top of page

അവയവങ്ങളില്ലാത്ത ജീവിതം അതിരുകളില്ലാത്ത സ്നേഹം

Aug 1, 2012

4 min read

ക്രിസ്റ്റി വാട്സ്
Caricature of a boy sitting in a wheel chair

പ്രഭാതത്തെ സ്വാഗതം ചെയ്യാന്‍

ശരീരമൊന്നു ചൊറിയാന്‍

പ്രിയപ്പെട്ടവരെയൊന്നാലിംഗനം ചെയ്യാന്‍

കൈകളില്ലെങ്കില്‍... ഈ അവസ്ഥ ചിന്തിക്കാനാവുമോ?

നടക്കാന്‍, ഓടാന്‍

സൈക്കിള്‍ ചവിട്ടാന്‍

ഒന്നു നിവര്‍ന്നു നില്‍ക്കാന്‍

കാലുകളില്ലെങ്കില്‍... അതൊന്നും ഓര്‍ക്കാന്‍പോലും പറ്റില്ലല്ലേ?

നിങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാല്‍ എന്തുചെയ്യുമെന്ന് ഒന്നു സങ്കല്പിക്കാമോ? ആ അവസ്ഥയില്‍ നിങ്ങള്‍ക്ക് ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കാനാവും?


1982-ല്‍ ആസ്ത്രേലിയായിലെ മെല്‍ബണില്‍ പിറന്നുവീണ നിക്ക് വോയെചിച്ചിന്(Nick Vujicic)കൈകളും കാലുകളും ഇല്ലായിരുന്നു. തങ്ങളുടെ ആദ്യത്തെ കണ്‍മണി ഒരു അസ്വാഭാവിക ശിശുവായിരിക്കുമെന്ന് ദുഷ്ക വോയെചിച്ചും പാസ്റ്റര്‍ വോയെചിച്ചും ഒരിക്കലും നിനച്ചിരുന്നില്ല. നിക്കിന്‍റെ അമ്മയ്ക്ക് ആ കുട്ടി തന്‍റെ ഗര്‍ഭത്തില്‍ കിടന്ന അവസ്ഥയില്‍ അസ്വാഭാവികമായി യാതൊന്നും അനുഭവപ്പെട്ടില്ല. എല്ലാം തികച്ചും സാധാരണം. മുന്‍തലമുറക്കാര്‍ക്ക് അംഗവൈകല്യങ്ങളില്ലാതിരുന്നതിനാല്‍ പാരമ്പര്യമായ വൈകല്യങ്ങളെ ഭയക്കേണ്ട കാര്യവും ഇല്ലായിരുന്നു. കുട്ടിയുടെ വൈകല്യാവസ്ഥയെക്കുറിച്ച് വൈദ്യശാസ്ത്രവും മുന്നറിയിപ്പു നല്കിയില്ല.

ഡാഡിക്കും മമ്മിക്കും തന്‍റെയീ അവസ്ഥ ഉണ്ടാക്കിയ മാനസ്സീക ബുദ്ധിമുട്ടുകളെക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ നിക്ക് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്:

"മമ്മിയുടെ അടുത്ത് എന്നെ കൊണ്ടുവന്നു കിടത്തി. എന്നെ കാണാനുള്ള ആവേശത്തോടെ ഡാഡി മുറിയിലെത്തി. മമ്മിയോടു ചേര്‍ന്നു കിടക്കുന്ന എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹം ആദ്യം കണ്ടത് എന്‍റെ ഒരം ആണ്. ഡാഡിക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല; കാരണം എനിക്കു വലതു കരം ഇല്ല. പാവം ഡാഡി... കുഞ്ഞിന് വലതുകരമില്ലെന്ന് മമ്മി കാണാതിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആശിച്ചു. ഡാഡി മുറിക്കു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ വന്നു.

'ഡോക്ടര്‍, ഞങ്ങളുടെ കുഞ്ഞിന് വലതുകരം ഇല്ല.' ഡാഡി പറഞ്ഞു.

'ഇല്ല, വലതുകരം മാത്രമല്ല, അവനു രണ്ടു കൈയും രണ്ടു കാലും ഇല്ല.' ഡോക്ടര്‍ വളരെ ശാന്തനായി പറഞ്ഞു.

ഒന്നും വിശ്വസിക്കാനാവാതെ ഡാഡി തറയിലേക്കു കുഴഞ്ഞുവീണു.

എന്‍റെ ഡാഡി ഒരു പാസ്റ്ററായിരുന്നു. എന്തിനാണ് തങ്ങളുടെ പാസ്റ്റര്‍ക്ക് ദൈവം ഇങ്ങനെയൊരു കുഞ്ഞിനെ നല്കിയതെന്ന് സഭയിലെ അംഗങ്ങള്‍ സങ്കടപ്പെട്ടു.


ആദ്യമൊക്കെ എന്നെ മുലയൂട്ടുന്നതില്‍ മമ്മി ഒട്ടും താല്‍പര്യം കാണിച്ചില്ല. ആദ്യമാസങ്ങളില്‍ എന്നെയൊന്ന് എടുക്കാന്‍പോലും മമ്മിക്ക് അറിയില്ലായിരുന്നു; കൈയും കാലും ഇല്ലാത്ത കുഞ്ഞല്ലേ, എങ്ങനെ എടുക്കാനാണ്!


പിന്നെപ്പിന്നെ എന്‍റെ ഡാഡിയും മമ്മിയും ദൈവത്തിലേക്കു തിരിഞ്ഞു. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു."