top of page

ഇനിയും രൂപപ്പെടാനിരിക്കുന്ന ക്രിസ്തുവിന്‍റെ സമൂഹത്തെക്കുറിച്ച്

Oct 1, 2010

4 min read

ഡോ. റോസി തമ്പി
Image : People attending the Holy Mass
Image : People attending the Holy Mass

ഒരേസമയം ദൃശ്യമായൊരു സംഘടനയും ആദ്ധ്യാത്മികമായൊരു സമൂഹവുമാണ് സഭ എന്നാണല്ലോ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിലയിരുത്തുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ചില അടിയന്തരപ്രശ്നങ്ങള്‍ എന്നു നിരീക്ഷിക്കുന്ന വസ്തുതകളാണ് വിവാഹം, കുടുംബം, മനുഷ്യസംസ്കാരം, സാമ്പത്തികം, സാമുദായികം, രാഷ്ട്രീയം, ജനപദങ്ങള്‍ തമ്മിലുള്ള ബന്ധം, സമാധാനം എന്നിവ. സമൂഹത്തില്‍ നേരിട്ടിടപെടുന്ന അല്മായര്‍ തങ്ങളഭിമുഖീകരിക്കുന്ന ഈ സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള പരിശ്രമത്തില്‍ ക്രിസ്തുവിന്‍റെ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുകയും മനുഷ്യരെല്ലാം അവയാല്‍ പ്രകാശിതരാകുകയും ചെയ്യട്ടെ; ഇവയിലെല്ലാം ക്രിസ്തുവിന്‍റെ പ്രകാശവും പ്രബോധനവും വെളിച്ചംവീശട്ടെ - ഇതാണ് സൂനഹദോസിന്‍റെ ആഗ്രഹം.

എന്നാല്‍ സൂനഹദോസിന്‍റെ ക്രിയാത്മകമായ ചിന്തകള്‍ സഭാസമൂഹത്തില്‍ വെളിച്ചംവീശാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികയാന്‍പോകുന്നു. ഇക്കാലംകൊണ്ട് കേരളസഭയില്‍വന്ന മാറ്റങ്ങളേറെ ശ്രദ്ധാര്‍ഹമാണ്. ദൃശ്യമായൊരു സംഘടന എന്നനിലയില്‍ നമ്മള്‍ ഏറെവളര്‍ന്നു. ആ വളര്‍ച്ചയില്‍ ആദ്ധ്യാത്മികമായൊരു സമൂഹം എന്ന സ്വപ്നം എവിടെയൊ ബലിവസ്തുവാക്കി ഉപേക്ഷിച്ചു.

സഭ ഒരു സംഘടന എന്ന നിലയില്‍ സംഘടനയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഇന്‍ഫ്രാസ്ട്രച്ചറുകളും നമ്മള്‍ നേടി. ഇന്ന് കേരളസഭ മുമ്പ് എന്നത്തേക്കാളും ശക്തവും സുരക്ഷിതവുമാണ്, അതിന്‍റെ തലയെടുപ്പുള്ള സ്ഥാപനങ്ങളെക്കൊണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളുമാണ് പ്രധാനം. എത്രമാത്രം കച്ചവടതാല്പര്യപരമാണ് ഇവ എന്നു ശത്രുക്കള്‍ ആക്ഷേപിച്ചാല്‍പോലും ഇന്നും സഭനടത്തുന്ന സ്ഥാപനങ്ങളുടെ സേവനം നല്ലതാണെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. ഒരു സംഘടന എന്ന നിലയില്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

സമൂഹത്തില്‍ അരനൂറ്റാണ്ടുമുമ്പുണ്ടായിരുന്നതിനേക്കാള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സഭയിലെ അംഗങ്ങള്‍ ഏറെ ശക്തി പ്രാപിച്ചു. സഭയുടെ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ന്യൂനപക്ഷാവകാശം എന്ന പ്രത്യേകാധികാരം സമൂഹത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് സാമൂഹ്യമായ ഒരു ഉറപ്പു നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി ലഭിച്ചതുകൊണ്ട് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉയര്‍ന്നവരുമാനവും സമൂഹത്തില്‍ പ്രത്യേകമായ മാന്യതയും ലഭിച്ചു. മാനേജുമെന്‍റുകള്‍ക്കുള്ള പ്രത്യേക അധികാരം പൂര്‍ണ്ണമായുംതന്നെ സഭ വിശ്വസ്തരായ അനുയായികള്‍ക്കു ജോലിനല്‍കുന്ന കാര്യത്തില്‍ പാലിച്ചിട്ടുണ്ട്. അധ്യാപനവൃത്തികൊണ്ടുതന്നെ ഒരു വലിയ തൊഴില്‍സേനയെ സഭയോടൊപ്പം നിര്‍ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. അര്‍പ്പണഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സന്ന്യാസിനീസമൂഹങ്ങള്‍ ഇക്കാര്യത്തില്‍ സഭയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. അവര്‍ക്കതൊരു സുരക്ഷിതമായ ജീവിതമാര്‍ഗ്ഗമാണ്.

ഒരാള്‍ക്ക് മാമോനേയും ദൈവത്തെയും ഒരുപോലെ സേവിക്കാനാകില്ല എന്നപോലെ സഭയുടെ സംഘടനാരൂപം ശക്തിപ്രാപിച്ചപ്പോള്‍ അതോടൊപ്പംതന്നെ ആദ്ധ്യാത്മികസമൂഹം എന്ന സ്വപ്നം അകന്നകന്നുപോകുകയും ചെയ്തു. സംഘടനയെ ബലപ്പെടുത്താനും വിപുലീകരിക്കാനുമുള്ള ഉപകരണം മാത്രമായി ആദ്ധ്യാത്മികസമൂഹം എന്ന ആശയം. സംഘടനയുടെ ശക്തിക്കുവേണ്ടി ഉണ്ടാക്കിയെടുത്ത സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന നിധി കാക്കുന്ന ഭൂതത്താന്‍റെ വിധിയാണ് ഇന്ന് കേരളസഭയ്ക്കു വന്നുചേര്‍ന്നത്. അതുകൊണ്ടാണ് സഭയ്ക്കകത്ത് അല്മായരോട് ഇത്രയും കാര്‍ക്കശ്യവും വിവേചനവും ഉണ്ടാകുന്നത്; അധികാരമുള്ളവരും ഇല്ലാത്തവരും തമ്മില്‍ ഇഴയടുപ്പം നഷ്ടമാകുന്നത്.

പൊതുവില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയ്ക്കകത്ത് ഒരു കാറ്റും വെളിച്ചവും കടക്കാന്‍, അതിന്‍റെ അടച്ചിട്ട ജനാലകളെ തുറന്നിടാന്‍ ശ്രമിച്ചിരുന്നു. എന്‍റെ കൗമാരയൗവനകാലങ്ങള്‍ ആ വെളിച്ചത്തിലൂടെയാണ് കടന്നുപോന്നത്. പുതിയതൊന്നു തുറന്നുകിട്ടിയതിന്‍റെ ഏറ്റവും നല്ല കാലമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും നമ്മള്‍ അവയൊക്കെ കൊട്ടിയടയ്ക്കുകയാണോ എന്നു സംശയംതോന്നും. ജനലും വാതിലും തുറന്നിട്ടപ്പോള്‍ കഴുക്കോലുതന്നെ ഊരിക്കൊണ്ടുപോകുന്ന അവസ്ഥയായതിനാല്‍ മുറുക്കിക്കെട്ടണം എന്ന പക്ഷക്കാര്‍ ഇന്ന് ഏറുന്നു. ജൈവികമായൊരു വളര്‍ച്ചയ്ക്കുപകരം സംഘടനാപരമായ വളര്‍ച്ചയാണ് ഇപ്പോള്‍ സഭയില്‍ സംഭവിക്കുന്നത്. അത് ഒട്ടുംതന്നെ ജനാധിപത്യപരമല്ല. അപൂര്‍വ്വം നല്ല വ്യക്തികളെക്കൊണ്ടു പരിഹരിക്കപ്പെടേണ്ട ഒന്നല്ല അത്. നയപരമായിത്തന്നെ സ്വീകരിക്കേണ്ട നിലപാടാണത്. സഭയുടെ അധികാരതലങ്ങളില്‍ അല്മേനികള്‍ക്ക്- സ്ത്രീക്കും പുരുഷനും- ഇടപെടാന്‍ കഴിയുമ്പോഴെ അത് ഇന്നത്തെ അവസ്ഥയില്‍ ജനാധിപത്യപരമാകുകയുള്ളൂ. അല്ലെങ്കില്‍ അധികം വൈകാതെ യൂറോപ്പില്‍ സംഭവിച്ചതുതന്നെ നമ്മുടെ പള്ളികള്‍ക്കും സംഭവിക്കും. അവ കമ്മ്യൂണിറ്റിഹാളുകളോ, എക്സിബിഷന്‍ ഹാളുകളോ ആയി മാറും. അതറിഞ്ഞുകൊണ്ടായിരിക്കണം ഓരോ സമൂഹവും അവരുടെ സാംസ്കാരികതനിമ നിലനിര്‍ത്താന്‍ സൂനഹദോസ് ആവശ്യപ്പെടുന്നത്. എങ്കിലും നമുക്കിതുവരെ അങ്ങനെ ഒരു സാംസ്കാരികനയം രൂപപ്പെടുത്താനായിട്ടില്ല.

ഒരിടവകയിലേക്ക് വികാരിയച്ചന്‍ പുതുതായി വന്നാല്‍ ആദ്യം പറയുന്നത്, ഈ പള്ളി കുറച്ച് പഴയതായിട്ടുണ്ട്, ഇതൊന്ന് പൊളിച്ച് പണിയാം എന്നാണ്. എന്നിട്ട് കോടികള്‍ ചെലവഴിച്ച് നല്ല വിശാലമായ ഓഡിറ്റോറിയം പണിയും. അള്‍ത്താര പോസ്റ്റ്മോഡേണ്‍ ആര്‍ട്ട്പോലെ ചെറുതായി എവിടെയെങ്കിലും കാണും. ഇതുപണിയാന്‍ ഇടവകക്കാരില്‍നിന്നും, പിന്നെ കിട്ടാവുന്നിടത്തുനിന്നൊക്കെ പിരിവും നടത്തും. ഇടവകക്കാര്‍ക്കും സന്തോഷം. അച്ചനും നിര്‍വൃതി. ഒരു പള്ളി പണിതു. ഞങ്ങളും അടുത്ത ഇടവകയ്ക്കൊപ്പമായി. പള്ളിപണി കഴിഞ്ഞാല്‍പിന്നെ അടുത്തത് ഷോപ്പിംഗ്കോംപ്ലക്സാണ്. പിന്നെ കമ്മ്യൂണിറ്റിഹാള്‍. അങ്ങനെ സ്ഥിരവരുമാനം പള്ളിക്ക് ഇപ്പോള്‍തന്നെ ഉറപ്പാക്കുന്നുണ്ട്. ആമുഖമായി ഇത്രയും പറഞ്ഞുവച്ചത് സേവനവും കാരുണ്യപ്രവര്‍ത്തനവും മാത്രമേ നമ്മള്‍ ഇപ്പോഴും സഭയുടെ പ്രവര്‍ത്തനമണ്ഡലങ്ങളായി സ്ഥിരീകരിച്ചിട്ടുള്ളൂ എന്ന് ഓര്‍മ്മപ്പെടുത്താനാണ്. സ്ഥാപനങ്ങളുടെ എണ്ണം കൂടുകയും മുടക്കുമുതലിനനുസരിച്ച് ലാഭം പ്രതീക്ഷിക്കുകയുംകൂടി ചെയ്യുമ്പോള്‍ സൂനഹദോസ് ലക്ഷ്യംവയ്ക്കുന്ന ആദ്ധ്യാത്മികമായൊരു സമൂഹം എന്ന സങ്കല്പം നഷ്ടമാകുന്നു.

ആദ്ധ്യാത്മികസമൂഹത്തിന്‍റെ പ്രകൃതം ജൈവമാണ്. അത് ഒരു സംഘടനാരൂപത്തെയും സ്ഥാപനവല്‍ക്കരണത്തെയും അംഗീകരിക്കില്ല. ക്രിസ്തു പൊരുതിയത് നൂറ്റാണ്ടുകളായി നിലനിന്ന യഹൂദമത സംഘടനാസങ്കല്പത്തോടാണ്. അതുകൊണ്ടാണ് അതിന്‍റെ വക്താക്കളായ പുരോഹിതര്‍ അതിനിശിതവും കഠിനവുമായി വിമര്‍ശിക്കപ്പെട്ടിരുന്നത്. ഒരു നല്ല കഥാപാത്രമായിപ്പോലും പുരോഹിതന്‍ യേശുവിന്‍റെ ഉപമകളില്‍ കടന്നുവരുന്നില്ല. ഏത് അധികാരശ്രേണിയെ ആണോ ക്രിസ്തു എതിര്‍ത്തത് അതിലും കഠിനമായ അധികാര കേന്ദ്രീകരണത്തിലാണ് സഭ 2000 വര്‍ഷവും നിലനിന്നത്.

മാര്‍പ്പാപ്പയെയും മെത്രാനെയും തെരഞ്ഞെടുക്കുന്നതെല്ലാം ദൈവനിശ്ചയപ്രകാരംമാത്രം നടക്കുന്ന ഒന്നാണ് എന്ന് എത്രകാലം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. കത്തോലിക്കാസഭയെക്കാള്‍ ഇക്കാര്യങ്ങളില്‍ മറ്റു സഭകള്‍ ഏറെ ജനാധിപത്യപരമാണ്.

തീരെ അഴുകിപ്പോകുന്ന സമയങ്ങളില്‍ യേശുവിന്‍റെ ജൈവപ്രകൃതിയെ പിന്‍തുടര്‍ന്നവര്‍ അതിനെ തങ്ങളുടെ രക്തംകൊണ്ട് കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അതിനുള്ള ഒരു ധാര സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സഭയില്‍ ഞാന്‍ കാണുന്ന ക്രിസ്തുവിന്‍റെ ഇടപെടല്‍. നിശബ്ദരായി ക്രിസ്തുവിനുവേണ്ടി പണിയെടുക്കുന്ന അതിസമര്‍ത്ഥരായ മുയലുകളായി അല്മായരും സന്ന്യസ്തരുമടങ്ങുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഇവിടെ ശേഷിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കുപോലും സഭ അനുവദിച്ചുകൊടുക്കുന്നത് ഒരു മദര്‍ തെരേസാകുപ്പായമാണ്. അതിലപ്പുറത്തേക്ക്, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുപോകുമ്പോള്‍ അത് അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെടുന്നു.

ജൈവികമായ, സ്വതഃസിദ്ധമായ ഒരു ഒഴുക്ക് സഭയില്‍ ഇനിയും സംഭവിക്കേണ്ടതുണ്ട്. വൃത്താകൃതിയിലുള്ള സഭയെക്കുറിച്ച് സൂനഹദോസ് പഠിപ്പിച്ചെങ്കിലും ഇപ്പോഴും പിരമിഡിക്കല്‍ ഘടനയാണ് നമ്മള്‍ പാലിക്കുന്നത്. പള്ളിയോഗങ്ങള്‍ക്കു പകരം പള്ളിക്കമ്മിറ്റികള്‍ വന്നെങ്കിലും (പള്ളിയോഗങ്ങളില്‍ 21 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ. പള്ളിയോഗത്തിന് പകരം ഇപ്പോള്‍ പള്ളിക്കമ്മിറ്റികള്‍ ആയി. അതില്‍ സ്ത്രീക്കും അംഗമാകാം. അങ്ങനെയൊന്നു സാധ്യമായപ്പോള്‍ സ്ത്രീക്കു കൂടി ഇടം കിട്ടി എന്നഭിമാനിച്ച വ്യക്തിയാണു ഞാന്‍) പലയിടത്തും തീരുമാനങ്ങള്‍ ജനാധിപത്യപരമായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ലോകത്തിലെ ഏറ്റവും നല്ല മാനേജ് സിസ്റ്റം നിലനില്‍ക്കുന്നത് നമ്മുടെ പള്ളികളിലാണ്. പള്ളിക്കുവേണ്ടി ചെയ്യുമ്പോള്‍ അതെല്ലാം വിശ്വാസികള്‍ക്ക് സേവനമാണ്. സഹായിയുടെ റോളില്‍നിന്ന് ഒരിക്കലും അല്മായര്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ല. അഭിപ്രായവ്യത്യാസം പറഞ്ഞാല്‍ അത് അനുസരണക്കേടുമാകും.

അടുത്തകാലത്ത് സഭ വിട്ടുപോകുന്ന സന്ന്യാസികളുടെ എണ്ണം കൂടുതലാണെന്നു പറയുന്നു. ചേരാന്‍ വരുന്നവരുടെ എണ്ണം കുറവും. അത് നല്ല കുടുംബങ്ങളില്‍ പിറക്കാത്തതുകൊണ്ടാണെന്ന ഒരു പരിഹാസവും കുടുംബസ്ഥര്‍ക്കുനേരെ അവര്‍ക്കുണ്ട്. അല്ലാതെ സന്ന്യാസത്തിന്‍റെ പുതിയ സാധ്യതകളെക്കുറിച്ച് ഒരിക്കലും അവരന്വേഷിക്കാറില്ല. കഴിഞ്ഞ ദിവസം ഒരു വൈദികന്‍ കുര്‍ബാനമധ്യേ പ്രസംഗിക്കുന്നതു കേട്ടു. ഏതോ ഒരു കന്യാസ്ത്രീ മഠം ചാടി. എതോ ഒരു പുസ്തകമെഴുതി, അതു വായിച്ചിട്ട് കാര്‍ന്നോമ്മാര് വന്ന് കോണ്‍വെന്‍റില്‍ചേര്‍ന്ന പിള്ളേരെയൊക്കെ വിളിച്ചോണ്ടുപോയി. അദ്ദേഹം ഒരു ധ്യാനഗുരുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നു. ഇത് അകത്തു നടക്കുന്ന സംഘര്‍ഷം പുറത്തുനിന്ന് ഒരു വിശ്വാസി കാണുന്ന കാഴ്ചയാണ്. ഇതിനെയൊക്കെ നേരിടാന്‍ അധികാരികളുടെ കയ്യിലുള്ള മരുന്ന് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നതാണ്. അതവര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ന് അത്യാവശ്യം ജീവിക്കാന്‍ നിവൃത്തിയുള്ള ഒരു കത്തോലിക്കാകുടുംബം ചെയ്യുന്നത് ഞായറാഴ്ച പള്ളിയില്‍ പോകുക. അത്യാവശ്യം പിരിവുചോദിക്കുമ്പോള്‍ കൊടുക്കുക. നമ്മളായിട്ട് അടുക്കാനും പോകണ്ട, അകലാനും പോകണ്ട. ഈ ഒരു കാഴ്ചപ്പാടാണ്. ഒരു സോഷ്യല്‍സ്റ്റാറ്റസ് ആയിട്ടതങ്ങനെ തുടരുന്നു. പിന്നെ ഇത്രയും സ്ഥാപനങ്ങള്‍ ഉള്ളതല്ലേ മക്കള്‍ക്കോ, തങ്ങള്‍ക്കോ എന്തെങ്കിലും സഹായം സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ ഉപകാരമുണ്ടാവുമെങ്കില്‍ എന്തിനാ വെറുതെ തട്ടിക്കളയുന്നത്. പക്ഷേ ഈ ഒരു അവസ്ഥ എത്രകാലം തുടരും?

സഭ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകതന്നെ ചെയ്യും എന്നാണ് എന്‍റെ വിശ്വാസം. കാരണം അതിനുളള ഒരു ഊര്‍ജ്ജം അതു കണ്ടെത്തും. അങ്ങനെ ഒരു പ്രതീക്ഷയാണ് ഹരിതസഭയെക്കുറിച്ചുള്ള സ്വപ്നം. സ്ത്രൈണ ആത്മീയതയെക്കുറിച്ചുള്ള സ്വപ്നം. ഇവ രണ്ടും സൂനഹദോസ് ചര്‍ച്ചചെയ്യാന്‍ വിട്ടുപോയതോ അക്കാലത്ത് പ്രസക്തമെന്നു തോന്നാതിരുന്നതോ ആയ സ്വപ്നങ്ങളാണ്.

ഹരിതസഭ - അതിന്‍റെ ആത്മീയത സ്ത്രൈണമായിരിക്കും. അങ്ങനെയൊന്നിനെക്കുറിച്ച് സഭയ്ക്കകത്തുതന്നെ, അധികാരശ്രേണിക്കു പുറത്തായി, ഒരു പച്ച നിറയുന്നുണ്ട്. ഈ നൂറ്റാണ്ടില്‍ ലോകത്തിനു മുമ്പില്‍ സഭ നല്‍കാന്‍ പോകുന്ന ജീവന്‍റെ ജൈവികമായ തുടര്‍ച്ച വരാനിരിക്കുന്ന ഹരിതസഭയായിരിക്കും. എല്ലാ കാലത്തും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളും വിധം അത് ക്രിസ്തുവിനെപ്പോലെ ജൈവമായിരിക്കും.

(ഹരിതസഭ, സ്ത്രൈണ ആത്മീയത എന്നീ വിഷയങ്ങള്‍ അസ്സീസി പല പ്രാവശ്യം ചര്‍ച്ച ചെയ്തതായതുകൊണ്ടാണ് ഇവിടെ അവ സൂചിപ്പിച്ചുമാത്രം പോകുന്നത്.)

സഭ സകലമനുഷ്യര്‍ക്കും വേണ്ടിയാകുമ്പോള്‍ ഇന്നത്തെ അതിന്‍റെ സംഘടനാസ്വഭാവം കുറയുകയും ജൈവപ്രകൃതി കൂടുകയും വേണം. അതിനൊരു മാര്‍ഗ്ഗമുണ്ട്. സഭ ക്രിസ്തുവിലേക്ക് മാത്രം നോക്കിയാല്‍ മതി. ക്രിസ്തുവിന്‍റെ വാക്കുകളില്‍നിന്ന് മാത്രം ഊര്‍ജ്ജം ശേഖരിക്കാന്‍ ധൈര്യം കാണിച്ചാല്‍ മതി. അപ്പോള്‍ പൗരോഹിത്യത്തിന്‍റെയും സംഘടനയുടെയും ധാര്‍ഷ്ട്യങ്ങള്‍ അഴിഞ്ഞു പോകുകയും യേശുകേന്ദ്രീകൃതമായ ഒരു കൂട്ടായ്മ പച്ചയായ് പടരുകയും ചെയ്യും.

Featured Posts

bottom of page