top of page

ഉടലിനപ്പുറം ഉയിരില്ലാത്തവര്‍/വേശ്യാത്തെരുവിലെ ജന്മങ്ങള്‍

Sep 1, 2011

2 min read

ഷസ
Drawing from the darker side of a city.

ചോരച്ചുവപ്പിലൊലിച്ചു പോകുന്ന കുഞ്ഞുമക്കളെ നോക്കി പ്രലപിക്കാതിരിക്കാനാവില്ലല്ലോ എന്നു തിരിച്ചറിഞ്ഞതു റോസ് കാഫ്മാനും സന ബ്രിസ്ക്കിയും ചേര്‍ന്നൊരുക്കിയ 'ബോണ്‍ ഇന്‍റ്റു ബ്രോതല്‍സ്' എന്ന ജീവിതചിത്രം കണ്ടപ്പോഴാണ്. ചുവന്നതെരുവിന്‍റെ ഉള്‍ക്കാഴ്ചകളെ ഷൂട്ട് ചെയ്തെടുത്തതാണ് ഈ ഡോക്യുമെന്‍ററി. റെഡ്ലൈറ്റ് ഡിസ്ട്രിക്റ്റ് എന്ന ചുവന്നതെരുവിലെ അലങ്കോലവും നിര്‍ജ്ജീവവും ഒപ്പം തനി പച്ചയുമായ ഒരു നേര്‍ക്കാഴ്ച. ഗൗറും ശാന്തിയും സുചിത്രയും അഭിജിത്തും കോച്ചിയും പൂജയും മണിക്കും തപാസിയുമൊക്കെ പൂമ്പാറ്റക്കണ്ണില്‍ ദൈന്യത നിറച്ചുവച്ച് ജീവിതത്തെ തങ്ങളുടെ കുഞ്ഞുകിളിവാതിലിലൂടെ ഏറെ ഗൗരവത്തോടെ നോക്കിക്കാണുന്നു. അമ്മമാര്‍ പകലുകളില്‍ 'ജോലി' ചെയ്യുമ്പോള്‍ ടെറസില്‍ പട്ടം പറപ്പിക്കാനുള്ള രസമാണ് അവരുടെ ബാല്യത്തിന്‍റേത്. എന്നാലും അവര്‍ക്കറിയാം, ജീവിതം തങ്ങള്‍ക്കായി അത്ര നല്ലതൊന്നുമല്ല കാത്തുവച്ചിട്ടുള്ളതെന്ന്. ചിലര്‍ക്കൊക്കെ പഠിക്കാന്‍ പോകണമെന്നാഗ്രഹമുണ്ട്. ജീവിതം ദുഃഖവും ദൈന്യതയും നിറഞ്ഞതാണെങ്കിലും അതിനെ സ്വീകരിക്കേണ്ടതുണ്ടെന്നാണ് തപാസിയുടെ പക്ഷം. കോച്ചി എന്ന എട്ടുവയസ്സുകാരി രാവന്തിയോളം അവളുടെ വല്യമ്മയുടെ കൂടെ വീട്ടുജോലി ചെയ്യുകയാണ്. സുചിത്ര എന്ന പതിനഞ്ചുകാരിയുടെ അമ്മ നേരത്തെ മരിച്ചുപോയി. അവളുടെ ആന്‍റിയാവട്ടെ, അവളെ അവരുടെ 'ലൈനി'ലേയ്ക്കുതന്നെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി. അഭിജിത്തിന്‍റെ അമ്മ സിറ്റിയിലെവിടെയോ ആണ്. അവന് അമ്മയെക്കുറിച്ചുള്ളത് സ്നേഹം നനഞ്ഞ ഓര്‍മകളാണ്. ഭര്‍ത്താവും ആറുമക്കളും നഷ്ടപ്പെട്ട അവര്‍ അവനോടു പറയുമായിരുന്നത് 'നീ വലുതാകുമ്പോള്‍ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് ഡോക്ടറാകണം' എന്നായിരുന്നു. ഗൗറാകട്ടെ പന്ത്രണ്ടാംവയസ്സില്‍ മുപ്പത്തിയാറിന്‍റെ കാര്യബോധമുള്ളവന്‍. പൂജയെ അവളുടെ സഹോദരന്‍ ഉപദ്രവിക്കുമ്പോള്‍ അവളെയുംകൊണ്ട് എവിടേയ്ക്കെങ്കിലും ഓടിരക്ഷപ്പെടാനാണ് അവനു തോന്നുന്നത്. ഈ കുട്ടികളുടെയെല്ലാം അമ്മമാര്‍ക്ക് അവരെ ശ്രദ്ധിക്കാന്‍ സമയമില്ല. കാരണം പകലുകള്‍ വേശ്യാത്തെരുവിലെ അവരുടെ അധ്വാനനേരങ്ങളാണ്. എന്നാല്‍ അതിലേറെ ആശാവഹം കോച്ചിയുടെയും അഭിജിത്തിന്‍റെയുമൊക്കെ വല്യമ്മമാര്‍ക്ക് അവരെ നന്നായി പഠിപ്പിക്കണമെന്നും ഈ തെരുവിന്‍റെ അഴിഞ്ഞുലഞ്ഞ ജീവിതത്തില്‍നിന്നു പുറത്തേയ്ക്കൊരു വാതില്‍ തുറന്നുകൊടുക്കണമെന്നും ആഗ്രഹമുണ്ട് എന്നതാണ്.

അങ്ങനെയിരിക്കവേയാണ് വിദേശ സാമൂഹ്യപ്രവര്‍ത്തകയും പ്രഫഷണല്‍ ഫോട്ടോഗ്രാഫറുമായ സന ബ്രിസ്കി ചുവന്നതെരുവിന്‍റെ ബാല്യത്തുടിപ്പുകളെത്തേടിയെത്തുന്നത്. ഏറെനാളത്തെ ശ്രമഫലമായി തെരുവിലുള്ളവരുടെ ഒരു തീവ്രവിശ്വാസം പിടിച്ചുപറ്റിയശേഷമാണ് അവര്‍ കുട്ടികളുമായി കൂട്ടുകൂടുന്നത്. ആ കുട്ടികള്‍ക്കെല്ലാം ഓരോ ക്യാമറ നല്‍കി ഫോട്ടോ എടുക്കാന്‍ അവരെ പരിശീലിപ്പിക്കുന്നു. കുഞ്ഞുമനസ്സിന്‍റെയുള്ളില്‍ അത്ഭുതച്ചാമരം വിടരുന്നതു കണ്ണുകളിലൂടെ കാണാം.

"എങ്ങനെയാ ഒരാളെ മുഴുവനായി ഒരു പേപ്പറില്‍ ഉള്‍ക്കൊള്ളിക്കുന്നത്?"

"ജീവിതത്തിന്‍റെ കയ്പും പരുപരുപ്പും അതില്‍ പതിയുന്നതെങ്ങനെയാണ്?""ക്യാമറയുടെ കുഞ്ഞുസ്ക്രീനില്‍ എത്രയെത്ര കാര്യങ്ങളാണ് നിറയുന്നത്?"

അവര്‍ ക്യാമറയുമായി തെരുവിലൂടെ ഓടിനടന്ന് ചിത്രങ്ങളെടുക്കുകയാണ്. ഏറെപ്പേര്‍ അവരെ ചീത്തപറയുന്നുണ്ട്. ആദ്യമൊക്കെ ലജ്ജ തോന്നിയിരുന്നെങ്കിലും ഇപ്പോഴവര്‍ അതൊന്നും കാര്യമാക്കാറില്ല. ചിലര്‍ക്ക് അറിയേണ്ടത് ഈ 'യന്ത്രം' എവിടെനിന്നാണ് വാങ്ങിയതെന്നാണ്. മണിക് എടുത്ത പ്രകൃതി ഭംഗിയുള്ള ചിത്രത്തിനു നടുവില്‍ അവന്‍റെ പെങ്ങള്‍ പൂജയുടെ വിടര്‍ത്തിപ്പിടിച്ച കൈവിരലുകളാണ് കാണുന്നത്. തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതമാണ് അവരങ്ങനെ ഒപ്പിയെടുക്കുന്നത്. കയ്പും ചവര്‍പ്പും കണ്ണീരുപ്പും വിയര്‍പ്പും കിനാവുമെല്ലാം കിനിയുന്നുണ്ട് ആ ചിത്രങ്ങളില്‍നിന്ന്. ഈ കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം സ്വപ്നങ്ങളാണ്, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള എത്രയോ കാഴ്ചപ്പാടുകളാണ് ജീവിതത്തെക്കുറിച്ചുള്ളത്! അവരൊരിക്കലും തളരാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ അപ്പോഴും അവരെ നിസ്സഹായരാക്കുന്ന ചില സാഹചര്യങ്ങള്‍ ആ ആത്മവീര്യത്തെ നിര്‍വീര്യമാക്കുന്നുമുണ്ട്.

കുട്ടികളെടുത്ത ഈ ചിത്രങ്ങളെല്ലാം സന ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. അവയെല്ലാം ഒരുമിപ്പിച്ച് ഒരു ഫോട്ടോപ്രദര്‍ശനം നടത്താന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആഭിമുഖ്യത്തില്‍ സോനാ ഗഞ്ചിയിലെ ഈ കുട്ടികളെടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനം ഓക്സ്ഫോര്‍ഡ് ബുക്ക് ഗാലറിയില്‍ വച്ച് 2003-ല്‍ നടന്നു. അവിടേയ്ക്കു കുട്ടികളെയുംകൂട്ടി സന എത്തുന്നു. തങ്ങളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാള്‍ കണ്ടിട്ട് അവര്‍ അത്ഭുതംകൂറുകയാണ്. പതുപതുത്ത സോഫയില്‍ ഇരുന്നു നോക്കിയും ടൈല്‍സിട്ട തറയിലൂടെ ഓടിക്കളിച്ചും നടന്ന കുട്ടികളെക്കാണാനും മിണ്ടാനും ഏറെപ്പേര്‍ തടിച്ചുകൂടി. കൂടാതെ മന്‍ഹാട്ടനില്‍വച്ചു നടന്ന ഒരു ഫോട്ടോ എക്സിബിഷനില്‍ അവരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. ശാന്തിക്ക് തന്‍റെ അനിയത്തി വാവയെ നോക്കേണ്ടതുണ്ട്. ഗൗറിനെ അവന്‍റെ വീട്ടുകാര്‍ അനുവദിച്ചില്ല, അങ്ങനെ പലവിധ നൂലാമാലകളില്‍പ്പെട്ട് കുട്ടികള്‍ക്കാര്‍ക്കും അവിടെപ്പോകാനായില്ല. ന്യൂയോര്‍ക്ക്, മുംബൈ പ്രദര്‍ശനങ്ങളുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വന്നു, ന്യൂസ് ചാനലുകള്‍ ഈ കുട്ടികളെ ലോകത്തിനു പരിചയപ്പെടുത്തി. അതില്‍ അഭിജിത് എന്ന പന്ത്രണ്ടുവയസ്സുകാരന്‍ അസാമാന്യ പ്രതിഭയുള്ളവനാണെന്നു മനസ്സിലാക്കിയ വേള്‍ഡ് പ്രസ്സ് ഓര്‍ഗനൈസേഷന്‍റെ പ്രതിനിധി അവന്‍റെ വല്യമ്മയെക്കണ്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു. അങ്ങനെ ആംസ്റ്റര്‍ഡാമില്‍വച്ച് നടക്കുന്ന കുട്ടികള്‍ക്കായുള്ള വേള്‍ഡ് പ്രസ്സ് ഫോട്ടോ എക്സിബിഷനില്‍ ഇന്ത്യയിലെ കുട്ടികളുടെ പ്രതിനിധിയായി അഭിജിത്തിനെ തെരഞ്ഞെടുത്തു ക്ഷണിച്ചു. ഒരാഴ്ച ആംസ്റ്റര്‍ഡാമില്‍ ചെലവഴിച്ചശേഷം അഭിജിത് മടങ്ങിയെത്തിയത് കുഞ്ഞുമനസില്‍ വലിയ സ്വപ്നങ്ങളുമായാണ്. ഒരു ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴവന് ഒരു ഫോട്ടോഗ്രാഫറാകണമെന്നാണ് ആശ. അതിനായി വിദ്യാഭ്യാസം നേടേണ്ടതുണ്ട്. അവന്‍ സ്കൂളില്‍ച്ചേര്‍ന്ന് നന്നായി പഠിക്കാന്‍ തീരുമാനിക്കുന്നു.

ഇതിനിടെ സന ഈ കുട്ടികളെയെല്ലാം സ്കൂളില്‍ ചേര്‍ക്കുന്നതിനായി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പലേടത്തും അവര്‍ക്ക് പ്രവേശനം പാടേ നിഷേധിക്കപ്പെട്ടു. അങ്ങനെ സബേറാ സ്കൂളിലെത്തി. അതിന്‍റെ അധികൃതരോടു സംസാരിച്ചു. നിയമത്തിന്‍റേയും വിവേചനത്തിന്‍റേയും നൂലാമാലകള്‍ക്കൊടുവില്‍ അവര്‍ക്കവിടെ പ്രവേശനം ലഭിക്കുന്നു. അങ്ങനെ സ്കൂളിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍. അവസാനം ചിലരൊക്കെ സ്കൂളില്‍ചേര്‍ന്നു പഠിച്ചു, ചിലര്‍ അല്പകാലത്തിനുശേഷം മടങ്ങിയെത്തി, മാതാപിതാക്കള്‍ പോകാനനുവദിക്കാത്തവര്‍ ഇപ്പോഴും പഠനം സ്വപ്നം കാണുന്നു. അങ്ങനെ ജീവിതം തുടരുകയാണ്, അനിശ്ചിതത്വത്തിന്‍റെ ഷൂട്ട് ചെയ്യപ്പെടാത്തിടങ്ങളിലേയ്ക്ക്. അതെ, അവരുടെ ജീവിത രേഖ ഈ ഡോക്യുമെന്‍ററിക്കപ്പുറത്തേയ്ക്ക് എങ്ങോട്ടോ നീണ്ടുപോകുന്നുണ്ടാവാം ഇപ്പോഴും.

Featured Posts