top of page

ഉള്‍ക്കരുത്ത്

Sep 12, 2021

1 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

peter sailing a boat

ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററില്‍ അതിന്‍റെ വാങ്ങല്‍ വളരെ ശക്തമായിരുന്നു. മുന്‍പൊരിക്കല്‍ 'ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടുപോകണമേ' എന്നു യാചിച്ച ഒരാളാണയാള്‍. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നാണ്ടു ദൈര്‍ഘ്യമുള്ള അനുയാത്രയ്ക്കു ശേഷവും അത്തരം ചായ്വുകളില്‍നിന്നു കാര്യമായ മുക്തി ഇനിയും ഉണ്ടായിട്ടില്ല എന്നു സാരം. അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരര്‍ വച്ചു നീട്ടുന്ന സൗഹൃദത്തിന്‍റെ അടയാളങ്ങള്‍ അവരുടെ മഹാമനസ്കതയായി മാത്രം കരുതുക, ഉപയോഗ ശൂന്യരെന്നു സ്വയം വിശേഷിപ്പിക്കുക തുടങ്ങിയുള്ള Dejected Self-ന്‍റെ എല്ലാ പ്രതിസന്ധികളും അതിലൂടെ മറനീക്കി വരികയാണ്.

ക്ലാസിക് ആയ ഒരുത്തരം കൊണ്ടാണ് അയാളുടെ കെട്ടുപോയ ആത്മവിശ്വാസത്തെ യേശു ഊതിയുണര്‍ത്തുന്നത്: നീ കുളി കഴിഞ്ഞവനാണ്, ഇപ്പോള്‍ പാദങ്ങള്‍ മാത്രം കഴുകിയാല്‍ മതിയാകും. അതിന്‍റെ പൊരുള്‍ പല അടരുകളില്‍ വ്യാഖ്യാനിക്കപ്പെടും. പാരമ്പര്യദൈവശാസ്ത്രത്തില്‍ രക്ഷയിലേക്കുള്ള ഒരാളുടെ പ്രവേശനം എന്നേക്കുമായു ള്ളതാണ്. വിശുദ്ധീകരണം സദാ ആവര്‍ത്തിക്കപ്പെടേണ്ട ഒന്നാണെന്നും പറയാറുണ്ട്. ഏറ്റവും ഋജുവായ വിചാരം ഇതാണ്: എല്ലാവരും അടിസ്ഥാന ശുദ്ധിയുള്ളവര്‍ തന്നെ. പിന്നെ അലച്ചിലുകള്‍ക്കിടയില്‍ പാദങ്ങളില്‍ പൊടി പുരണ്ടുവെന്ന് മാത്രം. എന്തൊരു സമാധാനമാണ് അയാള്‍ കൈമാറുന്നത്. ലോകവും അതില്‍ പാര്‍ക്കുന്നവരും മോശപ്പെട്ടത ല്ലെന്നും ചെറിയ വീണ്ടുവിചാരങ്ങളിലൂടെയും തിരുത്തലുകളിലൂടെയും അതിന്‍റെ ആദിമഭംഗികള്‍ വീണ്ടെടുക്കാമെന്നും അയാള്‍ അടിവരയിട്ട് പറയാനാഗ്രഹിക്കുന്നു.

  ചെറിയ തുന്നലുകള്‍ കൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധികള്‍ മാത്രമേ മാനവരാശിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുള്ളൂ എന്നാണ് സാരം. ത്രാസിന്‍റെ ഒരു തട്ടില്‍ ഭൂമിയിലെ മുഴുവന്‍ ആസ്തികരും ഇന്നോളം ദൈവത്തില്‍ നിക്ഷേപിച്ച വിശ്വാസവും, മറ്റേത്തട്ടില്‍ ദൈവം ഒരു ശരാശരി മനുഷ്യനില്‍ അര്‍പ്പിക്കുന്ന വിശ്വാസവും കൂടി തൂക്കി നോക്കുമ്പോള്‍ രണ്ടാമത്തെ തട്ട് ഇപ്പോഴും എപ്പോഴും താണുതന്നെ കിടപ്പുണ്ടാകും.

Mean world syndrome എന്നൊരു പദം ജോര്‍ജ് ഗെബ്നര്‍ (1919-2005) രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടയാളങ്ങള്‍ നമ്മള്‍ വച്ചുപുലര്‍ത്തുന്ന നിന്ദാശീലം (cynicism), മനുഷ്യനോടുള്ള അനിഷ്ടം (misanthropy), അശുഭവിശ്വാസം (pessimism) എന്നിവയാണെന്ന് അയാള്‍ എണ്ണിപ്പറയുന്നു. മനുഷ്യചരിത്രത്തെ അപഗ്രഥിച്ചുകൊണ്ടുള്ള, ഇപ്പോള്‍ ജനകീയമാകുന്ന മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും മനുഷ്യന്‍ ഒരു ഭേദപ്പെട്ട നിലനില്പാണെന്നും ഭാവി കുറേക്കൂടി പ്രകാശമുള്ളതാണെന്നും വിശ്വസിക്കുവാന്‍ കൂട്ടാക്കുന്നതേയില്ല.

ഒന്നിനും കൊള്ളാത്തവളെന്നു സങ്കടപ്പെട്ട ഒരാളോടു ഗുരു ഈ കഥ പറഞ്ഞു: തന്‍റെ യാത്രയില്‍ ഒരു മരം മാത്രം അവശേഷിക്കുന്ന ഒരു ഗ്രാമം അയാള്‍ കണ്ടു. ഓരോരോ ആവശ്യങ്ങള്‍ക്കു വേണ്ടി മരങ്ങളെല്ലാം വെട്ടിത്തീര്‍ത്തതാണ്. കാമ്പുള്ള മരങ്ങള്‍കൊണ്ട് തടിത്തരങ്ങളും വീടും പണിതു. കാമ്പില്ലാത്തതുകൊണ്ട് കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചു. എന്നിട്ടും ഈ മരം മാത്രം എങ്ങനെ രക്ഷപ്പെട്ടു?

തീപ്പെട്ടിക്കോലുപോലും ഉണ്ടാക്കാന്‍ കൊള്ളാത്ത ഒന്നിനെ വെട്ടിയെടുത്തിട്ടെന്തിനാണ്?അപ്പോള്‍ ഉപയോഗമില്ലായ്മകൊണ്ടും ചില ഉപയോഗങ്ങളൊക്കെ ഉണ്ടല്ലേ?ഗുരു പുഞ്ചിരിച്ചു; കൂടെ അവളും.


ഫാ. ബോ��ബി ജോസ് കട്ടിക്കാട്

0

0

Featured Posts

bottom of page