ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
അണ്ണാഹസാരെ നിരാഹാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അഴിമതി ആയിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലൂടെ വളര്‍ന്നു കോടികളിലും കോടാനുകോടികളിലും എത്തിനില്‍ക്കുന്നു. അതിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കാതായിരിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും അഴിമതി ഗ്രസിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ ഉണ്ടായതെന്നു നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. സാധാരണജനങ്ങള്‍ക്കു ലഭിക്കേണ്ട വിഭവങ്ങള്‍ അത്യാഗ്രഹികളായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരസ്ഥമാക്കുമ്പോള്‍ ആരെയാണു നാം പഴിക്കേണ്ടത്? സമൂഹത്തിനും ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വമുണ്ട്. ജനാധിപത്യത്തില്‍ ജനത്തിന്‍റെ ജാഗ്രത വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പിന്‍റെ സമയത്തുമാത്രം ജനാധിപത്യത്തെക്കുറിച്ച് ആലോചിക്കുന്ന നാം അതിനുശേഷമുള്ളതെല്ലാം രാഷ്ട്രീയക്കാരെ ഏല്പിച്ചു സുഖസുഷുപ്തിയിലേക്കു പിന്‍വാങ്ങുന്നു. അപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും പെരുകുന്നതില്‍ അത്ഭുതമില്ല.
ആഗോളീകരണകാലത്താണ് നാം ജീവിക്കുന്നത്. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, വിപണികേന്ദ്രീകൃത സമ്പദ്ഘടന എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട പദങ്ങള്‍ നാം തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു. മൂലധനത്തിന്‍റെ സ്വതന്ത്രമായ ഒഴുക്കാണ് ആഗോളീകരണത്തിന്‍റെ പ്രധാനമുഖം. ഈ ഒഴുക്കിനോടൊപ്പം വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ കടന്നുവരുന്നു. ഭരണകൂടങ്ങളെ നിര്‍വീര്യമാക്കാനും ഡമ്മികളാക്കാനും ബഹുരാഷ്ട്രക്കമ്പനികള്‍ക്കു കഴിയുന്നുവെന്നതിനു ധാരാളം തെളിവുകള്‍ വിവിധരാജ്യങ്ങളില്‍നിന്ന് നമുക്കു ലഭിക്കുന്നു. മൂലധനശക്തികളുടെ താല്പര്യങ്ങള്‍ക്കു വഴങ്ങാത്തവരെ വശപ്പെടുത്താന്‍ 'സാമദാനഭേദദണ്ഡങ്ങള്‍' ഉപയോഗപ്പെടുത്താനും അധിനിവേശത്തിന്‍റെ വക്താക്കള്‍ മടികാണിക്കാറില്ല. ആയുധങ്ങള്‍കൊണ്ട് നാടുകള്‍ വെട്ടിപ്പിടിച്ച കാലത്തുനിന്ന് പ്രലോഭനങ്ങളിലൂടെ, ഇക്കിളിപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുന്ന തന്ത്രമാണ് പതിപ്പിക്കപ്പെടുന്നത്. വന്‍തോതിലുള്ള ഇടപാടുകള്‍ക്കു കോടികള്‍ വിദേശബാങ്കുകളിലെ അക്കൗണ്ടുകളിലേയ്ക്ക് ഒഴുകുന്നു. അതില്‍ ആരും തെറ്റുകാണുന്നുമില്ല. കൈക്കൂലി വാങ്ങാത്തവനെ ജീവിക്കാനറിയാത്തവനായി കാണുന്ന സമൂഹംതന്നെയാണ് അഴിമതിക്കു പിന്‍ബലമേകുന്നത് എന്നതു നാം വിസ്മരിക്കുന്നു. വഴിവിട്ടു കാര്യങ്ങള്‍ നേടിയെടുക്കാന്‍ പണംമുടക്കി ആരെയും സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു.
മനസ്സുകൊണ്ട് അഴിമതി അംഗീകരിച്ചിരിക്കുന്ന സമൂഹത്തില്‍ അഴിമതി നടത്താനും അതിനു കൂട്ടുനില്‍ക്കാനും ആര്‍ക്കും മടിയില്ലാതാകുന്നു. ഭൗതികജീവിത വിജയം മാനദണ്ഡമാക്കുന്ന സമൂഹത്തില്‍ സംഖ്യകളാണ് അധീശത്വം പുലര്‍ത്തുന്നത്. ഓരോ വ്യക്തിയുടെയും കഴിവിനെ നാം അളക്കുന്നത് അയാളുടെ ഭൗതികനേട്ടങ്ങള്‍ എണ്ണിയാണ്. അഴിമതിയുടെ വിഹിതം നമുക്കുകൂടി കിട്ടിയാല്‍ പരാതിയില്ലാതാകുമെന്നതാണ് സത്യം! മറ്റുള്ളവര്‍ കോടികള്‍ കരസ്ഥമാക്കുമ്പോള്‍ 'അവന്‍റെ ഭാഗ്യം' എന്നാണു നാം വിചാരിക്കുന്നത്. അഴിമതി ശക്തമായി അപലപിക്കാന്‍ ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ട സമൂഹം എല്ലാറ്റിനും നിസ്സംഗമായി കൂട്ടുനില്‍ക്കുകയാണ്. മൗനം കുറ്റകരമാകുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ മുന്‍പില്‍ എത്രയെങ്കിലുമുണ്ട്.
അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരത്തോടു വിഭിന്നതലങ്ങളിലുള്ള പ്രതികരണങ്ങള്‍ നാം കാണുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാജയപ്പെട്ടിടത്താണ് ഹസാരയെപ്പോലുള്ളവരുടെ കടന്നുവരവ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഏറ്റെടുക്കാന്‍ കഴിയാത്ത പ്രശ്നമാണ് അഴിമതിയുടേത്. കാരണം അവരെല്ലാം അധികാരത്തിന്‍റെ ശീതളച്ഛായയില്‍ അതിന്‍റെ മാധുര്യം ആസ്വദിക്കുന്നവരാണ്. വേദിയില്‍ കയറി അഴിമതിവിരുദ്ധ പ്രസംഗം നടത്തുന്നവര്‍ ഗുപ്തമായി അതിനെ ലാളിക്കുന്നവരാണ്. ഹസാരെയുടെ സമരത്തിനു ചില പരിമിതികളും സാദ്ധ്യതയുമുണ്ട്. അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിരക്കുന്ന ആള്‍ക്കൂട്ടം മുഖമില്ലാത്തതാണെന്നോര്‍ക്കുക. രാംദേവിനെപ്പോലുള്ളവര്‍ക്കും ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. ആള്‍ക്കൂട്ടം ഒരിക്കലും നിര്‍മ്മാണാത്മകശക്തിയല്ല. അതു സര്‍ഗാത്മകതയുള്ള കൂട്ടായ്മയല്ല. അതുകൊണ്ടുതന്നെ അരാഷ്ട്രീയമായ ആള്‍ക്കൂട്ടങ്ങള്‍ക്കണ്ട് നാം വല്ലാതെ മോഹിച്ചുപോകരുത്. എങ്കിലും ഭരണകൂടത്തിന്‍റെ അനിയന്ത്രിതമായ ഇടപാടുകളെ ജാഗ്രതയോടെ വീക്ഷിക്കാനും ഇടപെടല്‍ നടത്താനും പൗരസമൂഹത്തിനു കഴിയുന്നതു നല്ലതുതന്നെ. സമൂഹമനസ്സാക്ഷിക്കു മുന്നില്‍ അഴിമതിപോലുള്ള പ്രശ്നങ്ങള്‍ ഉണര്‍ത്തിനിര്‍ത്തേണ്ടതുണ്ട്. കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്ന രാജ്യത്ത് കോടികള്‍ സ്വന്തമാക്കി സുഖാലസ്യത്തില്‍ മുഴുകിക്കഴിയുന്നതു കുറ്റകരമായ അശ്ലീലമാണ്.
പണം ഇന്ന് സര്‍വശക്തനാണ്. ഈ ശക്തിയെ ചോദ്യംചെയ്യാന്‍ ആര്‍ക്കും സാധിക്കുന്നില്ല. രാഷ്ട്രീയവും മതവും മറ്റു സാമൂഹിക സ്ഥാപനങ്ങളും പണത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. സമൂഹത്തെ നേര്‍വഴിക്കു നയിക്കേണ്ടവര്‍ക്കു തന്നെ മാര്‍ഗഭ്രംശം സംഭവിക്കുമ്പോള്‍ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? അഴിമതിക്കു വ്യക്തിപരവും സാമൂഹികവുമായ തലങ്ങളുണ്ട്. ചുഴിഞ്ഞു നോക്കിയാല്‍ ഓരോ വ്യക്തിയിലും ചെറുതും വലുതുമായ അഴിമതിയുടെ പാടുകള്‍ കാണാം. അതുകൊണ്ടുതന്നെയാണ് നമ്മുടെ കുറ്റപ്പെടുത്തലുകള്‍ 'അനുഷ്ഠാനം' മാത്രമായിത്തീരുന്നത്. അണ്ണാഹസാരെ ഉയര്‍ത്തുന്ന ചോദ്യങ്ങളും അന്വേഷണങ്ങളും ഭരണകൂടത്തിനുമാത്രമല്ല, ഓരോ വ്യക്തിക്കും പ്രധാനമാണ്. നമ്മുടെ ഉള്ളില്‍ കുടിയിരിക്കുന്ന ഇരുട്ടിനെ പുറത്താക്കി, മൂലധനത്തിന്‍റെ സര്‍വാധിപത്യത്തെ മറികടക്കാന്‍ കഴിഞ്ഞെങ്കിലേ ധാര്‍മിക ബലം ലഭിക്കൂ. നിസ്സംഗതയുടെ, ഉറക്കത്തിന്‍റെ, മറവിയുടെ സംസ്കാരത്തെ കുടഞ്ഞെറിയാന്‍ ധാര്‍മികമായ ഉണര്‍വ് സഹായിക്കും.
അഴിമതിക്കെതിരെ 'ജനലോക്പാല്‍' ബില്‍ കൊണ്ടുവരണമെന്നതാണ് ഹസാരെസംഘത്തിന്‍റെ പ്രധാനപ്പെട്ട മുദ്രാവാക്യം. നമ്മുടെ രാജ്യത്ത് ഒരു നിയമംകൂടി എന്നേ അതിനെക്കുറിച്ചു പറയാനാവൂ. നിയമമില്ലാഞ്ഞിട്ടാണിതെല്ലാം നടക്കുന്നതെന്നു നാം വിചാരിക്കുന്നതു ശരിയല്ല. നിയമങ്ങള്‍ കൂടുന്നതു നമ്മുടെ പരാജയത്തിന്‍റെ സൂചനകളാണ്. നിയമത്തിന് അതിന്‍റേതായ പരിമിതകളുണ്ട്. നിയമം ചിലന്തിവല പോലെയാണെങ്കില്‍, വലിയവര്‍ അതില്‍നിന്ന് വഴുതിപ്പോകും. ചെറിയജീവികള്‍ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ. നിയമത്തിന്‍റെ കൈയിലകപ്പെട്ടു ശിക്ഷിക്കപ്പെടുന്ന അഴിമതിക്കാര്‍ വളരെക്കുറവാണെന്നോര്‍ക്കുക. അഴിമതിക്കാരെന്നു പേരുകേട്ടവര്‍തന്നെ കുറച്ചുകാലം കഴിയുമ്പോള്‍ നേതൃപദവിയില്‍ എത്തിച്ചേരും. ജനങ്ങള്‍ പഴയതെല്ലാം മറക്കുകയും ചെയ്യും. നിയമം കൊണ്ടുമാത്രം നമുക്കൊന്നും പരിഹരിക്കാന്‍ കഴിയില്ല. മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റം അനിവാര്യമാണ്. മൂലധനത്തെ ആരാധിക്കുന്ന സംസ്കാരം നിലനില്‍ക്കുമ്പോള്‍ അതിനെതിരെ ചിന്തിക്കാന്‍ നമുക്കു കഴിയില്ല.
അണ്ണാഹസാരെ എന്ന വ്യക്തിക്ക് അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ധാര്‍മ്മികമായ അവകാശമുണ്ടെന്നു നമുക്കറിയാം. സ്വന്തം ഗ്രാമത്തില്‍ കൊളുത്തിവെച്ച കൈത്തിരി വെളിച്ചം പകര്‍ന്നു വളരുന്നതു നാം മനസ്സിലാക്കിയതാണ്. എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരില്‍ പലരും നാളെ അധികാരം സ്വപ്നം കാണുന്നവരും മുന്‍കാലങ്ങളില്‍ അഴിമതിയുടെ രുചി അറിഞ്ഞവരുമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. അഴിമതിവിരുദ്ധ സമരത്തില്‍ നുഴഞ്ഞുകയറി അതിനെ നിര്‍വീര്യമാക്കാന്‍ മൂലധനശക്തികള്‍ക്കു കഴിവുണ്ട്. ജീര്‍ണ്ണിപ്പ് നമ്മുടെ ഉള്ളില്‍നിന്നുതന്നെയാണു തുടങ്ങുന്നതെന്നോര്‍ക്കണം.
വികസനം, പുരോഗതി എന്നിങ്ങനെ നാം ഉപയോഗിക്കുന്ന വാക്കുകള്‍ക്കുപിന്നില്‍ ഒട്ടേറെ ചതിക്കുഴികളുണ്ട്. ആരുടെ വികസനം, ആര്‍ക്കുവേണ്ടി എന്നെല്ലാം നാം ചോദിക്കേണ്ടതുണ്ട്. ആഗോളീകരണ കാലത്തെ വികസനസമ്പ്രദായങ്ങളെയും മൂലധന താല്പര്യങ്ങളെയും ചോദ്യംചെയ്യാന്‍ കെല്പുള്ള, ദിശാബോധമുള്ള പ്രതിരോധമായി അഴിമതിവിരുദ്ധ സമരം മാറണം. ഇറോംശര്‍മിളയെപ്പോലുള്ളവരുടെ സമരത്തിന്‍റെ പ്രസക്തിയും നാം തിരിച്ചറിയേണ്ടതാണ്. ഒരു പ്രതിസംസ്കൃതിക്കായുള്ള ഒരുക്കംകൂടിയായി ഈ സന്ദര്‍ഭത്തെ ഉള്‍ക്കൊള്ളണം.