top of page

മഴക്കാലം...

Aug 12, 2018

2 min read

ടക
rainy season

"Life is not a problem to be solved; but a reality to be experienced'' - Soren Kierkegaard.

ചെറുതുള്ളി കിലുക്കംപോലെ ആരംഭിക്കുന്ന മഴ ചിലപ്പോള്‍ പൊടുന്നനേ പേമാരിയാകാം. ഇടിവെട്ടി പെയ്ത് തിമിര്‍ക്കും. ചിലപ്പോള്‍ നനുത്ത വെള്ളിനൂലായ് പെയ്തിറങ്ങും, മറ്റുചിലപ്പോള്‍ ആര്‍ത്തലച്ച് ഇരമ്പികയറി കടപുഴക്കി അലറി വിളിക്കും. ഇത് മഴക്കാലം... സുഖമുള്ള നനുത്ത ഓര്‍മ്മകളും വിറങ്ങലിച്ച സ്വപ്നങ്ങളും ഒരുപോലെ മനുഷ്യനെ പൊതിയുന്ന കാലം; ഒരിടത്ത് ദുരന്തമെങ്കില്‍ മറ്റൊരിടത്ത് കനത്ത നിശ്ശബ്ദത. പ്രകൃതിയുടെ സ്പന്ദനം പോലെയാണ് ചില നേരങ്ങളില്‍ ജീവിതവും. ശാന്തമായി ഒഴുകുന്ന പുഴ പേമാരിയില്‍ ആര്‍ത്തലച്ച് ഒഴുകുന്നതുപോലെ മനുഷ്യമനസ്സും ചിലനേരങ്ങളില്‍ ശാന്തമാകാം, ചിലനേരങ്ങളില്‍ കൈവിട്ടുപോകാം. 

മാനസികാരോഗ്യത്തെപറ്റി കഴിഞ്ഞ ലക്കം തുടങ്ങിവച്ച ചര്‍ച്ചകള്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനസ്സ് എന്ന പ്രതിഭാസത്തെചുറ്റി കുറേ തെളിമയുള്ള ആവിഷ്കാരങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ നിങ്ങളോടു സംവദിച്ചിരുന്നു. ഈ പ്രാവശ്യവും മനസ്സിന്‍റെ ദ്വന്ദ്വഭാവങ്ങളില്‍ കുടുങ്ങിയതിന്‍റെയും കരകയറിയതിന്‍റെയും അതിജീവനത്തിന്‍റെയും കഥകള്‍ 'നാഷണല്‍ വിമന്‍ ഓഫ് ദ ഇയര്‍' പുരസ്കാരത്തിനര്‍ഹയായ ഷീബ അമീര്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ പങ്കുവയ്ക്കലില്‍ ഒരു ലക്ഷ്യം മാത്രം, ഇതു വായിക്കുന്ന ആരും ഇനിമുതല്‍ തങ്ങളുടെ മാനസികാസ്വസ്ഥതകളും അതിന്‍റെ സങ്കീര്‍ണതകളും മൂടിവച്ച് ശ്വാസംമുട്ടേണ്ടി വരില്ല. ധൈര്യമായി പറഞ്ഞുതുടങ്ങുക. അതു നിങ്ങളെ സ്വാതന്ത്ര്യത്തിന്‍റെ പുതിയ വിഹായുസിലേക്ക് വലിച്ചെറിയും. ഇന്നുവരെ ഒരാള്‍ അനുഭവിച്ച ശ്വാസംമുട്ടിക്കുന്ന അനുഭവങ്ങള്‍ ഇനിമുതല്‍ ഉള്ളിലിരുന്ന് വിങ്ങാനുള്ളതല്ല. ധൈര്യപൂര്‍വ്വം തലയുയര്‍ത്തി പുറത്തുനിന്നൊരു കൈ സഹായം തേടാന്‍ കൂടിയുള്ളതാണ്. ഇതെന്‍റെ ആത്മാവിന്‍റെ വാതായനങ്ങളെ അനുനിമിഷം നവോന്മേഷംകൊണ്ടു നിറയ്ക്കാം. അതെ, ജീവന്‍റെ തുടിപ്പ് ഇനിമുതല്‍ അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കാനാകുക ഈ പങ്കുവയ്ക്കലിന്‍റെ പൂര്‍ണതയിലാണ്. സമീപകാല ചരിത്രങ്ങളിലെ മനുഷ്യന്‍റെ കരച്ചില്‍ മുഴുവന്‍ ആരും പങ്കുവയ്ക്കാനിടമില്ലാത്ത നിറം കെട്ട ഭൂമിയെ പറ്റിയാണ്. എന്നാല്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ മാത്രമേ ചുറ്റുമുള്ള ലോകത്തെ കനിവിന്‍റെ കരങ്ങളെ തിരിച്ചറിയാനാവൂ.  ഇനി ഒരാള്‍ക്ക് ആ തുറവി ഇല്ലെങ്കില്‍കൂടി ആ തുറവിയിലേക്ക് എത്തിക്കാന്‍ കണ്ണുതുറന്നിരിക്കുന്ന എനിക്കാവണം.

അങ്കമാലി  L Fആശുപത്രിയിലെ  Brain & Mind Clinic  ന്‍റെ തലവന്‍ ഡോ. സി. ജെ. ജോസഫിന്‍റെ ദീര്‍ഘമായ സംഭാഷണം ഈ ലക്കത്തില്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ട ചില വാക്കുകള്‍ ചാട്ടുളിപോലെ മലയാളിയുടെ പൊളളത്തരത്തിനു മീതേ പതിക്കുന്നുണ്ട്. ചില വസ്തുതകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അദ്ദേഹം പറയുന്ന വീക്ഷണങ്ങള്‍ക്ക് ഒരു പേമാരിയെ ശമിപ്പിക്കാന്‍ തക്ക കരുത്തുണ്ട്.  

പൗരോഹിത്യവും സന്ന്യാസവും നിരന്തരം വെല്ലുവിളികളിലൂടെ കടന്നുപോകുന്നുണ്ട്. എന്നൊക്കെ ആ വെല്ലുവിളികളെ പൗരോഹിത്യവും സന്ന്യാസവും അവഗണിക്കുന്നുവോ അന്നൊക്കെ ചരിത്രത്താളുകളില്‍ അവ മറക്കാനാവാത്ത ചില അടയാളപ്പെടുത്തലുകള്‍ നടത്താറുണ്ട്. ഇത് കാലത്തിന്‍റെ ചുവരെഴുത്തുകളെ വേര്‍തിരിച്ചറിയാനുള്ള നിയോഗമാണ്. ജിജോ കുര്യനും ബിജു മഠത്തിക്കുന്നേലും ഈ ചുവരെഴുത്തുകളെ കാലികമാക്കി അവതരിപ്പിക്കുന്നു.

അതെ, നേര്‍ത്തുപെയുന്ന മഴ, മഴക്കെടുതിയാകുമ്പോഴും ഇതൊരിക്കലും ശരിയാകാതിരിക്കുകയില്ല എന്ന് ആശ്വസിക്കുകയല്ല, മഴക്കാലത്തെ മലവെള്ളപ്പാച്ചിലിലും തകരാത്ത പാറമേല്‍ അടിസ്ഥാനം ഉറപ്പിക്കുകയാണ് പ്രധാനം. 

അതുകൊണ്ടാണ് ജീവിതം 'ഇന്നില്‍' ജീവിച്ചുതീര്‍ക്കണമെന്നവന്‍ പറഞ്ഞത്. കലപ്പയില്‍ കൈവച്ചിട്ടു തിരിഞ്ഞുനോക്കുന്നവനും ശവമടക്കാന്‍ പോകുന്നവനും 'ഇന്നിന്‍റെ' സുവിശേഷം മറന്നവനാണ്. 'കൂടെ' എന്ന അഞ്ജലി മേനോന്‍ ചലച്ചിത്രം കണ്ടു. 'പോയതു പോയി', 'വരാനുള്ളത് വരും'; ഇതിനിടയിലുള്ളതല്ലേ ശരിക്കും കാര്യം? അതെ, ജീവിതം ഇന്നിന്‍റെയാണ്. കഴിഞ്ഞപേമാരിയുടെ ദിനങ്ങളോര്‍ക്കാനോ വരാനുള്ള വറുതിയെ പേടിക്കാനോ ഉള്ളതല്ല. സന്ന്യാസത്തിന്‍റെ അകത്തളങ്ങളിലും പൗരോഹിത്യത്തിന്‍റെ സമര്‍പ്പണത്തിലും നിറയ്ക്കേണ്ടത് ഇന്നു മാത്രം. 'ഇന്നിന്‍റെ' സുവിശേഷത്തിലാകുമ്പോള്‍ മാത്രമാണ് മനസ്സ് നിറയുക. നിറഞ്ഞു ചിരിക്കാനും കരയാനുമാവുക. കടമകളും ഉത്തരവാദിത്തങ്ങളും  ഘടികാരത്തിന്‍റെ ചലനങ്ങള്‍ക്കൊത്ത് നിശ്ചയിക്കുമ്പോള്‍ എന്നോ എവിടെയോ താളപ്പിഴകളുടെ കാലൊച്ച വിദൂരമല്ല. മറിച്ച് സ്നേഹത്തിന്‍റെ തുലാസ്സില്‍ ഒരു വടക്കുനോക്കിയന്ത്രമായി 'ഇന്നിന്‍റെ' ആവേഗങ്ങളില്‍ മുഴുകുമ്പോള്‍ ബാക്കിയാകുന്നത് ആനന്ദം മാത്രം.


ടക

0

0

Featured Posts