top of page
ഏതന്‍സ് നഗരം സംഭാവന നല്കിയിട്ടുള്ള തത്വജ്ഞാനികളില്‍ അഗ്രഗണ്യനായിരുന്നു ബി. സി. 427 മുതല്‍ 341 വരെ ജീവിച്ചിരുന്ന പ്ലേറ്റോ എന്നു വിളിക്കപ്പെടുന്ന അരിസ്റ്റോക്ലസ്. ഏതു വിഷയത്തിന്‍റെയും കാര്യകാരണങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അത്ഭുതാവഹമായിരുന്നു. ഡയലറ്റിക് മെത്തേഡ് (വൈരുദ്ധ്യാത്മ വാദം) എന്ന തന്‍റെ മാര്‍ഗ്ഗത്തിലൂടെ പ്രപഞ്ചസത്യം തേടിയുള്ള യാത്രയായിരുന്നു പ്ലേറ്റോയുടേത്. പ്രഖ്യാതഗ്രന്ഥങ്ങളായ റിപ്പബ്ളിക്കും സിമ്പോസിയവും അപ്പോളജിയുമൊക്കെ അതിന്‍റെ ഉത്തമഉദാഹരണങ്ങളാകുന്നു. ദ്വൈതവാദിയായി പ്ലേറ്റോ ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും പാശ്ചാത്യ തത്ത്വചിന്താധാരയില്‍ പ്ലേറ്റോ ഒഴിച്ചുകൂടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാകുന്നു. നാളിതുവരെ പാശ്ചാത്യലോകത്തുണ്ടായ എല്ലാ തത്ത്വചിന്തകളും പ്ലേറ്റോയുടെ ആശയങ്ങള്‍ക്ക് നല്കിയ അടിക്കുറിപ്പുകള്‍ മാത്രമാണ് എന്ന് വൈറ്റ് ഹെഡ് പരാമര്‍ശിക്കുമ്പോള്‍ അതു തീര്‍ത്തും സത്യപ്രസ്താവനയാകുന്നു.
സത്തയുടെ ലോകം - സാര്‍വ്വത്രിക - സത്യദര്‍ശനം
പ്ലേറ്റോയുടെ ദര്‍ശനത്തില്‍ മനുഷ്യന്‍ എന്നും ഈ ലോകത്തില്‍ നിന്നും തന്നെത്തന്നെ മോചിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. കാരണം അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ ബാഹ്യപ്രപഞ്ചം ഒരു പ്രതിഫലനം മാത്രമാണ്. ആത്യന്തികമായ ഒരു സത്യത്തിന്‍റെ അനുകരണമാണ്. ഈ ലോകത്തുള്ളതൊന്നും സത്യങ്ങളല്ല മറിച്ച് സത്യലോകത്തിലുള്ളതിന്‍റെ പകര്‍പ്പുകള്‍ മാത്രമാകുന്നു. ഇന്ദ്രീയങ്ങള്‍ക്കതീതമായി ആശയരൂപത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സൂക്ഷ്മലോകമുണ്ട്, അതാണ് സത്ത.
ഉദാഹരണത്തിന് നാം ഒരു ഗോവിനെ കാണുന്നുവെന്നിരിക്കട്ടെ. പ്രത്യേകം മൂര്‍ത്തരൂപമായി കാണുന്ന ആ ഗോവും വാസ്തവത്തില്‍ ഉള്ളതല്ല. ശാശ്വതവും സാര്‍വ്വത്രികവുമായ ഗോവും ബോധത്തിന്‍റെ ഒരു പ്രതിഫലനം മാത്രമാകുന്നു. അത് ഈ ബോധം എവിടെ നിന്ന് വന്നു? ആശയരൂപത്തില്‍ ഒരു മാതൃകാഗോവ് ദൈവത്തിന്‍റെ സങ്കല്പത്തിലുണ്ട്. സൂക്ഷ്മഗോബോധത്തിന്‍റെ പ്രതിഫലനമാണ് നാം കാണുന്ന സ്ഥൂലഗോക്കള്‍. വസ്തുവിനു മുമ്പുതന്നെ വസ്തുബോധം ആശയപ്രപഞ്ചത്തില്‍ അല്ലെങ്കില്‍ ദൈവത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നതാണ് പ്ലേറ്റോയുടെ പക്ഷം. നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍(ലൂക്കാ 10). ബൈബിളില്‍ കാണുന്ന ഏറ്റവും ക്രൈസ്തവമെന്ന് കരുതുന്ന ഇതുപോലെയുള്ള ആശയങ്ങളുടെ ബീജങ്ങള്‍ പ്ലേറ്റോയുടെ കൃതികളില്‍ നമുക്കു കാണാം.
ഈ വിശ്വബോധം അല്ലെങ്കില്‍ വിശ്വാശയം അനശ്വരമാണ്, അമൂര്‍ത്തമാണ്. ഇതാണ് അവ്യയവും ആത്യന്തികവുമായ പരമസത്തയും. സത്യദര്‍ശനം ഇഷ്ടപ്പെടുന്ന മനുഷ്യന്‍ എന്ന് പ്ലേറ്റോ തത്ത്വജ്ഞാനിക്കൊരു നിര്‍വ്വചനം കൊടുത്തിട്ടുണ്ട്. തത്ത്വജ്ഞാനികളുടെ മുഖ്യകര്‍മ്മം ശാശ്വതമായ പരമസത്യത്തെ കണ്ടെത്തുകയായിരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ വാദം. ഈ സാര്‍വ്വത്രിക സത്യത്തെ കണ്ടെത്താത്ത മനുഷ്യകുലത്തെ, കൈകള്‍ പിന്നിലേക്ക് ചേര്‍ത്ത് ഒരു ഭിത്തിക്കഭിമുഖമായി ബന്ധിതരായി നില്ക്കുന്ന ജയില്‍പുള്ളികളോടാണ് പ്ലോറ്റോ ഉപമിച്ചിരിക്കുന്നത്. ഈ ജയില്‍പുളളികള്‍ ഒരിക്കലും പുറംലോകം കണ്ടിട്ടില്ലാത്തവരായിരുന്നു. തങ്ങളുടെ മുമ്പിലുള്ള ഭിത്തിയില്‍ പതിക്കുന്ന നിഴലുകള്‍ മാത്രം കണ്ടിട്ടുള്ള തടവുകാരില്‍ ഒരാള്‍ മോചിതനാവുകയും അയാള്‍ പുറംലോകത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. തങ്ങള്‍ ദര്‍ശിച്ച വസ്തുക്കളുടെ യഥാര്‍ത്ഥരൂപവും ഭംഗിയുമൊക്കെ ആസ്വദിച്ച് മോചിതനായ ആ തടവുകാരന്‍ വീണ്ടും തിരിച്ചുവരുന്നു തന്‍റെ സഹതടവുകാരെ മോചിപ്പിക്കുവാന്‍.
പ്ലേറ്റോയുടെ കാഴ്ചപ്പാടില്‍ ഈ മോചിതതടവുകാരനെപ്പോലെ സാര്‍വ്വത്രിക സത്യത്തെ തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവരെ നേരായ വഴിയിലൂടെ നടത്തുവാന്‍ കഴിയുകയുള്ളൂ. ഒരു ഭരണാധികാരി യഥാര്‍ത്ഥത്തില്‍ ഈ സത്യത്തെക്കുറിച്ച് അവബോധമുള്ള ഒരു തത്ത്വജ്ഞാനി ആയിരിക്കണമെന്നാണ് പ്ലേറ്റോയുടെ വാദം. അല്ലെങ്കില്‍ രാഷ്ട്രീയാധികാരികള്‍ അത്ഭുതത്താല്‍ ദാര്‍ശനികന്മാര്‍ ആയിത്തീരണം. അങ്ങനെ ചെയ്യാത്തിടത്തോളം കാലം മാനവസമുദായത്തിന് ദുഃഖങ്ങളില്‍നിന്ന് മോചനമുണ്ടാകില്ലെന്ന് പ്ലേറ്റോ മനസ്സിലാക്കി(റിപ്പബ്ളിക്). പ്ലേറ്റോ നിര്‍ദ്ദേശിക്കുന്ന ധാര്‍മ്മികത അരിസ്റ്റോക്രസി എന്ന ന്യൂനപക്ഷത്തിനു മാത്രമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ കഴിയൂ. കാരണം പരമനന്മയുടെ അറിവിന്‍റെ അനുഭവത്തിലേക്ക് തത്ത്വജ്ഞാനികള്‍ക്കേ ഉണരാന്‍ കഴിയൂ. സത്യദര്‍ശനം അവര്‍ക്കു സാധിച്ചിട്ടുള്ളതാണ്.
നിഴലിന്‍റെ പിന്നാലെ ഭൗതികലോക വസ്തുക്കളെ ആഗ്രഹിക്കുന്ന സാമാന്യപ്രജ്ഞക്ക് ആപേക്ഷികസത്യത്തിലേക്കെത്താന്‍ കഴിയൂ. എന്നാല്‍ വാസനകളുടെയും ആസക്തികളുടെയും പ്രഭവസ്ഥാനമായ പരിണാമവിധേയമായ മിഥ്യാതലത്തില്‍ കഴിയുന്ന ഒരു കൂട്ടരുണ്ട് അവരെ പ്ലേറ്റോ വിളിക്കുക അടിമകള്‍ എന്നാണ്. കാരണം നിഴലുകള്‍ മാത്രം കാണുന്ന അജ്ഞരും സത്യത്തില്‍ നിന്നും വളരെ അകലെ കഴിയുന്ന അധാര്‍മ്മികരുമാണവര്‍.
സാംസ്കാരിക മനുഷ്യന്‍റെ ജീവിതദുഃഖങ്ങള്‍ക്ക് കാരണം അജ്ഞതയാണെന്നായിരുന്നു പ്ലേറ്റോയുടെ വാദം. അജ്ഞത തിന്മയാണ്. എന്നാല്‍ നന്മ ജ്ഞാനമാകുന്നു. ജ്ഞാനം നന്മയാണെന്നും ശക്തിയാണെന്നും പ്ലേറ്റോ പറയുന്നു.
ഉറവിടങ്ങള്‍തേടി നിഴലിനു കാരണമായ യാഥാര്‍ത്ഥ്യത്തെ നേരിട്ടറിയുവാനുള്ള വാസന മനുഷ്യനു ജന്മസിദ്ധമാണെന്നും മണ്ണിനുള്ളില്‍ മറഞ്ഞുകിടക്കുന്ന ബീജം വളര്‍ച്ചയ്ക്കാവശ്യമായ വെളിച്ചത്തിനും വായുവിനും വേണ്ടി മേലോട്ട് മുളച്ചുപൊങ്ങുന്നതുപോലെ ബാഹ്യപ്രപഞ്ചത്തിന്‍റെ ആവരണത്തില്‍ ആച്ഛാദിതനായി ഇരിക്കുന്ന മനുഷ്യനു പരിപൂര്‍ണ്ണ ജ്ഞാനമുണ്ടാകുന്നത് ആത്മാവിന്‍റെ ചൈതന്യത്തിലേക്ക് ഉണരുമ്പോഴാണ്.
മനുഷ്യനിലും രണ്ടു ഘടകങ്ങള്‍ ഉണ്ട്. നശ്വരമായ ജഡവും അതില്‍ പ്രകാശിക്കുന്ന അനശ്വരമായ ആത്മാവും. മനുഷ്യാത്മാവിനെക്കുറിച്ചുള്ള പ്ലേറ്റോയുടെ വാദത്തിന് ആത്മാവ് അനശ്വരമാണെന്ന സോക്രട്ടീസിന്‍റെ പ്രബോധനത്തോട് കടപ്പാട്. പ്ലേറ്റോയെ സംബന്ധിച്ച് ആത്മാവിന്‍റെ ജന്മഗൃഹം ആത്യന്തിക സത്യമായ ആശ്യപ്രപഞ്ചമാണ്. ആശയപ്രപഞ്ചത്തില്‍നിന്നും അനശ്വരമായ ആത്മാവ് താണിറങ്ങി മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. (വചനം മാംസമായി ഭൂമിയില്‍ അവതരിച്ചുവെന്ന ക്രൈസ്തവചിന്തയുമായി ഈ വാദത്തെ താരതമ്യപഠനത്തിനു വിധേയമാക്കാവുന്നതാണ്.) മനുഷ്യാത്മാവിനു പൂര്‍ണജ്ഞാനമുണ്ടാകുന്നത് സത്യം, സൗന്ദര്യം, നന്മ എന്നിവയെക്കുറിച്ച് ജ്ഞാനമുണ്ടാകുമ്പോഴാണ്. ശക്തമായ മനസ്സിനു മാത്രമേ ഈ ജ്ഞാനം ഗ്രഹിക്കുവാന്‍ കഴിയൂ. ശക്തമായ മനസ്സ് യുക്തിപൂര്‍വ്വം പരമസത്യത്തെ അന്വേഷിക്കുന്നു. ഈ അന്വേഷണത്തിന്‍റെ അന്ത്യത്തില്‍ അതിന് അനുഭൂതി ലഭിക്കുന്നു. അത് ജ്ഞാനദീപ്തവും ശക്തിസംബന്ധവും ആണ്.
സിമ്പോസിയത്തില്‍ പ്ലേറ്റോ വിവരിക്കുന്നു ആത്മാവിലുദിക്കുന്ന പ്രകാശം താര്‍ക്കീയമോ ഗണിതശാസ്ത്രപരമോ ആയ ആശയങ്ങളില്‍നിന്നെല്ലാം വിഭിന്നമാകുന്നു. ആത്മാവില്‍ വിദ്യുത്പ്രകാശം പോലെ ഉന്മിഷതമാകുന്ന ഈ അനുഭവത്തിനു സഹജാവബോധമെന്നോ ആത്മദര്‍ശനമെന്നോ പറയാം.
ചിറകുള്ള രണ്ടു കുതിരകളെ പൂട്ടിയ രഥത്തിലെ യാത്രക്കാരോട് പ്ലേറ്റോ ആത്മാവിനെ ഉപമിക്കുന്നു. ഇന്ന് ഇന്ദ്രിയതൃഷ്ണയും മറ്റേത് ആത്മചൈതന്യവുമാണ്. ആത്മാവ് ദേവന്മാരോടൊത്ത് സ്വര്‍ഗ്ഗോപരിസ്ഥമായ ശുദ്ധവസ്തുരൂപങ്ങള്‍ ദര്‍ശിക്കുവാനുള്ള യാത്രയില്‍ കുതിരകളെ നിയന്ത്രിക്കാനാവാതെ ചിറകറ്റ് ഭൗതികലോകത്തില്‍ പതിച്ചിരിക്കുന്നു. മഹോന്നതമായ അതിന്‍റെ പ്രഭവസ്ഥാനം വിസ്മൃതിയിലാണ്ട് പോയിരിക്കുന്നു. ശരീരബദ്ധമായ ആത്മാവില്‍ പഠനമനനങ്ങളാല്‍ പെട്ടെന്നുദിക്കുന്ന ഇന്ദ്രീയാതീതമായ പരമരൂപജ്ഞാനം പൂര്‍വ്വസ്മരണയുടെ സത്വര സ്ഫുരണം മാത്രമാണ്.
ആശയപ്രപഞ്ചത്തിലെ അമൂര്‍ത്തരൂപങ്ങളെപറ്റിയുള്ള അറിവ് ആര്‍ജ്ജിക്കുന്നതിന്‍റെ തോതനുസരിച്ചാണു ആത്മാവിന്‍റെ പുരോഗതി. നശ്വരലോകത്തില്‍ നിന്ന് ആത്മാവിനെ ഉയര്‍ത്തുന്ന വിജ്ഞാനം, തത്ത്വചിന്തയില്‍ കൂടിയേ ലഭിക്കുകയുള്ളൂ.
യുഗങ്ങള്‍ക്കു മുന്‍പ് പ്ലേറ്റോ കണ്ടെത്തിയ ഈ സത്യങ്ങളെപ്പാടേ അവഗണിച്ച് തികച്ചും സ്വതന്ത്രമായി ചിന്തിച്ച് നീങ്ങുവാന്‍ കഴിഞ്ഞിട്ടുള്ളവര്‍ വിരളമാണ്.
ഉപസംഹാരം
ബൈബിള്‍ ദര്‍ശനത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ക്രൈസ്തവചിന്താഗതികള്‍ക്ക് പ്ലേറ്റോയുടെ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരുകള്‍ ഉള്ളതായി നമുക്ക് കാണുവാന്‍ കഴിയും. കേവലമായ ആശയങ്ങളെ ആത്യന്തിക സത്യമായി അംഗീകരിക്കുകയും ബാഹ്യപ്രപഞ്ചം അതിന്‍റെ അനുകരണം മാത്രമാണെന്ന പ്ലേറ്റോയുടെ ചിന്താഗതിയില്‍ നിന്നും വ്യത്യസ്തമായി ആത്യന്തികമായ ആശയപ്പരഞ്ചത്തിന്‍റെ സ്ഥാനത്ത് ബൈബിള്‍ ഈശ്വരനെ അവരോധിക്കുകയും അനുകരണമെന്ന് വിശേഷിപ്പിച്ച ബാഹ്യലോകത്തെ ഈശ്വരന്‍റെ സൃഷ്ടിയായും ഈശ്വരന്‍റെ കരവേലയുടെ മാഹാത്മ്യവുമായി കണക്കാക്കുന്നു.ദൈവത്തിന്‍റെ സങ്കല്പത്തില്‍ അവിടുത്തെ ഉള്ളം കൈയില്‍ വ്യക്തിപരമായി നാമോരോരുത്തരേയും രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസ്സിലാക്കുന്നു. നമ്മുടെ നടപ്പും കിടപ്പും അവിടുന്ന് പരിശോധിച്ചറിയുന്നു. നമ്മുടെ മാര്‍ഗ്ഗങ്ങള്‍ അവിടുന്ന് അറിയുന്നു. ഒരു വാക്ക് നാവിലെത്തും മുമ്പേ അവിടുന്ന് അത് അറിയുന്നു.
അസ്തിത്വത്തിന്‍റെ ഉടയവനും ഉറവിടവുമായ ദൈവത്തെ ഒരുവന്‍ തന്‍റെ വിസ്മൃതിയുടെ താഴ്വരയില്‍ ഉപേക്ഷിക്കുമ്പോള്‍ സ്വന്തം അപ്പനെ തള്ളിപ്പറയുന്നവനു തുല്യനായി മാറുന്നു.
ആശയപ്രപഞ്ചത്തെ മറന്ന് മിഥ്യയായ ബാഹ്യപ്രപഞ്ചത്തിന്‍റെ നിഴലുകളുടെ പിന്നാലെ പോകുന്നവന്‍ ആശ്ലേഷിക്കുക സത്യത്തെയല്ല, ദൈവത്തെയല്ല മറിച്ച് മിഥ്യയെയും പാപത്തെയുമാണ്. ദൈവാവബോധത്താല്‍ ആയിരിക്കുക എന്നതാണ് മഹനീയം. ഉറവിടം മറക്കുന്നവനു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ദുഷ്കരമാണ്. ആത്മാവിനാല്‍ ബ്രഹ്മത്തില്‍ ചരിക്കുന്നവനാകുക. ദൈവത്തിന്‍റെ വഴികള്‍ വിട്ടുപോകുന്നതാണ് പാപം. മനുഷ്യരായ നമുക്ക് ഒരു ധര്‍മ്മമേയുള്ളൂ. ഓര്‍മ്മിക്കുക അവിടുന്നില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനില്‍ക്കുന്നു.