top of page

ഫ്രാന്‍സിസ് പാപ്പയുടെ പത്തു വിമോചനാത്മക നിലപാടുകള്‍

Feb 3, 2018

6 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ

pope francis

യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളിലെ മിക്കതാളുകളിലെയും നിതാന്തസാന്നിധ്യമാണ് വേദനിക്കുന്നവര്‍. പൗലോസ് സുവിശേഷദൗത്യവുമായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ യാക്കോബും കേപ്പായും യോഹന്നാനുംകൂടി ചേര്‍ന്നുകൊടുക്കുന്ന ഒരേയൊരു നിര്‍ദ്ദേശം 'പാവങ്ങളെപ്പറ്റി ചിന്തവേണം' എന്നതാണ് (ഗലാത്തിയാര്‍ 2:10). 2013 മാര്‍ച്ച് 13-നാണല്ലോ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ പോപ്പ് ഫ്രാന്‍സിസായി തെരഞ്ഞെടുക്കപ്പെട്ടത്. ജനത്തെ അഭിമുഖീകരിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്‍റെ സുഹൃത്തായ ക്ലൗദിയോ ഹൂമെസ് അദ്ദേഹത്തിനു കൊടുത്ത ഒരേയൊരു നിര്‍ദ്ദേശം - "പാവപ്പെട്ടവനെ മറക്കരുത്"- ഈ പുതിയ നിയമ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചുള്ളതായിരുന്നല്ലോ. ആകാശത്തേക്കുയരുന്ന പ്രാര്‍ത്ഥനകള്‍ക്കും ഭൂമിയില്‍ നിന്നുയരുന്ന നിലവിളികള്‍ക്കും ഒരേ പ്രാധാന്യം കൊടുക്കുന്നതോടെ ദൈവശാസ്ത്രം വിമോചനാത്മകമായിത്തീരുന്നു. പോപ്പ് ഫ്രാന്‍സീസിന്‍റെ നിലപാടുകള്‍ ഈ വിമോചനാത്മകതയെ അസന്ദിഗ്ധമായി ആവിഷ്ക്കരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍നിന്നു പെറുക്കിയെടുത്ത പത്തുകാര്യങ്ങള്‍ ഈ ലേഖനത്തില്‍ നാം പരിഗണിക്കുകയാണ്.

 

1. അമ്മയാകണം സഭ

2015 സെപ്റ്റംബര്‍ 15 ന് പ്രഭാത കുര്‍ബാനയിലെ വചന സന്ദേശവേളയില്‍ പാപ്പ പറഞ്ഞത് ഇതാണ്: "കന്യകാമറിയത്തിനും തിരുസ്സഭയ്ക്കും തങ്ങളുടെ കുട്ടികളെ എങ്ങനെയാണു ലാളിക്കേണ്ടതെന്നും ആര്‍ദ്രത കാട്ടേണ്ടതെന്നും നന്നായിട്ടറിയാം. അമ്മ ഭാവമില്ലെങ്കില്‍ സഭ മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയില്ലാത്ത, ഒറ്റപ്പെട്ടുപോയ, കാര്‍ക്കശ്യമേറിയ ഒരു സംഘടനയായി പരിണമിക്കും".

 

2. ഹൃദയാലുവാകണം ഇടയന്‍

ബ്രസീലിലെ മെത്രാന്മാരോട് 2013-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മാര്‍പാപ്പ ചോദിച്ചു: "ജനങ്ങളോട് ഹൃദയാലുത്വത്തോടെ ഇടപെടുന്ന, അവരുടെ കൂടെ ഇരുളില്‍ നടക്കാന്‍ ഔത്സുക്യമുള്ള, അവരുടെ പ്രതീക്ഷകളോടും നിരാശകളോടും ക്രിയാത്മകമായി സംവദിക്കാന്‍ ശേഷിയുള്ള, അവരുടെ മുറിവുകളെ വെച്ചുകെട്ടാന്‍ സന്മനസ്സുള്ള ഇടയന്മാരെ പരിശീലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ ലോകത്തിന് നല്‍കാന്‍ നമ്മുടെ പക്കല്‍ എന്തു സന്തോഷമാണുള്ളത്?"

യുദ്ധമേഖലയിലെ ആശുപത്രിയെ സഭ മാതൃകയാക്കിയാല്‍, സഭയുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെടേണ്ടി വരും. ഒരേ ഇടവകയില്‍ താമസിക്കുന്ന, ഒരേ ആരാധനാ പാരമ്പര്യത്തില്‍ പങ്കുപറ്റുന്ന, പതിവായി ദിവ്യബലിക്കണയുന്ന, ഇടവക രജിസ്റ്ററില്‍ പേരുള്ളവരുടെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ അപ്പോള്‍ സഭയെ നിര്‍വചിക്കാനാകില്ല. പിന്നെയോ, അപരന്‍റെ സഹനത്തെ ഗൗരവത്തോടെ പരിഗണനയിലെടുക്കുന്ന സൗഖ്യദായകരുടെ കൂട്ടായ്മയായി സഭ അപ്പോള്‍ നിര്‍വചിക്കപ്പെടും. 

 

3. യുദ്ധമേഖലയിലെ ആശുപത്രി: സഭയുടെ മാതൃക

ജസ്യൂട്ടായ അന്‍റോണിയോ സ്പദാരോയ്ക്കു കൊടുത്ത അഭിമുഖത്തിലാണു സഭ യുദ്ധമേഖലയിലെ ആശുപത്രി കണക്കായിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പ ആദ്യം അഭിപ്രായപ്പെട്ടത്. തന്നിലേക്കു തന്നെ  നോക്കിയിരുന്നു മാത്രമല്ല, ഒരാശുപത്രിയിലേക്കുകൂടി നോക്കിയാണു സഭ പഠിക്കേണ്ടത് എന്നാണല്ലോ അതിന്‍റെ അര്‍ത്ഥം.

യുദ്ധമേഖലയിലെ ഡോക്ടര്‍മാര്‍ ചാരുകസേരയില്‍ ഇരിക്കുന്നവരല്ലല്ലോ. ബാന്‍ഡേജ് സ്വന്തം പക്കലുള്ളവര്‍ മുറിവേറ്റവരെ അന്വേഷിച്ചു കണ്ടെത്തുന്ന പതിവാണല്ലോ അത്തരം ആശുപത്രികളില്‍ ഉള്ളത്. തങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്കുവേണ്ടിയാണ് ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും. ചികിത്സ ഏറ്റവും കൂടുതല്‍ ആവശ്യം ഏതു രോഗിക്കാണെന്ന് അറിയാന്‍ ഡോക്ടര്‍ രോഗിയെ ശ്രവിച്ചേ മതിയാകൂ. ഒരു ചികിത്സ തുടങ്ങുന്നത് "ഞാന്‍ എങ്ങനെയാണു നിങ്ങളെ സഹായിക്കേണ്ടത്?" എന്ന രോഗിയോടുള്ള ഡോക്ടറുടെ ചോദ്യത്തോടെയാണല്ലോ. അപ്പോള്‍ തനിക്ക് എവിടെയാണ് ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് എന്ന് രോഗി പറഞ്ഞു തുടങ്ങുന്നു. ഈ സംഭാഷണം പുരോഗമിക്കാന്‍ ക്ഷമയും വിനയവും തുറവിയുമെല്ലാം ഡോക്ടര്‍ക്കു അത്യന്താപേക്ഷിതമാണ്. മുന്‍വിധികള്‍ക്കും മുന്‍ധാരണകള്‍ക്കും നേരത്തെ പഠിച്ചുവച്ച ചില തിയറികള്‍ക്കും അപ്പുറത്താണ് ഓരോ രോഗിയും അയാളുടെ സവിശേഷമായ പ്രശ്നങ്ങളും. ഈ ഡോക്ടര്‍മാരുടെ അതേ മനോഭാവത്തോടെയാകണം സഭയിലെ ശുശ്രൂഷകള്‍ തങ്ങളുടെ ശുശ്രൂഷ സ്വീകരിക്കുന്നവരോട് ഇടപെടേണ്ടത്.

സുഖദവും സുരക്ഷിതവുമായ മേഖലകള്‍ ഉപേക്ഷിച്ചാലേ ഒരാള്‍ക്കു യുദ്ധമേഖലയിലെ ആശുപത്രിയിലേക്കു പോകാനാകൂ. യുദ്ധമേഖല തീര്‍ച്ചയായും വിപല്‍സാധ്യത ഏറെയുള്ളതുമാണ്. അതുപോലെതന്നെ, സങ്കീര്‍ത്തിയുടെ സുരക്ഷിതത്വം ഉപേക്ഷിച്ചാലേ ബഹളമയമായ ലോകത്തിലേയ്ക്ക് - പരിഭവങ്ങളും പരിദേവനങ്ങളും വിമര്‍ശനങ്ങളും ഉള്ള ലോകത്തിലേക്ക് - ഒരു സഭാശുശ്രൂഷകനു പ്രവേശിക്കാന്‍ കഴിയൂ. സ്വന്തം ചെരുപ്പില്‍ മണ്ണുപുരളുന്നതില്‍ മനംമടുപ്പു തോന്നാത്തവരാകണം സഭാശുശ്രൂഷകര്‍. യുദ്ധഭൂമിയില്‍ വച്ച് പുതിയ ചികിത്സാരീതികള്‍ കണ്ടുപിടിക്കപ്പെട്ടതുപോലെ, അജഗണങ്ങളുമായുളള നിരന്തര സമ്പര്‍ക്കം വഴി പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ രീതിയില്‍ പ്രശ്നങ്ങളെ സമീപിക്കാനും ഇടയന്മാര്‍ തയ്യാറാകണം.

യുദ്ധമേഖലയിലെ ഈ ആശുപത്രിയിലെ മരുന്നിന്‍റെ പേര് കരുണയെന്നാണ്. ആന്‍ഡ്രിയ ടോര്‍ണിയെല്ലിയുമായി മാര്‍പാപ്പ നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ ("ദൈവത്തിന്‍റെ നാമം കരുണ"യെന്ന ശീര്‍ഷകത്തില്‍ അതു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടുവല്ലോ) കഷ്ടാല്‍ കഷ്ടതരമായ മനുഷ്യരോടുള്ള ഹൃദയതുറവിയാണു കരുണയെന്നാണ് അദ്ദേഹം നിര്‍വചനം കൊടുക്കുന്നത്. കരുണ മുറിവുകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട മരുന്നാണ്; അതുകൊണ്ടുതന്നെ മുറിവിന്‍റെ മുമ്പില്‍ പിറകോട്ടു മാറാന്‍ കരുണക്കു കഴിയില്ല.

യുദ്ധമേഖലയിലെ ആശുപത്രിയെ സഭ മാതൃകയാക്കിയാല്‍, സഭയുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെടേണ്ടി വരും. ഒരേ ഇടവകയില്‍ താമസിക്കുന്ന, ഒരേ ആരാധനാ പാരമ്പര്യത്തില്‍ പങ്കുപറ്റുന്ന, പതിവായി ദിവ്യബലിക്കണയുന്ന, ഇടവക രജിസ്റ്ററില്‍ പേരുള്ളവരുടെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ അപ്പോള്‍ സഭയെ നിര്‍വചിക്കാനാകില്ല. പിന്നെയോ, അപരന്‍റെ സഹനത്തെ ഗൗരവത്തോടെ പരിഗണനയിലെടുക്കുന്ന സൗഖ്യദായകരുടെ കൂട്ടായ്മയായി സഭ അപ്പോള്‍ നിര്‍വചിക്കപ്പെടും. അപരന്‍റെ ആവശ്യങ്ങളില്‍ പരമാവധി സഹായത്തിനെത്തുന്ന, സഹായമെത്തിക്കാന്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ ചേര്‍ന്നാണു സഭയുണ്ടാകുന്നത്. ഇത്തരത്തില്‍ സഭയെ നിര്‍വചിക്കാന്‍ കാരണം അതിന്‍റെ അടിത്തറയായ ക്രിസ്തുതന്നെ അയയ്ക്കപ്പെട്ടത് ദരിദ്രര്‍ക്കു സുവിശേഷമാകാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വിമോചനമാകാനും അന്ധര്‍ക്കു കാഴ്ചയാകാനും വേണ്ടിയായിരുന്നു (ലൂക്കാ. 4:18-19) എന്നതുകൊണ്ടാണ്.

വാക്കുകള്‍കൊണ്ട് സഭക്കു പുതിയ നിര്‍വചനം കൊടുക്കുക മാത്രമല്ല, നിലപാടുകള്‍കൊണ്ട് മൂര്‍ത്തമായ രീതിയില്‍ ആ നിര്‍വചനത്തിന് ആവിഷ്കാരം കൂടി കൊടുത്തയാളാണ് പോപ് ഫ്രാന്‍സിസ്. മാര്‍പാപ്പയായതിനു നാലുമാസങ്ങള്‍ക്കുശേഷം അദ്ദേഹം നടത്തിയ യാത്ര ഇറ്റലിയുടെ തീരദേശത്തു നിന്നു മാറിക്കിടക്കുന്ന ലാംപെദൂസ ദ്വീപിലേക്കായിരുന്നു. ഇറ്റാലിയന്‍ തീരത്തേക്ക് അണയാനുളള യാത്രക്കിടയില്‍ ഏറെ അഭയാര്‍ത്ഥികള്‍ അതിനുമുമ്പ് കൊല്ലപ്പെട്ടിരുന്നു. അശരണരായ അനേകം അഭയാര്‍ത്ഥികള്‍ക്കാണ് ലാംപെദൂസ ദ്വീപ് അഭയം നല്‍കിയത്. ആ അഭയസ്ഥലമാണു പാപ്പ സന്ദര്‍ശിച്ചത്. 2016 ഏപ്രിലില്‍ ഗ്രീക്കു ദ്വീപായ ലെസ്ബോസിലേക്കു സന്ദര്‍ശനത്തിനു പോയ അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങിയത് മൂന്നു സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും (ആറു കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍) ആയിട്ടാണ്. മുറിവേറ്റവരെത്തന്നെ തേടിപ്പോകുകയാണ് ഈ ഇടയന്‍.

 

4. പുരോഹിതര്‍ക്കിടയിലെ കുഷ്ഠരോഗം