top of page
Thou shalt not be a victim, thou shalt not be a perpetrator,
but, above all, thou shalt not be a bystander.
-Yehuda Bauer
പ്രളയം ബാക്കിവച്ചതിന്‍റെയും നഷ്ടപ്പെടുത്തിയതിന്‍റെയും കണക്കെടുപ്പുകള്‍ ഇനിയും പെയ്തുതോര്‍ന്നിട്ടില്ല. കരളലയിക്കുന്ന കനിവിന്‍റെ കഥകള്‍ കണ്ണുനനച്ച മഴചിത്രങ്ങള്‍ ഇനിയും മാഞ്ഞുതുടങ്ങിയിട്ടില്ല. എങ്കിലും അവിടെയും ഇവിടെയും വീണ്ടും ഇടിവെട്ടി മിന്നലേറ്റ് വാദങ്ങളും പ്രതിവാദങ്ങളും തോരാമഴയായി പെയ്തുതിമിര്‍ക്കുന്നുണ്ട്. ഇങ്ങനെ ഒരു പ്രളയം സമ്മാനിച്ച നിരവധി നേര്‍ചിത്രങ്ങളെ മാറിയിരുന്നു കാണുമ്പോള്‍ മാത്രം കുറിക്കാനാകുന്ന ചിലതിനുവേണ്ടി മാത്രമാണി മുഖക്കുറിപ്പുപോലും.
നിങ്ങളൊരു ഇരയോ, വേട്ടക്കാരനോ ആകാതിരിക്കുക എന്നതിലുപരി ഒരു ദൃക്സാക്ഷിയാകാതിരിക്കുക എന്നതാണ് പ്രധാനം. കാരണം ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്നത് തുലോം തുച്ഛമായ രണ്ടു വിഭാഗങ്ങള്‍ മാത്രമാണ്. ഇരകളും കാരണക്കാരും മാത്രം. എന്നാല്‍ ബഹുഭൂരിഭാഗം വരുന്ന മൂന്നാമതൊരു കൂട്ടരാണ് കഥകള്‍ മെനയുന്നത്, ഒരുവേള അവര്‍പോലും അറിയാതെ.
ദുരന്തങ്ങള്‍ക്കുത്തരം തേടി വാദങ്ങളും പ്രതിവാദങ്ങളും അരങ്ങ് കൊഴുക്കുമ്പോഴും നിശ്ശബ്ദം കര്‍മ്മോത്സുകരാകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിലൊന്നും പെടാതെ കൈകെട്ടി കരയ്ക്കിരുന്ന് കളി കണ്ട പലരും അവകാശങ്ങളും വാദങ്ങളും ഉന്നയിക്കുന്നതിനെ ഒരു സമൂഹമെന്നനിലയില്‍ നാം ഭയക്കേണ്ടതുണ്ട്. കാരണം ഇവര്‍ അതിജീവനത്തെ തകരാറിലാക്കുകയാണ് ഒരിക്കലും തലയുയര്‍ത്താനാകാത്തവിധം. ഏറിയും കുറഞ്ഞും ഇവര്‍ എല്ലാവരിലുമുണ്ടെന്നു ചിലപ്പോള്‍ തോന്നാറുണ്ട്. കൃത്യമായ ഗൃഹപാഠങ്ങളില്ലാതെ വ്യക്തമായ വീക്ഷണങ്ങളോ നിലപാടുകളോ ഇല്ലാതെ ദുരിതമുഖത്തു സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍പോലും പലപ്പോഴും ചെന്നുപതിക്കുക ഈ ദൃക്സാക്ഷിയുടെ കുപ്പായത്തിലേക്കാകും.
അതിജീവനത്തിന് എനിക്കെന്തു ചെയ്യാന്‍ പറ്റി എന്നതാണ് പ്രധാന ചോദ്യം. ബാക്കിയുള്ള ചോദ്യങ്ങളൊക്കെ രണ്ടാം നിരയിലോ അതില്‍ താഴെയോ പ്രതിഷ്ഠിക്കേണ്ടതാണ്. അതങ്ങനെയല്ലാതാകുമ്പോള്‍ നാം വല്ലാതെ അധഃപതിക്കുന്നു.
നാഴികയ്ക്ക് നാല്‍പ്പതുവട്ടം അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ നാട്ടില്‍ അതിജീവനത്തിന്‍റെ സുവിശേഷത്തിന് വലിയ മാര്‍ക്കറ്റില്ലെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം. പിന്നെന്തിനീ പാഴ്വേലയെന്നല്ലേ ചോദ്യം? കാരണം വലിയ ഓട്ടയൊക്കെ ഇരുട്ടുകൊണ്ടടച്ചും താത്കാലികാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ചും നമ്മള്‍ അതിവിദഗ്ദ്ധര്‍ ചമയാറുണ്ട്. ഈ ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കലും എന്തെങ്കിലും ചെയ്തുതീര്‍ത്തതിന്‍റെ കണക്കുകള്‍, എണ്ണിപറച്ചിലുകള്‍ എന്നവസാനിക്കുന്നുവോ അന്നുമാത്രമേ അതിജീവനം ഇവിടെ സാധ്യമാകൂ. പ്രളയം ബാധിച്ച മേഖലകളില്‍ പ്രളയദുരന്തത്തോടൊപ്പം ദൃക്സാക്ഷികള്‍ മാത്രമായിപ്പോയ ചില സാമൂഹിക-രാഷ്ട്രീയ മത-സാംസ്കാരിക രംഗങ്ങള്‍ നമുക്കുണ്ട്. അത് തിരിച്ചറിഞ്ഞ് ശുദ്ധികലശം ഉള്ളില്‍നിന്നും തുടങ്ങേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണ്.
ഈ അനിവാര്യത അതിശീഘ്രം ഏറ്റെടുക്കുകയെന്നാല്‍, നന്മ ചെയ്തു ചുറ്റിസഞ്ചരിച്ചവന്‍ കുരിശിലേക്ക് പെട്ടെന്നെത്തിയതിന്‍റെ ആവര്‍ത്തനമാകും. എങ്കിലും അവിടെ ഉയിര്‍പ്പിന്‍റെ സാധ്യതയ്ക്ക് യാതൊരു മങ്ങലും ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുണ്ട്. അന്തിക്ക് കൂടണയുമ്പോള്‍ അവകാശങ്ങളുടെ പെരുമഴ പ്രൈംടൈമില്‍ കണ്ടില്ലെങ്കിലും ചെയ്തതിന്‍റെ കണക്കുകളില്‍ അച്ചടിമഷി പുരണ്ടില്ലെങ്കിലും സസന്തോഷം നടന്നുപോകുന്നവരുണ്ടെങ്കില്‍, അതിജീവനം സുസാധ്യമാണ്. അങ്ങനെ കടന്നുപോകുന്നവര്‍ ചെറുകൂട്ടമെങ്കിലും ഉണ്ട് എന്നതാണാശ്വാസം.
ഒപ്പം കൃത്യമായും വ്യക്തമായും ലാഭേച്ഛകളേതുമില്ലാതെ നിശ്ശബ്ദം കര്‍മ്മനിരതരാകുന്ന കുറച്ചു ദുര്‍ബലമനുഷ്യരുടെ കയ്യില്‍ മാത്രമാണിനി അതിജീവനത്തിന്‍റെ വിത്തുണ്ടാവുക എന്നുകൂടി പറഞ്ഞുവച്ചോട്ടെ. കതിരിനെയും പതിരിനെയും കാലം വേര്‍തിരിക്കും. കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ ഇടപെടലുകള്‍ക്കിടം കൊടുക്കാതെ ഒരിക്കലും നസ്രായന്‍റെ പാത പിന്‍തുടരാനാകില്ല.
ഒരുവേള ദൈവം പോലും ഇവിടെ പുനര്‍നിര്‍മ്മിതിക്കിറങ്ങുക ദുര്‍ബലമനുഷ്യരിലൂടെ മാത്രമാകാം. കാരണം ദൈവത്തെകൊണ്ടാവശ്യം അവര്‍ക്കാണല്ലോ. അതെ തീര്‍ച്ചയായും ദുരന്തം നേരിട്ടനുഭവിക്കാത്തവന്‍റെ ബലഹീനതകള്‍ ഇപ്പറഞ്ഞതിലൊക്കെ ഉണ്ടെന്നു പറഞ്ഞുകൊണ്ടുതന്നെ ഒരു കൊച്ചുസംഭവം പങ്കുവയ്ക്കുകയാണ്. 8 മുതല്‍ 14 വയസ്സുപ്രായമുള്ള ചില കൊച്ചുകൂട്ടുകാര്‍ ദുരന്തമുഖത്ത് സഹായമെത്തിക്കാനായി ലോകത്തിന്‍റെ മറ്റൊരു കോണില്‍ തങ്ങള്‍ക്കാകാവുന്നതത്രയും പണികളിലേര്‍പ്പെട്ടു. വീടുകളില്‍ പുല്ലുവെട്ടല്‍ മുതല്‍ മതിലിന് ചായമടിവരെ. അതെ, അണ്ണാറക്കണ്ണനും തന്നാലായത്! അങ്ങനെയൊക്കെയാണ് ഈ നാട് ഇനിയും ദൈവത്തിന്‍റെ സ്വന്തം നാടായിട്ട് മാറുക.
സുശക്തമായ സംഘാടക സംവിധാനങ്ങളും, സ്ഥായിയായ വിഭവശേഷിയും ആവോളമുള്ള കേരളകത്തോലിക്കാ സഭയ്ക്കും സന്യാസസമൂഹങ്ങള്‍ക്കും ഒരു പ്രളയാനന്തര അതിജീവനത്തെ കൂടുതല്‍ കൃത്യതയോടെയും ദീര്‍ഘവീക്ഷണത്തോടെയും വികേന്ദ്രീകൃതമായി അവതരിപ്പിക്കാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല. എങ്കിലും പുനര്‍നിര്‍മ്മാണം സുസ്ഥിരവും മാതൃകാപരവുമാകണമെങ്കില്‍ നിലവിലുള്ള വാര്‍പ്പുമാതൃകകള്‍ വിട്ട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടിയിരിക്കുന്നു. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങളെങ്കിലും സുസ്ഥിരമായി നീതിപൂര്‍വ്വം നിറവേറ്റിക്കൊടുക്കുകയും അത് തുടരാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായ വെല്ലുവിളി. ഇത് സഭയുടെ ഭാഗമായ ഏവരുടെയും സാധ്യതയും കടമയുമാണ്. ചിതറിക്കിടക്കുന്ന ഉദാത്ത മാതൃകകളെ കൃത്യമായി ഏകോപിപ്പിക്കാനും പുനര്‍നിര്‍മ്മാണ ശൈലികളില്‍ തദ്ദേശീയമായ മാതൃകകള്‍ സൃഷ്ടിക്കാനും തദനുസൃതമായി ഉന്നത തലങ്ങളില്‍ ഏകോപനങ്ങള്‍ രൂപപ്പെടാനും സഭാധികാരികള്‍ മുന്നിട്ടിറങ്ങിയേ തീരൂ. പ്രളയാനന്തരകാലത്തെ ദൈവ-ജൈവ-മനുഷ്യബന്ധങ്ങളെ നോഹയുടെ മഴവില്ലുപോലെ കോര്‍ത്തിണക്കാന്‍ നമുക്ക് സാധിക്കട്ടെ.