top of page

പുസ്തകത്താളുകളില്‍ നിന്ന് പറന്നുപോകുന്ന പക്ഷികള്‍

Sep 1, 2012

4 min read

ബവ
Birds flying away from a book image.

എന്നാണ് ഞാന്‍ പുസ്തകങ്ങളുമായി പ്രണയത്തിലായതെന്ന് അറിഞ്ഞുകൂടാ. ഓര്‍മ്മയിലെ ആദ്യ പുസ്തകം അമ്മ എനിക്കായി വായിച്ചുതന്ന, പിന്നീട് ഞാന്‍ പലയാവൃത്തി വായിച്ച, 'വിക്രമാദിത്യ കഥകളാണ്'. ഞാന്‍ ആദ്യം വായിച്ച ഇംഗ്ലീഷ് നോവല്‍ നാലോ അഞ്ചോ ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വായിച്ച അഗത്ത ക്രിസ്റ്റിയുടെ 'പത്ത് കൊച്ചു കറുമ്പന്മാരും' (Ten little Niggers). ആ പുസ്തകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്നെ രോമാഞ്ചഭരിതനാക്കുന്നു.

നിങ്ങളുടെ മാതാപിതാക്കള്‍ പുസ്തകങ്ങള്‍ വായിക്കുന്നവരും ശേഖരിക്കുന്നവരുമാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍! എന്നാല്‍ കുഞ്ഞുങ്ങള്‍ ആ ശീലം മാതാപിതാക്കന്മാരില്‍ നിന്ന് സ്വായത്തമാക്കിക്കൊള്ളണമെന്നില്ല. ചില കുഞ്ഞുങ്ങള്‍ ആ ശീലത്തെ ആവേശപൂര്‍വ്വം ഉള്‍ക്കൊള്ളുന്നു, ചിലരാകട്ടെ അതില്‍ തത്പരരല്ല. പ്രകൃത്യാതന്നെ ഒരാള്‍ അന്തര്‍മുഖിയും അല്പം ഏകാകിയുമായിരിക്കുന്നത് വായനയുടെ മനുഷ്യനായി രൂപപ്പെടുത്തുന്നതില്‍ സഹായകരമാണ്. ഞാന്‍ ചെറുപ്പത്തില്‍ പ്രസരിപ്പുള്ള വാചകനിപുണനായ ഒരു കുട്ടി ആയിരുന്നില്ല. അതേ സമയം എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊപ്പം ഞാന്‍ ഫുട്ബോളും ബാറ്റ്മിന്‍റനും കളിച്ചിരുന്നു. അപ്പായുടെ ജോലിമാറ്റത്തോടൊപ്പമുള്ള ഞങ്ങളുടെ താമസംമാറ്റം എന്‍റെ സ്കൂള്‍ ജീവിതം കേരളത്തിന്‍റെ പല ഭാഗത്തുള്ള ആറ് സ്കൂളുകളിലായി പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ടാക്കി. അസ്ഥിരമായ താമസസ്ഥലങ്ങള്‍ അസ്ഥിരമായ ഒരു മനസ്സുകൂടി എനിക്ക് സമ്മാനിച്ചു. അരക്ഷിതത്വത്തില്‍ എനിക്ക് സുരക്ഷിതത്വവും സൗഹൃദവും നല്കിയത് എന്‍റെ പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങളുടേത് ഒരു മാന്ത്രിക ലോകമാണ്; ഓരോ വായനയും ആലീസിന്‍റെ മാന്ത്രികക്കണ്ണാടിപ്പൂന്തോട്ടത്തിലേക്കുള്ള ഒരു യാത്രയായി മാറി. വായന സുഖദായകവും സൗമ്യവുമായിത്തീരാന്‍ നമുക്കാവശ്യം അല്പം ഭാവനയും വിട്ടുനില്ക്കാനുള്ള അല്പം നൈപുണ്യവുമാണ്.

കൗമാരക്കാലത്ത് വല്ലപ്പോഴും പുസ്തകങ്ങള്‍ വാങ്ങിയിരുന്നത് അമ്മയുടെ പേഴ്സില്‍ നിന്ന് അടിച്ച് മാറ്റിയ കൊച്ചു തുകകള്‍ കൊണ്ടോ, സൂക്ഷിച്ചുവെച്ച പോക്കറ്റ് മണി കൊണ്ടോ ആയിരുന്നു. ജോലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്, എന്‍റെ വലിയൊരാവേശമായിത്തീര്‍ന്നു. ഞാന്‍ പുസ്തക വില്പനക്കാരെക്കുറിച്ച് അസൂയാലുവാകുമായിരുന്നു - പുസ്തകങ്ങളുടെ ഇടയില്‍ ജീവിക്കുക എത്ര ഭാഗ്യം! ഒരിക്കല്‍ പുസ്തകശാല സൂക്ഷിപ്പുകാരനാകാനുള്ള ഒരു പരീക്ഷ ഞാന്‍ എഴുതിയതാണ്, പക്ഷേ പ്രവേശന പരീക്ഷ എനിക്ക് വിജയിക്കാനായില്ല. പുസ്തകപ്രേമികള്‍ക്ക് വായനശാലകളുടെ നഗരമായ തിരുവനന്തപുരം ഒരു സ്വര്‍ഗ്ഗമാണ്. (അവിടെ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ സുന്ദരിയായ വായനശാലസൂക്ഷിപ്പുകാരിയുടെ സാന്നിധ്യം പോലെ ചില അഡീഷ്ണല്‍ നേട്ടങ്ങളുമുണ്ട്).

കഴിഞ്ഞ 50 വര്‍ഷമായി പുസ്തകങ്ങളുടെ ലോകവുമായുള്ള എന്‍റെ ബന്ധത്തില്‍ അത്യാധുനികമായി ശീതികരിച്ച പുസ്തകശാല മുതല്‍ വഴിവക്കിലെ പുസ്തകക്കച്ചവടക്കാരനെവരെ ഞാനോര്‍മ്മിക്കുന്നു. പുറംചട്ടയേക്കാള്‍ കൂടുതല്‍ ഉള്‍ക്കാമ്പിനെ വിലമതിക്കുന്നതിനാലാകാം അവയെല്ലാം എനിക്ക് ഒരേപോലെ മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ: ചിലപ്പോള്‍ ചവറ്റുകുട്ടയില്‍ മുത്ത് കണ്ടെത്തുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകക്കച്ചവടക്കാരില്‍ ഏറെപ്പേരും വെറും കച്ചവടക്കാര്‍ മാത്രമായതുകൊണ്ട് അവരില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ പുസ്തകങ്ങള്‍ വാങ്ങാനെത്തുന്നവരുമായി പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം പങ്കുവച്ചിരുന്നുള്ളൂ. അവരില്‍ ഒരിക്കലും എനിക്ക് മറക്കാനാവാത്ത ഒരാളാണ് ബാംഗ്ലൂര്‍ പ്രീമിയര്‍ ബുക്സിലെ ശ്രീ. ഷാന്‍ബാഹ്.

എണ്‍പതുകളില്‍ ഞാന്‍ ബാംഗ്ലൂരില്‍ ഒരു നിത്യസന്ദര്‍ശകനായിരുന്നു. അവിടെ എന്‍റെ വേട്ടയാടല്‍ മുഴുവന്‍ എം. ജി. റോഡിലും അതിന്‍റെ പരിസരങ്ങളിലുമായിരുന്നു. ഷാന്‍ബാഹിന്‍റെ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ബുക്ഷോപ്പില്‍ അവിസ്മരണീയമായ പല സായാഹ്നങ്ങളും പുസ്തകങ്ങളുടെ തീരത്ത് ഞാന്‍ ചെലവഴിച്ചിട്ടുണ്ട്.

ഷാന്‍ബാഹ് കട തുറക്കുമ്പോഴേയ്ക്കും ഇടിച്ച് തിക്കി ഉള്ളില്‍ കയറി സംതൃപ്തിയുടെ നെടുവീര്‍പ്പുയര്‍ത്തുക എന്‍റെ പതിവായിരുന്നു. ബാംഗ്ലൂരില്‍ ഗംഗാറാം, ഹിഗിന്‍ ബോതം പോലുള്ള പ്രമുഖ പുസ്തകക്കച്ചവടക്കാരുണ്ടായിരുന്നെങ്കിലും പ്രീമിയര്‍ ബുക്സിനെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം അവിടുത്തെ പുസ്തകങ്ങളുടെ വിഷയവൈവിധ്യവും ഒരു പുസ്തകശാലയുടെ അന്തരീക്ഷത്തെത്തന്നെ വിമലീകരിച്ച ഷാന്‍ബാഹിന്‍റെ സാന്നിധ്യവുമാണ്.

പുസ്തകം വാങ്ങാനെത്തുന്നവര്‍ക്ക് സുഗമമായി ഒന്ന് തിരിയാനുള്ള ഇടം പോലുമുണ്ടായിരുന്നില്ല പ്രീമിയറില്‍. എന്നിട്ടും അടുക്കും ചിട്ടയുമില്ലാതെ കൂട്ടിവെച്ചിരുന്ന ആ പുസ്തകങ്ങള്‍ക്കിടയിലൂടെ ചുറ്റിത്തിരിയാന്‍ ഞങ്ങള്‍ എത്ര മോഹിച്ചെന്നോ! അക്കാലത്ത് ഷാന്‍ബാഹ് തന്‍റെ അമ്പതുകളുടെ പകുതിയിലായിരുന്നിരിക്കണം. അദ്ദേഹം പുസ്തകശാലയുടെ പ്രവേശനകവാടത്തില്‍ ശാന്തനായി ഇരിക്കുമായിരുന്നു. വിറ്റിരുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിരുന്ന ആളോ അല്ലെങ്കില്‍ അവയെക്കുറിച്ച് അറിവുള്ള ആളോ ആയിരുന്നു അദ്ദേഹം. ഷാന്‍ബാഹിന് തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ഞാന്‍, പുതിയതായി എത്തിയ പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു. അത് ഇന്‍ററര്‍നെറ്റിന്‍റെ വരവിന് മുന്‍പുള്ള കാലമായിരുന്നു. ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍, എന്‍റെ വായനയുടെ താത്പര്യമുള്ള മേഖലകളറിയുന്ന ഷാന്‍ബാഹ്, പെട്ടെന്ന് ഒന്നോ രണ്ടോ പുസ്തകങ്ങള്‍ തപ്പിയെടുത്ത് തന്നിട്ട് പറയും: " ഈ പുസ്തകങ്ങളൊന്ന് നോക്കൂ, താങ്കള്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടേക്കും." ചിലപ്പോള്‍ പുസ്തകങ്ങളുടെ ഉള്ളടക്കം വായിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുമായിരുന്നു. ഒരു നിമിഷത്തെ ചിന്താഭരിതമായ നിശ്ശബ്ദയ്ക്ക് ശേഷം അദ്ദേഹം ഇങ്ങനെ മൊഴിയും: "ഇദ്ദേഹത്തിന് അത് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല." ഒരിക്കല്‍ ഏകദേശം ഒരു മണിക്കൂര്‍ തിരഞ്ഞശേഷം എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളൊന്നും കിട്ടാതെ നിരാശനായി ഞാന്‍ ഈ കാര്യം ഷാന്‍ബാഹിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ: "സാരമില്ല, എത്തേണ്ട സമയത്ത് അവ നിങ്ങളെ തേടിയെത്തും." ഈ സംസാരത്തിനിടയില്‍ ഞാന്‍ ചാരിനിന്നിരുന്ന കറങ്ങുന്ന ബുക്ക് സ്റ്റാന്‍റില്‍ അറിയാതെ കൈതട്ടി പുസ്തകങ്ങളൊക്കെ താഴെ വീണു. ഒരു ക്ഷമാപണം നടത്തിക്കൊണ്ട് പുസ്തകങ്ങള്‍ പെറുക്കിയടുക്കുമ്പോള്‍ അവയ്ക്കിടയില്‍ അതാ എന്നെ തേടിയെത്തിയതുപോലെ ഞാനേറെ ആഗ്രഹിച്ചിരുന്ന പ്രകൃതിയെക്കുറിച്ചുള്ള ഒരു പുസ്തകം!

പ്രീമിയര്‍ ഇന്നില്ല. ഷാന്‍ബാഹ് ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിഞ്ഞൂകൂടാ. തൊണ്ണൂറുകളില്‍ എന്‍റെ സ്ഥിരമായ ബാംഗ്ലൂര്‍ സന്ദര്‍ശനങ്ങള്‍ ഏകദേശം അവസാനിച്ചു. ഇപ്പോള്‍ വല്ലപ്പോഴും തിരക്കുപിടിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് പോയി വരുമ്പോള്‍ പുസ്തകങ്ങളെ തിരയാന്‍ എനിക്കെവിടെ സമയം? ഇന്നു ഞാനെന്‍റെ വീട്ടിലെ പുസ്തകശേഖരം തിരയുമ്പോള്‍ എങ്ങുനിന്നോ ഒരു പുസ്തകം കൈകളിലെത്തുന്നു. താളിന്‍ ചുവട്ടില്‍ ഏതോ ഐതിഹ്യങ്ങളെ ഓര്‍മ്മിപ്പിക്കും കണക്കെ എന്‍റെ വളഞ്ഞുപുളഞ്ഞ ഒപ്പിനടിയില്‍ ഇങ്ങനെ ഒരു കുറിപ്പുമായി പ്രീമിയര്‍, ബാംഗ്ലൂര്‍ --/--/8-. അപ്പോള്‍ മനസ്സില്‍ നിറയുന്നു സാത്വികനായ ഷാന്‍ബാഹിന്‍റെ ശാന്തമായ മുഖം. ഒരിക്കല്‍ക്കൂടി പ്രശാന്തമായ, കുളിരണിഞ്ഞ ബാംഗ്ലൂരിലെ സായാഹ്നങ്ങള്‍ പുനര്‍ജനിക്കുന്നു. എനിക്കിപ്പോള്‍ സ്വര്‍ഗ്ഗം വിദൂരത്തിലല്ല.

എന്‍റെ അഭിനിവേശങ്ങളുടെ വര്‍ണ്ണരാജിയുടെ ഒരു തലയ്ക്കല്‍ പുസ്തകങ്ങളെങ്കില്‍ മറുതല ഹിമാലയമാണ്. ഹിമാലയത്തോടുള്ള അഭിനിവേശം എന്നില്‍ ഒരിക്കലും അവസാനിക്കുന്നില്ല. കുടുംബത്തിന്‍റെ ഉത്തരവാദിത്വവും കെട്ടുപാടുകളുമില്ലായിരുന്നെങ്കില്‍ എത്ര പണ്ടേ ഞാന്‍ ഹിമാലയത്തിന്‍റെ മലകളില്‍ അലഞ്ഞു നടക്കുന്നുണ്ടാവുമായിരുന്നു. ഒഴിയാബാധ പോലെ ചില അഭിനിവേശങ്ങളുണ്ടാകുന്നതിന്‍റെ ഒരു നേട്ടം നിങ്ങളുടെ മനസ്സ് ഏകാഗ്രമാകുന്നു എന്നതാണ്. മുരടിപ്പിന്‍റെ, ലൗകികതയുടെ, അനാവശ്യ ചിന്തകളുടെ തിരക്കിലും മാറാലകളിലുംനിന്ന് മനസ്സ് മോചിതമായി ഒന്നില്‍ മാത്രം കേന്ദ്രീകൃതമാകുന്നു. അല്പസമയത്തേക്കെങ്കിലും ഒരാള്‍ "ദുര്‍ഭഗമായ വര്‍ത്തമാന"ത്തെ മറക്കുന്നു. ഹിമാലയത്തോടുള്ള അഭിനിവേശം എന്നെ ഏകാഗ്രചിത്തനാക്കുന്നു. അടച്ചിട്ട മുറിയുടെ ജാലകപ്പിന്നിലിരുന്ന് നാലുചുമരുകള്‍ക്കുള്ളില്‍ ചുറ്റിത്തിരിയുന്ന വൈദ്യുതപങ്കയുടെ ചൂടുവായുവില്‍ വിമ്മിട്ടപ്പെടുമ്പോഴും വിശാലമായ താഴ്വാരങ്ങളും കുളിരണിയിക്കുന്ന പ്രകൃതിദൃശ്യങ്ങളും മഞ്ഞില്‍പ്പൊതിഞ്ഞ പര്‍വ്വതങ്ങളുടെ ഗരിമയും എന്‍റെ മനക്കണ്ണില്‍ യാഥാര്‍ത്ഥ്യമാകുന്നു - ഹിമാലയ യാത്രകള്‍ എനിക്ക് സമ്മാനിച്ച കാഴ്ചയുടെ ചായക്കൂട്ടുകള്‍! പുസ്തകങ്ങളും മലകളുമാണ് എനിക്ക് അതിജീവിനത്തിനാവശ്യമായ ആത്മീയോര്‍ജ്ജം സമ്മാനിച്ചത്; കോഴിക്കോട് വെച്ചാണ് പുസ്തകങ്ങളും മലകളും ഒരുമിച്ച് ചേര്‍ന്ന് ഒരാളിലേക്ക് എനിക്ക് ഉള്‍ക്കാഴ്ച നല്കിയത്.

ഈ ദിവസങ്ങളില്‍ ഞാനെവിടെപ്പോയാലും ഉപയോഗിച്ച് പഴകിയ പുസ്തകങ്ങള്‍ വില്ക്കുന്ന കടകളാണ് തിരയാറ്. പുതിയ പുസ്തകങ്ങള്‍ക്ക് താങ്ങാനാവാത്ത വിലയാണ്. എന്നാലതിലുപരിയായി, അഴിച്ചുവിട്ട ഒരു വേട്ടപ്പട്ടിയെപ്പോലെ നൂറുകണക്കിന് പുസ്തകങ്ങളുടെ കൂമ്പാരത്തിനിടയിലൂടെ പരതി, അലമാരകളുടെയും പുസ്തകനിരകളുടെയും ഇടയിലൂടെ തിടുക്കത്തില്‍ കണ്ണുകളോടിച്ച് അവസാനം അന്വേഷിച്ചലഞ്ഞതിനെ ചാടിപ്പിടിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖം! പുസ്തകങ്ങളുടെ കാര്യത്തില്‍ ലക്ഷ്യം തെറ്റാത്ത സൂക്ഷ്മ ഘ്രാണിയായ ഒരു വേട്ടപ്പട്ടിയാണ് ഞാന്‍.

കോഴിക്കോട്ടെ പ്രശസ്തമായ പാരഗണ്‍ ഹോട്ടലിനടുത്ത് പഴയ പുസ്തകങ്ങള്‍ വില്ക്കുന്ന ഒരാളുണ്ട് (ഇപ്പോള്‍ അദ്ദേഹം അടുത്ത് ഒരു ചെറിയ മൂലയിലേക്ക് മാറിയിരിക്കുന്നു.). ഞാനദ്ദേഹത്തിന്‍റെ പുസ്തകക്കടയില്‍ ചെന്ന് എന്‍റെ പതിവ് തിരച്ചില്‍ ആരംഭിച്ചു: "ഇവിടെ ഹിമാലയത്തെക്കുറിച്ചുള്ള എന്തെങ്കിലും പുസ്തകങ്ങള്‍... ഫോട്ടോ ശേഖരമോ സഞ്ചാര വിവരണമോ... അങ്ങനെ എന്തെങ്കിലുമുണ്ടോ?' അദ്ദേഹം നേപ്പാളിനെക്കുറിച്ചുള്ള "ഏതാനും പുസ്തകങ്ങള്‍ എനിക്കെടുത്തു തന്നുകൊണ്ടു പറഞ്ഞു: ഏതാനും ചിലത് കൂടി ഉണ്ടായിരുന്നു. വിറ്റുപോയി." അദ്ദേഹം കാണിച്ചു തന്ന മറ്റ് പുസ്തകങ്ങള്‍ എന്‍റെ ശേഖരത്തില്‍ ഉള്ളവയാണ്. "ഞാനന്വേഷിക്കുന്നത് 19-20 നൂറ്റാണ്ടുകളിലെ ഗാര്‍വാള്‍ ഹിമാലയ യാത്രയെക്കുറിച്ചുള്ള പുസ്തകങ്ങളാണ്"

ഞങ്ങള്‍ സാവകാശം ഒരു സംഭാഷണത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അദ്ദേഹത്തോട് ഹിമാലയത്തോടുള്ള എന്‍റെ അഭിനിവേശം പങ്കുവച്ചു. അത്തരം പുസ്തകങ്ങള്‍ എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും എന്നെ അറിയിക്കുമെന്ന് അല്പം ഭവ്യതയോടെ അദ്ദേഹം പറഞ്ഞു. ഒപ്പം അദ്ദേഹം എന്‍റെ ഹിമാലയ യാത്രകളെക്കുറിച്ച് തിരക്കി. ലഡാക്കിലേയ്ക്കുള്ള എന്‍റെ ബൈക്കു യാത്രയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അത്ഭുതത്താല്‍ വികസിക്കുന്നത് ഞാന്‍ കണ്ടു; അദ്ദേഹം ആരാധനയോടെ എന്നെ നോക്കി നിന്നു.

ഞാന്‍ ഒരു പഴയ കവിതാസമാഹാരവും നേപ്പാളിനെക്കുറിച്ചും പാര്‍വ്വതാരോഹണത്തെക്കുറിച്ചുമുള്ള ഏതാനും പുസ്തകങ്ങളും വാങ്ങി പണം കൊടുത്ത് മടങ്ങിപ്പോരാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

'സാറേ, ഞാനും ഒരിക്കല്‍ ഹിമാലയത്തില്‍ പോയിട്ടുണ്ട്."

"എന്ന്?"

"1985 ല്‍ ഒരു ചെറു സംഘത്തിനോടൊപ്പം 3 മാസക്കാലം ഇന്ത്യ മുഴുവന്‍ ചുറ്റി ഒരു തീര്‍ത്ഥാടനം നടത്തുമ്പോള്‍ ഞാന്‍ കേദാര്‍നാഥും ബദരിനാഥും സന്ദര്‍ശിച്ചിട്ടുണ്ട്." ഒന്ന് നിശ്ശബ്ദനായി അദ്ദേഹം തന്‍റെ പുസ്തകങ്ങളുടെ നീണ്ട നിരകളിലേക്ക് അലക്ഷ്യമായൊന്ന് നോക്കി. ആ തെല്ല് ചെരിഞ്ഞ മുഖത്ത്, വിദൂരത്തേയ്ക്ക് പായിച്ച മിഴികളില്‍ അദ്ദേഹം കുതിരക്കുളമ്പടിയേറ്റ ആ മലവഴികളിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കാണുന്നു.

എന്‍റെ ഹൃദയം അദ്ദേഹത്തിലേക്ക് സഞ്ചരിക്കുന്നു. എനിക്ക് ആ കരങ്ങളില്‍ പിടിക്കണം. ഈ മനുഷ്യന്‍ എത്രയോ കാലമായി എനിക്ക് പരിചിതനാണ്!

"നിങ്ങള്‍ പിന്നീട് എപ്പോഴെങ്കിലും പോയിട്ടുണ്ടോ?" ഞാന്‍. അദ്ദേഹം വീണ്ടും നിശ്ശബ്ദനാകുന്നു. എന്നിട്ട് തല കുലുക്കിക്കൊണ്ട് ഇങ്ങനെ പറയുന്നു:

"സാറേ, എനിക്കതിന് കഴിഞ്ഞിരുന്നെങ്കില്‍..., പക്ഷേ എങ്ങനെ, ഈ പുസ്തകങ്ങളും ഒപ്പം, പുലര്‍ത്താന്‍ ഒരു കുടുംബവും പിന്നിലുള്ളപ്പോള്‍.?"

ഒന്ന് നെടുവീര്‍പ്പിട്ട് അദ്ദേഹം വിഷയം മാറ്റി:

"യാത്രകളെക്കുറിച്ച് സാര്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടോ?"

അദ്ദേഹം വിനയാന്വിതനായ ഒരു ശ്രോതാവാകുന്നു... എന്നാല്‍ ആ കൊച്ചു മനുഷ്യന്‍ തന്‍റെ പുസ്തകശാലയെ പിന്നിലുപേക്ഷിച്ച് flyover ലേക്ക് നടന്നു കയറി പാളങ്ങളില്‍ നിന്ന് ചിറകുകള്‍ വിരിച്ച് ഏതോ മലമടക്കുകളെ ലക്ഷ്യമാക്കി സന്ധ്യാകാശത്തിന്‍റെ ഇരുളിമയിലേക്ക് പറന്നകലുന്നത് ഞാന്‍ കാണുന്നു.

ബവ

0

0

Featured Posts