ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
പാതിരാവില്‍ മുട്ടവിരിഞ്ഞു.
ചൂടുള്ള സ്പര്‍ശം, ഒടുങ്ങാത്ത ഒച്ച;
ഇടയ്ക്കുണരുന്ന വിശപ്പ്,
അറിയാതെ ചുണ്ടിലെത്തുന്ന രുചികള്‍
ഇതാണു ലോകമെന്നാണ്
കിളിക്കുഞ്ഞുകരുതിയത്.
എന്നാല്‍, കണ്ണുതുറന്നപ്പോള്‍ പുലര്‍ച്ചയായി.
കൂട് വെളിച്ചക്കൂടായി.
കിളിക്കുഞ്ഞ് ആകാശം കണ്ടു.
വെളിച്ചപ്പെട്ട ലോകത്തേക്ക്
പറന്നുപറന്നു പറന്ന്
ആകാശമായി മാറി.
മുട്ടയില്‍ അടഞ്ഞുകിടന്ന
ആകാശമായിരുന്നു താനെന്ന്
അതിന് അറിവായി.