top of page

ക്രിസ്തുമസ് ചിന്തകള്‍

Dec 16, 2022

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
An Angel visited  mother Mary

അസ്വസ്ഥതകളുടെ നടുവിലായിരുന്നു ക്രിസ്തുവിന്‍റെ ജനനം. ഗബ്രിയേല്‍ ദൂതന്‍ മംഗളവാര്‍ത്ത കൊടുത്തപ്പോള്‍ മറിയം അസ്വസ്ഥയായി. സ്വപ്നത്തില്‍ ദൂതന്‍ സംസാരിച്ചപ്പോള്‍ യൗസേപ്പ് അസ്വസ്ഥനായി. പക്ഷേ അവരെല്ലാം അസ്വസ്ഥതകളുടെ നടുവില്‍ ആമ്മേന്‍ പറഞ്ഞു. അപ്പോള്‍ ക്രിസ്തു പിറന്നു. എല്ലാം സ്വസ്ഥമായിരിക്കുന്ന ഒരവസ്ഥ നമ്മള്‍ പ്രതീക്ഷിക്കരുത്. ഒരുപിടി അസ്വസ്ഥതകളുടെ നടുവിലാണ് നാം ജീവിക്കുന്നത്. അവിടെയെല്ലാം ദൈവഹിതം കണ്ടെത്തി ജീവിക്കുന്നവരുടെ ഹൃദയങ്ങളില്‍ ക്രിസ്തു ജനിക്കും. അവരുടെ അനുദിന പ്രവൃത്തികളില്‍ ക്രിസ്തുവിന്‍റെ മുഖം തെളിഞ്ഞുവരും!

"ബ്രേക്ക് ദ ചെയിന്‍" എന്നതായിരുന്നു കോവിഡ് കാലത്തെ ഓര്‍മ്മപ്പെടുത്തല്‍. ഈ പ്രവൃത്തി ചുറ്റുപാടുകളുമായുള്ള ബന്ധത്തില്‍ മാത്രമല്ല നമ്മുടെ ചിന്തകളിലും പ്രവൃത്തികളും സംജാതമാകണം. ഇന്നലെവരെ പുലര്‍ത്തിക്കൊണ്ടു വന്ന മനോഭാവങ്ങളെ ബ്രേക്ക് ചെയ്യണം. സംസാര രീതികളില്‍ മാറ്റം വരുത്തണം. സമ്പൂര്‍ണ്ണമായ പരിവര്‍ത്തനം ജീവിതത്തില്‍ വരുമ്പോള്‍ ക്രിസ്തു ജനിക്കും.

ലൂക്കാ സുവിശേഷം 1-ാമദ്ധ്യായത്തില്‍ 39 മുതല്‍ 45 വരെയുള്ള വാക്യങ്ങളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന ഭാഗം വിവരിക്കുന്നുണ്ട്. മറിയത്തിന്‍റെ അഭിവാദ്യം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തിലെ ശിശു സന്തോഷംകൊണ്ടു തുള്ളിച്ചാടി. നമ്മുടെയൊക്കെ സംസാരത്തെക്കുറിച്ചു നാം ചിന്തിക്കണം. എന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അപരനില്‍ സന്തോഷം ജനിക്കാറുണ്ടോ. മറ്റുള്ളവരെ കോപിപ്പിക്കുന്ന, വികാരങ്ങളെ മുറിപ്പെടുത്തുന്ന സംസാരമാണോ എന്നില്‍ നിന്നും വരുന്നത്? ഇവിടെ ബ്രേക്ക് ദ ചെയിന്‍. വാക്കുകളിലും സംസാരരീതിയിലും ഒരു പരിവര്‍ത്തനം ആവശ്യമില്ലേ?