ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
ഞങ്ങളുടെ വീട്ടില്‍ വേലയ്ക്കു വരുന്ന ഒരു സ്ത്രീയുണ്ട്. വയസ്സ് 45, ഉയരം 5 അടി, തൂക്കം ഏകദേശം 50 കി. ഗ്രാം. ഈ പ്രായത്തില്‍ തന്നെ അവര്‍ ഒരു വല്യമ്മയായി കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊടുത്ത, എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഒരു കെട്ടിടത്തിലെ അഞ്ചാം നിലയിലുള്ള ഒറ്റമുറിയിലാണ് അവളും മകളും കൊച്ചുമകളും താമസിക്കുന്നത്. ഭര്‍ത്താവുണ്ടായിരുന്നു, കുടിച്ചു ലക്കുകെട്ട അയാളുടെ പീഡനം സഹിക്കാനാവാതായപ്പോള്‍ ഉപേക്ഷിച്ചു. അവളുടെ മകളുടെ വിധിയും മറ്റൊന്നായിരുന്നില്ല.
അവള്‍ എന്നും രാവിലെ നാലരക്ക് എഴുന്നേല്ക്കുന്നു. മുപ്പതു വീടുകളില്‍ പാല്‍പായ്ക്കറ്റുകള്‍ എത്തിക്കുന്നു. മഴയോ വെയിലോ അസുഖമോ ഒന്നും അതില്‍നിന്ന് അവളെ തടയില്ല. കാരണം ഒരു വീട്ടുകാരെയെങ്കിലും പിണക്കിയാല്‍ അവള്‍ക്കൊരു കക്ഷിയെയും അത്രയും കാശുമാണ് നഷ്ടമാകുന്നത്. അങ്ങനെ അവള്‍ ഒരു മാസം ഉണ്ടാക്കുന്നത് 1500 രൂപയാണ്.
തിരിച്ചു വീട്ടില്‍വന്ന് അല്പം കഞ്ഞിയും മോന്തിക്കുടിച്ച് അവള്‍ ഓടുകയായി. നാലു വീടുകളിലാണ് അവള്‍ വേലയ്ക്കു ചെല്ലുന്നത്. തറ അടിക്കുക, തുടയ്ക്കുക, പാത്രങ്ങളും വസ്ത്രങ്ങളും കഴുകുക ഇത്രയും ഓരോ വീട്ടിലും ചെയ്യണം. ഇതിനിടയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സമയം കഷ്ടിയാണ്. അങ്ങനെ അവള്‍ ഒരു മാസം സമ്പാദിക്കുന്നത് 3000 രൂപയാണ്. തന്നെ ആശ്രയിച്ചു രണ്ടുപേര്‍കൂടി ഉള്ളതുകൊണ്ട് ഒരു പട്ടണത്തില്‍ കഴിയാന്‍ മാസം 4500 രൂപ ഒന്നുമല്ല. അതുകൊണ്ട് പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന കടയില്‍ പോയി പൂക്കള്‍ വാങ്ങി, വീടുകളില്‍ എത്തിച്ച് അവള്‍ കുറച്ചുകൂടി പൈസയുണ്ടാക്കുന്നുണ്ട്.
അവള്‍ക്ക് ഒരു ദിവസവും ലീവില്ല. ഒഴിവുദിനങ്ങളില്ല. ചികിത്സാനുകൂല്യങ്ങളില്ല. പ്രൊവിഡന്‍റ് ഫണ്ടോ ഗ്രറ്റ്യുറ്റിയോ ഇല്ല. ആരോഗ്യമുള്ളിടത്തോളം കാലം അവള്‍ അദ്ധ്വാനിക്കും.
ഈ സ്ത്രീ മൂലമാണ് നാലു വീടുകളില്‍ സുഖവും സ്വസ്ഥതയുമുള്ളത്. ആ വീടുകള്‍ക്ക് വൃത്തിയുള്ളതും ആ വീട്ടുകാര്‍ക്ക് ഇഷ്ടമുള്ളത് ചെയ്ത് സന്തോഷിക്കാനാവുന്നതും അവള്‍ മൂലമാണ്.
വൈകുന്നേരം ഞാന്‍ ഭര്‍ത്താവുമൊത്ത് ഐ. പി. എല്‍ കാണാനിരുന്നു. ബാറ്റും ബോളും തമ്മിലുള്ള ഒരു പോരാട്ടമാണ് അത്. ബാറ്റേന്തുന്നവര്‍ക്കും ബോളെറിയുന്നവര്‍ക്കും ലഭിക്കുന്നത് ഇട്ടുമൂടാന്‍ മാത്രം പണമാണ്. അവരുടെ ഈ കളി കണ്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ ഒരുവിധത്തിലും ഗുണപരമായി സ്വാധീനിക്കാതിരുന്നിട്ടും അവര്‍ക്കു കിട്ടുന്നത് കോടികളാണ്. കൗതുകമുള്ള കാഴ്ച എന്നതിനപ്പുറത്ത് നമ്മുടെ അനുദിന ജീവിതത്തിനു ഒട്ടും പ്രാധാന്യമില്ലാത്ത ഒന്നാണ് അവരുടെ ഐ. പി. എല്‍.
എനിക്ക് ഉന്നയിക്കാനുള്ള ചോദ്യം ഇതാണ്: നമുക്ക് സ്വാസ്ഥ്യം നല്കുന്ന, നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കിത്തീര്‍ക്കുന്ന ഓട്ടോക്കാരനും ബസ് ഡ്രൈവര്‍ക്കും വീട്ടുവേലക്കാരിക്കും ഇത്രയും കുറച്ചു പ്രതിഫലം കൊടുക്കുന്നതെന്തുകൊണ്ട്? എറിഞ്ഞു കൊടുക്കുന്ന ഒരു പന്തിനെ അടിച്ചു കളയുന്നവര്‍ക്ക് ഇത്രയും ഭീമമായ പ്രതിഫലം കൊടുക്കുന്നതും എന്തുകൊണ്ട്? ഐ. പി. എല്‍ നടന്നില്ലെങ്കിലും നമ്മുടെ ജീവിതം ഇതേപടി പൊയ്ക്കൊള്ളും. പക്ഷേ വീട്ടുവേലക്കാരി ഒരു ദിവസം എത്തിയില്ലെങ്കില്‍ ആ ദിവസം 'കുള' മായതുതന്നെ. ഈ ഭീകരമായ അനീതിയെ നിങ്ങള്‍ എങ്ങനെയാണു മനസ്സിലാക്കുക, മനസ്സിലാക്കിയിട്ടും പ്രതികരിക്കാതിരിക്കുക?
കടപ്പാട്: ദ ഹിന്ദു