top of page

മറിയം ത്രേസ്യ അഗതികളുടെ ധീരവിശുദ്ധ

Nov 7, 2019

3 min read

വി. ജി. തമ്പി

the saint of the poorest people in the citizen is marium theresa

സ്വന്തം ചരിത്രത്തിലും വ്രണിതമായ കാലത്തിലും അപരസ്നേഹത്തെ ദൈവസ്നേഹമായി അനുഭവിക്കാനും പങ്കുവയ്ക്കാനുമുള്ള അനിതരസാധാരണമായ ആത്മശക്തി ലഭിച്ചവളാണ് വിശുദ്ധ മറിയം ത്രേസ്യ. എന്താണ് വിശുദ്ധിയുടെ അര്‍ത്ഥം? സ്വന്തം ജീവിതത്തെ ദൈവത്തിലേക്ക് ഉയര്‍ത്തിനാട്ടുകയും ചുറ്റുമുള്ള മനുഷ്യരിലേക്ക് വിടര്‍ത്തി നിര്‍ത്തുകയും ചെയ്യുന്ന കുരിശാകൃതിയാണ് വിശുദ്ധിയുടേതെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. പരക്ലേശവിവേകം അവരുടെ ആത്മീയതയെ അഗാധമാക്കി പ്രകാശഭരിതമാക്കി.

പത്തൊമ്പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിലുള്ള അമ്പത് വര്‍ഷമാണ്  വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതകാലം. ആ കാലഘട്ടത്തിലെ സാമൂഹ്യനവോത്ഥാന ചിത്രങ്ങളിലൊന്നും ഒരു സ്ത്രീയെ രേഖപ്പെടുത്തി കണ്ടിട്ടില്ല. നമ്മുടെ വിചാരമാതൃക അല്‍പ്പമൊന്ന് വികസിപ്പിച്ചാല്‍ ഒരുപക്ഷേ, മറിയം ത്രേസ്യയെപ്പോലുള്ള ആത്മീയവ്യക്തിത്വങ്ങളെ അക്കൂട്ടത്തില്‍ ചേര്‍ക്കാനായേക്കും.

സ്ത്രൈണ ആത്മീയത എന്ന പദം ഒരു ആശയമായിട്ടുപോലും രൂപപ്പെടുംമുമ്പേ ത്രേസ്യയ്ക്ക് അത് ഒരു ആത്മീയ അനുഭൂതിയായി ദൃഢപ്പെട്ടുകഴിഞ്ഞിരുന്നു. വിദൂരത്തല്ല, തനിക്കുള്ളില്‍ത്തന്നെ ഒരു പെണ്‍പ്രബുദ്ധത ആത്മശക്തിയായി അവളില്‍ കൗമാരത്തില്‍ത്തന്നെ രൂപം കൊണ്ടിരുന്നു. ആത്മീയത അനുഷ്ഠാനങ്ങളുടെ മതില്‍ക്കെട്ടിനപ്പുറത്ത് മനുഷ്യദുരിതങ്ങളെ അഭിമുഖീകരിക്കുന്നിടത്താണ് സാക്ഷാല്‍ക്കരിക്കേണ്ടത്. ജന്മലഭ്യമായ ഒരു അസാധാരണ ദൗത്യബോധമാണ് ത്രേസ്യയുടെ ആത്മീയജീവിതത്തെ നിര്‍ണ്ണയിച്ചത്. ആഴത്തിലുള്ള അപരോന്മുഖമായ നീതിബോധമെന്ന് അതിനെക്കുറിച്ച് പറയാം. അത് ആരും അവള്‍ക്കുമേല്‍ തുന്നിപ്പിടിപ്പിച്ചതല്ല. അവള്‍ക്കുള്ളില്‍ സഹനംകൊണ്ടും ധ്യാനംകൊണ്ടും കിളിര്‍ത്തുവന്നതാണ്. യേശു വഹിച്ച കുരിശ് അവള്‍ സ്വന്തം തോളില്‍ ചുമക്കുവാന്‍ തീരുമാനിച്ചു. സഹനത്തിന്‍റെ കുരിശ് വീരോചിതമായ സാമൂഹികപ്രതിബദ്ധതയായി മറിയം ത്രേസ്യ സ്വീകരിച്ചു. ഇത് സംഭവിക്കുന്നത് കല്‍ക്കത്തയിലെ ത്രേസ്യയുടെ കാരുണ്യജീവിതത്തിന് ഒരു നൂറ്റാണ്ട് മുമ്പാണെന്നോര്‍ക്കണം. കുഴിക്കാട്ടുശ്ശേരിയിലെ ത്രേസ്യ അതിശയകരമായ ആ തിരിച്ചറിവിലേയ്ക്കും ധീരതയിലേക്കും ചെന്നെത്തുകയായിരുന്നു. ആദ്യമാരും ശ്രദ്ധിച്ചില്ല. പരിവേഷങ്ങളൊന്നുമുണ്ടായില്ലെന്നു മാത്രമല്ല കഠിനമായ തിരസ്ക്കാരങ്ങളും അവമാനങ്ങളും തെറ്റിദ്ധാരണകളുമാണ് ത്രേസ്യയുടെ ജീവിതത്തിലാകെ പടര്‍ന്നുകിടന്നത്.

അമ്പതാംവയസ്സില്‍ അവസാനിച്ച ആ ജീവിതത്തില്‍ കണ്ണഞ്ചിപ്പിക്കുന്നതും വര്‍ണ്ണശബളവുമായ നാടകീയതകളൊന്നും കണ്ടെത്താന്‍ കഴിയില്ല. അത്രക്കും ലളിതവും വിനീതവും അനാകര്‍ഷണീയവുമായ സങ്കടങ്ങള്‍ നിറഞ്ഞ വിചിത്രവിധികളായിരുന്നു ആ ജീവിതത്തിലുണ്ടായിരുന്നത്. എന്നാല്‍ എല്ലായ്പ്പോഴും ഉള്ളില്‍ ഒരു വലിയ സ്നേഹം ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ആളികത്തുന്നുണ്ടായിരുന്നു. സ്ത്രൈണതയുടെ ധീരതയും ദൃഢനിശ്ചയവും ആര്‍ജവവും കാത്തിരിപ്പും തപസ്സും ഒന്നിച്ചപ്പോള്‍ ആത്മീയത ത്രേസ്യയ്ക്ക് മറ്റൊരു ജീവിതം കൊടുത്തു.

ദൈവത്തോടും മനുഷ്യരോടും ഉള്ള തീവ്രസ്നേഹത്താല്‍ കത്തിജ്വലിച്ച ഒരു പുണ്യജീവിതമായിരുന്നു അത്. ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങള്‍ കഠിനതപസ്സിലൂടെ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി. വ്രണിതശുശ്രൂഷകനായ യേശുവുമായുള്ള ആത്മീയസംയോഗത്താല്‍ ലഭിച്ച മുറിവുകള്‍ മറ്റുള്ളവരുടെ മുറിവുകളെ ശുശ്രൂഷിക്കുവാന്‍ ശക്തി പകര്‍ന്നു.

ഒന്നാം ലോകമഹായുദ്ധം ഏല്പിച്ച കെടുതികള്‍ - ദാരിദ്ര്യം, രോഗം, അനാഥത്വം എന്നിവയുടെ കേരളീയഗ്രാമപശ്ചാത്തലമാണു മറിയംത്രേസ്യയുടെ ഗാര്‍ഹികസൗന്ദര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആത്മീയദര്‍ശനങ്ങളുടെ അടിസ്ഥാനം. സന്ദിഗ്ദ്ധതകളും സംഘര്‍ഷങ്ങളും സങ്കടങ്ങളും വേദനകളും നിറഞ്ഞ ജീവിതമായിരുന്നു. എന്നാല്‍ സ്വന്തം മുറിവുകളെ സൗഖ്യപ്പെടുത്തുന്നതിനപ്പുറം അപരജീവിതത്തിലെ വേദനകള്‍ പരിഹരിക്കാനാണ് അവര്‍ ശ്രമിച്ചത്.

1876 ഏപ്രില്‍ 26-ാം തീയതി തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനിച്ചു. 1926 ജൂണ്‍ 8-ാം തീയതി ജന്മഗ്രാമത്തില്‍നിന്നും അഞ്ചുമൈല്‍ അകലെ കുഴിക്കാട്ടുശ്ശേരി തിരുക്കുടുംബ മഠത്തില്‍ അന്തരിച്ചു. ഏറിയാല്‍ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രകൃതിയില്‍ ത്രേസ്യ അവളുടെ ജീവിതയാത്ര സംഗ്രഹിച്ചുവെന്നു പറയാം.

കളരിയാശാനില്‍നിന്നും ലഭിച്ച പരിമിതമായ വിദ്യാഭ്യാസം മാത്രമേ ത്രേസ്യക്കുണ്ടായിരുന്നുള്ളു. ബൈബിള്‍ തന്നെ വേണ്ടതുപോലെ വായിക്കാനവസരം ലഭിച്ചിട്ടുണ്ടായില്ല. യാത്രകളോ സമ്പര്‍ക്കങ്ങളോ ഇല്ല. ചില വിശുദ്ധരുടെ ജീവിതകഥകള്‍ അമ്മയില്‍നിന്നും കേട്ടറിഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ജന്മലഭ്യമായ ആത്മീയദര്‍ശനത്താല്‍ കുരുന്നുപ്രായത്തില്‍ത്തന്നെ അസാധാരണമായ ദൈവികാഭിമുഖ്യവും കാരുണ്യബോധവും അപരസ്നേഹവും അവളില്‍ കാണപ്പെട്ടു. അന്യാദൃശമായ അനേകം ആത്മീയപ്രത്യക്ഷങ്ങളും ദര്‍ശനങ്ങളും ബാല്യത്തിലും കൗമാരത്തിലും ത്രേസ്യയിലുണ്ടായി. വിശുദ്ധമായി ജീവിക്കാനുള്ള അതിതീവ്രമായ ആഗ്രഹം അമ്മയാണവളുടെ ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചത്.

പന്ത്രണ്ടാം വയസ്സില്‍ അമ്മ മരിച്ചതോടെ ത്രേസ്യയുടെ ജീവിതം അനാഥമായി. ദരിദ്രവും തകിടംമറിഞ്ഞതുമായ കുടുംബാന്തരീക്ഷം അവളെ തീര്‍ത്തും ഒറ്റപ്പെടുത്തി. അങ്ങനെയാണവള്‍ സ്വന്തമായൊരു ആത്മീയഭവനം ഉള്ളില്‍ നിര്‍മ്മിച്ചെടുത്തത്. ശൈശവ ആത്മീയതയുടെ നിര്‍മ്മലമായ ആനന്ദത്തിലേക്ക് അവള്‍ സ്വന്തം ഹൃദയത്തെ പാകപ്പെടുത്തി. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ അല്ല, അനുഭൂതികള്‍കൊണ്ടാണ് അവള്‍ കുഞ്ഞുനാളിലെ ക്രിസ്തുവിനെ തന്‍റെ കളിക്കൂട്ടുകാരനാക്കിയത്. ഉണ്ണിയേശുവുമായി ആനകളിച്ചും കന്യാമറിയത്തിന്‍റെ മടിത്തട്ടിലിരുന്നു കഥകള്‍ കേട്ടും ദിവ്യമണവാളന്‍റെ കയ്യില്‍ മോതിരമണിഞ്ഞും ആത്മീയശൈശവത്തിന്‍റെ താദാത്മ്യകതയും നിഷ്കളങ്കതയും ത്രേസ്യയുടെ കുട്ടിക്കാലത്തെ സ്വപ്നനിര്‍ഭരമാക്കി.

ദൈവം എയ്തുവിട്ട ഒരമ്പാണ് താനെന്നും അമ്പ് എവിടെയൊക്കെയാണ് വന്ന് തറയ്ക്കുന്നതെന്നും അവള്‍ക്കുള്ളിലൊരു ദൗത്യബോധം ശക്തമായിരുന്നു. യേശു തന്നിലേക്ക് കടന്നുവരുന്നതിനായി തന്‍റെ ശരീരത്തെ എത്രത്തോളം ചെറുതാക്കാമോ, വിനീതമാക്കാമോ, തപസ്സിനാല്‍ ശുദ്ധീകരിക്കാമോ എന്നതായിരുന്നു ത്രേസ്യയുടെ ആത്മീയചര്യകളുടെ പൊരുള്‍. പലപ്പോഴും ഒറ്റയ്ക്ക് സന്ധ്യാനേരങ്ങളില്‍ വിജനമായ കാട്ടുപ്രദേശങ്ങളില്‍പ്പോയി ധ്യാനിച്ചിരിക്കും. ഉള്ളിലെ സ്വരം വ്യക്തമാകുന്നതുവരെ അത് തുടരും.അമ്മ മരിച്ചതിനുശേഷം തന്നോട് ആശയപ്പൊരുത്തമുള്ള മൂന്ന് കൂട്ടുകാരികളെ ത്രേസ്യക്ക് ലഭിച്ചു. അസാധാരണമായ ഒരു പെണ്‍സൗഹൃദം രൂപപ്പെടുകയായിരുന്നു. ആ കൂട്ടുകാരികള്‍ക്കൊപ്പം അയല്‍വീടുകളിലെ രോഗികളെയും മരണാസന്നരേയും സന്ദര്‍ശിക്കുവാന്‍ അവള്‍ മുന്നിട്ടിറങ്ങി. സ്ത്രീകള്‍ വീടുകളിലെ അകത്തളങ്ങളില്‍നിന്ന് പുറത്തുകടക്കുന്നത് നിഷിദ്ധമായിരുന്ന കാലത്താണ് ത്രേസ്യയുടെ പെണ്‍സംഘടന ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ ദുരിതങ്ങളിലേക്ക് ധീരമായി ഇടപെട്ടതെന്നോര്‍ക്കണം. വീട്ടുകാരും നാട്ടുകാരും ശക്തമായി എതിര്‍ത്തിട്ടും വിലക്കിയിട്ടും അവരുടെ ദിനചര്യകളില്‍ മാറ്റമുണ്ടായില്ല. വേദനയില്‍ നുറുങ്ങുന്നവരുടെ ഹൃദയം വായിച്ചറിയാനുള്ള സവിശേഷസിദ്ധി ത്രേസ്യയില്‍ പ്രബലമായിരുന്നു. കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ മനുഷ്യാവസ്ഥയില്‍ ഇടപെട്ടുകൊണ്ടല്ലാതെ ദൈവത്തിലേയ്ക്കെത്താന്‍ വഴികളില്ലെന്ന കഠിനസത്യമാണ് ത്രേസ്യയുടെ ജീവിതം പഠിപ്പിക്കുന്നത്.

പരസ്നേഹംവഴി സ്വന്തം ആത്മീയതയെ ആഴപ്പെടുത്തിക്കൊണ്ടിരിക്കേത്തന്നെ ത്രേസ്യ ആത്മാവിന്‍റെ ഇരുണ്ടരാത്രികളിലൂടെ കഠിനമായി പരീക്ഷിക്കപ്പെട്ടു. അതിതീവ്രമായ സഹനാനുഭവങ്ങളും അസാധാരണമായ പാരവശ്യങ്ങളും ആനന്ദകരമായ ആന്തരിക പ്രത്യക്ഷങ്ങളും ഭയനാകമായ പ്രലോഭനങ്ങളും അനുഭവപ്പെട്ട ആ കാലത്താണ് പുണ്യചരിതനായ ജോസഫ് വിതയത്തിലച്ചനെ ത്രേസ്യക്ക് ആത്മീയഗുരുവായി ലഭിച്ചത്. തന്‍റെ ശാരീരികവും ആത്മീയവുമായ യാതനകളുടെയും അസാധാരണദര്‍ശനങ്ങളുടെയും പിന്നിലുള്ള ദിവ്യരഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടുന്നതില്‍ ആത്മീയപിതാവിന്‍റെ ഉപദേശങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.

യാതനകളുടെ പാരമ്യമായ പഞ്ചക്ഷതാനുഭവങ്ങള്‍ ലഭിച്ച കേരളത്തിലെ ആദ്യത്തെ പുണ്യവതിയാണ് മറിയം ത്രേസ്യ. യേശുവിന്‍റെ അഞ്ചുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചക്ഷതാനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ക്ഷതങ്ങള്‍ യേശുവിന് പ്രവേശിക്കുവാനുള്ള വാതിലുകളായി അവള്‍ നിര്‍വൃതിയോടെ സഹിച്ചു.

ഒരു ക്രിസ്ത്യന്‍ മിസ്റ്റിക്കിന്‍റെ ഉടല്‍സത്തയാണ് മറിയം ത്രേസ്യാ. സഹനവും പ്രാര്‍ത്ഥനയും ചേര്‍ന്ന ഒരു നിഗൂഢസ്നേഹത്തിന്‍റെ ഊര്‍ജം ത്രേസ്യായെ പതിന്മടങ്ങ് ധീരയാക്കി. ഈശ്വരാനുഭൂതിയെക്കുറിച്ചുള്ള താത്വികയുക്തികളെ അനുവര്‍ത്തിക്കണം. ആശ്ചര്യകരമായ സ്ത്രൈണാനുഭൂതി മറിയം ത്രേസ്യാ സ്വായത്തമാക്കിയതായി കാണാം. ആവിലായിലെ ത്രേസ്യ, സിയന്നായിലെ കാതറിന്‍, കിന്‍സാരയിലെ ബ്രിജിത്ത് തുടങ്ങിയ ക്രൈസ്തവസന്യാസിനികളില്‍ ആളിക്കത്തിയ സ്ത്രൈണാത്മീയതയുടെ ധ്യാനാത്മകമായ തീനാളം ഈ കേരളീയപുണ്യവതിയിലേക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. വീരോചിതമായ ഈ സ്നേഹം സൃഷ്ടിക്കുന്ന ഊര്‍ജ്ജം ഒരു വ്യക്തിയെ ഒറ്റയ്ക്ക് പടക്കളത്തിലേക്ക് കൊണ്ടുപോകും. ഫ്രാന്‍സിലെ ജോവാന്‍ ഓഫ് ആര്‍ക്കിന്‍റേതുപോലുള്ള ഇച്ഛാശക്തിയും സഹനശക്തിയും ആത്മീയധീരതയും മറ്റൊരളവില്‍ മറിയം ത്രേസ്യയിലും പ്രതിസ്പന്ദിച്ചിരുന്നു.

1914 മെയ് 14 നാണ് ത്രേസ്യ വ്രതവാഗ്ദാനം നടത്തിയത്. തിരുകുടുംബസന്യാസിനി സമൂഹം ആരംഭിക്കുമ്പോള്‍ ത്രേസ്യക്ക് 38 വയസ്സാണ് പ്രായം. പിന്നീട് സന്യാസിനിയായി 12 വര്‍ഷങ്ങള്‍ മാത്രമാണ് അവര്‍ ജീവിച്ചത്. ദീര്‍ഘകാലത്തെ ആത്മീയപോരാട്ടത്തിനൊടുവില്‍ മൂന്ന് കൂട്ടുകാരികള്‍ക്കൊപ്പം തിരുക്കുടുംബസമൂഹം കുഴിക്കാട്ടുശ്ശേരിയിലെ ഏകാന്തഭവനത്തില്‍ അനാര്‍ഭാടമായി ജീവിതം ആരംഭിച്ചു. താന്‍ രൂപം കൊടുത്ത സന്യാസിനിസമൂഹം ഗാര്‍ഹിക അപ്പസ്തോലിക് ദൗത്യമാണ് ഏറ്റെടുത്തത്. കുടുംബങ്ങളുടെ പുണ്യവതി എന്ന് ആ ഗ്രാമത്തിലപ്പോള്‍ മറിയം ത്രേസ്യക്ക് ഒരു വിളിപ്പേര് ഉണ്ടായിക്കഴിഞ്ഞിരുന്നു. മഠത്തിനോട് ചേര്‍ന്നുള്ള രണ്ട് മുറികളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാലയവും മറിയം ത്രേസ്യ ആരംഭിച്ചു. ജീവിതത്തിലുടനീളം പെണ്‍പ്രബുദ്ധതയുടെ ശാക്തീകരണം അവരുടെ പ്രധാന ദൗത്യമായിരുന്നുവല്ലോ.

പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും ദാരിദ്ര്യവും പടര്‍ന്നുപിടിച്ച അതിദാരുണമായ കാലത്താണ് തിരുക്കുടുംബസമൂഹത്തിന്‍റെ പിറവിയുണ്ടായത്. വസൂരിരോഗം ബാധിച്ച് ആ മാസങ്ങളില്‍ അറുപത് പേരാണ് കുഴിക്കാട്ടുശ്ശേരിയില്‍ മരണമടഞ്ഞത്. രോഗികളെ ജീവനോടെ ബന്ധുക്കള്‍ മറവ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ത്രേസ്യയും കൂട്ടുകാരികളും പായയില്‍ പൊതിഞ്ഞ ശരീരങ്ങളെ ജീവനിലേക്ക് തിരിച്ചുകൊണ്ടുവന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പ്രാണവേദനയാല്‍ പിടക്കുന്ന ശരീരം മുഴുവനും പഴുത്ത് വ്രണം പൊട്ടിയൊലിച്ചവരെ കൂട്ടിക്കൊണ്ടുവന്ന് പരിചരിക്കാന്‍ ത്രേസ്യ മുന്നിട്ടിറങ്ങങ്ങി.

ജീവിക്കുക എന്നാല്‍ സ്നേഹിക്കുക, സ്നേഹിക്കുക എന്നാല്‍ മുറിപ്പെടുക എന്ന സ്നേഹനിര്‍വ്വചനമാണ് മറിയം ത്രേസ്യ ലോകത്തിന് സമ്മാനിച്ചത്.അധികം സ്നേഹിക്കുന്നവര്‍ അധികം പ്രവര്‍ത്തിക്കും. വേണ്ടത്ര വിദ്യാഭ്യാസമോ സമ്പര്‍ക്കങ്ങളോ ഇല്ലാതെ വളര്‍ന്ന ഒരു സാധാരണസ്ത്രീ, എന്നാല്‍ അതിശയകരമായ വിധത്തില്‍ കര്‍മ്മമണ്ഡലങ്ങളെ ഊര്‍ജസ്വലമാക്കി വിശുദ്ധീകരിച്ചു.

ആത്മീയഗുരുവായ വിതയത്തിലച്ചന്‍റെ പ്രേരണയാല്‍ മറിയം ത്രേസ്യ ഒട്ടേറെ കത്തുകളും അനുഭവസാക്ഷ്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. ആന്തരികതയുടെ അതിഗാഢമായ മുഹൂര്‍ത്തങ്ങള്‍ ഈ ലിഖിതങ്ങളില്‍ വായിച്ചെടുക്കാം. അക്ഷരവടിവില്ലാതെ വ്യാകരണതെറ്റുകളോടെയാണെങ്കിലും ഹൃദയഹാരിയായ ഭാഷയില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്താല്‍ കത്തിജ്വലിച്ച തീവ്രാനുഭവങ്ങളുടെ വാങ്മയങ്ങളാണവ.മഹാത്ഭുതങ്ങളിലൂടെയല്ല, പ്രായോഗികനൈര്‍മ്മല്യങ്ങളിലൂടെ, ഗ്രാമീണവിവേകത്തോടെ, നിശ്ചിതമായ നീതിബോധത്തോടെ ഹൃദയപരിശുദ്ധിയോടെ യാഥാസ്ഥിതികസമൂഹത്തെ നേരിട്ടെതിര്‍ക്കാതെ, എന്നാല്‍ ഭൗതികലോകത്തിന് തോല്‍പ്പിക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയോടെ മറിയം ത്രേസ്യ ഒരു മിസ്റ്റിക്കായ വിശുദ്ധയ്ക്ക് മാത്രം കഴിയുന്ന ആത്മജ്ഞാനത്തെ അതിധീരമായി സാക്ഷാല്‍ക്കരിച്ചു.


Featured Posts