top of page

തകഴി സ്മരണകള്‍

Feb 1, 2002

2 min read

പആ
Thakazhi Sivsankara Pillai
Thakazhi Sketch by Mahesh Nambiar

തകഴി ശിവശങ്കരപ്പിള്ളയെ ബാല്യകാലം മുതല്‍ പലകുറി കണ്ടിട്ടുണ്ടെങ്കിലും എന്‍റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന സ്മരണ സ്കൂള്‍ സാഹിത്യസമാജം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു പഠനയാത്രയില്‍ തകഴിയിലെ ശങ്കരമംഗലത്തുചെന്ന് അദ്ദേഹവുമായി സംവദിക്കാന്‍ കഴിഞ്ഞ കുറെ നിമിഷങ്ങളാണ്.

ഞങ്ങളോട് അന്ന് തകഴി പറഞ്ഞു: "കുട്ടിക്കാലം മുതലേ ഞാന്‍ അമ്മയുടെ മടിയില്‍ കിടന്നു പുരാണകഥകളും മറ്റും കേട്ടാണ് കഥപറയാന്‍ പഠിച്ചത്. കൈയില്‍ കിട്ടുന്നതെന്തും നിങ്ങള്‍ വായിക്കുക. പിന്നീട് നിങ്ങള്‍ക്കും എഴുതാന്‍ കഴിയും.

അദ്ദേഹം തന്‍റെ അദ്ധ്യാപകരായിരുന്ന കൈനിക്കര പത്മനാഭപിള്ള, കുമാരപിള്ള തുടങ്ങിയവരെ അനുസ്മരിച്ചുകൊണ്ടു പറഞ്ഞു: 'രചനാഭ്യാസക്ലാസുകളില്‍ എന്‍റെ നോട്ടുബുക്കുകള്‍ പരിശോധിച്ച് എഴുത്തിനെ പ്രോത്സാഹിപ്പിച്ച അദ്ധ്യാപകരാണവര്‍. ഞാന്‍ കഥാകാരനായി മാറിയതിന്‍റെ പിന്നാലെ രഹസ്യവുമാണ്.

എത്ര കഥയെഴുതിയെന്ന് ഓര്‍മ്മയില്ല. ആദ്യമായി അച്ചടിച്ചു വന്ന കഥ 'സാധുക്കള്‍' ആയിരുന്നു. പക്ഷേ അതിന്‍റെ ഒരു പ്രതിപോലും ഇപ്പോള്‍ കൈവശമില്ല.

കുട്ടികള്‍ തങ്ങളുടെ പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ഒരു കഥ (കൃഷിക്കാരന്‍) യെപ്പറ്റി പരമാര്‍ശിച്ചപ്പോള്‍ അങ്ങനെ ഒരു കഥയെപ്പറ്റി അദ്ദേഹം ഓര്‍മ്മിക്കുന്നേയില്ല. കൃഷിക്കാരന്‍ തന്‍റെ തൊഴിലിനെ സ്നേഹിക്കുന്നു. കൃഷിക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തുന്നു. 'മണ്ണുചതിക്കില്ല' എന്ന വിശ്വാസവുമായി കൃഷിചെയ്യുന്ന ഇന്നത്തെ കര്‍ഷകന്‍റെ ദുരിതപൂര്‍ണ്ണമായ കഥയാണ് തകഴിയുടെ കൃഷിക്കാരന്‍.

യാഥാര്‍ത്ഥ്യങ്ങളുടെ പീഠഭൂമി തേടിയലഞ്ഞ ഒരു കാഥികനായിരുന്നു തകഴി. അവിടെ അദ്ദേഹം കണ്ടുമുട്ടിയ മനുഷ്യരുടെ കഥ വലിയ ആഹാര്യമോടികളൊന്നുമില്ലാതെ തനതായ ഭാഷയില്‍ സത്യസന്ധമായി പറഞ്ഞുവച്ചു. അവരുടെയിടയിലുണ്ടായിരുന്ന വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അദ്ദേഹം തകിടം മറിച്ചില്ല. 'കടലില്‍ പോകുന്ന മുക്കുവനുവേണ്ടി മുക്കുവത്തി തപസ്സിരുന്നാലേ അവനെ കടലമ്മ തിരികെ കൊണ്ടുവരൂ, അല്ലാത്ത പക്ഷം അവനെ കടലമ്മ കൊണ്ടുപോകും' എന്ന വിശ്വാസത്തെ  അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് തകഴി 'ചെമ്മീന്‍' എന്ന പ്രണയകഥ പറഞ്ഞുവച്ചത്. എന്നാല്‍ ചെമ്മീന്‍ കേവലമൊരു പ്രണയകഥ മാത്രമല്ല അതു മനുഷ്യന്‍റെ കഥയാണ്.

തകഴിക്കഥകളുടെ സൃഷ്ടിവൈഭവത്തെ വിമര്‍ശിച്ച ചിലരോടായി അദ്ദേഹം പറഞ്ഞു 'എന്‍റെ കഥകളില്‍ പ്ലോട്ടില്ല, പാത്രസൃഷ്ടിയില്ല, വര്‍ണ്ണനയില്ല, സുന്ദരികളോ സുന്ദരന്മാരോ ഇല്ല. പരിണാമഗുപ്തിയില്ല, ആദര്‍ശധീരന്മാരില്ല, ദുഷ്ടന്മാരില്ല. പക്ഷേ മനുഷ്യരുണ്ട്, എന്‍റെ നാട്ടിലെ പച്ചയായ മനുഷ്യര്‍. അവരുടെ കഥകളാണ് ഞാന്‍ പറഞ്ഞുപോന്നിട്ടുള്ളത്.

വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാരുടെയും ഒടുവിലാന്‍, പൊതുവാള്‍, ഈ. വി. തുടങ്ങിയവരുടെയും ചുവടുപിടിച്ച് കഥാരംഗത്തു പിച്ചവച്ച തകഴിയെ റഷ്യന്‍ - ഫ്രഞ്ചു കഥകള്‍ പരിചയപ്പെടുത്ത, ചെഖോവിന്‍റെയും മോപ്പസാങ്ങിന്‍റെയും സരണി വശമാക്കിക്കൊടുത്തത്, കേസരി ഏ. ബാലകൃഷ്ണപിള്ള എന്ന വിമര്‍ശകനാണ്.

കഥാകൃത്ത് എന്ന നിലയില്‍ തകഴിയെ ശ്രദ്ധേയനാക്കിയത് 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയാണ്. വെള്ളം പൊങ്ങിയപ്പോള്‍ സ്വന്തം കുടിയുപേക്ഷിച്ചു പോകേണ്ടിവന്ന ചേന്നപ്പറയന്  കൂടെക്കൊണ്ടുപോകാന്‍ കഴിയാതെ വന്ന ഒരു നായയുടെ അന്ത്യമാണ് കഥാതന്തുവെങ്കിലും വെള്ളപ്പൊക്കത്തിന്‍റെ കെടുതികളെയും നായയുടെ ദയനീയാവസ്ഥയെയും മറ്റും അവതരിപ്പിക്കാന്‍ തകഴി തിരഞ്ഞെടുത്ത റിയലിസ്റ്റിക്ക് രീതിയാണ് കഥയെയും കാഥികനെയും ശ്രദ്ധേയമാക്കിയത്.

തകഴിയുടെ ആദ്യകാല നോവലായ 'രണ്ടിടങ്ങഴി'യെ നല്ല കൃതികളുടെ ഗണത്തില്‍ പലരും പെടുത്തുന്നില്ലെങ്കിലും ആ ഒരു കാലഘട്ടത്തിന്‍റെ ചിത്രം ശരിക്കും തകഴി വരച്ചുകാട്ടുന്നുണ്ട്. അസംഘിടതരായിരുന്ന ഒരു വര്‍ഗ്ഗത്തെ സംഘടിക്കാന്‍ പ്രേരിപ്പിച്ചതിന്‍റെ പിന്നിലെ കാര്യങ്ങളും കാരണങ്ങളും പറഞ്ഞുവയ്ക്കാനാണ് തകഴി ആ നോവലിലൂടെ ശ്രമിച്ചതൊന്നു തോന്നുന്നു.

പതിനഞ്ചു രൂപാ ശമ്പളത്തില്‍ ക്ലാര്‍ക്കായി കയറിയ കേശവപിള്ള മിന്നല്‍വേഗത്തില്‍ പല പടികളും ചവിട്ടിക്കയറി ഒടുവില്‍ ചീഫ് സെക്രട്ടറി വരെയാകുന്നു. ആ പ്രയാണത്തിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവരുടെ ഹൃദയനൊമ്പരങ്ങളുടെ കഥയാണ് ഏണിപ്പടികള്‍. ഒരു കാലഘട്ടത്തിലെ തിരുവിതാകൂര്‍ രാഷ്ട്രീയ ചരിത്രകഥ കൂടിയാണ് ആ നോവല്‍. തകഴി എന്ന ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തു ചേക്കേറിയ കുറെ നാളുകളുടെ അനുഭവപശ്ചാത്തലമായിരിക്കാം പില്‍ക്കാലത്ത് ഏണിപ്പടികളുടെ രചനയ്ക്ക് പ്രേരകമായത്.

അശ്ലീലകഥാകൃത്ത് എന്ന നിലയില്‍ ഒരു കാലത്ത് തകഴി യാഥാസ്ഥിതികരുടെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ അക്കഥകള്‍ വായനക്കാരന് ലൈംഗികോത്തജനം ഉളവാക്കുന്നവയായിരുന്നില്ല. മറിച്ച് സമ്പന്നവര്‍ഗ്ഗങ്ങളുടെ അന്തപ്പുരത്തിലെ കേവല കാമദാഹ ശമനത്തിനുവേണ്ടിയുള്ള കോപ്രായങ്ങളെ അനാവരണം ചെയ്യുക എന്നതായിരുന്നു കാഥികന്‍റെ ലക്ഷ്യം. തൊഴിലില്ലായ്മകൊണ്ടും ദാരിദ്ര്യം കൊണ്ടും ഒരു ചാണ്‍ വയറിനുവേണ്ടി സ്ത്രീകള്‍ നടത്തുന്ന ലൈംഗിക വാണിഭത്തിന്‍റെ കഥകളും തകഴി എഴുതിയതിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.

മനശ്ശാസ്ത്രകഥകളും തകഴിയുടെ വകയായിട്ടുണ്ട്. ഫ്രോയിഡിന്‍റെയും ആഡ്ലറിന്‍റെയും സിദ്ധാന്തങ്ങളോടുള്ള പരിചയമായിരുന്നു അത്തരം രചനയ്ക്കു പിന്നില്‍. ഗന്ധര്‍വക്ഷേത്രം, പരമാര്‍ത്ഥങ്ങള്‍, ചാപല്യം തുടങ്ങിയ കഥകള്‍ അനുസ്മരിക്കുക.

കയര്‍ എന്ന വിശ്രുതമായ നോവല്‍ തലമുറകളുടെ കഥ പറയുന്നു. ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തകഴിയുടെ രചനകളില്‍ അവസാനത്തേത് എന്നതിനെ കരുതാം. വിസ്താരഭയത്താല്‍ അതിലേയ്ക്കു കടക്കുന്നില്ല.

പഠനയാത്രാസംഘത്തേക്കാള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യംകൂടി അവതരിപ്പിച്ചുകൊണ്ട് ഈ സ്മരണ അവസാനിപ്പിക്കാം. "എന്‍റെ നാട് മാറിപ്പോയിരിക്കുന്നു. ഇന്നു കൊയ്ത്തുപാട്ടോ തേക്കുപാട്ടോ കേള്‍ക്കാനില്ല. രണ്ടും മൂന്നും തവണ കൃഷിയേറ്റിയിരുന്ന കണ്ടങ്ങള്‍ തരിശ്ശായി കിടക്കുന്നു. പലേടത്തും കണ്ടം നികത്തി പലരും കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ പണിയുന്നു, തീവണ്ടി ഇരമ്പിപ്പായുന്നത് കുട്ടനാടിന്‍റെ ഹൃദയഭാഗത്തുകൂടിയാണ്. കുട്ടനാടിന്‍റെ മണംപോലും മാറിയിരിക്കുന്നു."

മാനത്തോളം പൊക്കമുണ്ടായിരുന്ന ആ വിശ്വസാഹിത്യകാരന്‍ മണ്ണോളം എളിയവനാണെന്നതാണ് പരിചയപ്പെടുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സത്യം.

ഈയടുത്ത കാലത്തും ഒരു പഠനയാത്രസംഘത്തോടൊപ്പം  ഞാന്‍ തകഴി മ്യൂസിയ(ശങ്കരമംഗലം)ത്തില്‍ ചെന്നിരുന്നു. അവിടെ ആ ചാരുകസേര ശൂന്യമായിക്കിടക്കുന്നു. വീടിന്‍റെ കിഴക്കുഭാഗത്ത്  തെക്കുപടിഞ്ഞാറേ കോണില്‍ അദ്ദേഹം നിത്യനിദ്രയിലാണ്. "കാത്തേ.. കാത്തേ..." എന്ന വിളിക്കായി ഒരിക്കല്‍ക്കൂടി കാതോര്‍ത്തുകൊണ്ട് ശങ്കരമംഗലത്തിന്‍റെ പിന്നാമ്പുറത്ത് കാത്തച്ചേച്ചി ഇരിക്കുന്നു.

പആ

0

0

Featured Posts