ജോര്‍ജ് വലിയപാടത്ത്
Oct 4
"ഞങ്ങളുടെ ചിതറിയ പ്രതീക്ഷകളുടെ
തകര്‍ന്ന സ്വപ്നങ്ങളുടെ
ഇരുള്‍മൂടിയ രാവാണിത്.
നിന്നോടൊപ്പം പകല്‍ താണ്ടിയ വഴികളില്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ ജ്വലിച്ചിരുന്നു.
ഭയാനകമായ ഇരുള്‍ പടരുന്ന
പകലിന്‍റെ അന്ത്യയാമങ്ങളാണിത്.
നാഥാ, നീ ഞങ്ങളോടൊത്തു വസിച്ചാലും
ഞങ്ങളുടെയീ ചെറുഭവനം ദരിദ്രമാണ്
ഞങ്ങളുടെയീ ഊട്ടുമേശ ലളിതമാണ്
എങ്കിലും നാഥാ, നീ വരിക
മേശയില്‍ വിളമ്പിയ ഈ അപ്പം
ഞങ്ങള്‍ക്കായ് നീ മുറിക്കുക."
വിശുദ്ധനാട്ടില്‍ പരിശുദ്ധശവകുടീരമല്ലാതെ മറ്റൊരിടവും ഫ്രാന്‍സിസ് സന്ദര്‍ശിച്ചതായി നമുക്ക് ചരിത്രരേഖകളില്ല. അവന്‍ ആ കൊച്ചുഗ്രാമത്തിലൂടെ നടന്നുപോയിട്ടുണ്ടാവണമെന്ന് നമുക്ക് അനുമാനിക്കാനേ കഴിയൂ. എന്നാല്‍, തീര്‍ച്ചയായും അവന്‍റെ ജീവിതത്തിലെ എല്ലാ വഴികളും എമ്മാവൂസിലേക്കുള്ള വഴികളായിരുന്നു. ആ കഥ അവന്‍റെ മനസ്സിനും ഹൃദയത്തിനും അന്യമായിരുന്നുവെന്ന് ഒരിക്കലും പറയാനാവില്ല, വിശേഷിച്ച് ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അവസാനനാളുകളില്‍. വിശുദ്ധനാട്ടില്‍നിന്ന് ഫ്രാന്‍സിസ് തിരിച്ചു വന്നതിനുശേഷമുള്ള നാളുകളിലാണ് സന്ന്യാസസമൂഹത്തിനുള്ളില്‍ പ്രതിസന്ധികള്‍ മുളപൊട്ടുന്നത്. അതദ്ദേഹത്തിന് തീവ്രമായ ആന്തരിക വ്യഥയുടെ കാലമായിരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടെന്ന തോന്നല്‍. എന്തിന് ദൈവംപോലും കൈവിട്ടപോലെ. മുറിക്കുന്ന അപ്പത്തില്‍ വെളിപ്പെടാനായി മറഞ്ഞിരുന്ന സൗഹൃദത്തിന്‍റെ ഒളിച്ചുകളിപോലെ.
വഴികള്‍ വീണ്ടും വഴികളിലേക്ക് നയിക്കുന്നു. പരിപൂര്‍ണ്ണമായ ആനന്ദത്തെക്കുറിച്ചുള്ള ഫ്രാന്‍സിസിന്‍റെ ഉപമയിലെ പോര്‍സ്യുങ്കുലായിലേക്കുള്ള വഴി എമ്മാവൂസിലേക്കുള്ള വഴിയുടെ തുടര്‍ച്ചയാണ്.
*** *** ***
ആദ്യകാല ഫ്രാന്‍സിസ്കന്‍ കഥകളില്‍ ഒരു സഹോദരന്‍ ജെയില്‍സ് ഉണ്ട്. ഫ്രാന്‍സിസിന്‍റെ ഉത്തമ അനുയായി. കുറിക്കുകൊള്ളുന്ന വാക്കുകളും ഹാസ്യം നിറഞ്ഞ സംസാരവും. ജെയില്‍സ് വാര്‍ദ്ധക്യത്തിലായിരുന്ന കാലത്താണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന ബൊനവെഞ്ചര്‍ സന്ന്യാസസമൂഹത്തിന്‍റെ ജനറലായി ചുമതലയേല്‍ക്കുന്നത്.
"ഒരിക്കല്‍ ബൊനവെഞ്ചര്‍ പുറത്ത് തോട്ടത്തിലൂടെ നടക്കുമ്പോള്‍ ജെയില്‍സ് സഹോദരന്‍ ചോദിച്ചു: "പാവപ്പെട്ട നിരക്ഷരയായ വൃദ്ധസ്ത്രീയ്ക്ക് ഒരു ദൈവശാസ്ത്രജ്ഞന്‍റെയത്രയും ദൈവത്തെ സ്നേഹിക്കാനാവുമോ?"
"എന്തുകൊണ്ട് ആവില്ല? തീര്‍ച്ചയായും; ഒരുപക്ഷേ അതില്‍ കൂടുതലായി..." ബൊനവെഞ്ചര്‍ മറുപടി പറഞ്ഞു.
അതുകേട്ട് അടക്കിച്ചിരിച്ചുകൊണ്ട് തൊട്ടടുത്ത വഴിയിലൂടെ നടന്നുപോവുകയായിരുന്ന ഒരു വൃദ്ധസ്ത്രീയോട് ജെയില്‍സ് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു:
"നിങ്ങളോട് എനിക്കൊരു സന്തോഷവാര്‍ത്ത പറയാനുണ്ട് - ഫാദര്‍ ബൊനവെഞ്ചറിനെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് ദൈവത്തെ സ്നേഹിക്കാനാകും."
ആ വൃദ്ധസ്ത്രീ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. ഫ്രാന്‍സിസിന്‍റെ ആശയങ്ങള്‍ ജീവിക്കപ്പെടുന്നിടത്തോളം കാലം അവള്‍ ഉണ്ടാവുകയും ചെയ്യും. ഈ ലോകത്തിന്‍റെ ഏതൊരു ഭാഗത്തും ഒരിടവക ദേവാലയത്തില്‍ നിങ്ങള്‍ക്കവളെ കണ്ടുമുട്ടാം.
റോമില്‍വച്ച് എനിക്ക് മുന്‍പരിചയമുണ്ടായിരുന്ന രണ്ട് ഫ്രാന്‍സിസ്കന്‍ സഹോദരിമാരെ ഞാനൊരിക്കല്‍ കണ്ടുമുട്ടി. ആശുപത്രിവരെ അവരോടൊപ്പം ഒന്നു ചെല്ലാമോ എന്നവര്‍. വഴിയില്‍വച്ച് അവരെന്നോട് കാര്യങ്ങള്‍ പറഞ്ഞു. തലേദിവസം അവര്‍ ആശുപത്രി സന്ദര്‍ശനത്തിന് ചെന്നപ്പോള്‍ പാരീസില്‍ വൈദ്യശാസ്ത്രം പഠിക്കുന്ന, ഫ്രഞ്ച് മാത്രം സംസാരിക്കുന്ന ഒരു ട്യുണിസുകാരന്‍ മുസ്ലിം ചെറുപ്പക്കാരനെ കണ്ടുമുട്ടി. അവന്‍ അവധിക്കാലത്ത് റോം സന്ദര്‍ശിക്കാനിറങ്ങിയതാണ്. റോമില്‍ പരിചയമുള്ള ആരും ഇല്ലാതിരുന്നതിനാല്‍ ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടിയ അവന്‍റെ തന്നെ പ്രായമുള്ള ചെറുപ്പക്കാരുടെ ഒരു ചെറുസംഘവുമായി പരിചയത്തിലായി. റോമില്‍ വന്നതും അവരിലൊരാള്‍ അവന് കോള കുടിക്കാന്‍ കൊടുത്തതും ഓര്‍മ്മിക്കുന്നുണ്ട്. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഓര്‍മ്മ വരുമ്പോള്‍ കാലുകളില്‍ മൂന്ന് ഒടിവുമായി, കൈയിലുണ്ടായിരുന്നതെല്ലാം - പാസ്പോര്‍ട്ട്, പണം, തുണികള്‍, പുസ്തകങ്ങള്‍- നഷ്ടപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അവനാകട്ടെ ഇവിടെ ആരെയും പരിചയവുമില്ല. അടുത്ത് എവിടെ നിന്നോ ഒരു സ്ത്രീ വന്ന് അവനെ പരിചരിക്കുന്നുണ്ട്. ഇന്നലെ സഹോദരിമാര്‍ സന്ദര്‍ശിക്കുന്ന സമയത്തും അവര്‍ ആ യുവാവിന്‍റെ അടുത്തുണ്ടായിരുന്നു.
ഞങ്ങള്‍ കാണാന്‍ മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ വേദനയുടെ ആധിക്യത്താല്‍ കഷ്ടിച്ചൊന്ന് പുഞ്ചിരിക്കാന്‍ മാത്രമേ അവന് കഴിഞ്ഞുള്ളൂ. പിന്നെ സാവകാശം ഇങ്ങനെ തേങ്ങാന്‍ തുടങ്ങി: "എനിക്ക് ഇനി വലിയ പ്രതീക്ഷയൊന്നുമില്ല. ഞാന്‍ മിക്കവാറും ഇവിടെത്തന്നെ കിടന്ന് മരിക്കുമെന്നു തോന്നുന്നു. ഞാന്‍ മരിക്കുന്നത് എന്‍റെ വീട്ടുകാര്‍ പോലുമറിയാന്‍ പോകുന്നില്ല." അവന് ഏറ്റവും നല്ല ചികിത്സയാണ് കിട്ടുന്നതെന്ന് പറഞ്ഞ് സഹോദരിമാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അല്ലാതെ അവനോട് എന്താണു പറയാന്‍ കഴിയുക?
ഞാനവനോടൊപ്പമിരിക്കുമ്പോള്‍ ആ സ്ത്രീ ഉള്ളിലേക്ക് കയറിവന്നു. അവളെക്കണ്ടതും അവന് സന്തോഷമായി. അവന് ആവശ്യമുള്ള ചില സാധനങ്ങളുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത്. അതെല്ലാമെടുത്ത് അവര്‍ അലമാരയില്‍ വയ്ക്കുകയാണ്. അവന്‍ താഴ്ന്ന ശബ്ദത്തില്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു: "ഞാന്‍ എന്നും നല്ലൊരു മുസല്‍മാനായിരിക്കാനേ ശ്രമിച്ചിട്ടുള്ളൂ. എന്നിട്ടും അള്ളാ എന്തിനാണ് എന്നോടിങ്ങനെ ചെയ്തത്? ഞാനാരെയും ഇന്നോളം ഉപദ്രവിച്ചിട്ടില്ല. മുതിര്‍ന്നവരെ ബഹുമാനിച്ചിട്ടേയുള്ളൂ. എന്നും പ്രാര്‍ത്ഥനകള്‍ ചൊല്ലി, പന്നിമാംസമോ മദ്യമോ ഉപയോഗിച്ചിട്ടില്ല. റംസാന്‍ കാലത്ത് മുഴുവന്‍ ദിവസവും ഉപവസിച്ചിരുന്നു. പിന്നെ എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? അള്ളാ പിന്നെ എന്തിനാണിങ്ങനെ ശിക്ഷിച്ചത്? എന്തുകൊണ്ട് എനിക്കിങ്ങനെ? എന്തുകൊണ്ട്?"
അവന്‍ പറഞ്ഞുകൊണ്ടിരുന്നതെല്ലാം ആ സഹോദരിമാര്‍ സ്ത്രീക്ക് ഇറ്റാലിയനിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, അവര്‍ക്കും എന്തുത്തരം കൊടുക്കാനാവും? ഈ ചോദ്യത്തിന് ഒരു ക്രിസ്തീയ ഉത്തരമുണ്ടോ? ഉത്തരങ്ങളൊന്നും പറയാനില്ലാതെ ഞാനും മനസ്സില്‍ പരതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ദൈവശാസ്ത്രം പഠിച്ചിട്ടുണ്ട്. നൂറു കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും ഈ ചോദ്യത്തിനു മുന്നില്‍, ഈ നിസ്സാരമായ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശ്ശബ്ദനായിപ്പോവുകയാണ്: "എന്തുകൊണ്ട് മനുഷ്യന്‍ സഹിക്കണം?" ദൈവമേ, അതിനുള്ള നിന്‍റെ ഉത്തരമെന്തായിരിക്കും?
അങ്ങനെ ബുദ്ധിയില്‍ പരതിക്കൊണ്ട് നിശ്ശബ്ദനായി അവിടെ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് വളരെ ലളിതമായ ഒരു ക്രിസ്തീയ ഉത്തരം കടന്നുവന്നു. അത് 'എന്തുകൊണ്ട് ഭൂമിയില്‍ തിന്മ' എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. വളരെ ലളിതം, പ്രത്യേകിച്ച് ഉത്തരങ്ങളില്‍ ബൗദ്ധികതയുടെ ആഴങ്ങള്‍ തിരയുന്നവരുടെ മുന്നില്‍ പറയാന്‍ പോലും മടി തോന്നുംവിധം നിസ്സാരം. അതാണ് എന്‍റെ മുന്നില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. വലിയ അറിവുകളൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീ ചെയ്തുകൊണ്ടിരിക്കുന്നത്. ആ സ്ത്രീ അത് എന്നെക്കാള്‍ എത്രയോ മുന്‍പ് കണ്ടെത്തിയിരിക്കുന്നു. ഞാനെന്‍റെ ദൈവശാസ്ത്രക്കുറിപ്പുകളില്‍ ബുദ്ധികൊണ്ട് പരതുമ്പോള്‍ ഇവിടെ ഈ കിടക്കയില്‍ ആ സ്ത്രീ അതിന്‍റെ ഉത്തരമായി മാറിക്കൊണ്ടിരിക്കുന്നു. അവന്‍റെ തല മടിയിലെടുത്തുവെച്ച് വായിലേക്ക് തണുത്തവെള്ളം ഒഴിച്ചുകൊടുക്കുമ്പോള്‍, അവനുവേണ്ടി പഴങ്ങളും ബ്രെഡും ശീതളപാനീയങ്ങളും തുണികളും വാങ്ങിയെത്തുമ്പോള്‍, അവര്‍ ആ ചോദ്യത്തിന് ഒരു ക്രിസ്തീയ ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ്.
"എന്തുകൊണ്ട് എനിക്കിങ്ങനെ?" എന്ന തകര്‍ക്കപ്പെട്ട മനുഷ്യന്‍റെ സനാതനമായ ചോദ്യത്തിന് യേശു തന്‍റെ കാലഘട്ടത്തിലെ എല്ലാ ജ്ഞാനികളെയും വിവേകികളെയും മറികടന്ന് തന്‍റെ ശിഷ്യര്‍ക്ക് ലളിതമായ ഒരു ഉത്തരം നല്കി: "അയാള്‍ക്ക് അവനെ കണ്ടപ്പോള്‍ അനുകമ്പ തോന്നി. അവന്‍റെയടുത്തു ചെന്ന് എണ്ണയും വീഞ്ഞും ഉപയോഗിച്ച് മുറിവുകള്‍ വെച്ചുകെട്ടി. എന്നിട്ടയാള്‍ അവനെ കഴുതപ്പുറത്ത് താങ്ങിയെടുത്തിരുത്തി, സത്രത്തില്‍ കൊണ്ടുചെന്നാക്കി. അടുത്ത ദിവസം അയാള്‍ രണ്ടു ദനാറ സത്രം സൂക്ഷിപ്പുകാരന്‍റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: ഇയാളുടെ കാര്യം നോക്കിക്കൊള്ളണം. എന്തെങ്കിലും കൂടുതല്‍ ചെലവാകുന്നുവെങ്കില്‍ തിരികെ വരുമ്പോള്‍ ഞാന്‍ തന്നുകൊള്ളാം" (ലൂക്കാ 10:33-36).
യേശുവിന്‍റെ ഉത്തരം ഒരു വാക്യമായിരുന്നില്ല, ഒരു പ്രവൃത്തിയായിരുന്നു. മനുഷ്യന്‍റെ എല്ലാ വേദനകളിലും പങ്കുപറ്റിക്കൊണ്ട് അവന്‍തന്നെ മാനവകുലത്തിന്‍റെ എല്ലാ വ്യാകുലതകള്‍ക്കും ഉത്തരമായി മാറി. ഞാനെന്താണ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്? ഒരു രഹസ്യത്തെ ബുദ്ധികൊണ്ട് പരിഹരിക്കാനുള്ള ഒരു പാഴ്ശ്രമത്തിലായിരുന്നു ഞാന്‍. മനുഷ്യബുദ്ധിക്ക് അതീതമായ ഒരു വിശാല ലോകമുണ്ടെന്ന് ഞാന്‍ മറന്നേപോയി. ഫ്രാന്‍സിസിന്‍റെ ലോകം അതായിരുന്നു - വളരെക്കുറച്ച് മനുഷ്യര്‍ മാത്രം എത്തിപ്പെടുന്ന ബുദ്ധിക്കപ്പുറമുള്ള വിശാല ലോകം.
ആ ആശുപത്രിക്കിടക്കയ്ക്കരികിലെ ഇറ്റാലിയന്‍ സ്ത്രീ 'ലോകത്തില്‍ തിന്മയെന്തുകൊണ്ട്' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ മറ്റൊരാളായിരുന്നു.
- ദൈവത്തിന്‍റെ ഭോഷന്‍
പ്രസാധനം: ജീവന്‍ ബുക്സ്, ഭരണങ്ങാനം
മൊഴിമാറ്റം: ജിജോ കുര്യന്‍