

മതവുമായി സ്വയം ബന്ധപ്പെടുത്താനാവായ്കയും (personal disconnect), മതത്തിനുപരിയായി ഒരാൾ വ്യക്തിപരമായി വളർച്ച പ്രാപിക്കുന്നതും, അവിശ്വാസവും സന്ദേഹത്വവും വർദ്ധിക്കുന്നതും, മതം യുക്തിക്കും ശാസ്ത്രത്തിനും എതിരാണെന്ന വിശ്വാസവും, ജീവിതശൈലി തിരക്കുള്ളതായതും (busy lifestyle), ചലനാത്മകത (mobility) വർധിച്ചതും, ലൗകികത്വം (secularism) വർധിച്ചതും, താൻപോരിമത്വം (individualism) വർധിച്ചതും
മതാനുയായികളുടെ കപടതയും (hypocricy), മതനേതൃത്വത്തിലുള്ളവരുടെ ഭാഗത്തുനിന്നുള്ള നിന്ദ്യമായ അകൃത്യങ്ങളും (scandals), മതനേതൃത്വത്തിലുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നെഗറ്റീവ് അനുഭവങ്ങളും, ഒക്കെയാണ് ആളുകൾ മതത്തിൽനിന്ന് അകലുന്നതിനുള്ള കാരണങ്ങൾ എന്നാണ് പൊതുവേ പറയപ്പെടുന്നത്.
അവിശ്വാസ വും സന്ദേഹത്വവും വർദ്ധിക്കുന്നതിനെ സംബന്ധിച്ച് മതത്തിന് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. ലൗകികത്വം വർധിച്ചതിനെയും താൻപോരിമത്വം വർധിച്ചതിനെയും സംബന്ധിച്ചും അങ്ങനെതന്നെ. ആഗോളവത്ക്കരണത്തിൻ്റെ ഭാഗമായിട്ടാണ് ചലനാത്മകത്വം വർധിച്ചിട്ടുള്ളത്. ഒരാഴ്ച ഉള്ള സ്ഥലത്താവില്ല പലരും അടുത്തയാഴ്ച ഉള്ളത്. അതുകൊണ്ടുതന്നെ, ഒരു പ്രാദേശിക സഭയിലെ പങ്കാളിത്തം സാധ്യമായാതെ വരികയും പലരും പതിവുകളിൽ നിന്ന് വീണു പോവുകയും ചെയ്യുന്നു.
തിരക്കുള്ള ജീവിതശൈലി വെടിഞ്ഞ് ജീവിതം കുറച്ചു കൂടി മെല്ലെയാക്കാനും കൂടുതൽ വിചാരപൂർണ്ണമായി ജീവിക്കാനും മനുഷ്യരെ ഉദ്ബോധിപ്പിക്കുകയും അതിനുള്ള പരിശീലനം നല്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.
മതം യഥാർത്ഥത്തിൽ എന്താണ് എന്ന ചർച്ചകൊണ്ടേ, മതം യുക്തിക്കും ശാസ്ത്രത്തിനും എതിരാണെന്ന ചിന്ത കുറച്ചെങ്കിലും ഇല്ലാതാക്കാനാവൂ.
മതാനുയായികളുടെ കപടതയെയും മതനേതൃത്വത്തിലുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നെഗറ്റീവ് അനുഭവങ്ങളെയും കുറിച്ച് എന്ത് ചെയ്യാനാ? കുറേക്കൂടി ആത്മാർത്ഥവും ജൈവികവുമായ ഒരു മത സംവിധാനത്തെക്കുറിച്ചുള്ള സ്വപ്നം വളർത്താമെന്നല്ലാതെ!
മതനേതൃത്വത്തിലുള്ളവരുടെ ഭാഗത്തുനിന്നുള്ള നിന്ദ്യമായ അകൃത്യങ്ങളെക്കുറിച്ച് കൂടുതൽ ചെയ്യാനുണ്ട്. മറ്റുള്ളവർക്കതിരേയുള്ള, പ്രത്യേകിച്ച് ദുർബലർക്കെതിരേയുള്ള തെറ്റുകളെ പ രമാവധി ഗൗരവത്തോടെ സമീപിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. മതത്തിലെ ഏതൊരു സ്ഥാനത്തേക്കും വരാൻ സാധ്യതയുള്ള വ്യക്തികളെ പരമാവധി കൂലംകഷമായി പരിശോധന ചെയ്യുകയും സംശോധന ചെയ്യുകയും ചെയ്യുക എന്നതാണ് പിന്നെ വേണ്ടത്. കള്ളന്മാരും പിടിച്ചുപറിക്കാരും പിൻവാതിലിലൂടെ നേതൃത്വത്തിലേക്ക് വരും. അവരെ തടയണം എന്ന് യേശു പറയുന്നുണ്ടല്ലോ! (യോഹ. 10:1).
മതം ആവശ്യപ്പെടുന്നതിനെക്കാൾ ഉന്നതമായ വ്യക്തിത്വപൂർണ്ണതയിലേക്ക് പലപ്പോഴും വ്യക്തികൾ എത്തുന്നത് സ്വാഭാവികമാണ്. മതം പോരാതെവരുന്ന അവസ്ഥയാണത്.
മതം സർവ്വരെയും ആശ്ലേഷിക്കാതിരിക്കുമ്പോഴും കുറേപ്പേരെ ഓരോരോ കാരണങ്ങൾ പറഞ്ഞ് വെളിയിൽ നിർത്തുമ്പോഴും ഇക്കാലത്ത് ഒത്തിരിപ്പേർക്ക് മതവുമായി സ്വയം ബന്ധപ്പെടുത്താൻ കഴിയാതെ വരുന്നുണ്ട്. മതത്തിൻ്റെ തോൽവിയാണതെല്ലാം. മനുഷ്യരെ നയിക്കാൻ മതങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, മനുഷ്യരെക്കാൾ മതങ്ങൾ ചെറുതായിപ്പോകുന്നുവെങ്കിൽ പിന്നെ അവയ്ക്ക് എന്താണ് പ്രസക്തി? അവ ഇല്ലാതാവുകയാവില്ലേ നല്ലത്?
