top of page

ആഗ്രഹങ്ങൾ

Jun 1, 2011

2 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
Image : Editorial Page

ശരീരവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങള്‍ നമുക്കൊക്കെ ഇന്നും ക്ഷമിക്കാനാവാത്ത തെറ്റുകളാണ്. പക്ഷേ, അവയോടൊക്കെ ക്രിസ്തു എത്ര ആര്‍ദ്രതയോടെയാണ് ഇടപെടുന്നത്. അങ്ങനെയുള്ള അവന്‍ പോലും വളരെ കാര്‍ക്കശ്യത്തോടെ പറയുന്ന ഒരു കാര്യമുണ്ട്: മാമോനെ ആരാധിക്കുന്നവനു സ്വര്‍ഗരാജ്യം കിട്ടില്ല. അവന്‍റെ ആത്മീയത ആവശ്യപ്പെടുന്നത് ജീവിതത്തില്‍ വ്യക്തമായ ചില നിലപാടുകളാണ്. നമുക്കൊക്കെ ആത്മീയതയെന്നാല്‍ പ്രധാനമായും പ്രാര്‍ത്ഥന മാത്രമാണല്ലോ. എന്നാല്‍, ക്രിസ്തു പ്രാര്‍ത്ഥനയെക്കുറിച്ച് പറയുന്നതിന്‍റെ നാലിരട്ടി തവണ പണത്തോടുള്ള മനോഭാവത്തെക്കുറിച്ചു പറയുന്നുണ്ട്.

പണത്തെ പൂജിക്കുന്നവര്‍ക്ക് -അവര്‍ കൊട്ടാരവാസികളോ, കുടിലില്‍ കഴിയുന്നവരോ ആകട്ടെ -സ്വര്‍ഗ്ഗത്തിന്‍റെ സൗന്ദര്യം അനുഭവിക്കാനാകില്ലത്രേ. ഒരു ദരിദ്രവിധവയെക്കുറിച്ചുള്ള കഥയിങ്ങനെ: തന്‍റെ പിഞ്ചുകുഞ്ഞിനെ പോറ്റാനാകാതെ വലഞ്ഞ അവള്‍ ഭഗവാന്‍റെ അനുഗ്രഹത്തിനായി എന്നും പ്രാര്‍ത്ഥിച്ചു പോന്നു. ഒരു രാത്രിയില്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്‍ അവളോടു പറഞ്ഞു: "ഉറക്കമുണരുമ്പോള്‍ വീട്ടുമുറ്റത്ത് നീയൊരു ഗുഹ കാണും. സ്വര്‍ണാഭരണങ്ങള്‍ എത്രവേണമെങ്കിലും ഉണ്ടതില്‍. മൂന്നുമിനിറ്റു സമയം നിനക്കനുവദിച്ചിരിക്കുന്നു. അതിനുള്ളില്‍ നിനക്കാവുന്നത്രയും എടുത്തുകൊള്ളുക. മൂന്നുമിനിറ്റു കഴിഞ്ഞാല്‍ ഗുഹയടയും." ഉറക്കമുണര്‍ന്ന അവള്‍ അത്ഭുതപരതന്ത്രയായി. ഇതാ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു! കുഞ്ഞിനെ ഒക്കത്തുവച്ച്, ഒരു ചാക്കുമെടുത്ത് ഗുഹയിലേക്ക് ഓടിക്കയറിയ അവള്‍ സ്വര്‍ണം വാരിക്കൂട്ടുകയാണ്. ഇതാ ഗുഹയടയാന്‍ അഞ്ചു സെക്കന്‍റുകൂടി. ഒരവസാന ശ്രമംകൂടി നടത്തിയവള്‍, ഗുഹയടയുന്നതുകണ്ട് പെട്ടെന്നു ചാടിയിറങ്ങി, വെളിയില്‍ വന്നു. ഗുഹയടഞ്ഞു. കൈയില്‍ ഒരു ചാക്കുനിറയെ സ്വര്‍ണം. പക്ഷേ കുഞ്ഞ് ഗുഹയ്ക്കകത്തായിപ്പോയി! ഇനി നിങ്ങള്‍ പറയുക, ആര്‍ ഇവളുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗം കൊണ്ടുക്കൊടുക്കും? ചാക്കു കെട്ടുകണക്കിനു സ്വര്‍ണംകൊണ്ടു വാങ്ങിയെടുക്കാവുന്നതല്ല സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗത്തിന്‍റെ സ്വച്ഛതയും സൗന്ദര്യവും നമുക്കു നല്‍കുന്നത് ലളിതമായ കാര്യങ്ങളാണ് - സഖിയുടെ കണ്ണുകളിലെ പ്രണയം, കുഞ്ഞിന്‍റെ ചുണ്ടിലെ പുഞ്ചിരി, കാറ്റില്‍ ഒഴുകി വീഴുന്ന ഒരില... ഇല്ല, ഇവയൊന്നും നമ്മള്‍ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്നിട്ടു നമ്മള്‍ ഓടുകയാണ്, വിയര്‍ക്കുകയാണ്, ടെന്‍ഷനടിക്കുകയാണ്. ഒടുക്കം നമുക്കു സ്വന്തമാക്കാനാകുന്നത് ചാക്കു നിറയെ സ്വര്‍ണം മാത്രമാണ്. പണത്തിനു മാത്രം നമുക്കൊരു പഞ്ഞവുമില്ല. പക്ഷേ, ബാക്കിയൊക്കെയ്ക്കും പഞ്ഞമാണ്. ജീവിതത്തിന്‍റെ അവസാനയറ്റത്തു എത്തുമ്പോഴേ നാം തിരിച്ചറിയൂ, ജീവിക്കാന്‍ മറന്നുപോയി എന്ന കാര്യം.