top of page

മഴുവെറിഞ്ഞ് ഭൂമിയുണ്ടാക്കുന്നവരും സഹ്യന്‍റെ നൊമ്പരവും

Aug 1, 2012

6 min read

ജിജോ കുര്യന്‍
Western Ghats

"ഈ മണ്ണ് നമ്മുടെ പിതാക്കന്മാരില്‍നിന്ന് നമുക്കു പൈതൃകമായി കിട്ടിയതല്ല; നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് നാം കടം കൊണ്ടതാണ്" (റെഡ് ഇന്ത്യന്‍ പഴമൊഴി)


കഴിഞ്ഞ ജൂലൈ 1 ന് നമ്മുടെ പശ്ചിമഘട്ടമലനിരകളെ യുനെസ്കൊ (UNESCO) ലോകപൈതൃക പട്ടികയില്‍ ചേര്‍ത്തുവെന്ന അഭിമാനകരമായ വാര്‍ത്ത പുറത്തുവന്നു. ഇനി മുതല്‍ പശ്ചിമഘട്ടമെന്ന നമ്മുടെ സഹ്യപര്‍വ്വതം ലോകത്തിന്‍റെ പൈതൃകസ്വത്തത്രെ. എന്നാല്‍ സഹ്യന്‍ എന്‍റെയൊ, നിന്‍റെയൊ അന്താരാഷ്ട്ര സമൂഹത്തിന്‍റെയോ പൈതൃക സ്വത്തല്ല എന്നതല്ലേ സത്യം? റെഡ് ഇന്ത്യന്‍ പഴമൊഴി പോലെ, വരുംതലമുറയുടെ സ്വത്ത് നാം ഇന്നത്തെ ഉപയോഗത്തിനു വേണ്ടി മാത്രം കടം കൊണ്ടതാണ്. ഇതിനെ വരും തലമുറയ്ക്കുവേണ്ടി പരിക്കുകള്‍ കൂടാതെ തിരിച്ചേല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നു ചിന്തിക്കേണ്ട ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്.


പശ്ചിമഘട്ടത്തിന്‍റെ ഭൂമിശാസ്ത്രം

ഡക്കാന്‍ പീഠഭൂമിയെ പടിഞ്ഞാറന്‍ അറബിക്കടലില്‍നിന്ന് വേര്‍തിരിച്ചുകൊണ്ട് ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തുനിന്ന് ആരംഭിച്ച് 1600 ഓളം കിലോമീറ്റര്‍ നീളത്തില്‍ കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി അറബിക്കടലിന് സമാന്തരമായി വ്യാപിച്ചു കിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. ഗോവയിലും പാലക്കാട്ടും മാത്രം ഈ മലനിരകള്‍ക്ക് സമതലവിടവുകള്‍ ഉണ്ട്. ഇതിന്‍റെ വടക്കേ അതിരു മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന താപ്തി നദിയും തെക്കേ അതിരു കന്യാകുമാരിയുമാണ്. ഹിമാലയത്തേക്കാള്‍ പഴക്കമുള്ള ഈ ഭൂപ്രദേശം ഇന്ത്യയുടെ കാലവര്‍ഷത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ആഗോളമായി വംശനാശഭീഷണി നേരിടുന്ന 325-ല്‍ പരം ജീവജാലങ്ങള്‍ പശ്ചിമഘട്ട കാടുകളില്‍ മാത്രം കാണപ്പെടുന്നു. ലോകത്തിലെ ജൈവവൈവിധ്യത്തിന്‍റെ പ്രധാനപ്പെട്ട ആദ്യത്തെ പത്തിടങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. കണക്കുകള്‍ പ്രകാരം പശ്ചിമഘട്ട മലനിരകളില്‍ ഇന്നോളം കണ്ടെത്തിയ സസ്യജന്തുവൈവിധ്യങ്ങള്‍ 1500 തരത്തില്‍പരമാണ്. ലോകത്തിലാകെയുള്ള പുഷ്പ്പിക്കുന്ന സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലായിരിക്കെ, ഇന്ത്യയില്‍ കാണപ്പെടുന്ന സസ്യയിനങ്ങളുടെ മൂന്നിലൊരു ഭാഗവും പശ്ചിമഘട്ടത്തിലാണ്. ആകെ സസ്യങ്ങളില്‍ 37%, ഉഭയജീവികളില്‍ 53%, സസ്തനികളില്‍ 12%, പക്ഷികളില്‍ 4%, പശ്ചിമഘട്ടത്തിന്‍റെ സ്വന്തമാണ്. പശ്ചിമഘട്ടത്തിലെ 250 ഓളം വരുന്ന ഓര്‍ക്കിഡുകളില്‍ 130 എണ്ണം തദ്ദേശീയമാണ്.

ഇന്ത്യയില്‍ ഹിമാലയത്തിന് പുറമെയുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്നായ സൈലന്‍റ്വാലി ദേശീയോദ്യാനവും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരയാടുകളുടെ സംരക്ഷണയിടമായ ഇരവികുളം ദേശിയോദ്യാനവും, അത്യപൂര്‍വ്വമായ നീലക്കുറിഞ്ഞി പൂക്കുന്ന മൂന്നാര്‍മലനിരകളും, കടുവാ സംരക്ഷിത പ്രദേശമായ പെരിയാര്‍ വനങ്ങളും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലയണ്ണാന്‍റെ ആവാസ വ്യവസ്ഥയായ ചിന്നാര്‍ കാടുകളും, 253-ല്‍ പരം പക്ഷികള്‍ ചേക്കേറുന്ന തട്ടേക്കാട് പക്ഷിസങ്കേതവും കേരളത്തിലെ പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളും ജൈവവൈവിധ്യത്തിന്‍റെ കലവറയുമാണ്.


പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍