

ഗാന്ധി എന്നാല്‍ ധാര്‍മ്മികത എന്നുകൂടിയാണ് അര്‍ത്ഥം. അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെല്ലാം ധാര്‍മ്മികതയുമായി ബന്ധപ്പെട്ടതായിരുന്നു. ധാര്‍മ്മികതയും അഹിംസയുമെല്ലാം പര്യായപദങ്ങളാണിവിടെ. സമഗ്രതയുടെ ഭിന്നതലങ്ങള്‍. ധാര്‍മ്മികക്ഷീണം ബാധിച്ച വര്‍ത്തമാനകാലത്തിന് ധാര്‍മ്മികധാതുക്കള്‍ പ്രദാനം ചെയ്യാന്‍ ഗാന്ധിദര്‍ശനങ്ങള്‍ക്ക് ഇപ്പോഴും സാധിക്കുന്നു. ഗാന്ധിയെ മാറ്റിനിര്‍ത്താനും ഒഴിവാക്കാനുമുള്ള യത്നങ്ങള്‍ തകൃതിയായി നടക്കുന്ന കാലത്ത് ഗാന്ധിയിലെ വെളിച്ചത്തിന്‍റെ ധാതുക്കള്‍ കണ്ടെത്തേണ്ടത് ഇന്നിന്‍റെയും നാളെയുടെയും അനിവാര്യതയാണ്. കെ. അരവിന്ദാക്ഷന്‍ 'ഗാന്ധിയുടെ ധര്‍മ്മധാതുക്കള്‍' കണ്ടെത്താന്‍ ശ്രമിക്കുന്നു. ഹിംസയും അധാര്‍മ്മികതയും അനീതിയും താണ്ഡവമാടുന്ന ഇന്നിന് ഈ ദര്‍ശനങ്ങള്‍ വഴിവിളക്കാകുന്നു.
'നമുക്ക് ഇന്ത്യയെ വീണ്ടെടുക്കേണ്ടതുണ്ട.് ജനാധിപത്യമൂല്യങ്ങള്‍, വൈവിധ്യം, ബഹുസ്വരത, സ്വാതന്ത്ര്യം, പരിസ്ഥിതി ഇതിലേക്കുള്ള ഒറ്റയടിയാത്രകളാണ് ഈ കുറിപ്പുകള്‍' എന്ന് കെ. അരവിന്ദാക്ഷന്‍ ആമുഖത്തില്‍ കുറിക്കുന്നു. സംവാദത്തിനുള്ള വഴി തുറന്നിടുകയാണ് അദ്ദേഹം. 'നന്മയുടെ ചെറുകണികപോലും ഈ കാലത്തിന്‍റെ ആവശ്യമാണ്' എന്ന് തിരിച്ചറിയുക.
'ആവശ്യമില്ലാത്ത ഒരു വാക്കുപോലും സത്യലംഘനമാണ്'എന്ന ഗാന്ധിവചനത്തിലാണ് അരവിന്ദാക്ഷന്‍ അന്വേഷണം ആരംഭിക്കുന്നത്. വാക്കുകള്‍ ഏറെ പ്രധാനമാണ്. വാക്കുകളുടെ മൂല്യം നാം തിരിച്ചറിയുന്നില്ല. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പെരുകിവരുന്ന കാലത്ത് ഈ ചിന്ത ഏറെ പ്രസക്തമാണ്. 'നാം വാക്കുകള്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നു വെങ്കില്‍ ലോകത്ത് എത്ര കലാപങ്ങള്‍, സംഘട്ടനങ്ങള്‍, യുദ്ധങ്ങള്‍, ഹിംസകള്‍ ഒഴിവാക്കാം; എത്രയെത്ര പാരിസ്ഥിതിക ദുരന്തങ്ങള്‍ ഒഴിവാക്കാം' എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 'സത്യസന്ധമായ ഒരു വാക്ക്, സത്യത്തിലേക്കുള്ള ഒരു ചുവട് ഭൂമിയുടെ ജൈവികതാളത്തിന്‍റെ ഭാഗമാണ്. ആയിരംകോടി നുണകള്‍കൊണ്ട് സത്യസന്ധമായ ഒരു വാക്കിനെ നശിപ്പിക്കാനാവില്ല' എന്നതാണ് സത്യം.
'ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള സത്യത്തെ, രാമനെ, ക്രിസ്തുവിനെ നിരവധി മാലിന്യങ്ങള്‍ വന്നു മൂടിയിരിക്കുകയാണ്' എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നമ്മുടെ ഉള്ളിലെ മാലിന്യങ്ങള്‍ മഹാപുരുഷന്മാരുടെ നാമത്തോടൊപ്പം നാം ചേര്‍ക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥചിത്രം വികലമാക്കപ്പെടുന്നു. രാമനും ക്രിസ്തുവും ബുദ്ധനുമെല്ലാം ഹിംസിക്കാനുള്ള മാധ്യമങ്ങളാകുന്നു. സത്യത്തിന്‍റെ അവസ്ഥയും ഇതുതന്നെയാണ്. സത്യമാണ് ദൈവമെന്ന ഗാന്ധിയന്‍ ദര്‍ശനത്തെ, അസത്യത്തിന്‍റെ പ്രതീകമാക്കി മാറ്റുന്നവരെ നാം ചുറ്റും കാണുന്നു.
'സമൂഹത്തില്‍, ഭൂമിയില്‍ നടക്കുന്ന ചെറുതും വലുതുമായ ഓരോ ഹിംസയും നമ്മുടെയുള്ളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെടുന്നത്' എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. മനസ്സിലുള്ള ഹിംസയുടെ പ്രതിഫലനമാണ് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാണുന്നത്. എവിടെയും ഹിംസാത്മകത വന്നു നിറയുന്നു. അതോടൊപ്പം അപരവിദ്വേഷവും കൂടിക്കലരുന്നു. ഹിംസയാണ് ശക്തിയെന്ന ചിന്ത വ്യാപകമാകുന്നു. ലോകം ഇന്ന് അനുഭവിക്കുന്നത് ഈ ഹിംസാത്മകതയാണ്.
പുറത്തേയ്ക്കുള്ള യാത്രപോലെതന്നെ പ്രധാനമാണ് അകത്തേക്കുള്ള യാത്രയും.
"നമ്മുടെ സ്വത്വത്തെ അറിയുന്നതിലൂടെയാണ് നാം അപരനെ, നാം തന്നെയെന്ന് തിരിച്ചറിയുന്നത്. നമ്മുടെ ചുറ്റിനുമുള്ള പ്രകൃതിയിലെ ഓരോ അംഗവും നമ്മിലുണ്ടെന്ന് നാം കണ്ടെത്തുന്നത്, മണ്ണും പുഴയും മലയും ജലവും മേഘവും നമ്മിലെ ധാതുക്കളാണെന്ന് നാം അനുഭവിക്കുന്നത്." സമഗ്രമായ പാരസ്പര്യമാണിത്.
