top of page

മുന്‍വിധികളുണ്ടായിരിക്കണം

Jul 1, 2014

3 min read

George Valiapadath Capuchin
Different Races.

പിന്നറ്റത്തുനിന്ന് പറഞ്ഞുതുടങ്ങാം. യഹൂദരെയും ക്രിസ്ത്യാനികളെയുമായി ഹിറ്റ്ലര്‍ വംശഹത്യ നടത്തിയത് അമ്പത്തഞ്ചുലക്ഷം പേരെയായിരുന്നു. മാവോ അടക്കം ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നത് ആറരകോടി മനുഷ്യരെ. സോവ്യയറ്റ് റഷ്യയില്‍ സ്റ്റാലിന്‍ കൊന്നൊടുക്കിയത് തന്‍റെതായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് മറുതലിച്ച രണ്ടുകോടി മനുഷ്യരെ. കമ്പോഡിയയില്‍ പോള്‍ പോര്‍ട്ടിന്‍റെ വക ഇരുപതുലക്ഷം. അങ്ങനെ, വടക്കന്‍ ആഫ്രിക്കയിലും ഉത്തരകൊറിയയിലും പൂര്‍വ്വയൂറോപ്പിലും തെക്കെ അമേരിക്കയിലും വിയറ്റ്നാമിലും മറ്റുമായി കമ്മ്യൂണിസ്റ്റുകള്‍ കൊന്നുതള്ളിയത് പത്തുകോടിയോളം മതവിശ്വാസികളെയും വിമത രെയും. റോമന്‍ കത്തോലിക്കാസഭ ആഹ്വാനം ചെയ്ത എട്ടുപത്ത് കുരിശുയുദ്ധങ്ങളിലൂടെ കൊല്ലപ്പെട്ടത് രണ്ടരലക്ഷത്തോളം. അവയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഏതാണ്ട് സമാസമം. ഇന്‍ക്വിസിഷന്‍ എന്ന മതവിചാരണയില്‍ വിവിധ രാജ്യങ്ങളില്‍ ദഹിപ്പിക്കപ്പെട്ടത് മൂവായിരത്തോളം വിശ്വാസികളും ആഭിചാരക്കാരും.


നമ്മുടെ ഈ കൊച്ചുകേരളത്തില്‍നിന്നുവന്ന് സര്‍വ്വജ്ഞപീഠം പൂകിയ സാക്ഷാല്‍ ആദിശങ്കരന്‍റെ മുന്‍കൈയില്‍ നടന്ന ഹൈന്ദവ ഇന്‍ക്വിസിഷന്‍റെ ഏറ്റവും മൃദുവായ ചരിത്രം കാലടിയിലെ സ്തൂപത്തിന്‍റെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണല്ലോ. ഇന്‍ഡ്യയിലെ ദളിതുകളുടെ പീഡകചരിത്രം ആരും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ തീവെയ്ക്കപ്പെട്ടതും മുച്ചൂടും തകര്‍ക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ ദളിത് ഗ്രാമങ്ങളുടെയും പത്തനങ്ങളുടെയും എണ്ണത്തെയോര്‍ത്ത് നമുക്കാര്‍ക്കും ശിരസ്സ് താഴ്ത്തേണ്ടതായി വരുന്നില്ലെന്നുമാത്രം! സമാധാനത്തിന്‍റെ മതമെന്നറിയപ്പെടുന്ന ഇസ്ലാം ഉള്‍പ്പെടെയുള്ള ഇതരമതങ്ങളും മുന്‍വിധികളുടെ പേരില്‍ നടത്തിയിട്ടുള്ള കൊലപാത കങ്ങളുടെയും വംശഹത്യകളുടെയും കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമായിരുന്നിട്ടുണ്ട്. ഇതൊക്കെയാണ് ചരിത്രം.


രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, വംശീയതകളുടെ പേരില്‍, മതവിശ്വാസങ്ങളുടെ പേരില്‍, ജാതിതാല്‍പര്യങ്ങളുടെ പേരില്‍, സാമൂഹിക-സാമ്പത്തിക വര്‍ഗ്ഗങ്ങളുടെ പേരില്‍, ലൈംഗികാഭിമുഖ്യങ്ങളുടെ പേരില്‍, സാംസ്കാരിക വ്യത്യാസങ്ങളുടെ പേരില്‍, സംസാരഭാഷകളുടെ പേരില്‍, ഒക്കെ മനുഷ്യര്‍ വച്ചു പുലര്‍ത്തിയ മുന്‍വിധികളായിരുന്നു ഇത്രയേറെ മനുഷ്യരക്തംകൊണ്ട് ഭൂമിയാകെ മലിനപ്പെടാന്‍ മുഖ്യകാരണം.


ഇംഗ്ലീഷില്‍ bias-നെും prejudiceനും മലയാളത്തില്‍ മുന്‍വിധി എന്നുതന്നെയാണ് മിക്കവാറും അര്‍ത്ഥം പറയാറ്. ബയസ് പക്ഷേ, ഒരു മുന്‍ധാരണ മാത്രമേ ആകുന്നുള്ളു. ബയസ് എന്നത് മിക്കവാറും അബോധപൂര്‍വ്വകമായിരിക്കുമ്പോള്‍, തെറ്റായതും എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കാത്തതുമായ സാമാന്യവല്കരണത്തില്‍നിന്നും ഉണ്ടായിവരുന്ന വെറുപ്പാണ് പ്രിജ്യുഡിസ്. വാര്‍പ്പുരൂപ (stereotype) വിശ്വാസങ്ങള്‍, മുന്‍വിധികളുടെ ഭാഗമാണെന്നിരിക്കിലും പ്രിജ്യുഡിസുകള്‍ വാര്‍പ്പുരൂപങ്ങളെക്കാള്‍ എത്രയോ പ്രശ്നകാരികളാണ്. വാര്‍പ്പുരൂപങ്ങള്‍ മിക്കവാറും ചൊല്ലുകളായി, പ്രയോഗങ്ങളായി, വിശ്വാസങ്ങളായി നമ്മുടെയൊക്കെ സമൂഹങ്ങളില്‍ കുടിപാര്‍ക്കുന്നുണ്ട്. 'പെലേന്‍റെ കാര്യം (പുലയന്‍റെ കാര്യം) പെലന്നാലറിയാം (പുലര്‍ന്നാലറിയാം)' എന്നൊരു ചൊല്ലു നോക്കൂ. എത്രകണ്ട് ദളിത് വിരുദ്ധവും അപമാനവീകരണം നിറഞ്ഞതുമാണത്! അച്ചൊല്ല് പാടുന്ന വരേണ്യവര്‍ഗ്ഗക്കാരന്‍ ദളിതന് ചാര്‍ത്തിക്കൊടുക്കുന്ന ജുഗുപ്സ നിറഞ്ഞ വൈകാരികവിശ്വാസത്തിന് ആനു പാതികമായി ദളിതന്‍ സാമൂഹിക സ്വത്വസ്ഥലികളില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയും അതിന് വിപരീതാനുപാതികമായി വരേണ്യവര്‍ഗ്ഗക്കാരന്‍ തനിക്കായി ചാര്‍ത്തിയെടു ക്കുന്ന മേനിനാട്യത്തിന്‍റെയും വരേണ്യതയുടെയും ഗര്‍വ്വിന്‍റെയും സാമൂഹികാധികാരത്തിന്‍റെയും പ്രദേശങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നു. 'പെലേന്‍ (പുലയന്‍) പോലീസായപോലെ' എന്ന പ്രയോഗം നോക്കുക. ഇതുപോലെ ദളിത് വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, കീഴാള വിരുദ്ധമായ എന്തെന്ത് ചൊല്ലുകളും പ്രയോഗങ്ങളും ശൈലികളും അവയിലൂടെയെല്ലാം നിര്‍മ്മിക്കപ്പെടുന്ന വാര്‍പ്പുരൂപങ്ങളും അവ വഴിയായി ഊട്ടിയുറപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും സാമൂഹിക മിത്തുകളും മാറ്റിക്കളഞ്ഞാല്‍ നമുക്ക് നമ്മുടെ ശ്രേഷ്ടമായ മാതൃഭാഷതന്നെ നഷ്ടമായെന്നുവരും.


സമൂഹത്തിന്‍റെ സംഘമനസ്സില്‍ പതിഞ്ഞ വിശ്വാസങ്ങള്‍തന്നെയായ മിത്തുകളിലൂടെ, അവയുടെ കൂടുതല്‍ ഉപയോഗക്ഷമമായ വാര്‍പ്പുരൂപങ്ങളിലൂടെ, ചൊല്ലുകള്‍, ശൈലികള്‍, ഉപമകള്‍, രൂപകങ്ങള്‍ എന്നിവ വഴിയുള്ള വിനിമയങ്ങളിലൂടെ, വ്യക്തി ഒറ്റയ്ക്കും സമൂഹം ഒന്നാകെയും നിര്‍മ്മിച്ചുകൊണ്ടി രിക്കുന്നതും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ മുന്‍വിധികളെ ഒഴിവാക്കാന്‍ നമുക്കു കഴിയുമോ എന്നത് പ്രസക്തമായ ചോദ്യമാണ്.


വ്യക്തിത്വ മനഃശാസ്ത്രത്തിന്‍റെ പിതാവായ ഗോര്‍ഡണ്‍ ഓള്‍പോര്‍ട്ട് നിരീക്ഷിക്കുംപ്രകാരം മുന്‍വിധിയുടെ പ്രകാശനങ്ങള്‍ വ്യത്യസ്ത പടികളില്‍ സംഭ വിക്കാം. 1. വഴിമാറല്‍, 2. ഒഴിവാക്കല്‍, 3. വിവേചനം, 4. ആക്രമണം, 5. ഇല്ലായ്മചെയ്യല്‍ എന്നിങ്ങനെയാണ് അതിന്‍റെ ക്രമവികാസം. ആദ്യപടവുകളില്‍ ഒട്ടൊക്കെ ഗുപ്തമായും ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെയും മുന്‍വിധികള്‍ നിലകൊണ്ടുകൊള്ളും. അനുകൂലമായ സാഹചര്യങ്ങളില്‍ ഓരോ പടവും മുന്നോട്ട് നീങ്ങുന്ന തനുസരിച്ച് മുന്‍വിധികള്‍ അവയുടെ ബീഭത്സരൂപം വെളിക്കുകാട്ടുന്നു എന്നതാണ് ചരിത്രത്തില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യം. രാഷ്ട്രീയ പാരമ്പര്യങ്ങള്‍ മൂലമോ, സാംസ്കാരിക ഘടകങ്ങള്‍ മൂലമോ എന്നതിനെക്കാള്‍ വ്യക്തികളുടെ മനസ്സില്‍ അന്തര്‍ലീനമായ ചിന്താരൂപങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ മുന്‍വിധികളില്‍ വളരുന്നത്. നമ്മുടെ സമൂഹത്തില്‍ത്തന്നെ നമ്മോടൊപ്പം ജീവിച്ചിരിക്കുന്ന ചിലര്‍തന്നെ യല്ലേ നമ്മില്‍ ചിലരെ മാനഭംഗപ്പെടുത്തുകയോ ബലാത്സംഗം ചെയ്യുകയോ ഒക്കെ ചെയ്യുന്നത്! ഒരേ വീട്ടില്‍ ഒരേ മാതാപിതാക്കള്‍ക്ക് പിറന്നയൊരാള്‍ സ്ത്രീപീഡകനാകുന്നതും മറ്റൊരാള്‍ക്ക് അത്തരം ഒരു കാര്യം ചിന്തിക്കാന്‍പോലുമാവാത്തതും അതുകൊണ്ടായിരിക്കില്ലേ?! ബലാത്സംഗങ്ങള്‍ നടക്കുന്നത് അടിസ്ഥാനപരമായി ലൈംഗിക മുന്‍വിധികളുടെ വിരുന്നറകളില്‍ തന്നെയാണ്.