top of page

ജനിമൃതികളുടെ ഇടയില്‍

Dec 1, 2013

2 min read

ഡസ
Different phases of human life.

ഭൂമിയില്‍ ഒരാള്‍ ഒരിക്കല്‍ മാത്രം ജനിക്കുകയും ഒരിക്കല്‍ മാത്രം മരിക്കുകയുമാണോ ചെയ്യുന്നത്? ജീവിതം ജനിമൃതികളിലൂടെയുള്ള നിരന്തരമായ യാത്രയാണെന്ന് ക്രിസ്തുവിന്‍റെ ജനനം ഓര്‍മ്മപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നു. ഒരു പുതിയ ജ്ഞാനത്തിലേക്ക് ഉണരുന്ന മനസ്സില്‍ പഴയ അറിവുകള്‍, പഴയ നിലപാടുകള്‍, പഴയ രീതികള്‍ മരിച്ചേ മതിയാകൂ. ഒരു പുതിയ ജീവിതത്തിന് തീരുമാനമെടുക്കുന്ന ഒരാള്‍ എത്രയോ മരണകരമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരും... ഒരു ജനനം ഒട്ടേറെ മരണങ്ങള്‍ക്കിടയിലാണ് നടക്കുന്നത്: ജീവശാസ്ത്രപരമായിപ്പോലും.


ടി.എസ്. എലിയട്ടിന്‍റെ പ്രസിദ്ധമായ കവിത 'ജ്ഞാനികളുടെ യാത്ര' (The Journey of the Magi) വീണ്ടും വായിക്കുമ്പോള്‍ ജീവിതം ജനിമൃതികളിലൂടെയുള്ള നിരന്തരമായ യാത്രയാണെന്ന് ഓര്‍മ്മിപ്പിക്കുന്നപോലെ... അസാധാരണമായ താരോദയം കണ്ട് രക്ഷകനെ തേടിപ്പുറപ്പെട്ട ജ്ഞാനികളുടെ കഥയുണ്ട് ബൈബിളില്‍. പൂജ്യരാജാക്കന്മാര്‍ എന്നും പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ എന്നുമൊക്കെ അറിയപ്പെടുന്ന ഈ മൂന്നു പേരില്‍ ഒരാളുടെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന ഒരു മനോഹരമായ കവിതയാണത്. ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ നടത്തിയ ആ യാത്രയെ അയാള്‍ ഓര്‍ത്തെടുക്കുന്നത് എന്തുകൊണ്ടോ അത്ര ആഹ്ലാദത്തോടെയൊന്നുമല്ല.


""A cold coming we had of it

Just the worst time of the year

For a journey, and such a long journey...''

എന്ന് തണുത്തുറഞ്ഞ, കഠിനയാതനകള്‍ നിറഞ്ഞ ഒരു യാത്രയുടെ ഓര്‍മ്മയാണത്. ഉരുകിയ മഞ്ഞിലൂടെയുള്ള ക്ലേശകരമായ യാത്രയെക്കുറിച്ച് പലവട്ടം തങ്ങള്‍ ദുഃഖിച്ചിരുന്നു... യാത്രയെ ഇത്രമേല്‍ കഠിനമാക്കുന്നത് വിട്ടുപോന്ന കൊട്ടാരത്തിലെ സുഖസമൃദ്ധികളെക്കുറിച്ചുള്ള ഖേദങ്ങളാണെന്നതും ശ്രദ്ധേയമാണ്. മദ്യവും മദിരാക്ഷിയുമൊക്കെ ഉപേക്ഷിക്കേണ്ടി വന്നതില്‍ ഒട്ടകക്കാരനും ഈര്‍ഷ്യയും കോപവുമുണ്ട്. അഴുക്കു പിടിച്ച ഗ്രാമങ്ങളിലൂടെയുള്ള അഭയമില്ലാത്ത യാത്ര. നഗരങ്ങള്‍ തങ്ങളോട് യാതൊരു സൗഹൃദവും കാണിച്ചില്ല. ഒടുവില്‍ ബത്ലേഹം എന്ന പട്ടണത്തിന്‍റെ സാന്നിധ്യം തങ്ങള്‍ അറിഞ്ഞു: മൂന്നു മരങ്ങളും... ("And three trees on the ow sky'')കുരിശുമരണത്തിന്‍റെ പ്രതീകമെന്നപോലെ... സത്രങ്ങളൊന്നും അവരെ സ്വീകരിക്കുകയോ രക്ഷകനെക്കുറിച്ചുള്ള വിവരം നല്കുകയോ ചെയ്തില്ല. എങ്കിലും സുദീര്‍ഘവും ക്ലേശകരവുമായ യാത്രയ്ക്കൊടുവില്‍ അവര്‍ ലക്ഷ്യത്തിലെത്തി ദിവ്യശിശുവിനെ കണ്ടു. ഇന്നയാള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത്, സത്യത്തില്‍ തങ്ങള്‍ അവിടെക്കണ്ടത് ജനനമാണോ മരണമാണോ എന്നതാണ്.


""...were we led all that way for

Birth or Death'

ഒരു മഹത്തായ ജനനത്തില്‍ തങ്ങളില്‍ സംഭവിച്ച മരണങ്ങളെക്കുറിച്ചയാള്‍ ഓര്‍ക്കുന്നു. ഈ ജനനം സമ്മാനിച്ചത് കഠിനവും കയ്പേറിയതുമായ അനുഭവമായിരുന്നു, മരണം പോലെ.... ആ ജനനം ലോകത്തെ കീഴ്മേല്‍ മറിച്ചിരിക്കുന്നു. അതുവരെയുണ്ടായിരുന്ന തങ്ങളുടെ അറിവുകള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, സംസ്കാരങ്ങള്‍ എല്ലാം മാറിമറിയുന്നു... പഴയതും പുതിയതും തമ്മില്‍ സംഘര്‍ഷത്തിലാകുന്നു.. ഈ സംഘര്‍ഷം വീണ്ടും ഒരു മരണത്തിനായി കാത്തിരിക്കാന്‍ അയാളെ പ്രലോഭിപ്പിക്കുന്നു. അയാള്‍ സന്ദിഗ്ധാവസ്ഥയിലാണ്. ക്രിസ്തുവിന്‍റെ ജനനം തങ്ങള്‍ക്ക് നന്മയാണോ കൊണ്ടുവന്നത്? അവന്‍റെ ജനനത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്തൊക്കെയാണ്? തങ്ങള്‍ തങ്ങളില്‍ നിന്നുതന്നെ, തങ്ങളുടെ മതത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നുമൊക്കെ അന്യവത്ക്കരിക്കപ്പെട്ടുപോയോ എന്നയാള്‍ വല്ലാതെ സന്ദേഹിയാകുന്നു.


യേശുവിന്‍റെ ജനനത്തെപ്പോലെ ലോകമെങ്ങും ഇത്ര ആഹ്ലാദാരവങ്ങളോടെ കൊണ്ടാടുന്ന മറ്റൊരു ഉത്സവമുണ്ടെന്ന് തോന്നുന്നില്ല. ക്രിസ്മസ് എന്ന വാക്കു തന്നെ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും പര്യായമായി മാറിയിട്ടുണ്ട് ഇന്ന്. ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ഈ മഹത്തായ ജന്മദിനം ഒരു മരണത്തിന്‍റെ സാധ്യത ജീവിതത്തില്‍ ഒരുക്കാനുള്ള ക്ഷണംകൂടി നല്കുന്നുണ്ട്. നിലവിലുള്ള നിലപാടുകളോട്, കാഴ്ചപ്പാടുകളോട്, വിശ്വാസങ്ങളോട്, സുഖാസക്തികളോട് വിടപറഞ്ഞ് ഒരു പുതിയ ജ്ഞാനോദയത്തില്‍ സ്നാനപ്പെടാനുള്ള ക്ഷണം കൂടിയാണത്. പഴയ വ്യവസ്ഥകളോട് വിട പറയാനുള്ള ക്ഷണം.


യാത്ര എന്ന രൂപകംതന്നെ പരിചിത ഇടങ്ങളില്‍നിന്ന് അപരിചിതത്ത്വങ്ങളിലേക്ക്, പുതിയ അനുഭവമേഖലയിലേക്ക് ഒക്കെയുള്ള അന്വേഷണം ഉള്‍ക്കൊള്ളുന്ന അപകടകരമായ സഞ്ചാരമാണ്. അപാരമായ ആത്മബലമുള്ള ഒരാള്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ് അപകടകരമായ ഈ സഞ്ചാരം. ചരിത്രത്തില്‍ ക്രിസ്തുവിന്‍റെ ജനനം പല മട്ടില്‍ മരണത്തിലേക്കുള്ള ക്ഷണം തന്നെയാണെന്ന് കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുതിയതിനും പഴയതിനും ഇടയിലുള്ള സംഘര്‍ഷത്തിലേക്കുള്ള ക്ഷണം...

ഡസ

0

0

Featured Posts