top of page
മനുഷ്യന്‍ പിഴച്ചതിന് മഴയെ പഴിക്കുന്നവരാണ് നമ്മളെല്ലാം. തുള്ളിതോരാത്ത മഴയടപ്പും പ്രളയക്കെടുതിയും ഉണ്ടാകുമ്പോള്‍ ഇങ്ങനെ ഒരു നശിച്ച മഴയെന്നും മഴയില്ലാത്ത, മണ്ണും മനസ്സും വരണ്ട വേനല്‍ക്കാലം വരുമ്പോള്‍ എവിടെപ്പോയി മഴ എന്നും നാം മഴയെ കുറ്റപ്പെടുത്തുന്നു. വര്‍ഷംതോറും ശരാശരി 307 സെ.മീറ്റര്‍ മഴ കിട്ടുന്ന കേരളത്തില്‍ രണ്ടു സീസണുകളിലായിട്ടാണ് മഴ പെയ്യുന്നത്. ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷവും ഒക്ടോബറോടെ അവസാനിക്കുന്ന തുലാവര്‍ഷവും. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇല്ലാത്ത ഒരു കാലാവസ്ഥയാണ് ഇത്. രണ്ടു കാലങ്ങളിലായി മഴ; അതും രണ്ട് ദിശകളില്‍നിന്നു വരുന്ന മഴമേഘങ്ങള്‍. തെക്കുപടിഞ്ഞാറുനിന്നും വരുന്ന കാലവര്‍ഷവും (ഇടവപ്പാതി), വടക്കുകിഴക്കുഭാഗത്തുനിന്നും വരുന്ന തുലാവര്‍ഷവും. കിഴക്കുനിന്നു പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമായതിനാലാവണം രണ്ടു മഴക്കാലങ്ങളിലായി നമ്മുടെ ജലലഭ്യത വിന്യസിക്കപ്പെട്ടിരിക്കുന്നത്. (പക്ഷേ ജലലഭ്യതയ്ക്കും അതുപോലെതന്നെ ജലദൗര്‍ലഭ്യതയ്ക്കും ഒരുപോലെ പേരുകേട്ട സ്ഥലം കൂടിയാണ് കേരളം.) ആദ്യം ശക്തികുറഞ്ഞ് തുടങ്ങി പിന്നീട് മാത്രം ശക്തി പ്രാപിക്കുന്ന കാലവര്‍ഷം, ആദ്യം മുതല്‍ അവസാനം വരെ അതിശക്തമായി പെയ്യുന്ന തുലാവര്‍ഷം. ഇടവഴിയിളക്കിയെന്നും കുറുന്തോട്ടിപറിയന്‍ എന്നുമൊക്കെയാണ് തുലാവര്‍ഷമഴയുടെ പേരുകള്‍. അത്ര ശക്തമായിട്ടാണ് ഉച്ചകഴിഞ്ഞ് മാത്രം കിട്ടുന്ന തുലാവര്‍ഷമഴ ആര്‍മാദിക്കുന്നത്. പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് യോജിക്കുന്ന രീതിയിലാണ് ഈ മഴകളെല്ലാം. ശരത്കാല സൂര്യന്‍ ഉണക്കിപ്പൊടിച്ചു വച്ചിരിക്കുന്ന മണ്ണിലേയ്ക്ക് സാവധാനമായിട്ടാണ് ഇടവപ്പാതി മഴകള്‍ പെയ്തിറങ്ങുന്നത്. ആദ്യംതന്നെ കാലവര്‍ഷം ശക്തമായാല്‍ കനത്ത മണ്ണൊലിപ്പുണ്ടാകും. അത് ഒഴിവാക്കുവാനാണ് കാലവര്‍ഷത്തിന്‍റെ ആദ്യമഴകളും കാലവര്‍ഷത്തിന് തൊട്ടുമുമ്പുള്ള മുന്നോടി മഴകളും പെയ്യുന്നത്. കാലവര്‍ഷ മഴകള്‍ ഇടതടവില്ലാതെയാണ് (നൂല്‍വണ്ണത്തില്‍ പെയ്യുക, ചന്നംപിന്നം പെയ്യുക) പെയ്യുന്നത്. ഇതിന് 40-ാം നമ്പര്‍ മഴ എന്ന് ഹൈറേഞ്ചിലെ പഴയ കുടിയേറ്റക്കാര്‍ പറയും. 40-ാം നമ്പര്‍ എന്നുപറയുന്നത് നൂലിന്‍റെ ഒരു അളവാണ്. ഇങ്ങിനെ തോരാതെ മഴ പെയ്താല്‍ മണ്ണൊലിപ്പുണ്ടാവുകയില്ല; എന്നു തന്നെയല്ല മണ്ണില്‍ ജലം ആഴ്ന്നിറങ്ങുകയും മണ്ണ് നന്നായി കുതിര്‍ന്നുറയ്ക്കുകയും ചെയ്യും. ഇതിനുശേഷം വരുന്ന ഓണക്കാലം (ഇടയൊണക്ക്) തെളിഞ്ഞ ആകാശവും ശക്തി കുറഞ്ഞ കാറ്റും മൂലം പ്രകൃതി അതിമനോഹരിയായിരിക്കും. കേരളം കാണുവാന്‍ ഏറ്റവും ഭംഗി ഈ സമയത്താണ്. സസ്യങ്ങളില്‍ നിറയെ പൂക്കള്‍, പൂക്കള്‍ തേടി മത്സരിച്ചുപറക്കുന്ന പൂമ്പാറ്റകള്‍ പുഴകളില്‍ നിറയെ കണ്ണുനീര്‍പോലെ തെളിഞ്ഞ ജലം. കാലവര്‍ഷം കഴിഞ്ഞതിന്‍റെ ആശ്വാസം നിഴലിക്കുന്ന, പങ്കുവയ്ക്കുന്ന മനുഷ്യര്‍. ഈ സമയത്തെ ശക്തി കുറഞ്ഞ സൂര്യന്‍ കുതിര്‍ന്നുകിടക്കുന്ന മണ്ണിനെ ശരിക്ക് ഉണക്കി ഉറപ്പിക്കുന്നു. ഈ മണ്ണിലേയ്ക്കാണ് പിന്നീട് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുലാമഴ വരുന്നത്. അത് ശക്തമായ മഴയാണെങ്കിലും മണ്ണ് ഉറഞ്ഞുകിടക്കുന്നതിനാല്‍ ആ സമയത്തും മണ്ണൊലിപ്പ് ഒരു പ്രശ്നമാകുന്നില്ല. ഇതും കഴിഞ്ഞാണ് നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലം. മേഘങ്ങളില്ലാത്ത ആകാശത്ത് സൂര്യന്‍ തന്‍റെ ഗര്‍വ്വ് കാണിക്കുന്ന കാലം. സകലതും ഉണക്കിക്കളയുവാന്‍ കഴിവുള്ള സൂര്യകിരണങ്ങള്‍ (മീനമാസത്തിലെ സൂര്യനാണ് ഏറ്റവും അഹങ്കാരി) കേരളത്തിലെ പച്ചപ്പിന്‍റെ, സസ്യജാലങ്ങളെ തരുലതാദികളെ ഒന്നാകെ ഉണക്കിക്കരിക്കുവാന്‍ ശ്രമിക്കും. പക്ഷേ ശ്രമങ്ങളെല്ലാം നിഷ്ഫലമാണ്. കാരണമെന്തെന്നോ? ഹരിതാഭമായ കേരളത്തിലെ ഫലഭൂയിഷ്ടമായ, ജലസമ്പന്നമായ മണ്ണുതന്നെ. ഇത് മണ്ണും മരങ്ങളും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. കാലവര്‍ഷ-തുലാവര്‍ഷ മഴകളില്‍ ഒലിച്ചുപോകാതെ മണ്ണിനെ കാത്തുകൊള്ളാമെന്ന് അവയുടെ അസംഖ്യം വേരുകളും, മഴക്കാലത്ത് സംഭരിച്ച് വച്ചിരിക്കുന്ന ജലം നല്‍കി മരങ്ങളെ വേനല്‍ക്കാലത്ത് സൂര്യകിരണങ്ങളേറ്റ് ഉണങ്ങിപ്പോകാതെ കാത്തുകൊള്ളാമെന്നു മണ്ണും. ഈ രണ്ട് ഉടമ്പടികള്‍ക്കും രണ്ടു കൂട്ടരും ഒരുപോലെ സഹകരിക്കുകയും വേണം. അതായത് മണ്ണില്‍ ജലം സംഭരിച്ച് നിര്‍ത്തുവാന്‍ മരങ്ങളുടെ വേരുകള്‍ കൂടി സഹായിക്കണം. വേരുകള്‍ -വേരുപടലങ്ങള്‍ - നാരുവേരുകള്‍- ഇവയുടെ തൊട്ടുസമീപത്തു കാണപ്പെടുന്ന മണ്ണ് വേരുകളെ ചുറ്റിപ്പൊതിഞ്ഞുകിടക്കുന്ന മണ്ണ് - ഈ മണ്ണിനെ റൈസോസ്പിയര്‍ എന്നു വിളിക്കാം. ഇവിടെയാണ് ഏറ്റവും കൂടുതല്‍ ജീവാണുക്കളും ജൈവവസ്തുക്കളും കാണപ്പെടുന്നത്. ഈ ജീവാണുക്കളുടെ ശ്രമഫലമായാണ് മണ്ണില്‍ ജലം സംഭരിച്ച് നിര്‍ത്താനുള്ള വസ്തുക്കള്‍ (ക്ലേദം) ഉണ്ടാകുന്നത്. മണ്ണിന് പശിമയും വളക്കൂറും നല്‍കുന്നതും ഈ സൂക്ഷ്മജീവികളാണ്. ഈ പ്രവൃത്തിക്ക് ഒരു തരത്തില്‍പ്പെട്ട സൂക്ഷ്മജീവികള്‍ മാത്രം മതിയാവില്ല . പലതരത്തില്‍പ്പെട്ട സൂക്ഷ്മജീവികള്‍ ഈ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഇടതടവില്ലാത്ത നടത്തിപ്പിന് ആവശ്യമുണ്ട്. ഓരോതരം മരങ്ങളുടേയും വേരുകള്‍ക്കുചുറ്റും അവിടെ വളരുവാന്‍ വേണ്ടി ഉത്ഭവിച്ച സൂക്ഷ്മജീവികള്‍ (ബാക്ടീരിയ) കാണും. ഒന്നില്‍ കൂടുതല്‍ ഇനം മരങ്ങള്‍ ഉണ്ടെങ്കില്‍ നിരവധി തരം ബാക്ടീരിയകള്‍ ഉണ്ടാകും. ഒരേ തരത്തില്‍പ്പെട്ട മരങ്ങള്‍ മാത്രം വളരുന്ന (വളര്‍ത്തുന്ന) ഏകവിള തോട്ടങ്ങളില്‍ ഏതെങ്കിലും കുറേ ബാക്ടീരിയകള്‍ മാത്രമേ ഉണ്ടാകൂ. അങ്ങനെവരുമ്പോള്‍ അവിടുള്ള മണ്ണിന് ജലസംഭരണശേഷി നന്നേ കുറവായിരിക്കും. അവിടെയൊക്കെ നടുന്ന വിളയല്ലാതെ ഏതെങ്കിലും ഒരുതരം മരം കൂടുതലായുണ്ടെങ്കില്‍ അത്രയും കൂടുതല്‍ ജലസംഭരണശേഷി ഉണ്ടെന്ന് സാരം. ഇതുമൂലം നമ്മുടെ തോട്ടങ്ങളിലെ ആദായം അല്പ കാലത്തേയ്ക്ക് കുറച്ച് കുറവായി തോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്ത ആദായം ഉണ്ടാകുന്നതുകൊണ്ട് വരുമാനം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.
ഇത്രയധികം മഴ കിട്ടുന്നുണ്ടെങ്കിലും മഴയില്ലാ മാസങ്ങളില്‍ വരള്‍ച്ച നേരിടുന്ന സംസ്ഥാനമായി ലോകത്ത് കേരളം മാത്രമേ ശേഷിക്കുന്നുള്ളൂ. വരള്‍ച്ച ഇതിലും രൂക്ഷമായിട്ടുള്ള സ്ഥലങ്ങള്‍ ലോകത്ത് വേറെയുമുണ്ട്. പക്ഷേ അവിടെയൊക്കെ അതിന്‍റെ ഏകകാരണം മഴയില്ല എന്നതാണ്. നമ്മുടെ നാടിന്‍റെ സ്ഥിതി അതല്ല - മഴയുമുണ്ട,് അതുപോലെ വരള്‍ച്ചയുമുണ്ട്. ഇതു രണ്ടും ഒരുമിച്ച് കാണുന്ന സ്ഥലങ്ങള്‍ ലോകത്ത് വേറെ കാണുമോ എന്നു സംശയമാണ്. പണ്ടിങ്ങിനെയായിരുന്നോയെന്നു ചോദിച്ചാല്‍ അതിന് മറുപടി നല്കുന്നത് ഒരുപക്ഷേ നമ്മുടെ കാടുകളും മരങ്ങളുമായിരിക്കും. നമ്മുടെ വനതരങ്ങളും അവയില്‍ കാണപ്പെടുന്ന സസ്യമൃഗജീവജാലങ്ങളുമൊന്നു വിശകലനം ചെയ്താല്‍ ഒരിക്കലും ഒരു വരള്‍ച്ചാബാധിത പ്രദേശമാണ് കേരളം എന്നു പറഞ്ഞുകൂടാ. ആര്‍ദ്രവനങ്ങളുടെ ഗണത്തില്‍പ്പെടുന്ന കേരളത്തിലെ വനങ്ങളില്‍ പണ്ടുകാലത്തും ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു വേനല്‍ക്കാലം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കുവാന്‍ കഴിയും. പക്ഷേ ഈ വനങ്ങളൊക്കെ വേനല്‍ക്കാലത്തും നിത്യഹരിതമായി നിലനിന്നിരുന്നത് അന്നൊക്കെ മണ്ണില്‍ സംഭരിച്ചുവച്ചിരുന്ന ജലസമ്പത്തിനെ ആശ്രയിച്ചായിരുന്നു. ഇതാണ് കേരളത്തിലെ ഭൂപ്രകൃതിയിലെ വാര്‍ഷിക ജലവിതരണത്തിന്‍റെയും ജലലഭ്യതയുടെയും തനതായ അവസ്ഥ. ഈ അവസ്ഥയിലേയ്ക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയില്ല. ഇപ്പോഴും ഇങ്ങനെതന്നെ കാണപ്പെടുന്ന ചിലയിടങ്ങള്‍ കാടുകളും സംരക്ഷിത വനങ്ങളും ഇനിയൊരു മാറ്റം കൂടി വരാതെ നിലനിര്‍ത്തുവാന്‍ കഴിയുമായിരിക്കും. പക്ഷേ അതുകൊണ്ടുമാത്രം നമ്മുടെ കൃഷിയിടങ്ങളിലും കിണറുകളിലും കുളങ്ങളിലും തോടുകളിലും ജലലഭ്യത ഉറപ്പുവരുത്തുവാന്‍ കഴിയില്ല.
അതായത് മഴയുടെ ലഭ്യത ഉറപ്പുവരുത്തുവാന്‍, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുവാന്‍ വനങ്ങള്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, നമ്മുടെ കൃഷിയിടങ്ങളില്‍ 'നമ്മുടെ മണ്ണില്‍' ജലലഭ്യത ഉറപ്പുവരുത്തുവാന്‍ വനങ്ങള്‍കൊണ്ട് മാത്രം കഴിയില്ല. അതിന് മരങ്ങള്‍തന്നെ വേണം. അത് കാട്ടില്‍ പോരാ, നാട്ടില്‍ത്തന്നെ വേണം. ഇവിടെ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. വനങ്ങളും മഴയും തമ്മില്‍ ബന്ധമുണ്ടെങ്കിലും മഴയും മരവും തമ്മില്‍ അത്ര ബന്ധമില്ല. പക്ഷേ മരവും മണ്ണിലെ ജലവും തമ്മിലാണ് ബന്ധമുള്ളത്. ഏതാണ്ട് ശരാശരി 121 ദിവസങ്ങള്‍ മാത്രം വര്‍ഷം തോറും മഴപെയ്യുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മഴയെ ആശ്രയിച്ച് തങ്ങളുടെ ജല ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിവര്‍ത്തിക്കുവാന്‍ കഴിയില്ല. അതിനാലാണ് പരമ്പരാഗതമായി നാം നമ്മുടെ ജലലഭ്യതയ്ക്കായി മണ്ണിനെ ആശ്രയിക്കുന്നത്. ഇതില്‍ നിന്നുമാണ് ഇവിടെ ഒരു കിണര്‍ സംസ്കാരം നിലവില്‍ വന്നത്. ഏതാണ്ട് നാലര ദശലക്ഷത്തോളം കിണറുകളാണ് കേരളത്തിലുള്ളത്. അതില്‍ 3 ദശലക്ഷത്തോളം സ്ഥിരം ജലലഭ്യതയുള്ളതാണ്. ലോകത്തിലെ ഏറ്റവും അധികം കിണര്‍ സാന്ദ്രതയുള്ള പ്രദേശം ഒരുപക്ഷേ കേരളമായിരിക്കും. ഇത്രയും കിണര്‍ കുഴിക്കാന്‍ ചുരുങ്ങിയത് 4500 കോടിയോളം രൂപ മലയാളികള്‍ ചെലവിട്ടിട്ടുണ്ട്. ഇങ്ങിനെ ചെലവഴിച്ച് നിര്‍മ്മിച്ച കിണറുകളില്‍ വേനല്‍ക്കാലങ്ങളില്‍ ജലമില്ലാത്ത അവസ്ഥയാണെങ്കില്‍ അത് വലിയ നഷ്ടം തന്നെയാണ്. ഈ കിണറുകളില്‍ ജലമെത്തിക്കാന്‍ മണ്ണില്‍ ഉറവ വറ്റാത്ത ജലസാന്നിദ്ധ്യമുണ്ടായേ പറ്റൂ. മണ്ണില്‍ ജലലഭ്യത ഉറപ്പുവരുത്തേണ്ടത് കിണര്‍ കുഴിക്കുന്നതിലും പ്രാധാന്യമേറിയതാണ്. അതായത് നമ്മുടെ പറമ്പില്‍ ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആ കിണറ്റില്‍ ജലം ലഭ്യമാക്കുവാന്‍ തക്കവണ്ണം മണ്ണില്‍ വെള്ളമിറങ്ങാന്‍, സംഭരിച്ചുവയ്ക്കാന്‍ നാം മണ്ണിനെ അനുവദിച്ചേ പറ്റൂ.
കേരളത്തില്‍ 1000-ലധികം കുളങ്ങളുണ്ട്. കുളങ്ങള്‍ വഴി ഏകദേശം 50,000-ലധികം ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ജലസേചനമെത്തിക്കുന്നുണ്ട്. കുളങ്ങളെ കിണറുകളില്‍നിന്നു കുറച്ചുകൂടി വിശാലമായി കരുതണം. കിണര്‍ജലം കുടിവെള്ളത്തിനാണെങ്കില്‍ കുളങ്ങള്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കുളിക്കുവാനും കുടിക്കുവാനും തുണി നനയ്ക്കുവാനും ഒക്കെയുള്ളതാണ്. ഒരു ജലസ്രോതസ്സെന്നതിലുപരി ജലത്തെ (മഴവെള്ളെത്തെ) മണ്ണിലേയ്ക്ക് ഇറക്കുന്ന ഒരു മാര്‍ഗ്ഗം കൂടിയാണ് കുളം. മിക്കവാറും ചെറിയ അരുവികളുടെയൊക്കെ തുടക്കത്തില്‍ ചതുപ്പു നിറഞ്ഞ ഒരു കുളം (കണ്ടം) പ്രകൃത്യാ ഉണ്ടാകും. ചരിഞ്ഞ പ്രദേശമാണെങ്കില്‍ അത് മുകള്‍ത്തട്ടിലായിരിക്കും ഉള്ളത്. ഇതിന് ഗ്രാമീണ ഭാഷയില്‍ തലക്കുളം എന്നു പറയപ്പെടുന്നു. മുകള്‍ത്തട്ടില്‍ ഒരു തലക്കുളമുണ്ടെങ്കില്‍ അവിടെ പെയ്യുന്ന മഴവെള്ളം കുത്തനെ നിരന്ന് ഒഴുകിപ്പോകാതെ തലക്കുളത്തില്‍ ശേഖരിക്കപ്പെടുയും അത് സാവധാനം മണ്ണിലേയ്ക്ക് അരിച്ചിറങ്ങുകയും ചെയ്യും. നമ്മുടെ ഭൂഗര്‍ഭ സ്രോതസ് ധന്യമാക്കുവാന്‍ തലക്കുളങ്ങളെപ്പോലെ മികവുറ്റ ഒരു സംവിധാനമില്ല. തലക്കുളത്തില്‍ ശേഖരിക്കപ്പെടുന്ന ജലം മിച്ചംവരുന്നത് ചെറിയ അരുവിയായി താഴേയ്ക്ക് ഒഴുകുന്നു. ഇത് താഴെയുള്ള മറ്റൊരു കുളത്തില്‍ ശേഖരിക്കാം. അവിടെവച്ചും ജലം മണ്ണിലേയ്ക്കിറങ്ങുന്നു.
കുളത്തിന്‍റെ പരിസരത്തുതന്നെ കിണര്‍ കൂടിയുണ്ടെങ്കില്‍ ഒരു കുളം - കിണര്‍ സംസ്കാരം നമ്മുടെ ജലസംഭരണവും ജലലഭ്യതയും ഏതാണ്ട് ബാലന്‍സ് ചെയ്ത് പൊയ്ക്കോളും. കുളത്തിന് കരയിലായി ആറ്റുവഞ്ചി, മുള, ഒട്ടല്‍, നീര്‍മരുത്, പൂമരുത്, മരവെട്ടി, നീര്‍ക്കടമ്പ് എന്നീ മരങ്ങളിലേതെങ്കിലുമോ രാമച്ചം, കല്യാണസൗഗന്ധികം, അരഞ്ഞ, വയമ്പ്, വയല്‍ചുള്ളി എന്നീ ചെടികളോ നട്ടുപിടിപ്പിച്ചാല്‍ കുളത്തിലെ വെള്ളം എന്നും തെളിഞ്ഞ് കിടക്കും. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തറവിരിച്ച കുളങ്ങള്‍ ഒന്നിനും കൊള്ളുകയില്ല. മീന്‍ വളര്‍ത്താന്‍ വേണ്ടിയെന്നവണ്ണം നിര്‍മ്മിക്കുന്ന കുളങ്ങള്‍ സത്യത്തില്‍ കുട്ടികളുള്ള വീടാണെങ്കില്‍ അപകടകാരിതന്നെയാണ്. പ്ലാസ്റ്റിക് വിരിച്ച കുളങ്ങള്‍ ജലം ശേഖരിക്കുവാന്‍ മാത്രമേ ഉപകരിക്കൂ. അത് മണ്ണിലേയ്ക്ക് ജലമിറങ്ങാന്‍ ഇടയാക്കുന്നില്ല. കുളങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ല നിരവധി ദേശാടന പക്ഷികള്‍ക്കും മീന്‍കൊത്തിപക്ഷികള്‍ക്കും കൊക്കുകള്‍ക്കും നമ്മുടെ നാട്ടില്‍നിന്നു വളരെവേഗം അപ്രത്യക്ഷമാകുന്ന തവളപോലുള്ള ചെറുജീവികള്‍ക്കും കൂടി പങ്കുവയ്ക്കുവാനുള്ളതാണ്.
കാസര്‍കോഡ് ജില്ലയില്‍ കാണപ്പെടുന്ന തുരങ്കങ്ങള്‍ കുളങ്ങളുമായി ബന്ധപ്പെട്ടതാണ്. ചെങ്കല്‍ മലകളുടെ താഴ്വാരത്തില്‍ നിര്‍മ്മിക്കുന്ന ചെറിയ തുരങ്കങ്ങള്‍ തന്നെയാണത്. ഈ തുരങ്കങ്ങള്‍ വഴി വേനല്‍ക്കാലത്തും ജലമൊഴുക്കിക്കൊണ്ടിരിക്കും. ഇതിന് സമാനമായ ഒന്നാണ് നമ്മുടെ ഓലികള്‍. മലഞ്ചെരിവിലെ ഏതെങ്കിലും പ്രകൃത്യായുള്ള ഉറവകളുടെ തുടക്കത്തിലോ എവിടെയെങ്കിലും വെച്ചോ ഉള്ള ചെറിയ കുഴികളാണ് ഓലികള്‍. ഉറവകളില്‍നിന്ന് ഈ ഓലികളില്‍, വെള്ളം വന്നു നിറഞ്ഞതിനുശേഷം ബാക്കി വരുന്നത് താഴേയ്ക്ക് നീര്‍ച്ചാലായി ഒഴുകിപ്പോകും. ഓലികള്‍ മിക്കവാറും കാണപ്പെടുന്നത് പാറക്കെട്ടിലും തിട്ടകളിലും മറ്റുമായിരിക്കും. കുളംപേലെയല്ലെങ്കിലും ജലത്തെ മണ്ണിലേക്കിറങ്ങുന്നതിന് ഓലികള്‍ ധാരാളം മതിയാവും. പശ്ചിമഘട്ടത്തിലെ മിക്കവാറും ആദിവാസികളും ജലം ശേഖരിക്കുന്നത് ഓലികളില്‍ നിന്നുമാണ്. ഓലിയുടെ കരയിലും രാമച്ചം, കലംപൊട്ടി, കദളി, കായാമ്പൂ തുടങ്ങിയവ വച്ചുപിടിപ്പിക്കുന്നത് തെളിഞ്ഞ വെള്ളം കിട്ടുന്നതിന് നല്ലതാണ്.
കുളത്തില്‍നിന്നും അതേപോലെതന്നെ ഓലിയില്‍നിന്നും ഒഴുകുന്ന കൊച്ചരുവികളിലും കൈത്തോടുകളിലും വലരികളിലും ചെറിയ ചെറിയ ചെക്കുഡാമുകള്‍ കെട്ടി വെള്ളത്തെ ഇടക്കൊക്കെ മണ്ണില്‍ താഴാന്‍ സഹായിക്കുന്നത് നമ്മുടെ മണ്ണിന്‍റെ ജലസമ്പുഷ്ടത കൂട്ടുവാനേ സഹായിക്കൂ.
നമ്മുടെ കൃഷിയിടങ്ങളില്‍ ജലസംഭരണത്തിന് ഉതകുന്ന മാര്‍ഗ്ഗങ്ങളെ നാല് തരങ്ങളായി തിരിക്കാം. വെള്ളത്തിന്‍റെ ഒഴുക്കിനെ നിയന്ത്രിക്കുന്നവ, നീരാവിയായി മാറുന്നതിനെ കുറയ്ക്കുന്നവ, മണ്ണിന്‍റെ ആഴത്തിലേയ്ക്ക് ഇറങ്ങിപ്പോകാതെ തടയുന്നവ, സംഭരണത്തില്‍നിന്നു നഷ്ടപ്പെടുന്നതിനെ തടയുന്നവ എന്നിങ്ങനെയാണത്.
നമ്മുടെ ചിരസ്ഥായിയായ തോട്ടങ്ങളില്‍ (റബ്ബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയവ) തീര്‍ച്ചയായും അനുവര്‍ത്തിക്കേണ്ട ഒരു മാര്‍ഗ്ഗമാണ് ചരിവുകള്‍ക്ക് കുറുകെ വരമ്പുകള്‍ (തിട്ടകള്‍) നിര്‍മ്മിക്കുന്നത്. കയ്യാലകെട്ടുവാന്‍ കല്ല് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം വരമ്പുകള്‍ നിര്‍മ്മിക്കുന്നത്. ഈ വരമ്പുകള്‍ക്ക് മുകളില്‍ മഴവെള്ളം തടഞ്ഞുനിര്‍ത്തപ്പെടുകയും അത് മണ്ണിലേയ്ക്ക് ഇറങ്ങുകയും ചെയ്യും. ചിലയിടങ്ങളില്‍ ഇതിനു പകരം മഴക്കുഴികള്‍ (വളക്കുഴി എന്നും പറയും) നിര്‍മ്മിക്കുന്ന രീതി ഉണ്ട്. ഇതും ഫലവത്താണ്. 6 മുതല്‍ 12 അടിവരെ നീളവും 2 അടി വീതിയും 2 അടി താഴ്ചയുമുള്ള കുഴികള്‍ ചരിവിന് കുറുകെ നിര്‍മ്മിക്കുന്നതാണ് മഴക്കുഴികള്‍. ഇത് നിര്‍മ്മിക്കുമ്പോള്‍ ഒരു മഴക്കുഴിയുടെ നേരെ ആവരുത് തൊട്ടുതാഴത്തെ നിരയിലുള്ള മഴക്കുഴി. ജലം നേരെ താഴേയ്ക്ക് ഒഴുകുന്നതിനെ ഇത് തടയുന്നു. ചില സ്ഥലങ്ങളില്‍ ഈ മഴക്കുഴികള്‍ക്ക് കുറച്ചുകൂടി വലിപ്പം കൂട്ടി അതില്‍ ചകിരിയോ ചികിരിച്ചോറോ നിറയ്ക്കുന്നു. ഇത് കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങുവാന്‍ സഹായിക്കുന്നു. ഇത് പരിസരത്തുള്ള കുളങ്ങളിലും കിണറുകളിലും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ചില കൃഷിസ്ഥലങ്ങളില്‍ മഴക്കാലത്ത് അധികമായി വരുന്ന മഴവെള്ളം ഒഴുക്കിക്കളയുവാന്‍ കിഴക്കുപടിഞ്ഞാറായി ഏതാനും ചാലുകള്‍ കീറിയിരിക്കുന്നത് കാണാം. ഇത്തരം ചാലുകളുടെ ചുവട്ടില്‍ ഒരു കുളമോ ഓലിയോ ഉണ്ടാവുകയും ചെയ്യും. ഇത് ഭൂഗര്‍ഭജലത്തെ സമ്പന്നമാക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നു.
ജലസംരക്ഷണത്തിന് വേണ്ടി ചകിരിയും ചൂട്ടും ഇടുന്നതിനെയും നമുക്ക് പ്രോത്സാഹിപ്പിക്കാം. തെങ്ങിന് ചുവട്ടിലാണ് സാധാരണ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. പക്ഷേ ഇത് പുരയിടത്തില്‍ മുഴുവനും നടപ്പാക്കിയാല്‍ അത് മണ്ണ് ജലസുലഭമായിത്തീരുവാന്‍ ഇടയാക്കും. ഇതിന് ചൂട്ടും ചകിരിയും അങ്ങിനെയുള്ള മറ്റ് പാഴ്വസ്തുക്കളും പുരയിടത്തില്‍ നിറയെ നിരത്തിയിടുന്നത് മണ്ണില്‍ ജലമിറങ്ങുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും അതുപോലെ തന്നെ മണ്ണില്‍നിന്നു ജലം നീരാവിയായിപ്പോയി നഷ്ടപ്പെടുന്നതു തടയുവാനും നല്ലതാണ്. ഭൂഗര്‍ഭജലസമ്പത്തിനെ നിലനിര്‍ത്തുവാന്‍ ഇത് വളരെ പ്രയോജനപ്പെടുന്നു. തോട്ടങ്ങളില്‍ കളകള്‍ വളര്‍ന്നുവരുന്നതിനെ പ്രതിരോധിക്കുവാനും ഈ ചകിരി ഭൂവസ്ത്രം പ്രയോജനം ചെയ്യുന്നു. ചകിരിപോലെതന്നെ പ്രയോജനപ്രദമാണ് മറ്റ് വിളകളുടെ അവശിഷ്ടങ്ങളും. വാഴ, കപ്പ, നെല്ല് (വൈക്കോല്‍) തുടങ്ങിയവയുടെ അവശിഷ്ടം വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളയിറക്കിയതിനുശേഷം (വിളകള്‍ മാറി മാറി ചെയ്യുന്നിടത്താണ് ഇത് പ്രയോജനം ചെയ്യുന്നത്) കൃഷിയിടത്തില്‍ തന്നെ നിരത്തിയിടുന്നത് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഗുണകരമാണ്. ഇത് കളയുണ്ടാവാതിരിക്കുവാനും മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്നത് തടയുവാനും പ്രയോജനപ്പെടുന്നു. ഈയിടെയായി കണ്ടുവരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഈര്‍ച്ചമില്ലില്‍നിന്നു ലഭിക്കുന്ന അറക്കപ്പൊടിയാണ് സാധാരണമായി കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ തറയില്‍ വിരിക്കുന്നത്. ഇത് കുറച്ചുനാള്‍ കൂടുമ്പോള്‍ മാറ്റി പുതിയ അറക്കപ്പൊടി നിരത്തണം ഇങ്ങിനെ ചെയ്യുമ്പോള്‍ മാറ്റുന്ന അറക്കപ്പൊടി (ഇതില്‍ കോഴിക്കാഷ്ഠവും കാണും) റബ്ബര്‍ തോട്ടങ്ങളില്‍ നിരത്തിയിടുന്നത് ചുരുക്കം ചില സ്ഥലങ്ങളില്‍ കണ്ടിട്ടുണ്ട്. ഇത് കുറച്ചുനാള്‍ കഴിയുമ്പോള്‍ മണ്ണും റബ്ബറിന്‍റെ പക്കവേരുകളുമായി ചേര്‍ന്ന് കട്ടയായി മാറുന്നു. ഇതു സ്പോഞ്ചുപോലെ വെള്ളത്തെ മണ്ണിലേയ്ക്ക് ആഴ്ന്നിറങ്ങുവാന്‍ സഹായിക്കുന്നു. കോഴിക്കാഷ്ഠത്തിന്‍റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് റബ്ബറിന് ഇത് നല്ല വളവുമാണ്. റബ്ബറിന്‍റെ ഉല്പാദനം വര്‍ദ്ധിക്കുന്നതായിട്ടാണ് ഈവ്വിധം ചെയ്ത കര്‍ഷകര്‍ പറയുന്നത്.
റബ്ബര്‍തോട്ടങ്ങളില്‍ റബ്ബറിനോട് മത്സരിക്കാത്ത മറ്റു സസ്യങ്ങള്‍, പ്രത്യേകിച്ച് കുറ്റിച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും വളരാന്‍ അനുവദിക്കുന്നത് ഈയിടെ ശ്രദ്ധയില്‍പ്പെടുവാനിടയായി. 2-4 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടികളാണ് ഇവിടെ കാണുന്നത്. ഈ ചെടികളിലൊക്കെ വേനല്‍ക്കാലത്ത,് അതായത് റബ്ബര്‍മരങ്ങള്‍ ഇലപൊഴിച്ച് നില്‍ക്കുന്ന അവസരങ്ങളില്‍ ഇലകള്‍ നിറഞ്ഞിരിക്കുന്നത് പ്രത്യേകതയാണ്. വേനല്‍ക്കാലത്തും റബ്ബര്‍തോട്ടങ്ങളില്‍ തണുപ്പ് നിലനിര്‍ത്തുവാന്‍ ഇത് സഹായകരമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. റബ്ബറുമായി മത്സരിക്കാത്ത കുറ്റിച്ചെടികളായതുകൊണ്ട് ഉല്പാദനം കുറയില്ലെന്നാണ് കരുതുന്നത്. ഇത്തരം തോട്ടങ്ങളില്‍ റബ്ബര്‍മരങ്ങള്‍ക്ക് പട്ടമരപ്പുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
റബ്ബര്‍തോട്ടങ്ങളില്‍ കയ്യാല കെട്ടുന്നത് മണ്ണൊലിപ്പ് തടയുന്നതിനും ജലം മണ്ണിലേക്കിറങ്ങുന്നതിനും ഏറ്റം യോജ്യമാണ്. ഈ കയ്യാലകളില്‍ കൂടി ഈറ്റ, ഒട്ടല്‍ തുടങ്ങിയ കുറ്റിച്ചെടികളും വളര്‍ത്തണം. ഇവയുടെ വേരുപടലങ്ങള്‍ കയ്യാലയെ സംരക്ഷിക്കുന്നതിനും ജലം മണ്ണിലേക്കിറങ്ങുന്നതിനും സഹായകരമാണ്. പുരയിടത്തിന്‍റെ അതിരില്‍ കൂടിയും അതുപോലെ ചെറിയ പുഴക്കരയിലാണെങ്കില്‍ അവിടെയും നിരനിരയായി ഇല്ലി, ഈറ്റ എന്നിവ നട്ടുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും ഉതകുന്നതാണ്. പൊതുവെ പറഞ്ഞാല്‍ ജലസംരക്ഷണം രണ്ട് രീതിയിലുണ്ട്. കൃത്രിമമായി നിര്‍മ്മിച്ച സംരക്ഷണ ടാങ്കുകളിലും മറ്റൊന്ന് മണ്ണിലും. ആദ്യത്തേത് മനുഷ്യര്‍ക്ക് വേണ്ടിയുള്ളതു മാത്രവും എന്നാല്‍ താത്ക്കാലികവുമാണ്. മേല്‍ക്കൂര ജലസംരക്ഷണം എന്നും ഇതിന് പറയാറുണ്ട്. ഇത് വഴിയുള്ള ജലസംരക്ഷണം പരിമിതമാണ്. എന്നാല്‍ മണ്ണിലൂടെയുള്ള ജലസംരക്ഷണമാണ് സാര്‍വ്വത്രികവും സ്ഥിരവും പരിമിതികളില്ലാത്തതും. ആദ്യത്തേതില്‍ ജലസംരക്ഷണം പരിമിതമായതുകൊണ്ട് ജല ഉപയോഗവും പിരിമിതപ്പെടുത്തേണ്ടിവരും. ഇവിടെ നമ്മുടെ ജല ഉപയോഗത്തിന് ഒരു കണക്ക് വയ്ക്കേണ്ടിവരും. ഈ ജല ഉപയോഗ കണക്ക് എല്ലാ വീട്ടിലും ഒരു ആവശ്യഘടകമാണ്. ജലഉപയോഗം ഒരു നിശ്ചിത അളവില്‍ മാത്രമായി നിജപ്പെടുത്തിയാല്‍ ഏതാണ്ട് 20-40 ശതമാനം ജല ഉപയോഗം നമുക്ക് കുറയ്ക്കുവാന്‍ സാധിക്കും. ഒരു നൂറിലധികം കാര്യങ്ങളിലെങ്കിലും നമുക്ക് നമ്മുടെ ജല ഉപയോഗത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും. ഇത് ആകെക്കൂടി കൂട്ടിയാല്‍ നമ്മുടെ ജല ഉപയോഗം ഗണ്യമായി കുറയുന്നത് കാണാം.
അതുപോലെ നമ്മുടെ കൃഷിസ്ഥലങ്ങളിലെ ജല ഉപയോഗത്തിലും ജല ഉപയോഗകണക്ക് ജലഉപയോഗം ഏറ്റവും ഫലപ്രദമാകുവാന്‍ സഹായകരമാണ്. 25-ലധികം കാര്യങ്ങള്‍ ഇതില്‍ നമുക്ക് ശ്രദ്ധിക്കുവാന്‍ കഴിയും. ഒരു കാര്യം ഓര്‍ക്കുക വീട്ടാവശ്യത്തിനുള്ള ജല ഉപയോഗത്തില്‍ കൂടി ശുദ്ധജലം മലിനജലമായി മാറുകയാണ് ചെയ്യുന്നത്. ശുദ്ധജലത്തെ മലിനജലമാക്കുവാന്‍ നമുക്ക് വളരെ എളുപ്പമാണ്. പക്ഷേ മലിനജലത്തെ തിരിച്ച് ശുദ്ധജലമാക്കുവാന്‍ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് നമ്മുടെ വീടുകളില്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മലിനജലമുണ്ടാവാതിരിക്കുവാന്‍ വളരെ ശ്രദ്ധിക്കണം അഥവാ ജലം മലിനപ്പെട്ടാല്‍ അതിനെ തിരികെ എത്തിക്കുവാന്‍ നമുക്ക് മണ്ണ് മാത്രമാണ് ആശ്രയം. എന്നാല്‍ കൃഷിയിടങ്ങളിലെ ജല ഉപയോഗംകൊണ്ട് ശുദ്ധജലം മലിനമാകുന്നില്ല. മറിച്ച് മലിനജലം ശുദ്ധമാകുന്നതേയുള്ളൂ. അതുകൊണ്ട് കൃഷിയാവശ്യത്തിന് വീടുകളില്‍ ഉണ്ടാവുന്ന മലിനജലം (മാരകമല്ലാത്തത്) ഉപയോഗിക്കുകയാണ് വീട്ടിലെ മലിനജല നിര്‍മ്മാര്‍ജ്ജനത്തിന് ഒരു പോംവഴി.
ജലത്തിലാണ് ജീവന്‍ ഉത്ഭവിച്ചത്. അതേ ജലസാന്നിദ്ധ്യത്തിലാണ് ഇന്നും ജീവന്‍ സംജാതമാകുന്നതും (Fertilisation). 350 കോടിയോളം വര്‍ഷങ്ങള്‍ മുമ്പ് ഏറ്റവും ശുദ്ധമായ ജലത്തിലാണ് ജീവന്‍ അങ്കുരിച്ചതെങ്കില്‍, അതേ ശുദ്ധിയോടെ ജലത്തില്‍ ഇന്നും ജീവന്‍ (ഭ്രൂണം) തുടിച്ചു തുടങ്ങണമെങ്കില്‍ ജീവന് ചുറ്റുമുള്ള ജലം -പരിസ്ഥിതി- മലിനമാകാതെ സൂക്ഷിച്ചാല്‍ മാത്രമേ കഴിയൂ.
കേരളത്തില്‍ ജലലഭ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ജലധൂര്‍ത്തും കൂടുതലായി. ഇത് ജലമലിനീകരണം വര്‍ദ്ധിക്കുവാന്‍ ഇടയായി. ജലമലിനീകരണത്തിന് ഇതൊന്നും ഒരിക്കലും നീതികരണമാകുന്നില്ല. ശുദ്ധജലലഭ്യത ജലമലിനീകരണത്തെ ലഘൂകരിക്കുന്നുമില്ല. തോടുകളും പുഴകളും ഗാര്‍ഹികവും വ്യാവസായികവുമായി നമ്മള്‍ മലിനമാക്കിയിട്ട് അടുത്ത മഴക്കാലത്ത് അതെല്ലാം ഒഴുകിപ്പൊയ്ക്കോളും എന്ന് ആശ്വസിച്ചിരുന്നവരാണ് നമ്മളെല്ലാം. ഒഴുകും നീറ്റില്‍ അഴുക്കില്ല എന്നും നാം പറഞ്ഞു നടന്നു. ജലസുലഭ്യതയുണ്ടെങ്കിലും ലഭ്യമാകുന്ന ജലത്തിന്‍റെ ഭൂരിഭാഗവും നാം മലിനമാക്കുന്നതുകൊണ്ട് ബാക്കിവരുന്ന ജലം മാത്രമേ ശുദ്ധജലമെന്ന് നമുക്കു പറയാന്‍ കഴിയൂ. ഈ ബാക്കിവരുന്ന ശുദ്ധജലം നമുക്ക് രണ്ട് മഴക്കാലങ്ങള്‍ കൂടി തരുന്ന വെള്ളത്തേക്കാള്‍ എത്രയോ കുറവാണെന്ന് അറിയുന്നു. ഈ അളവ് മഴക്കാലങ്ങളില്ലാത്ത സ്ഥലങ്ങളിലെ (മഴയില്ലാത്ത എന്നല്ല) ശുദ്ധജല ലഭ്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം കാണുന്നില്ല. ഇതു തന്നെയാണ് നമ്മുടെ നാട്ടിലെ ജലദൗര്‍ലഭ്യത്തിന് മുഖ്യകാരണം. അതാണ് കേരളം ജലസുലഭ്യവും ജലദൗര്‍ലഭ്യവുമായി ഒരേപോലെ വിളിക്കപ്പെടുവാന്‍ കാരണം. അങ്ങനെയാണ് 'വെള്ളം വെള്ളം സര്‍വ്വത്ര! തുള്ളി കുടിക്കാനില്ലത്രേ' എന്ന ചൊല്ല് നമ്മുടെനാട്ടില്‍ രൂപപ്പെട്ടത്.