കെ കൃത്യമായിരിക്കണമെന്ന് നിര്‍ബ്ബന്ധമുള്ളയാള്‍ക്ക്! പണിയൊക്കെ തീര്‍ത്ത് പത്രം വായിക്കണമെന്നു വിചാരിച്ചതാണ്. ഇനി അതും നടക്കില്ല. ഇന്നെന്നു മാത്രമല്ല, ഒരിക്കലുംതന്നെ അതു സാധിക്കാറില്ല. ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഉത്തമഭാര്യയുടെ നിലഘണ്ടുവില്‍ പത്രം വായനയ്ക്കു സ്ഥാനമെവിടെ? വേണ്ടെന്നു വയ്ക്കാന്‍ കഴിയുന്നത് സ്വന്തമായ ഇത്തരം കൊച്ചുകൊച്ച് ഇഷ്ടങ്ങളേയുള്ളൂ. ബാക്കിയെല്ലാം കടമകളും ചുമതലകളുമാണ്. ചെയ്തു തീര്‍ത്തേ മതിയാവൂ. ഈശ്വരാ... കിടപ്പറയിലേയ്ക്കു പോകുന്നതോര്‍ക്കുമ്പോഴേ നെഞ്ചിടിക്കും. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മടുപ്പുകളും ആത്മാഭിമാനം തന്നെയും മാറ്റിവച്ച് വഴങ്ങി കൊടുക്കുക. സന്തോഷിക്കുക തന്നെയാണെന്ന് അഭിനയിക്കുക. അവസാനം യാഥാര്‍ത്ഥ്യമേത്, അഭിനയമേത് എന്ന് തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു. എതിര്‍പ്പോ മടുപ്പോ വെറുപ്പോ ഇല്ലാതെ എപ്പോഴും സന്തോഷം തന്നെ. കയ്പു നിറഞ്ഞ് വിങ്ങുന്ന മനസ്സില്‍ പണ്ടന്നോ വായിച്ച മാധവിക്കുട്ടിയുടെ ഒരു വാചകം മാത്രം ആവര്‍ത്തിച്ചു മുഴങ്ങും, "ശവശരീരം എലികള്‍ കരണ്ടാല്‍ അതിന് എന്ത് നഷ്ടപ്പെടാനാണ്.!"

******

നാളെ പതിവിലും നേരത്തെ ഉണരണം, സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹമാണ്. നിശ്ചയം കഴിഞ്ഞപ്പോള്‍തന്നെ ക്ഷണിച്ചതാണ്. ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒഴിവാക്കാന്‍ നോക്കിയത് താത്പര്യമില്ലാഞ്ഞിട്ടല്ല. അങ്ങനെയൊരു യാത്രയുടെ മുന്നൊരുക്കങ്ങള്‍ അത്രമാത്രം സങ്കീര്‍ണ്ണമായതിനാലാണ്. എത്രയോ ദിവസം കെഞ്ചി കേണപേക്ഷിച്ചിട്ടാണ് പോകാനുള്ള സമ്മതം മൂളാന്‍മാത്രം പ്രസാദിച്ചതെന്നോര്‍ക്കുമ്പോള്‍ സ്വയം അവജ്ഞതോന്നും. 'മൂഡു'ള്ള ദിവസങ്ങള്‍ നോക്കി, പലപ്പോഴും ശരീരത്തെയും ഒരു വില്പനച്ചരക്കായി താഴ്ത്തി, ആത്മാഭിമാനവും മാറ്റിവച്ച് നേടിയെടുക്കേണ്ടുന്ന സമ്മതങ്ങള്‍ കൊണ്ടെത്തിക്കുന്നത് അസംതൃപ്തിയുടെയും അവിശ്വാസത്തിന്‍റെ അവമതിയുടെയും പടുകുഴിഴിയിലാണ്. സമ്മതം നേടിയാല്‍ പിന്നെ കാത്തിരിക്കുന്നത് എത്ര തീര്‍ത്താലും തീരാത്തത്ര ചുമതലകളാണ്. ഒരു ദിവസത്തേയ്ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായത്രയും ഭക്ഷണമുണ്ടാക്കി പ്രത്യേകം മാറ്റി മാറ്റി വച്ച്, ഓരോന്നും കാട്ടിക്കൊടുത്ത്, പറഞ്ഞേല്പിച്ച്, മറ്റെല്ലാം വീട്ടുജോലികളും തീര്‍ത്ത് പോകാനിറങ്ങുമ്പോഴേയ്ക്കും ഒരു ദിവസത്തിന്‍റെ മുഴുവന്‍ ക്ഷീണവും മടുപ്പും ശരീരത്തെ കീഴടക്കാന്‍ തുടങ്ങും. പക്ഷെ അതു വയ്യല്ലോ. സമൂഹത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ സന്തോഷവതിയും സംതൃപ്തയുമായി കാണപ്പെടണം. മടുപ്പിന്‍റെ ലാഞ്ഛനപോലും കണ്ണുകളിലോ ശരീരഭാഷയിലോ ഉണ്ടാകരുത്. സര്‍വ്വശക്തിയുമുപയോഗിച്ച് ഓരോ നിമിഷവും പ്രയത്നിച്ചാണ് മനസ്സും ശരീരവും തളരാതെ ഈ അഭിനയം തുടരുന്നത്. തിരിച്ചെത്തുന്നതോ ഒരു ദിവസത്തിന്‍റെ മുഴുവന്‍ ദുര്‍ഗ്ഗന്ധവും നിറഞ്ഞ അടുക്കളയിലേയ്ക്ക്, അലങ്കോലമായ മുറികളിലേയ്ക്ക്, അവിടെയുമിവിടെയും വലിച്ചെറിയപ്പെട്ട വിഴുപ്പുതുണികളിലേയ്ക്ക്, ഒന്നു കിടക്കാന്‍ കഴിയും മുമ്പ് ചെയ്തു തീര്‍ക്കേണ്ട നൂറുകൂട്ടം കുടുംബ ജോലികളിലേയ്ക്ക്, ഇഷ്ടപ്പെടായ്ക കനത്തു നില്ക്കുന്ന മുഖങ്ങളിലേയ്ക്ക്, എന്താ താമസിച്ചത് എപ്പോഴാ പരിപാടി കഴിഞ്ഞത് എന്നിങ്ങനെ അതൃപ്തി മുറ്റിയ ചോദ്യങ്ങളിലേയ്ക്ക്, ഒടുവില്‍ ഉദ്ദിഷ്ടകാര്യം സാധിച്ചു തന്നതിനുള്ള ഉപകാരസ്മരണയായി എങ്ങനെയും വഴങ്ങിക്കൊടുക്കുന്ന ശരീരത്തിന്‍റെ നിശ്ശബ്ദ നിലവിളികളിലേയ്ക്ക്....


*****

Featured Posts