
ആഗോളവത്കരണവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനസമൂഹങ്ങളും
Jan 1, 2010
5 min read

ആമുഖം
മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചിരിക്കുന്നു. ഒരു നിശ്ശബ്ദ യുദ്ധം. എങ്കിലും ഒട്ടും അപകടം കുറഞ്ഞതല്ല. ബ്രസീലിനെയും ലാറ്റിനമേരിക്കയെയും മൂന്നാംലോക രാഷ്ട്രങ്ങളെയാകെത്തന്നെയും അത് പിച്ചിച്ചീന്തിക്കഴിഞ്ഞു. പട്ടാളക്കാരല്ല ശിശുക്കളാണ് മരിക്കുന്നത്. ഈ യുദ്ധത്തില്‍ ലക്ഷോപലക്ഷംപേര്‍ മുറിവേറ്റുഴലുന്നവരല്ല, തൊഴിലില്ലാത്തവരാണ്. തകര്‍ത്തിട്ടിരിക്കുന്നത് പാലങ്ങളല്ല, സ്കൂളുകളും ആശുപത്രികളും ഫാക്ടറികളും സമ്പത്ത് വ്യവസ്ഥ മുഴുവനുമാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വശക്തികള ് മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ നടത്തുന്ന യുദ്ധമാണത്. വിദേശക്കടമാണതില്‍ പ്രയോഗിക്കുന്ന പ്രധാന ആയുധം. ആറ്റംബോംബിനെക്കാള്‍ മാരകവും ലേസര്‍ രശ്മികളെക്കാള്‍ ആഴ്ന്നിറങ്ങുന്നതുമായ ആയുധം. ബ്രസീലിയന്‍ തൊഴിലാളി നേതാവ് ലൂയിസ് ഇഗ്നോഷ്യോ സില്‍വയുടേതാണ് ഈ വാക്കുകള്‍. ആഗോളവല്‍ക്കരണത്തിന്‍റെ കെടുതികളും വിനാശങ്ങളും വിശദമാക്കാന്‍ വാക്കുകള്‍ക്ക് ഇതിനെക്കാള്‍ മൂര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
ലൂയിസ് ഇഗ്നോഷ്യോയുടെ ബ്രസീലില്‍ ഒരു പത്രപ്രവര്‍ത്തകയ്ക്കുണ്ടായ അനുഭവം ബ്രസീലിയന്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്‍റെ ഇന്‍ഫോര്‍മേഷന്‍ ന്യൂസ് ലെറ്ററില്‍ വിവരിക്കുന്നുണ്ട്. ബ്രസീലിലെ ഒരു ദരിദ്രഭവനത്തിലെത്തിയ പത്രപ്രവര്‍ത്തകയെ അഞ്ചുകുട്ടികള്‍ ചേര്‍ന്ന് സ്വീകരിച്ചു. അവരുടെ മാതാപിതാക്കള്‍ കുപ്പതെരയാന്‍ പോയിരിക്കുകയായിരുന്നുവത്രേ! തലേന്ന് എന്താണ് അവര്‍ ഭക്ഷിച്ചത് എന്ന ചോദ്യത്തിന് പേപ്പര്‍ കേക്ക് എന്നായിരുന്നു ഉത്തരം. പേപ്പര്‍ കേക്ക് തിന്ന് ആവശ്യത്തിന് വെള്ളവും കുടിക്കുമ്പോള്‍ വയറുനിറഞ്ഞതായി തോന്നുമത്രേ! വെള്ളത്തിലിട്ട് കുതിര്‍ത്ത പേപ്പര്‍ ചുരുളുകള്‍ കേക്കായി ചുട്ടെടുക്കുന്നതാണ് പേപ്പര്‍ കേക്ക്!
കൊള്ളയുടെ പരിഷ്കൃതരൂപം
കരളലിയിക്കുന്ന ദാരിദ്ര്യം ഇന്ന് ബ്രസീലിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ കാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് ഭീകരമായ കടക്കെണിയിലാണ്- ലോകബാങ്കിലൂടെയും ഐ.എം.എഫിലൂടെയൂം വച്ചുനീട്ടപ്പെട്ട സഹായം. സാവോപോളോയിലെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ പൗലോ ഇവാരിസ്റ്റോ പറയുന്നു: തിന്നാന്‍ പറ്റുന്നതെല്ലാം ഉപയോഗിച്ചിട്ടും ജനസംഖ്യയുടെ മൂന്നില്‍ രണ്ടും പട്ടിണിയിലാണ്. കടമെടുത്തപ്പോള്‍ 4% പലിശ ആയിരുന്നത് പിന്നീട് 8% ആയി. ഇപ്പോള്‍ 21%വും. വിശപ്പും തുച്ഛമായ ശമ്പളവും സഹിച്ചുകൊണ്ട് ഈ കടമൊക്കെ വീട്ടേണ്ട ഭാരം ജനങ്ങള്‍ക്കാണ്. ഞങ്ങള്‍ കൊടുത്ത പലിശ കണക്കാക്കിയാല്‍ രണ്ടിലേറെ തവണ കടം മുഴുവന്‍ വീട്ടിക്കഴിഞ്ഞു. (ലാ ലിബെര്‍ട്ടി, 1985 ഒക്ടോബര്‍)
ഇത് മൂന്നാം ലോകരാഷ്ട്രങ്ങളുടെ മുഴുവനും കഥയാണ്. പൗരാണിക സംസ്കാരത്തിന് കേള്‍വികേട്ട ആഫ്രിക്കന്‍ ര ാജ്യമായ എത്യോപ്യ 1970കള്‍ മുതല്‍ കടുത്ത പട്ടിണിയിലാണ്. ഫലഭൂയിഷ്ഠമായ ഹരിതാഭ ഭൂമി, സമൃദ്ധമായ വനങ്ങള്‍, ഉത്സാഹികളായ ജനങ്ങള്‍. ഇതെല്ലാമായിരുന്നു എത്യോപ്യ. എത്യോപ്യയിലെ റിഫ്റ്റ് താഴ്വരയിലൂടെ അവാഷ്നദിയൊഴുകുന്നു. എത്യോപ്യയുടെ രക്തധമനി. കരകളില്‍ കൃഷിചെയ്തും കന്നുകാലികളെ വളര്‍ത്തിയും നദിയില്‍ മീന്‍പിടിച്ചും ജനങ്ങള്‍ സന്തോഷത്തോടെ ജീവിച്ചുപോന്നു.
അങ്ങനെയിരിക്കെയാണ് അവാഷ്നദിയില്‍ അണക്കെട്ട് എന്ന ആശയം ലോകബാങ്ക് മുന്നോട്ടുവച്ചത്. അതിനുള്ള വായ്പയും വാഗ്ദാനം ചെയ്തു. വൈദ്യുതി ഉല്‍പാദനം, ജലസേചനം, കാര്‍ഷികാഭിവൃദ്ധി ഇവയൊക്കെക്കൊണ്ട് ഭദ്രമാകുന്ന സാമ്പത്തികനിലയാണ് ലോകബാങ്ക് വാഗ്ദാനം ചെയ്തത്. മോഹിച്ചുപോയ എത്യോപ്യയ്ക്ക് സമ്മതിക്കാതെയും തരമുണ്ടായിരുന്നില്ല. സംഭവിച്ചതെന്താണ്? ആദ്യമായി അണക്കെട്ടിനുവേണ്ടി റോഡുകളുണ്ടാക്കാന്‍ കാടുനശിപ്പിച്ചു. കൃഷിഭൂമികളും കാലികള്‍ മേഞ്ഞിരുന്ന പുല്‍മൈതാനങ്ങളും അപ്രത്യക്ഷമായി. കൃഷിയും കാലിവളര്‍ത്തലുംകൊണ്ട് ജീവിച്ചിരുന്ന ഒന്നരക്കോടി മനുഷ്യര്‍ ഭവനരഹിതരായി ഭിക്ഷക്കാരായിത്തീര്‍ന്നു. അണക്കെട്ട് കൃഷിഭൂമികളില്‍ എക്കല്‍ കയറുന്നത് തടഞ്ഞു. മണ്ണിന്‍റെ ഫലഭൂയിഷ്ഠി കുറഞ്ഞു. ലോകബാങ്കിന്‍റെതന്നെ നിര്‍ദ്ദേശപ്രകാരം രാസവളങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. രാസവളങ്ങളാകട്ടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി എത്യോപ്യയുടെ വിദേശനാണയശേഖരം മുഴുവന്‍ ചോര്‍ത്തി. പരിസ്ഥിതി സംതുലിതാവസ്ഥയാകട്ടെ സര്‍വ്വത്ര തകിടം മറിഞ്ഞു. ഭൂമിയില്‍ കീടങ്ങള്‍ നിറഞ്ഞു. അപ്പോള്‍ കീടനാശിനി ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ചുരുക്കത്തില്‍ എല്ലാംകൊണ്ടും ഭക്ഷ്യോല്‍പാദനം കുറഞ്ഞു. ക്ഷാമം തുടങ്ങി. ഗവണ്‍മെന്‍റിന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വീണ്ടും അതേ ലോകബാങ്കിന്‍റെ സഹായം തേടേണ്ടിവന്നു.
ഉത്തമര്‍ണ്ണന്മാരുടെ നിര്‍ദ്ദേശപ്രകാരം എത്യോപ്യ വിലകുറഞ്ഞ പരുത്തിയും കരിമ്പും കൃഷിചെയ്യാന്‍ തുടങ്ങി. ഭക്ഷ്യക്ഷാമം അതിരൂക്ഷമായി. ക്ഷാമം സ്ഥിരം പ്രതിഭാസമായി. ആശ്വാസനടപടികള്‍ എന്നപേരില്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ ലോകബാങ്ക് കൂടുതല്‍ കൂടുതല്‍ വായ്പകള്‍ നല്‍കിത്തുടങ്ങി. അങ്ങനെ എത്യോപ്യ നിത്യദാരിദ്ര്യത്തിന്‍റെ, തീരാത്ത ബാധ്യതയുടെ നാടായി.
ആഗോളവല്‍ക്കരണത്തിന്‍റെ കാലത്ത് വ്യക്തികളും ജനസമൂഹങ്ങളും രാജ്യങ്ങളുമെല്ലാം എങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നതിന് ഇപ്രകാരം എത്രയോ ഉദാഹരണങ്ങള്‍! ലോകത്ത് ഏതു ജനസമൂഹത്തെ എടുത്താലും ജനങ്ങള്‍ വന്‍തോതില്‍ തെരുവിലാക്കപ്പെടുന്നു. തൊഴിലില്‍നിന്ന്, വിദ്യാഭ്യാസരംഗത്തുനിന്ന്, സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് ഒക്കെ ജനങ്ങള്‍ പുറന്തള്ളപ്പെടുകയാണ്.
തള്ളിമാറ്റപ്പെടുന്ന തൊഴിലാളികള്‍
ജനതകളെ സാമ്പത്തികമായും സാംസ്കാരികമായും കശക്കിയെറിഞ്ഞ ആഗോളവല്‍ക്കരണം അതിന്‍റെ അനിവാര്യ പരിണിതിയായ ആഗോളസാമ്പത്തികമാന്ദ്യത്തില്‍ ഇന്ന് എത്തിനില്‍ക്കുമ്പോള്‍ സ്വീകരിച്ചിരിക്കുന്ന ബീഭത്സരൂപം ഭാവനാതീതമാണ്. സാമ്പത്തികമാന്ദ്യം മൂലം നഷ്ടമായ തൊഴിലുകളുടെ കണക്കുകള്‍ ഇതു വെളിപ്പെടുത്തും.
അമേരിക്കയും യൂറോപ്പും ഒരുമിച്ചെടുത്താല്‍ 2008-ല്‍ ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം 26 ലക്ഷമായിരുന്നുവെങ്കില്‍ 2009 ജനുവരിയില്‍മാത്രം 20 ലക്ഷംപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു (പി.റ്റി.ഐ). 2008 നവംബറില്‍ ജപ്പാനിലെ തൊഴില്‍രഹിതരുടെ എണ്ണം 25 ദശലക്ഷം കവിഞ്ഞു (ആനന്ദബസാര്‍ പത്രിക, 28-12-2008). ലോകത്തെ തൊഴില്‍രഹിതരുടെ എണ്ണം 2008-ല്‍ 19 കോടി ആയിരുന്നത് 2009 പൂര്‍ത്തിയാകുമ്പോള്‍ അത്രയുംകൂടെ വര്‍ദ്ധിക്കുമെന്നാണ് കണക്ക്. 456 ദശലക്ഷംപേര്‍ ദാരിദ്ര്യരേഖയ്ക്ക്. (അതായത് പ്രതിദിനം 1.25 ഡോളറില്‍താഴെമാത്രം വരുമാനം) താഴെയാണ്. (ഗ്രാന്‍മാ ഇന്‍റര്‍നാഷണല്‍, ഏപ്രില്‍,2009). ഈ പ്രതിസന്ധി മറ്റൊരു 200 ദശലക്ഷം തൊഴിലാളികളെകൂടി തീവ്രമായ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടും. പ്രത്യേകിച്ച് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമായി കഴിയുന്ന അങ്ങേയറ്റം അസംഘടിതവും അനൗപചാരികവും കുറഞ്ഞ വേതനം ലഭിക്കുന്നതും അസ്ഥിരവുമായ പണികളെടുത്ത് ജീവിക്കാനായി പെടാപ്പാടുപെടുന്ന തൊഴിലാളികളാണിവര്‍. (ഐഎല്‍ഒ റിപ്പോര്‍ട്ട്, 2009 ജനുവരി).
ആഗോളവല്‍കൃതമായ ഇന്ത്യ
ഇന്ത്യയുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. വികസനത്തിന്‍റെ രഥം, വളര്‍ച്ചാനിരക്കില്‍ വന്‍കുതിപ്പിനുള്ള സുനിശ്ചിത ഉപാധി എന്നെല്ലാമുള്ള പ്രചാരണഘോഷങ്ങളോടെയാണ് ആഗോളവല്‍ക്കരണ നയങ്ങള്‍ കടന്നുവന്നത് എന്നോര്‍മ്മിക്കുക. വികസനത്തിന്‍റെ അവസാനത്തെ വണ്ടി എന്നുവരെ ചിലര്‍ ഇതിനെ വിശേഷിപ്പിച്ചു. എന്നാല്‍ കാല്‍നൂറ്റാണ്ടിന്‍റെ അനുഭവം വ്യക്തമാക്കുന്നത് എന്താണ്? ഇന്ത്യയിലെ നൂറിലേറെക്കോടിവരുന്ന സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും മുഖ്യധാരയില്‍നിന്നും, പരിമിതമായെങ്കിലും അനുഭവിച്ചുവന്നിരുന്ന സൗകര്യങ്ങളില്‍നിന്നും പുറന്തള്ളപ്പെടുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. കമ്പോളത്തിന്‍റെയും വന്‍കിട കുത്തകകളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നയനടപടികള്‍ മുന്നേറുന്നത് എന്ന് സന്ദേഹത്തിനിടയില്ലാത്തവിധം നിത്യേന തെളിയിക്കപ്പെടുന്നു.
തകരുന്ന കൃഷി, ഉയരുന്ന വില
വിലക്കയറ്റത്തിന്‍റെ കാര്യകാരണങ്ങളിലേയ്ക്ക് കടന്നുചെന്നാല്‍ കാര്‍ഷികരംഗത്തിന്‍റെ തകര്‍ച്ച കാണാതിരിക്കാനാകില്ല. കൃഷി ചെലവേറിയതായി മാറിയിരിക്കുന്നു. കൃഷിയില്‍ പിടിച്ചുനില്‍ക്കാനാകാതെ കര്‍ഷകന്‍ ആത്മഹത്യയിലഭയം തേടുന്നു എന്നത് ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെയായി നാം കാണുന്ന കാഴ്ചയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയും കേരളത്തിലെ വയനാടും കര്‍ഷകരുടെ ഉയര്‍ന്ന ആത്മഹത്യാനിരക്കുകൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ പ്രദേശങ്ങളാണല്ലോ. വിദര്‍ഭയില്‍ ദിനംപ്രതി ഒരാള്‍ ആത്മഹത്യചെയ്യുന്നു എന്നതാണ് കണക്ക്. ചെറുകിട കര്‍ഷകര്‍ക്ക് കൃഷിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആസൂത്രിതമായി സൃഷ്ടിച്ചെടുത്തുകൊണ്ട് വന്‍കിട കുത്തകകള്‍ കാര്‍ഷികരംഗത്തേയ്ക്ക് വന്‍തോതില്‍ പ്രവേശിക്കുകയാണ്. ഒപ്പം ചില്ലറ വില്‍പ്പനയുടെ രംഗവും സമ്പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണവര്‍.
വന്‍കുത്തകകള്‍ക്ക് ചില്ലറ വ്യാപാരരംഗത്തേയ്ക്ക് കടന്നുവരാനും എല്ലാത്തരം നിത്യോപയോഗ സാധനങ്ങളും യഥേഷ്ടം സംഭരിച്ചു കുന്നുകൂട്ടാനും അങ്ങനെ കൃത്രിമമായ വിലവര്‍ദ്ധനവിന് പഴുത് കണ്ടെത്താനും സാധിക്കുമാറ് കുത്തക സംഭരണനിയമം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മാറ്റിയെഴുതിയെന്നതാണ് കുതിച്ചുയരുന്ന വിലക്കയറ്റത്തിനുള്ള ഒരു പ്രധാന കാരണം. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുകയും എഫ്.സി.ഐ ഗോഡൗണുകള്‍ അടച്ചുപൂട്ടുകയും പൂട്ടിയവ റിലയന്‍സുപോലുള്ള വന്‍കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളും, എപിഎല്‍, ബിപിഎല്‍ വിഭജനത്തിലൂടെ സാധാരണക്കാരെ വന്‍തോതില്‍ റേഷന്‍ ആനുകൂല്യത്തിന് പുറത്താക്കുന്നതുമെല്ലാം ഇതോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടവയാണ്. അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചുകയറുമ്പോഴും അവ ഉല്‍പ്പാദിപ്പിക്കുന്ന സാധാരണ കര്‍ഷകന് ന്യായമായ വില, എന്തിന് ആ രംഗത്ത് പിടിച്ചുനില്‍ക്കാന്‍പോലുമുള്ള വില ലഭിക്കുന്നില്ല എന്നതും നാം കാണണം. വിശാല ജനവിഭാഗങ്ങളെ ജീവിതത്തില്‍നിന്ന് ബഹിഷ്കൃതമാക്കുന്ന കഠോരനടപടികള്‍ അനുസ്യൂതം തുടരുന്നു.
വിപണിക്കുവേണ്ടിയുള്ള വിദ്യാഭ്യാസം
പുതിയ സാമ്പത്തിക വ്യവസ്ഥയുടെയും കമ്പോളത്തിന്‍റെയും ആവശ്യകതകളെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ലോകബാങ്ക് കാഴ്ചപ്പാട്. അതനുസരിച്ച് കമ്പോളത്തില്‍ വിറ്റഴിക്കാവുന്ന വൈദഗ്ദ്ധ്യങ്ങള്‍ മാത്രം കുട്ടികളില്‍ സൃഷ്ടിക്കാനുതകുന്ന രീതിയില്‍ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തപ്പെടുന്നു. നുണകളെ സത്യങ്ങളായി എഴുന്നെള്ളിച്ചും സത്യങ്ങളെ കെട്ടുകഥകളാക്കിയും വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിച്ചുകൊണ്ടുവന്ന ഡി.പി.ഇ.പി പരിഷ്കാരങ്ങള്‍ ഒന്നരപതിറ്റാണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ സ്കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥിതി എന്തായിരിക്കുന്നു എന്നതിന് വിശദീകരണം വേണ്ടതില്ല. അക്ഷരജ്ഞാനം പോലും അന്യമാകുന്ന തലമുറ, വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക്, പൂട്ടപ്പെടുന്ന സ്കൂളുകള്‍. സ്വഭാവരൂപവല്‍ക്കരണത്തെക്കുറിച്ച് പിന്നെന്തുപറയാന്‍. ഒന്നാംകിട ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒരു ന്യൂനപക്ഷത്തിന് വിദ്യാഭ്യാസം ഉറപ്പാക്കപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷംവരുന്ന കുഞ്ഞുങ്ങള്‍ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളപ്പെടുന്നു.
വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ പരാജയപ്പെടുന്നു എന്നതിന് സാംസ്കാരികരംഗമാണ് സാക്ഷി. കുട്ടികളിലെ ക്രിമിനല്‍ വാസന വര്‍ദ്ധിക്കുന്നു. ക്രിമിനലുകളില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതൊക്കെ ഇന്ന് നിത്യക്കാഴ്ചകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്നപദവി കേരളത്തിന് സ്വന്തം. ഈ ഭയാനകമായ സാംസ്കാരിക തകര്‍ച്ചയ്ക്ക് വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളോടൊപ്പം ഉപഭോക്തൃസംസ്കാരത്തിന്‍റെയും ലാഭതൃഷ്ണയുടെയും സീമാതീതമായ കുത്തൊഴുക്കിന്‍റെ ആഗോളവല്‍കൃത ഉദാരവല്‍കൃത സാഹചര്യവും ഉത്തരവാദിയാണ്.
വികസനമെന്ന ചൂഷണം
ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ വികസനവും പരിശോധിക്കപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷത്തിന്‍റെയും താല്‍പര്യം സംരക്ഷിക്കാന്‍ വികസനനടപടികള്‍ക്ക് സാധിക്കുന്നില്ല എന്നതോ പോകട്ടെ, അതിന്‍റെ നേര്‍വിപരീത ദിശയില്‍ പ്രയോഗിക്കപ്പെടുന്നതുമാണത്. കേരളത്തില്‍തന്നെ വികസനത്തിന്‍റെ പേരില്‍ നടത്തപ്പെടുന്ന വന്‍കിടപദ്ധതികള്‍ പരിശോധിച്ചാല്‍ ഈ വൈപരീത്യം വ്യക്തമാകും.
ഭരണാധികാരികള്‍ ഏറെ കൊട്ടിഘോഷിച്ച ഒന്നായിരുന്നു വിഴിഞ്ഞം പദ്ധതി. എന്നാല്‍ ഒരു പ്രദേശത്തെ പതിനായിരക്കണക്കിനാളുകളെ ഭീതിയിലാഴ്ത്തുകയായിരുന്നു പ്രസ്തുത പദ്ധതി. വിഴിഞ്ഞം തുറമുഖ വികസനത്തിന് ഭൂമി ആവശ്യമായി വരുമെന്നും അതിനായി 227 കുടുംബങ്ങളെ മാത്രമേ ഒഴിപ്പിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ആയിരക്കണക്കിന് ആളുകള്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന് പ്രദേശവാസികള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അനുബന്ധവ്യവസായ പദ്ധതിക്കുവേണ്ടി സ്ഥലം കണ്ടെത്താന്‍ സര്‍വ്വേ നടത്തിയത് ലോകബാങ്കിന്‍റെയും ഏഷ്യന്‍ വികസനബാങ്കിന്‍റെയും രജിസ്റ്റേഡ് കണ്‍സള്‍ട്ടന്‍റായ കിറ്റ്കോ ആണ്. ഈ റിപ്പോര്‍ട്ടിലാണ് ആദ്യഗഡുവായി 1088 ഹെക്ടര്‍ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ പ്രസിദ്ധീകരിച്ചത്. ഇതിന്‍പ്രകാരം ആറുവില്ലേജുകളിലായി ഏകദേശം പതിനായിരം കുടുംബങ്ങള്‍ കുടിയിറങ്ങേണ്ടിവരും.
