top of page

വിശുദ്ധിയിലേക്ക് ഒരു ക്ഷണം

Oct 4, 2001

11 min read

സച്ചിദാനന്ദന്‍
St Francis of Assisi and St. Clare
St Francis of Assisi and St. Clare

പാശ്ചാത്യരായ ആഖ്യായികാകാരന്മാരില്‍ ആഖ്യാനപാടവംകൊണ്ട് ഞാനാദരിക്കുന്ന ഏറെപ്പേരുണ്ടെങ്കിലും എന്‍റെ ആത്മാവിന്‍റെ അഗാധതലങ്ങളെ പിടിച്ചുകുലുക്കിയിട്ടുള്ളവര്‍ മൂന്നുപേരേയുള്ളു. ദൊസ്തൊയെവ്സ്കി, ഹെമന്‍ ഹെസ്സെ, നികോസ് കസന്‍ ദ് സകീസ്. കാഫ്കയും സാര്‍ത്രും കമ്യൂവും മുതല്‍ മാര്‍ക്വെസ്സും തോമസ് പിഞ്ചോണും സല്‍മന്‍ റഷ്ദിയും വരെയുള്ള ആധുനികരും ഉത്തര-ആധുനികരുമായ ആഖ്യായികാകാരന്മാര്‍ വന്നും പോയിമിരിക്കുമ്പോഴും ഈ ആകര്‍ഷണത്തിനു കുറവു വരുന്നില്ല. കാരണം, എക്കാലത്തെയും മനുഷ്യാവസ്ഥയുടെ അത്യഗാധതയിലുള്ള ആധ്യാത്മികവും ധാര്‍മികവുമായ സമസ്യകളെയാണ് കസന്‍ ദ് സകീസിനെപ്പോലുള്ളവര്‍ സംബോധന ചെയ്യുന്നത്.

ക്രിസ്തുധര്‍മത്തിലാണെങ്കില്‍, കുട്ടിക്കാലം മുതലേ നമ്മുടെ മനസ്സുകളെ മഥിച്ചു പോരുന്ന മൂന്നു ബിംബങ്ങളുണ്ട്. ഫാദര്‍ ഡാമിയന്‍, ഫ്ളോറന്‍സ് നൈറ്റിംഗേല്‍, അസ്സീസിയിലെ ഫ്രാന്‍സിസ്. ഇവരില്‍ ആദ്യത്തെ രണ്ടുപേരും മാനവസേവയെ ഈശ്വരസേവയായിക്കണ്ട് അന്യരുടെ വേദനകളകറ്റാനായി ആയുസ്സുമുഴുവന്‍ ഉറക്കമൊഴിച്ചവരെന്ന നിലയിലാണ് നമ്മെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ് ഒരു പടികൂടി കടന്ന് തിര്യക് ലോകവുമായി സംവാദം സാധിക്കുകയും സഹനത്തിന്‍റെ അധിത്യകയിലൂടെ ക്രിസ്തുവിനെ സാക്ഷാത്കരിക്കുകയും ചെയ്തയാളാണ്; മതമെന്ന സ്ഥാപനവും മതമെന്ന യോഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍, സ്ഥാപനത്തിന്‍റെ യുക്തികള്‍ക്കുമീതെ യൗഗികാനുഭവത്തിന്‍റെ അനിര്‍വചനീയതയെ പ്രതിഷ്ഠിച്ചയാളാണ്. ഈ ഫ്രാന്‍സീസ് പുണ്യവാളനെത്തേടിയുള്ള ക്ലേശകരമായ ഒരു തീര്‍ത്ഥാടനമാണ് കസന്‍ദ് സകീസിന്‍റെ 'ദൈവത്തിന്‍റെ നിസ്സ്വന്‍: അസ്സീസിയിലെ ഫ്രാന്‍സീസ് പുണ്യവാളന്‍' (Gods pauper: St Francis of Assisi) എന്ന നോവല്‍. വിശ്വാസത്തിന്‍റെ പൊരുള്‍ തേടുകയും മനുഷ്യന്‍റെ അമാനുഷികമായ ഇച്ഛാശക്തി ഉദാഹരിക്കുകയും ചെയ്തുകൊണ്ട് അനുവാചകര്‍ക്ക് അടിമുടി ആത്മീയമായ ഒരനുഭവം നല്‍കുകയാണ് ഇവിടെ കസന്‍ ദ് സകീസ്.

ഭൗതികാധികാരത്തിന്‍റെയും വിത്തസമൃദ്ധിയുടെയും അഹങ്കാരലഹരിയില്‍ മുഴുകിയ ബെര്‍ണെഡോണെ പ്രഭുവിന്‍റെയും ഭര്‍ത്താവിന്‍റെ മൃഗീയസ്വാധീനത്താല്‍ സ്വന്തം ആധ്യാത്മികചേതനയെ അടിച്ചമര്‍ത്തേണ്ടിവരുന്ന പിക്കാപ്രഭ്വിയുടേയും പുത്രനും ക്ലാരയുടെയും കാമുകനുമായ ഫ്രാന്‍സീസ്, 'ഇതല്ല' ഇതല്ലെന്ന് സമ്പൂര്‍ണ്ണവിനയത്തിലേക്കുമുള്ള പടവുകള്‍ ഓരോന്നായി പിന്നിട്ട്, സംശയങ്ങളുടെ കൊടുങ്കാറ്റുകളെ വിശ്വാസശക്തിയില്‍ നേരിട്ട്, പുണ്യപദത്തിലെത്തിച്ചേരുന്നതിന്‍റെ ആത്മപീഡകമായ ആഖ്യാനമാണ് ഈ നോവല്‍.


Book cover of the novel God's Pauper

ഫ്രാന്‍സീസിന്‍റെ കഥയുടെ ഉപരിതലത്തോടല്ല, ആ ജീവിതത്തിന്‍റെ സത്തയോടാണ് താന്‍ നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ഗ്രന്ഥകാരന്‍ തന്നെ ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട് ഈ ജീവിതചരിത്രത്തിലെ പല സംഭവങ്ങളും  പ്രസ്താവനകളും താന്‍ വിട്ടുകളയുകയും സംഭവിക്കാത്തതെങ്കിലും സംഭവിക്കാമായിരുന്ന പലതും കൂട്ടിച്ചേര്‍ക്കുകകയും ചെയ്തിട്ടുണ്ടെന്നും 'സത്യത്തേക്കാള്‍ സത്യമായ' ഈ ഐതിഹ്യമെഴുതുമ്പോള്‍ ഫ്രാന്‍സീസിനോടുള്ള സ്നേഹാദരങ്ങള്‍മൂലം താന്‍ പലപ്പോഴും വികാരവിവശനായെന്നും, കണ്ണീരിന്‍റെ നനവു കയ്യെഴുത്തുപ്രതിയില്‍ പുരണ്ടുവെന്നും ആണിയടിക്കപ്പെട്ട, എന്നും ആണിയടിച്ചു കേറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൈ, എന്നും തുറക്കുന്ന ക്ഷതവുമായി ചോരയൊലിക്കുന്ന ഒരു കൈ, തന്‍റെ മുന്നില്‍ വായുവില്‍ പതറുന്നതായിക്കണ്ടുവെന്നും കസന്‍ ദ് സകീസ് സാക്ഷ്യപ്പെടുത്തുന്നു. "ഞാനെഴുതിക്കൊണ്ടിരുന്നപ്പോള്‍ എനിക്കു ചുറ്റും എല്ലായിടത്തും ആ പുണ്യാത്മാവിന്‍റെ അദൃശ്യസാന്നിധ്യം എനിക്കനുഭവപ്പെട്ടു. കാരണം, എനിക്ക് സെന്‍റ് ഫ്രാന്‍സീസ് ഉത്തരവാദിത്വമുള്ള മനുഷ്യന്‍റെ മാതൃകയാണ്. അതീവനിര്‍ദ്ദയമായ നിരന്തരസമരത്തിലൂടെ നമ്മുടെ സമുന്നതകര്‍ത്തവ്യം നിറവേറ്റുന്നതില്‍ വിജയിച്ച മനുഷ്യന്‍റെ മാതൃക. ആ കര്‍ത്തവ്യം സദാചാരത്തെക്കാളും സത്യത്തെക്കാളും സൗന്ദര്യത്തെക്കാളും വലുതാണ്. ദൈവം നമുക്കു നല്‍കിയ വസ്തുവിന്‍റെ ഉള്ളടക്കം മാറ്റി അതിനെ ആത്മാവാക്കുകയെന്നതാണത്."

ഫ്രാന്‍സിസിനെപ്പോലെ ദൃഢവ്രതനായ ഒരു ആത്മാന്വേഷിക്കുപോലും അനായാസമായിരുന്നില്ല ഈ കര്‍ത്തവ്യനിര്‍വഹണം; അവനവന്‍റെതന്നെ ശാരീരികവും ധാര്‍മ്മികവും ആത്മീയവുമായ ദൗര്‍ബല്യങ്ങളോടും പ്രലോഭനങ്ങളോടും ഓരോ നിമിഷവും പടവെട്ടി വേണമായിരുന്നു അദ്ദേഹത്തിനു മുന്നേറുവാന്‍. പിതാവിന്‍റെ വിദ്വേഷം, കാമുകിയുടെ പ്രേമം, സമുദായത്തിന്‍റെ നിന്ദ, പുരോഹിതസഭയുടെ തന്നെ സംശയവും അവഹേളനവും. ഇങ്ങനെ ഏറെ വൈകാരിക പ്രതിബന്ധങ്ങള്‍ ഫ്രാന്‍സീസിനു നേരിടേണ്ടിവരുന്നുണ്ട്. അദ്ദേഹത്തിന് ഈ വെല്ലുവിളികളെ നേരിടാനുള്ള ശക്തി ലഭിക്കുന്നതു മൂന്നു പ്രഭവങ്ങളില്‍ നിന്നാണ്. മാതാവിന്‍റെ വാല്‍സല്യം സംവേദനശീലവുമാണ് ഒന്ന്, നോവലിന്‍റെ ആഖ്യാനം നിര്‍വഹിക്കുന്ന ബ്രദര്‍ ലിയോവിന്‍റെ സാഹോദര്യവും വിശ്വസ്തതയുമാണ് മറ്റൊന്ന്. ഇവ രണ്ടും ലൗകിക പ്രഭവങ്ങളാണെങ്കില്‍, ക്രിസ്തുവിലും ക്രിസ്തു സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഈശ്വരനിലുമുള്ള അചഞ്ചലമായ വിശ്വാസമാണ് മൂന്നാമത്തെ ഉറവിടം.

നാരകച്ചെടികള്‍ പൂവിടുകയും കുയില്‍ പാടുകയും മഴ മണ്ണിനെ സുഗന്ധിയാക്കുകയും ചെയ്യുന്ന ഒരു വസന്തദിനത്തിലാണ് ലിയോവിന്‍റെ ഈറന്‍ ഹൃദയത്തില്‍ ഫ്രാന്‍സീസിന്‍റെ സ്മരണ മുളയെടുക്കുന്നതും അദ്ദേഹം തന്‍റെ ഗുരുവിന്‍റെ അനശ്വരമായ കഥ ചുരുള്‍ നിവര്‍ത്താന്‍ തുടങ്ങുന്നതും. ഭിക്ഷയാചിച്ചു സാന്‍ജോര്‍ജിയോവിലെത്തുന്ന ബ്രദര്‍ ലിയോ 'ഓട്ടക്കയ്യ'നായ ഫ്രാന്‍സീസിന്‍റെ അരികിലേക്കു പറഞ്ഞയക്കപ്പെടുന്നു. അതു മറ്റൊരു ഫ്രാന്‍സീസായിരുന്നു; തിന്നുകയും കുടിക്കുകയും പട്ടുടുപ്പുകളണിഞ്ഞു യുവതികളുടെ ജനലിനു കീഴില്‍ നിന്നു ഗിഥാര്‍ മീട്ടി പാടുകയും ചെയ്യുന്ന പ്രഭുകുമാരന്‍. സ്വര്‍ഗം അപ്രാപ്യമാണെന്നും ഭൂമി അരികിലാണെന്നും അതുകൊണ്ട് താന്‍ ഭൂമിയിലെ സുഖങ്ങളുടെ കാമുകനാണെന്നും വിശ്വസിച്ചിരുന്ന ഫ്രാന്‍സീസിനെ അസ്വസ്ഥനാക്കിക്കൊണ്ടു ലിയോ പറയുന്നു: "സ്വര്‍ഗ്ഗത്തേക്കാള്‍ നമുക്കരികിലായി മറ്റൊന്നുമില്ല. ഭൂമി നമ്മുടെ കാല്‍ക്കീഴിലാണ്, നാമതു ചവിട്ടുന്നു, എന്നാല്‍ സ്വര്‍ഗ്ഗം നമ്മുടെ ഉള്ളില്‍ത്തന്നെയാണ്." ആ സ്വര്‍ഗ്ഗം തന്‍റെയുള്ളില്‍ ഇല്ലെന്നു പറയുമ്പോഴും ഫ്രാന്‍സീസിനു തന്‍റെ കഠിനമായ വേദന മറച്ചുവെക്കാനായില്ല.

അതൊരു ദീര്‍ഘയാത്രയുടെ ആരംഭമായിരുന്നു. ഫവോറിനോ ഷിഫി പ്രഭുവിന്‍റെ മകള്‍ ക്ലാരയോടുള്ള  മാംസള പ്രണയത്തില്‍ നിന്ന് അലൗകികമായ മറ്റൊരു പ്രണയത്തിലേക്കുള്ള സങ്കടസങ്കുലമായ യാത്ര. പാപം പോലും ദൈവത്തിലേക്കുള്ള വഴിയാകാമെന്നു ബോധ്യപ്പെടുത്തിയ ഒന്ന്. മാംസത്തിന്‍റെ ഓരോ കണികയും ആത്മാവായി മാറ്റാനാവുമെന്നു കാണിച്ച ഒന്ന്. ഫ്രാന്‍സീസ് പിന്നീട് ലിയോവിനോടു പറയുന്നുണ്ട,്. "പുണ്യവാനാവുകയെന്നാല്‍ ലൗകികമായതെല്ലാം പരിത്യജിക്കുക എന്നു മാത്രമല്ല അര്‍ഥം, ദൈവികമായതെല്ലാം കൂടി പരിത്യജിക്കുക എന്നാണ്. അതു പറഞ്ഞു കഴിഞ്ഞയുടന്‍ താന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമാലോചിച്ചു ഫ്രാന്‍സീസ് പൊടി വാരി വായിലിടുകയും ഭയത്തോടെ ലിയോവിനെ തുറിച്ചു നോക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. പുണ്യത്തിലേക്കുള്ള വഴി ഈശ്വരന്‍റെ പോലും തുണയില്ലാത്തവിധം ഏകാന്തഭീകരമാണെന്ന ചിന്ത അദ്ദേഹത്തെ ആകുലനാക്കുന്നു. എന്നിട്ടും ആ വഴി തന്നെ അദ്ദേഹം തെരഞ്ഞെടുക്കുന്നു- ലോകത്തിലെ ഏറ്റവും വ്രണിതവും മ്ലാനവും ദുര്‍ബലവും യാത്രാക്ലിഷ്ടവുമായ ആ പാദങ്ങള്‍ അദ്ദേഹമറിയാതെ ചുംബിക്കാന്‍ ബ്രദര്‍ ലിയോവിനു കൊതിതോന്നും വരെ ; ശരീരമെന്ന വസ്ത്രം ക്രമേണ ക്രമേണ ഫ്രാന്‍സീസില്‍ നിന്ന് ഉരിഞ്ഞുരിഞ്ഞു തീരുംവരെ.

കൊട്ടാരം വിട്ടിറങ്ങിയിട്ടും ഏറെക്കാലം ഫ്രാന്‍സീസിനുള്ളില്‍ മാതാവും പിതാവും അന്യോന്യം പൊരുതിക്കൊണ്ടിരുന്നു. ഒരു കവിളിലടിച്ചവനെ ഇരുകവിളിലും അടിക്കുവാനും സ്നേഹത്തിനു പകരം മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുവാനും ഏതുവഴിയിലും ധനം സമ്പാദിക്കുവാനും പിതാവ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു; മാതാവാകട്ടെ, വേദനിപ്പിച്ചവര്‍ക്കു മാപ്പു കൊടുക്കാനും പീഡിതരുമായിതന്മയീഭവിക്കാനും മകനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇരുട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍ ഈശ്വരന്‍ താങ്കള്‍ക്ക് എങ്ങനെയാണ് പ്രത്യക്ഷനാകുന്നത് എന്ന് പറയുന്നു:

"ശാശ്വതയുവത്വത്തിന്‍റെ ജലധാരയില്‍ നിന്നുള്ള ഒരു ഗ്ലാസ് കുളിര്‍ജലംപോലെ" എന്ന്. ഈശ്വരനെക്കാള്‍ ലളിതമായി, ചുണ്ടോടടുപ്പിക്കാവുന്നതായി പുനരുജ്ജീവിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു ഫ്രാന്‍സീസ് വിശദീകരിക്കുന്നു.

ഈശ്വരദര്‍ശനം കൊണ്ട് ഫ്രാന്‍സീസ് കിടിലം കൊള്ളുന്ന അവസരങ്ങള്‍ ആഖ്യാനത്തിലുടനീളമുണ്ട്, കരഞ്ഞും നൃത്തം ചെയ്തും കല്ലുകളേറ്റുവാങ്ങിയും ശരീരത്തെ സഹനത്തിന്‍റെ ധ്രുവസീമകളിലെത്തിച്ചുമാണ് അദ്ദേഹം ഈശ്വരത്വത്തിലേക്കു നീങ്ങുന്നത്. ലിയോ ആകട്ടെ ഫ്രാന്‍സീസിനെ ദൂരെ പിന്തുടരുന്ന ഒരു വിശ്വസ്തശിഷ്യനാണ്. ഫ്രാന്‍സീസിനെപ്പോലെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കാനോ കഠിനയാതനകള്‍ ഏറ്റുവാങ്ങാനോ കഴിയുന്ന ഒരു മനസ്സല്ല ലിയോവിന്‍റേത്. വിശപ്പും ദാഹവും തണുപ്പും സഹിക്കാനദ്ദേഹത്തിനു പ്രയാസമാണ്; താന്‍ എന്തിന് ഈ ദുഷ്കരമായ പാത തെരഞ്ഞെടുത്തുവെന്ന് ലിയോ പേര്‍ത്തും പേര്‍ത്തും അത്ഭുതം കൂറുന്നുണ്ട്. ഫ്രാന്‍സീസിനെ കണ്ടുമുട്ടും മുമ്പ് പലതരം ഉപദേശനിര്‍ദ്ദേശങ്ങളാണ് ലിയോവിനു ലഭിച്ചിരുന്നത്. ഈശ്വരനെ സാക്ഷാത്കരിക്കാനായി വിവാഹം കഴിക്കാനുപദേശിച്ചവരുണ്ട്. കണ്ണും കാതും പൂട്ടിയിരിക്കാന്‍ നിര്‍ദ്ദേശിച്ചവരുണ്ട്. നിരപ്പായപാതകള്‍ ഭൂമിയിലേക്കു തന്നെയേ നയിക്കൂ എന്നതുകൊണ്ട് അഗാധതയിലേക്ക് എടുത്തുചാടാന്‍ നിര്‍ദ്ദേശിച്ചു ഭയപ്പെടുത്തിയ ഒരു വൃദ്ധ സന്ന്യാസിയുമുണ്ട്. ലിയോവിന് അത്ര പോവുകവയ്യ. അതുകൊണ്ട് ദൈവസാന്നിദ്ധ്യത്തിന്‍റെ ചില അടയാളങ്ങള്‍ മാത്രം കണ്ടുമുട്ടാനേ ആ സഹോദരന് വിധിയുള്ളൂ. ഫ്രാന്‍സീസിനോടുള്ള അചഞ്ചലമായ വിധേയത്വത്തിന്‍റെയും ഭക്തിയുടെയും ശക്തി ഒന്നുകൊണ്ടു മാത്രമാണ് തന്‍റെ ശരീരത്തിനും മനസ്സിനും താങ്ങാനാകാത്തതുചിലപ്പോള്‍ മനസ്സിസാകാത്തതുമായ പീഡനങ്ങള്‍ ലിയോ ഏറ്റെടുക്കുന്നത്.

തന്‍റെ തീര്‍ത്ഥയാത്രയില്‍ ഫ്രാന്‍സീസിന് അവിശ്വാസികളെ മാത്രമല്ല വിശ്വാസികളെയും നേരിടേണ്ടിവരുന്നുണ്ട്. ക്രിസ്തുവിന്‍റെ ശത്രുക്കള്‍ സഭയ്ക്കകത്തുമുണ്ടെന്നദ്ദേഹം വീണ്ടും വീണ്ടും കണ്ടെത്തുന്നു. വായുവില്‍ യേശുവിന്‍റെ സുഗന്ധം നിറയുമ്പോള്‍ അവനായി കുരിശൊരുക്കുന്ന പീലാത്തോസുമാരും കയ്യാഫസ്സുമാരുമാണവര്‍ . മന്ദിരത്തില്‍ നിന്ന് വ്യാപാരികളെ ആട്ടിയോടിച്ച ക്രിസ്തുവിന്‍റെ ചാട്ടവാറുമായി പീറ്റര്‍ സന്ന്യാസി തന്‍റെ വീട്ടിലഭയം തേടിവന്ന കഥ പീക്കാ പ്രഭ്വി മകനോടു പറയുന്നുണ്ട് - ഫ്രാന്‍സീസ് ഒരു വലിയ രോഗത്തില്‍ നിന്നു രക്ഷപെട്ട് പഴയ ജീവിതമുപേക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. അവര്‍ അന്ന് ഈശ്വരനെന്ന ജ്വാല തന്നില്‍ പ്രവേശിക്കുന്നതറിഞ്ഞു. അതവരുടെ തൊണ്ടയും ഹൃദയവും പൊള്ളിച്ചു. അവര്‍ക്ക് പുറത്തേക്കോടാനും നൃത്തം വെക്കാനും തോന്നി. പീറ്ററിനോടൊപ്പം ആ പതിനാറുകാരി മല കയറിയിറങ്ങി. പക്ഷേ അവളുടെ പിതാവിനും സഹോദരനും അതു സഹിക്കാന്‍ തയാറായില്ല, അവര്‍ അവളെ പിടിച്ചു തിരികെ കൊണ്ടുപോയി വിവാഹം കഴിപ്പിയച്ചു. പീറ്ററിന്‍റെ ആ ചാട്ടവാര്‍ ഫ്രാന്‍സീസ് പരോക്ഷമായൊരു രീതിയില്‍ ഏറ്റുവാങ്ങുന്നുണ്ട്.

ഭൗതികമായ അധികാരത്തിന്‍റെ ഒരു രൂപത്തോടും ഫ്രാന്‍സീസ് സന്ധി ചെയ്യുന്നില്ല. മാര്‍പ്പാപ്പായുടെ മുന്നിലും സ്വതന്ത്രനും നിര്‍ഭയനുമാണദ്ദേഹം. ദൈവമൊഴികെ ഒരു ശക്തിയും ഫ്രാന്‍സീസിനെ തളര്‍ത്തുന്നില്ല. ഇക്കാര്യത്തിലദ്ദേഹം ലോകത്തിലെ വലിയ മിസ്റ്റിക്കുകളുടെ കൂടെത്തന്നെയാണ്. ഇന്‍ഡ്യയിലെത്തുന്ന ഭക്തകവികളും സൂഫികളും സിംഹാസനങ്ങളെ ഭയപ്പെടാത്തവരായിരുന്നല്ലോ. നിസ്വജീവിതത്തോടുള്ള വ്രതബദ്ധതയുടെ കാര്യത്തിലും ഈ സമാനത കാണാം. തന്‍റെ കടയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ബെര്‍ണഡോണെ ആവശ്യപ്പെടുമ്പോള്‍ താന്‍ കടകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നവനല്ല. കടമകള്‍ തീര്‍ക്കുന്നവനാണ് എന്നാണ് ഫ്രാന്‍സീസ് മറുപടി പറയുന്നത്. "ഞാന്‍ നിന്‍റെ പിതാവാണ്" എന്ന് അയാള്‍ ആക്രോശിക്കുമ്പോള്‍ "ദൈവം മാത്രമാണെന്‍റെ പിതാവ്" എന്ന് ഫ്രാന്‍സീസ് ഉത്തരം നല്‍കുന്നു. "ഞാനാരാണെ"ന്നു ചോദിക്കുമ്പോഴാകട്ടെ, താങ്കള്‍ അസ്സീസിയിലെ കവലയിലെ വലിയൊരു കടയുടമയും സ്വന്തം ഖജനാവില്‍ സ്വര്‍ണ്ണം കുന്നുകൂട്ടിവെക്കുന്നവനും ജനങ്ങളെ വസ്ത്രം ധരിപ്പിക്കുന്നതിനു പകരം അവരുടെ ഉടുതുണി പറിച്ചെടുക്കന്നനവനുമായ ബെര്‍ണഡോണെ പ്രഭുവാണെന്ന് ഫ്രാന്‍സീസ് പ്രതിവചിക്കുന്നു.

ഫ്രാന്‍സീസിന്‍റെ വിശ്വാസം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമാണ്. താന്‍ ഉയര്‍ത്തുന്ന ഓരോ കല്ലിന്നടിയിലും ഈശ്വരനുണ്ടെന്ന്, താന്‍ ചുംബിക്കുന്ന മണ്ണ് ഈശ്വരസാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന്, അദ്ദേഹം കരുതുന്നു. ലിയോവിനോട് അദ്ദേഹം പറയുന്നു, "ദൈവം എന്തഭിലഷിക്കുന്നുവോ അത്, അതുമാത്രം, ആണ് നമ്മളും അഭിലഷിക്കുന്നത്. ദൈവം വന്ന് നമ്മുടെ ആത്മാക്കളെ ഉണര്‍ത്തി അവയുടെ തന്നെ അജ്ഞാതമെങ്കിലും യഥാര്‍ത്ഥമായ അഭിലാഷം അറിയിക്കുന്നു. ഇതാകുന്നു രഹസ്യം ലിയോ. ദൈവത്തിന്‍റെ ഇച്ഛ നടപ്പാക്കുകയെന്നാലര്‍ത്ഥം എന്‍റെ തന്നെ ആഴത്തിലൊളിച്ചിരിക്കുന്ന ഇച്ഛ നടപ്പാക്കുകയെന്നാണ്. ഏറ്റവും വിലകെട്ട മനുഷ്യരില്‍പ്പോലും ദൈവത്തിന്‍റെ ഒരു സേവകന്‍ ഉറങ്ങിക്കിടപ്പുണ്ട്. ഫ്രാന്‍സീസ് നിരന്തരം പിന്തുടരുന്നത് ഈ ഇച്ഛയെയാണ്. സാന്‍ദാമിയാനോപ്പള്ളി പുതുക്കിപ്പണിയുന്നതു മുതല്‍ തന്‍റേതായ ഒരു സംഘം സ്ഥാപിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഒരശരീരിയെ പിന്തുടരുകയാണ്. ഏകാന്തധ്യാനത്തിലൂടെ ആ ശബ്ദം കേള്‍ക്കാനുള്ള പ്രാപ്തിയും അദ്ദേഹം നേടിയിരുന്നതായി ഐതിഹ്യവും ഈ നോവലും സാക്ഷ്യപ്പെടുത്തുന്നു. അതൊരു വെറും സങ്കല്പമാണെന്നു പറയുന്നവരോട് സങ്കല്‍പം തന്നെയാണ് ദൈവം എന്നാവും വിശ്വാസി മറുപടി പറയുക. ചിലപ്പോഴത്  സ്വപ്നങ്ങളിലൂടെ സംസാരിക്കുന്നു. അബോധമനസ്സിന്‍റെ ഭാഷയാണതിന്‍റെ അശ്രാവ്യഭാഷണം. ചിലപ്പോഴതു നല്കുന്ന കല്‍പനകള്‍ വിഷമമുള്ളതാകാം. ആദ്യമായി കുഷ്ഠരോഗിയെ ആശ്ലേഷിക്കുവാന്‍ ഫ്രാന്‍സീസിനു കിട്ടുന്ന കല്‍പനപോലെ. എങ്കിലും അവ നടപ്പാക്കുന്നതില്‍ ആനന്ദം കാണുന്നവനേ ഭക്തിമാര്‍ഗ്ഗം വിധിച്ചിട്ടുള്ളൂ.

സഹജീവികളുമായി ഫ്രാന്‍സീസ് നേടുന്ന താദാത്മ്യം മനുഷ്യരിലൊതുങ്ങുന്നില്ല. കൊച്ചുകാലുകള്‍ കുലുക്കുന്ന മുയലും പൂവിട്ട ബദാംമരവും ഫ്രാന്‍സീസിന് സഹോദരനും സഹോദരിയുമാണ്. കല്ലും പുഴയും പോലെ അചേതനമെന്നു കരുതപ്പെടുന്ന വസ്തുക്കളിലും അദ്ദേഹം പ്രപഞ്ചചൈതന്യത്തിന്‍റെ നിറവ് ദര്‍ശിക്കുന്നു. ബദാംമരത്തോടൊപ്പം പറയുന്നു: "നിന്നെ നട്ട കൈകള്‍ക്കു സ്തുതി. എന്‍റെ കൊച്ചു സോദരീ, നീ എന്നും മുന്നില്‍ നില്‍ക്കുന്നു. ശീതകാലത്തിനെതിരേ ചെറുത്തുനില്‍ക്കാന്‍ ആദ്യം ധൈര്യപ്പെടുന്നതു നീ, ആദ്യം പൂവിടുന്നതും നീ. ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഒരു ദിവസം ആദ്യത്തെ സഹോദരന്മാര്‍ (തന്‍റെ സംഘത്തെ ഉദ്ദേശിച്ച്) ഇവിടെ നിന്‍റെ പൂങ്കൊമ്പുകള്‍ക്കു കീഴില്‍ വന്നിരിക്കും." ഫ്രാന്‍സീസ് പ്രാവുകളോടു ദൈവപ്രവചനം നടത്തുന്നിടത്ത് ഈ സമഭാവനയുടെ ഔന്നത്യം കാണാം.

"ഒരാള്‍ക്കു മാത്രമായി മോക്ഷമില്ലെന്നു ഫ്രാന്‍സീസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഞാനെങ്ങനെ രക്ഷപ്പെടുമെന്നുമാത്രം ചിന്തിക്കുന്ന ചെറിയ ആത്മാവിന് മോചനമില്ല." "മറ്റുള്ള ഓരോരുത്തരെയും രക്ഷിക്കാന്‍ നാം പൊരുതണം, ലിയോ", അദ്ദേഹം ശിഷ്യനോടു പറയുന്നു. ലോകത്തിലെ എല്ലാ ജീവികള്‍ക്കും  മോക്ഷം ലഭിച്ചുകഴിഞ്ഞേ താന്‍ പരമപദം പൂകുകയുള്ളൂ എന്നു പ്രസ്താവിച്ച ബോധിസത്വന്‍റെ വിചാരം തന്നെയാണിത്. തന്നെ ഈശ്വരനില്‍ ലയിക്കുന്നതില്‍നിന്നു തടഞ്ഞത് ഫ്രാന്‍സീസ് തന്നെയായിരുന്നുവെന്നും, ലിയോവിന് ദൈവസാക്ഷാത്കാരം നേടണമെങ്കില്‍ ലിയോവിനെ തള്ളിനീക്കണമെന്നും ഫ്രാന്‍സീസ് ഒരിടത്തു പറയുന്നുണ്ട്. 'അഹം' അവസാനിക്കാതെ പരനുമായി താദാത്മ്യം കൊള്ളാനാവില്ല. 'ഞാനാണ്' എന്നു പറയുന്നവന് സ്വര്‍ഗ്ഗവാതില്‍ തുറന്നു കൊടുക്കാത്ത ദൈവം 'നീ തന്നെയാണ് മുട്ടുന്നത്' എന്നു പറയുമ്പോള്‍ തുറന്നുകൊടുക്കുന്നു.

"എന്താണ് സ്വര്‍ഗം?" അദ്ദേഹം ഒരിക്കല്‍ ക്ലാരയോടും മറ്റു സിസ്റ്റര്‍മാരോടും പറയുന്നു. "സമ്പൂര്‍ണ്ണമായ സൗഖ്യമാണത്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുമ്പോള്‍ സ്വന്തം സഹോദരീ സഹോദരന്മാര്‍ നരകയാതനയനുഭവിക്കുന്നതാണ് കാണുന്നതെങ്കില്‍, എങ്ങനെ സുഖിക്കാനാകും? നരകം നിലനില്‍ക്കുന്നുവെങ്കില്‍ പറദീസ എങ്ങനെ നിലനില്‍ക്കും ? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒന്നുകില്‍ നാമെല്ലാവരുമൊന്നിച്ച് രക്ഷ പ്രാപിക്കും, അല്ലെങ്കിലോ ഒന്നിച്ചു നശിക്കും. ഭൂമിയുടെ മറ്റേ അറ്റത്ത് ഒരാള്‍ മരിക്കുമ്പോള്‍ നാം മരിക്കുന്നു. ഒരാള്‍ രക്ഷപ്പെടുമ്പോള്‍ നാം രക്ഷപ്പെടുന്നു".

പ്രേമത്തിന്‍റെയും ഭക്തിയുടെയും മാര്‍ഗമവലംബിച്ചവന് പാണ്ഡിത്യത്തില്‍ വിശ്വസിക്കുക വയ്യ. ഒരു ദിവസം ഫ്രാന്‍സീസിനെയും ബെര്‍ണാഡിനെയും ലിയോവിനെയും കാണാന്‍ പിയെത്രോ എന്നൊരു വിദ്വാന്‍ വരുന്നുണ്ട്. ബൊളോഞ്ഞാ സര്‍വകലാശാലയിലെ നിയമപ്രഫസറാണ് ആ അസ്സീസിക്കാരന്‍. പ്രശസ്തനായ പണ്ഡിതന്‍. അയാള്‍ക്കൊരു കഥ പറയാനുണ്ട്. അയാളുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു ഗൈഡോ. ഇരുപതാം വയസ്സില്‍ത്തന്നെ ജ്ഞാനവൃദ്ധനായ ഒരാള്‍. അയാള്‍ ഏതാനും ദിവസം മുമ്പ് അസുഖം പിടിപെട്ട് അകാലചരമമടഞ്ഞു. മരിക്കുംമുമ്പ് പിയെത്രോ അവനോടാവശ്യപ്പെട്ടിരുന്നു, ദൈവം തിരിച്ചുവിളിക്കുകയാണെങ്കില്‍, ഒരു ദിവസം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അപരലോകത്തില്‍ എന്തു നടക്കുന്നുവെന്നു പറഞ്ഞു കൊടുക്കണമെന്ന്. ഗൈഡോ വാക്കു പാലിച്ചു. ഒരു വെളുപ്പാന്‍ കാലത്ത് പിയെത്രോ സ്വപ്നത്തില്‍ ഗൈഡോവിനെ കണ്ടു. അവന്‍ വിചിത്രമായ ഒരു വസ്ത്രമണിഞ്ഞിരുന്നു. അനേകം കയ്യെഴുത്തു പ്രതികള്‍ക്കൊണ്ടുണ്ടാക്കിയത്. അവയെല്ലാം പഠനത്തിനിടയില്‍ തയാറാക്കിയ പ്രബന്ധങ്ങളായിരുന്നു - തത്ത്വശാസ്ത്രം, നിയമം, പിന്നെ ദൈവശാസ്ത്രം. നരകത്തില്‍ നിന്നു ശുദ്ധീകരണസ്ഥാനത്തേക്കും അവിടെനിന്നു സ്വര്‍ഗ്ഗത്തേക്കും പോകാനുള്ള മാര്‍ഗങ്ങള്‍. കടലാസുകളുടെ കനംകൊണ്ട് അവന് നടക്കാനേ വയ്യായിരുന്നു. അവന്‍ പറഞ്ഞു, "ഞാന്‍ നരകത്തില്‍ നിന്ന് ഇതാ എത്തിയതേയുള്ളൂ. ശുദ്ധീകരണ സ്ഥാനത്തേക്കുയരാന്‍ ഞാന്‍ പണിപ്പെടുകയാണ്. പക്ഷേ പറ്റുന്നില്ല. കടലാസുകളുടെ കനം എന്നെ തടയുന്നു." ഇതു പറഞ്ഞ് അവന്‍ കരഞ്ഞു. ആ കണ്ണുനീര്‍ത്തുള്ളി വീണുണ്ടായ പൊള്ളല്‍ പിയെത്രോ സന്ന്യാസിമാരെ കാണിച്ചുകൊടുക്കുന്നു. താന്‍ തന്‍റെ പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും ചുട്ടുകരിച്ചു കളഞ്ഞുവെന്നും പുതിയൊരു മാര്‍ഗം തേടുകയാണെന്നും പിയെത്രോ പറയുമ്പോള്‍ ഫ്രാന്‍സീസ് അദ്ദേഹത്തെ തന്‍റെ കൂടെ വരാന്‍ ക്ഷണിക്കുന്നു. ഉള്ളതെല്ലാം ദരിദ്രര്‍ക്കു ദാനം ചെയ്ത് നിര്‍വാണത്തിന്‍റെ വഴി തേടാന്‍.

പിന്നീടൊരിക്കല്‍ പിയെത്രോ ലിയോവിനോടു പറയുന്നു: "മനസ്സ് സംസാരിക്കയും ചോദ്യം ചോദിക്കുകയും  മാത്രമേ ചെയ്യുന്നുള്ളു; ഹൃദയമാകട്ടെ സംസാരിക്കുന്നില്ല, ചോദ്യം ചോദിക്കുന്നില്ല. അര്‍ഥങ്ങളന്വേഷിക്കുന്നില്ല. അതു നിശ്ശബ്ദമായി ഈശ്വരനിലേക്കു നീങ്ങുകയും സ്വയം അവനു കീഴടങ്ങുകയും മാത്രം ചെയ്യുന്നു. മനസ്സ് സാത്താന്‍റെ വക്കീലാണ്. ഹൃദയം ദൈവത്തിന്‍റെ ഭൃത്യനും". ഇതുകേട്ട ഫ്രാന്‍സീസ് താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുണ്ടായ ഒരനുഭവമോര്‍ക്കുന്നു: ക്രിസ്മസ് കാലത്ത് അസ്സീസിയില്‍ ഒരു ദൈവശാസ്ത്രജ്ഞന്‍ വന്നു. സാന്‍ റഫീനോ പള്ളിയുടെ പ്രസംഗപീഠത്തില്‍ നിന്ന് അയാള്‍ ക്രിസ്തുവിന്‍റെ ജനനത്തേയും ലോകത്തിന്‍റെ മോചനത്തെയും മറ്റും കുറിച്ച് മണിക്കൂറോളം തലനാരിഴ കീറി പ്രസംഗിച്ചു. ചിന്താക്കുഴപ്പത്തിലകപ്പെട്ട് തലകറങ്ങിത്തുടങ്ങിയ ഫ്രാന്‍സീസ് വിളിച്ചു പറഞ്ഞു: "ഗുരോ, ഒന്നു മിണ്ടാതിരിക്കൂ. ക്രിസ്തു തൊട്ടിലില്‍ കിടന്നു നിലവിളിക്കുന്നത് ഒന്നു കേട്ടുകൊള്ളട്ടെ!"

പുസ്തകജ്ഞാനം ദൈവസാക്ഷാത്കാരത്തിനു സഹായിക്കുന്നില്ലെന്നു മാത്രമല്ല, അതിന്‍റെ മാധ്യസ്ഥ്യം, ഭക്തിയുടെ നൈസര്‍ഗികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. "ഗുരുവിനും ശിഷ്യര്‍ക്കും മധ്യത്തില്‍ പുസ്തകം ഗുരുതരമായ തടസ്സമല്ലേ" എന്ന കവിവചനം, "ഈശ്വരനും മനുഷ്യര്‍ക്കും മധ്യത്തില്‍" എന്നാക്കിയാലും ശരി തന്നെ. സെന്‍റ് അഗസ്റ്റിന്‍റെ മാര്‍ഗമാണ് ഫ്രാന്‍സീസ് തെരഞ്ഞെടുക്കുക എന്നു പറയാം. പുസ്തകങ്ങള്‍ ചുമന്നുവലഞ്ഞ് ദൈവസന്നിധിയിലെത്തുന്നതിനേക്കാള്‍ പാടിയും ചരാചരങ്ങളോടെല്ലാമൊത്തു നൃത്തം വച്ചും അവിടെയെത്താനാണ് എളുപ്പമെന്ന് അദ്ദേഹം പറഞ്ഞേക്കും. അല്ലെങ്കില്‍ ദരിദ്രനും അജ്ഞാനിക്കും ദൈവത്തിലെത്താനേ ആവില്ലല്ലോ. ദരിദ്രരാണ് അനുഗ്രഹീതര്‍ എന്ന് ക്രിസ്തു പറഞ്ഞതു സത്യമെങ്കില്‍ വിത്തവും വിദ്യയുമില്ലാത്തവരാണ് സ്വര്‍ഗത്തില്‍ ആദ്യമെത്തുക എന്നും അംഗീകരിക്കേണ്ടി വരും. ഫ്രാന്‍സീസ് തേടിയിരുന്നത് വരേണ്യരുടെ മുക്തിമാര്‍ഗമല്ല, സാധാരണക്കാരുടേതാണ്; അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അംഗീകരിക്കാവുന്നതും പ്രാപിക്കാവുന്നതുമായ ഒരു മാര്‍ഗം.

ബ്രദര്‍ ഗൈല്‍സിനെ ആശംസിച്ചുകൊണ്ട് ഫ്രാന്‍സീസ് പറയുന്നുണ്ട്, "ഇന്ന് അവന്‍ പിറന്നു; ഇന്ന് വിവാഹിതനായി, ഇന്ന് അവനൊരു മകള്‍ പിറന്നു. അവളുടെ പേരെന്തെന്നോ, ദാരിദ്ര്യം!" തന്നെ ദൈവത്തില്‍ നിന്നകറ്റി നിര്‍ത്തുന്നത് ഒരു മനോഹരമായ പാത്രത്തോടുള്ള മമതയാണെന്നുകണ്ട് ആ പാത്രം പൊട്ടിച്ചുകളഞ്ഞയുടന്‍ ദൈവത്തെ ദര്‍ശിക്കുന്ന ഒരു സന്ന്യാസിയെക്കുറിച്ച് ഫ്രാന്‍സീസ് ഫാ. സില്‍വെസ്റ്ററിനോട് പറയുന്നുണ്ട്. ഭാണ്ഡങ്ങളുമായി ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കാറില്ലാത്തതുകൊണ്ട് കയ്യിലുള്ള കെട്ടു വലിച്ചെറിയാന്‍ അദ്ദേഹം ഫാദറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. "ചെരിപ്പിട്ടു കൂടേ?" എന്നു ചോദിക്കുമ്പോള്‍ പറുദീസയില്‍ നഗ്നപാദനായി വേണം കയറാനെന്നും വിലപേശുന്നതു നിര്‍ത്തണമെന്നും ഫ്രാന്‍സീസ് പരിഹസിക്കുന്നു. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം, എല്ലാറ്റിലുമുപരി, സ്നേഹം - ഇവയാണ് നമ്മുടെ യാത്രയിലെ സഖാക്കളെന്ന് അദ്ദേഹം സഹോദരസമൂഹത്തെ ഓര്‍മിപ്പിക്കുന്നു.

ഒരിക്കല്‍ ഫ്രാന്‍സീസ് തടിച്ച ഒരു സന്ന്യാസിയെ കണ്ടുമുട്ടുന്നുണ്ട്. ഫ്രാന്‍സീസ് ദരിദ്രനല്ലെന്നും ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കകൊണ്ട് സമ്പന്നരില്‍ സമ്പന്നനാണെന്നും ആ സന്ന്യാസി പറയുന്നു. ഫ്രാന്‍സീസിനെ കപടനാട്യക്കാരന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. പുണ്യവാളനാകണമെങ്കില്‍ ഒരു ദിവസം ദൈവത്തെ കാണുമെന്ന പ്രതീക്ഷ കൂടി ഉപേക്ഷിക്കണമെന്നദ്ദേഹം  പറയുമ്പോള്‍, ആ സന്ന്യാസി തന്നെ പ്രലോഭിപ്പിക്കാനെത്തിയ സാത്താനാണോ എന്ന് ഫ്രാന്‍സീസ് സംശയിക്കുന്നു. എന്നാല്‍ പിന്നീടദ്ദേഹം തിരിച്ചറിയുന്നു, പെട്ടിക്കടിയില്‍ പ്രത്യാശയുടെ ഒരു കൊച്ചുനാണയം പോലും ഇല്ലാത്തതാണ് ശരിയായ ദാരിദ്ര്യം എന്ന്. ഭൂമിയെപ്പോലെ മനുഷ്യന്‍ പിടിച്ചുതൂങ്ങുന്ന ഒരു പുല്‍നാമ്പാണ് സ്വര്‍ഗവും എന്നദ്ദേഹം ലിയോവിനോടു പറയുന്നു. തന്‍റെയകത്തു സംസാരിക്കുന്നത് ദൈവമോ, സാത്താനോ, ഫ്രാന്‍സീസോ അല്ലാ, ഒരു മുറിവേറ്റ മൃഗമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

താന്‍ ദൈവത്തിന്‍റെ കോമാളിയാണെന്നും തന്‍റെ ഹൃദയത്തില്‍ നൃത്തങ്ങളും കഥകളുമല്ലാതെ മറ്റൊന്നുമില്ലെന്നും ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടു പറയുന്നുണ്ട്. മാര്‍പ്പാപ്പ ഫ്രാന്‍സീസിനെ കാണുന്നത് ഒരു കലാപകാരിയായിട്ടാണ്. അദ്ദേഹം ദൈവത്തിന്‍റെ ശബ്ദം കേട്ടുവെന്ന് വിശുദ്ധ പിതാവിന് വിശ്വസിക്കുക വയ്യ. തന്നോടുപോലും സംസാരിക്കാത്ത ദൈവം ഈ നാറുന്ന തെണ്ടിയോടു സംസാരിക്കുകയോ? പള്ളിയെ രക്ഷിക്കാന്‍ പുണ്യശ്മശാനം കാക്കുവാന്‍ - അതില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ തന്നെ വിളിക്കുന്നതിനു പകരം ഈ നിസ്സാരനായ സന്ന്യാസിയെ വിളിക്കുകയോ? മനുഷ്യന്‍റെ പരിമിതികളെ ഉല്ലംഘിക്കാനുള്ള ഫ്രാന്‍സീസിന്‍റെ ശ്രമം അഹന്ത മാത്രമാണെന്നു മാര്‍പ്പാപ്പ കരുതുന്നു. അദ്ദേഹം സ്വയം ചിന്താക്കുഴപ്പത്തിലാണ്; ഫ്രാന്‍സീസ് അഹന്തയുടെ മാത്രമല്ല, വിനയത്തിന്‍റേയും അതിര്‍ത്തികള്‍ ലംഘിക്കുന്നുവെന്നും ദൈവമാണോ സാത്താനാണോ ഫ്രാന്‍സീസിലൂടെ സംസാരിക്കുന്നതെന്നു തനിക്കു വ്യക്തമാകുന്നില്ലെന്നും അദ്ദേഹം അമ്പരക്കുന്നു. ഫ്രാന്‍സീസാകട്ടെ ദൃഷ്ടാന്തകഥകളിലൂടെ സംസാരിക്കുന്നു. ഹേമന്തത്തില്‍ പൂവിട്ട ബദാംമരത്തെ അഹങ്കാരിയെന്നു പരിഹസിച്ച മറ്റു മരങ്ങളോട് ബദാംമരം പറയുന്നതദ്ദേഹം ഉദ്ധരിക്കുന്നു. "മാപ്പ് സഹോദരിമാരെ, എനിക്ക് പൂവിടണമെന്നുണ്ടായിരുന്നില്ല. ഹൃദയത്തില്‍ പെട്ടെന്ന് ഊഷ്മളമായ ഒരു വസന്തമാരുതന്‍ വീശിപ്പോയി എന്നുമാത്രം." "എന്നെ വളക്കരുതേ, ഞാനൊടിഞ്ഞു പോകും" എന്നു പറയുന്നത് മറ്റൊരു പ്രാര്‍ത്ഥന, "എന്നെ എത്രവേണമെങ്കിലും വളക്കൂ, ഞാന്‍ ഒടിഞ്ഞാല്‍ ആര്‍ക്കുചേതം" എന്നതു മൂന്നാമത്തെ പ്രാര്‍ത്ഥന - ഫ്രാന്‍സീസ് പറയുന്നു. ലിയോവിനു വേണമെങ്കില്‍ ഒടിയും മുമ്പേ രക്ഷപ്പെടാന്‍ അവസരവും നല്‍കുന്നു. എന്നാല്‍ ആ ശിഷ്യോത്തമന്‍ മൂന്നാമത്തെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

പാപികളെ കൊല്ലുകവഴി പാപത്തെ കൊല്ലാമെന്നു കരുതുന്ന കുരിശുയുദ്ധക്കാരനായ ഡൊമിനിക്കിന്‍റെ വഴി ഫ്രാന്‍സീസ് തിരസ്കരിക്കുന്നു. ഡൊമിനിക്ക് വിശ്വസിക്കുന്നത് മനുഷ്യപ്രകൃതി തിന്മയാണെന്ന്, ശക്തികൊണ്ടേ അതിനെ വെല്ലാന്‍ കഴിയൂ എന്നും. ശരീരം ആത്മാവിനു തടസ്സം നില്‍ക്കുന്നുവെങ്കില്‍ ശരീരത്തെ നശിപ്പിക്കണമെന്നാണ് ഡൊമിനിക്കിന്‍റെ തത്ത്വം. സ്വന്തം ശരീരമല്ല, അന്യരുടെ ശരീരം. എന്നാല്‍ ഫ്രാന്‍സീസിന്‍റേതാകട്ടെ ഒരുമയുടെയും സഹോദരസ്നേഹത്തിന്‍റെയും വഴിയാണ്. ഡൊമിനിക് 'യുദ്ധവും ഭസ്മവും' എന്നു മുറവിളി കൂട്ടുമ്പോള്‍ ഫ്രാന്‍സീസ് 'സ്നേഹം' എന്നു പറയുന്നു. ഡൊമിനിക് 'ശക്തി' എന്നു പറയുമ്പോള്‍ ഫ്രാന്‍സീസ് 'കാരുണ്യം' എന്ന് . ഹിംസയും വെറുപ്പും ദൈവത്തില്‍ നിന്നു തന്നെയാണ് വരുന്നതെന്നും അവയും ഈശ്വരസേവക്കുപയോഗിക്കാമെന്നും ഡൊമിനിക് വിശ്വസിക്കുന്നു. താന്‍ വെറുക്കുന്നത് ചെകുത്താനെ മാത്രമാണെന്നു ഫ്രാന്‍സീസ് മറുപടി പറയുന്നു. എന്നാലുടന്‍ അദ്ദേഹം തിരുത്തുന്നു. "ഇല്ല, ഇല്ല, ഞാനവനെയും വെറുക്കുന്നില്ല. പലപ്പോഴും ഞാന്‍ നിലത്തു സാഷ്ടാംഗം വീണ് നമ്മുടെ വഞ്ചിതനായ സഹോദരന് മാപ്പുകൊടുക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു." ഫ്രാന്‍സീസ് ആട്ടിന്‍കുട്ടിയും താന്‍ സിംഹവുമാണെന്നും സിംഹവും ആട്ടിന്‍കുട്ടിയും ചേര്‍ന്നു പോവുകയില്ലെന്നും പറയുന്ന കുരിശുയുദ്ധക്കാരനോട് ഫ്രാന്‍സീസ് ഫലിതരൂപേണ പറയുന്നു, ഒടുവില്‍ സ്വര്‍ഗത്തില്‍ വച്ചു കണ്ടുമുട്ടുമ്പോള്‍ തന്നെ തിന്നുകളയരുതേ എന്ന്. മറ്റൊരിടത്ത് ലിയോവിനോടദ്ദേഹം പറയുന്നു: പ്രലോഭിപ്പിക്കുന്നവനെ ഭയക്കേണ്ട, അവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന്.

കുരുവികളോടും പിറാവുകളോടുമുള്ള ഫ്രാന്‍സീസിന്‍റെ പ്രഭാഷണം ഒരു സങ്കീര്‍ത്തനം തന്നെയാണ്. അടയിരിക്കുന്ന പെണ്‍കിളികളുടെ നോവിനെ ലഘൂകരിക്കുവാന്‍ ദൈവം ആണ്‍പക്ഷിയായി കീഴ്ക്കൊമ്പിലിരുന്ന് പാടുന്നുവെന്നും ദൈവമാണ് പക്ഷികളുടെ നെഞ്ചിലും തൊണ്ടയിലും സംഗീതം നിറച്ചതെന്നും അദ്ദേഹം അവരോടു പറയുന്നു. പക്ഷികള്‍ അദ്ദേഹത്തിനു ചുറ്റും വന്നുകൂടുന്നു, നിരന്നിരിക്കുന്നു, ഒരു കൊച്ചുപ്രാവ് തോളില്‍ പറന്നിരിക്കുന്നു. തിര്യക്കുകളോടുള്ള സോദരഭാവത്തിന്‍റെ ഒരപൂര്‍വ പ്രകാശമാണിത്. പുഴുവിനെ ചിത്രശലഭമാക്കുന്ന സ്നേഹശക്തിയുടെ അനന്യപ്രതിലനം.

ക്ലാരയുമായുള്ള ഫ്രാന്‍സീസിന്‍റെ സ്നേഹബന്ധം നോവലിന്‍റെ പ്രധാനമായ ഒരു ആഖ്യാന ധാരയാണ്. സന്ന്യസിച്ചശേഷം ക്ലാരയെ അഭിമുഖീകരിക്കാന്‍ ഫ്രാന്‍സീസിന് ഏറെ പണിപ്പെടേണ്ടിവരുന്നു. അവളുടെ മുഖത്തു നോക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ക്ലാര കന്യാസ്ത്രീയായി വ്രതമെടുത്തതിനുശേഷം പോലും ഏറെക്കഴിഞ്ഞാണ് തന്‍റെ തന്നെ വഴി സ്വീകരിച്ച മറ്റൊരു മനുഷ്യനോടെന്നപോലെ പവിത്രമായ സ്നേഹത്തോടെ അവളോടു സംവദിക്കാന്‍ ഫ്രാന്‍സീസിനു കഴിയുന്നത്. അത്രമേല്‍ തീവ്രമാണാബന്ധം, അവളെ നോക്കിയാല്‍ കണ്ണുകള്‍ പൊള്ളിപ്പോവുമെന്നപോലെ. അവള്‍ക്കു നഗ്നപാദയായി നടക്കാനും കുഷ്ഠരോഗികളെ കുളിപ്പിക്കാനും സൗന്ദര്യമുപേക്ഷിച്ച് കൂനിയെന്നും ഞൊണ്ടിക്കിഴവിയെന്നുമുള്ള ആളുകളുടെ പരിഹാസം കേള്‍ക്കാനും കഴിയുമോ എന്നു ചോദിച്ചുറപ്പിച്ചശേഷമേ ഫ്രാന്‍സീസ് അവളെ ശിഷ്യയായി സ്വീകരിക്കുന്നുള്ളൂ. സ്ത്രീകളെക്കുറിച്ചുള്ള ഫ്രാന്‍സീസിന്‍റെ ഭയങ്ങളെയും മുന്‍വിധികളെയും അവള്‍ക്കു വാദംകൊണ്ടും തെളിവുകൊണ്ടും തോല്‍പ്പിക്കേണ്ടിവരുന്നു. ഒരര്‍ത്ഥത്തില്‍ ഫ്രാന്‍സീസ് ആ സമയം മുഴുവന്‍ തന്നോടുതന്നെ പൊരുതുകയായിരുന്നു, മുരണ്ടും അലറിയും കരഞ്ഞും ക്ലാരയുടെ ദേഹമാസകലം ചാരം വാരിപ്പൂശിയുമാണ് അദ്ദേഹത്തിന് അവളെ 'സിസ്റ്റര്‍ ക്ലാര' എന്നു വിളിച്ച് തങ്ങളുടെ സഭയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുന്നത്.

മറ്റൊരു പ്രതീകാത്മകമായ ഏറ്റുമുട്ടലുണ്ട് നോവലില്‍: ഫ്രാന്‍സീസും ഏലിയാസും തമ്മില്‍. ഏലിയാസ് പുസ്തകജ്ഞാനത്തിന്‍റെയും പൗരോഹിത്യാധികാരത്തിന്‍റെയും പ്രതീകമാണ്. ഫ്രാന്‍സീസിന്‍റെ തത്ത്വങ്ങള്‍ അപ്രായോഗികമാണെന്ന് അയാള്‍ കരുതുന്നു. അയാള്‍ വിട്ടുവീഴ്ചകളില്‍ വിശ്വസിക്കുന്നു. സഭയെ ആകര്‍ഷകമാക്കണമെങ്കില്‍ ജനങ്ങളില്‍നിന്ന് ഇത്രയേറെ ത്യാഗം ആവശ്യപ്പെട്ടുകൂടെന്നു കരുതുന്നു. അയാള്‍ക്ക് താല്‍പര്യം ഉദ്യോഗസ്ഥ പ്രമാണിത്തത്തിലും വര്‍ണശബളതയിലും പ്രതാപചിഹ്നങ്ങളിലും ലൗകികാധികാരത്തിലുമാണ്. അയാള്‍ തെരഞ്ഞെടുക്കുന്നവഴി പച്ചയായി പറഞ്ഞാല്‍ ആത്മീയമല്ല, രാഷ്ട്രീയമാണ്. ശക്തിയിലും അധികാരത്തിലും സുഖജീവിതത്തിലും വിശ്വസിക്കുന്ന ഏറെപ്പേരെ ആകര്‍ഷിക്കാനും സ്വാഭാവികമായും ഏലിയാസിനു കഴിയുന്നു. ഫ്രാന്‍സീസിന്‍റെ വഴി സമാശ്വാസരഹിതമായ ഏകാന്ത സഹനത്തിന്‍റേതാണല്ലോ. അവിടെ വിട്ടുവീഴ്ചകള്‍ക്കു സ്ഥാനമില്ല. അത് ധീരര്‍ക്കുമാത്രമുള്ള വഴിയാണ്.

ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി പരിചയമുള്ള ഒരാള്‍ ഏലിയാസും ഫ്രാന്‍സീസും യഥാക്രമം നെഹ്റുവും ഗാന്ധിയുമാണെന്നു സങ്കല്‍പിച്ചാല്‍ തെറ്റുപറഞ്ഞുകൂടാ. ശബളതയും പാവനതയും പുസ്തകജ്ഞാനവും അന്തര്‍ജ്ഞാനവും അധികാരേച്ഛയും ഉപേക്ഷയും ഭാഷയുടെ പൊലിമയും ലളിതമായ സത്യഭാഷണവും തന്ത്രവും സതവും - ഈ ജോടികളാണ് ഇവരിലൂടെ ഏറ്റുമുട്ടുന്നത്. ഏലിയാസിന്‍റെ പ്രായോഗിക ബുദ്ധിയും, പ്രീണനകൗശലവും ഫ്രാന്‍സീസിന്‍റെ സഭയെ കീടക്കുന്നത്, എല്ലാ മഹാപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ചുപോന്നിട്ടുള്ള ദുരന്തത്തിന്‍റെ തന്നെ മറ്റൊരു ദൃഷ്ടാന്തമാണ്.

ക്രിസ്തുവായിപ്പിറന്നാല്‍ കുരിശിലേറാതെ വയ്യ. ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നല്ലോ മഹാ പുരുഷന്മാരുടെ പൊതു വിധി. എല്ലാവര്‍ഷവും ഈസ്റ്റര്‍ കാലത്തു വിശ്വാസികളുടെ നിതാന്തമായ വിലാപങ്ങള്‍ക്കു നടുവില്‍ ശ്മശാനശില തകര്‍ത്ത് യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു താന്‍ കാണാറുണ്ടെന്നും ബൊളോഞ്ഞാ സര്‍വ്വകലാശാലയിലെ ഒരു വലിയ ദൈവശാസ്ത്രജ്ഞന്‍ മണിക്കൂറുകളോളം ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചു പ്രസംഗിച്ച ഒരു വര്‍ഷം മാത്രമാണ് അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കാതിരുന്നതെന്നും ഫ്രാന്‍സീസ് കേവലപാണ്ഡിത്യത്തെ പരിഹസിക്കുന്നുണ്ട്. തന്‍റെ സഭയുടെ ആധാരതത്ത്വങ്ങള്‍ക്കു കടകവിരുദ്ധമാണ് ഏലിയാസിന്‍റെ വിചാരങ്ങളും പ്രവൃത്തികളുമെന്ന് തുറന്നുപറയുന്നുമുണ്ട്. ബെര്‍ണാഡ്, പിയെത്രോ, സില്‍വെസ്റ്റര്‍ - ഇവരിലായിരുന്ന ഫ്രാന്‍സീസിന്‍റെ പ്രതീക്ഷ. എന്നാല്‍ ആ ഉത്തമ ശിഷ്യരിലല്ല സഭയുടെ നേതൃത്വം ചെന്നെത്തിയത്. "കീഴടക്കാനായി ജനിച്ച" ഏലിയാസിലാണ്. അതായിരിക്കാം ഈശ്വരേച്ഛയെന്നും ഇന്ന് അനീതിയായിത്തോന്നുന്നത്, സഹസ്രാബ്ദങ്ങള്‍ക്കുശേഷം നീതിയായിക്കാണപ്പെടാമെന്നും ഫ്രാന്‍സീസ് സമാശ്വസിക്കുന്നു; വിജയാഹന്തയില്‍ നില്‍ക്കുന്ന ഏലിയാസിനെ രക്തക്കണ്ണീരോടെ അനുഗ്രഹിക്കുന്നു.

അന്ധനാവുമ്പോഴും ചുറ്റുമുള്ള ലോകം കാണാനാവുന്നില്ലെങ്കിലും അതിന്‍റെ സ്രഷ്ടാവിനെ ഇപ്പോള്‍ കൂടുതല്‍ നന്നായി കാണാമെന്നാണ് ഫ്രാന്‍സീസിന്‍റെ ആശ്വാസം. വേദനയും ഒരു പ്രാര്‍ത്ഥനയാണെന്ന് അദ്ദേഹം ഫാദര്‍ സില്‍വസ്റ്ററോടു പറയുന്നു. പോര്‍സ്യൂങ്കുലാ മുതല്‍ സാന്‍ദാമിയാനോ വരെയുള്ള വഴി മുഴുവന്‍ വെള്ളപ്പൂക്കള്‍കൊണ്ട് മൂടുമ്പോഴേ താന്‍ സിസ്റ്റര്‍ ക്ലാരെയക്കാണാന്‍ പോകൂ എന്ന് ഫ്രാന്‍സീസ് പറയുന്നതോടെ ആ വഴി മുഴുവന്‍ വെള്ളപ്പൂക്കളാല്‍ മൂടുന്നത് അദ്ദേഹത്തിന്‍റെ വിശ്വാസശക്തിയുടെ മറ്റൊരുദാഹരണമാണ്. എന്നാല്‍ അതൊരു ദിവ്യാത്ഭുതമായദ്ദേഹം കാണുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം നടക്കുന്ന ഭൂമിയും നാം കുടിക്കുന്ന ജലവും നക്ഷത്രനിര്‍ഭരമായ രാത്രിയും ചന്ദ്രനും സൂര്യനും എല്ലാം ദിവ്യാത്ഭുതങ്ങള്‍ തന്നെയാണദ്ദേഹത്തിന്. സിസ്റ്റര്‍ ക്ലാരയോടൊപ്പം അവള്‍ വളര്‍ത്തുന്ന ലില്ലിപ്പൂക്കളും പനിനീര്‍പ്പൂക്കളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നമെന്നദ്ദേഹം കരുതുന്നു. സാത്താന്‍റെ ചുണ്ടുകളില്‍ സമ്പൂര്‍ണ്ണ സ്നേഹത്തിന്‍റെ ചുംബനമേറ്റാല്‍, സാത്താന്‍ മാലാഖയായി മാറുമെന്ന് മറ്റൊരിടത്തദ്ദേഹം ക്ലാരയോടു പറയുന്നു. തങ്ങളെന്തു സമ്മാനമാണ് തരേണ്ടതെന്ന് സഹോദരിമാര്‍ ചോദിക്കുമ്പോള്‍ ഫ്രാന്‍സീസ് ആവശ്യപ്പെടുന്നത്, അവര്‍ കാണുന്ന ഓരോ ദരിദ്രരില്‍ നിന്നും ശേഖരിച്ച കീറത്തുണിക്കഷണങ്ങള്‍ കൂട്ടിത്തുന്നിയുണ്ടാക്കിയ ഒരുടുപ്പാണ്.

മനുഷ്യന്‍റെ ശരീരം പഴയ സുവിശേഷത്തിലെ പെട്ടകമാണെന്നും അതില്‍ ദൈവം സഞ്ചരിക്കുന്നുവെന്നും  അദ്ദേഹം ബ്രദര്‍ ലിയോവിനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. "സുന്ദരിയായ ഒരു കൊച്ചുപെണ്‍കുട്ടിയുടെ തലമുടിക്കു ചുവന്ന പട്ടുറിബണ്‍ എന്ന പോലെ ദാരിദ്ര്യം നമുക്കനുയോജ്യമാണെ"ന്നും , "സമ്പത്ത് ആഗ്രഹിക്കാത്തവന്‍ സമ്പന്നനും ആഗ്രഹിക്കുന്നവന്‍ ദരിദ്രനും ആണെ"ന്നും ഉള്ള അദ്ദേഹത്തിന്‍റെ പ്രസ്താവങ്ങളും ഇവക്ക് അനുബന്ധം തന്നെ. "താന്‍ ജീവിക്കുന്ന കാലത്തെ എതിരിടുകയാണ് സ്വതന്ത്രനായ മനുഷ്യന്‍റെ ചുമതല" എന്ന് ഫ്രാന്‍സീസ് ഏലിയാസിനു മറുപടി പറയുന്നിടത്തു ക്രിസ്തുവിന്‍റെ മഹാവിപ്ലവത്തിന്‍റെ കാതല്‍ മുഴുവനുമുണ്ട്. ഏലിയാസുണ്ടാക്കിയ നിയമാവലി കീറിക്കളയാനായി നിരാഹാരസത്യാഗ്രഹം- അതെ, നിരാഹാരസത്യഗ്രഹം തന്നെ - നടത്തുക വഴി ഫ്രാന്‍സീസ് തന്‍റെ വചനം ഉദാഹരിക്കുകയാണ്.

പിന്നീട് ഈ വിശുദ്ധമായ പിടിവാശി നാം കണ്ടിട്ടുള്ളത് ഗാന്ധിയുടെ ഒടുവിലത്തെ ഉപവാസത്തിലാണ്; പാക്കിസ്ഥാന് കൊടുക്കാമെന്നേറ്റ പണം ഇന്‍ഡ്യാ ഗവണ്‍മെന്‍റിനെക്കൊണ്ട് കൊടുപ്പിക്കാനായി മരിക്കാന്‍ തയ്യാറായ ഉപവാസത്തില്‍. ഇത്തരം 'ഭ്രാന്തു'കള്‍ ആവശ്യമാണെന്നു ഫ്രാന്‍സീസിനറിയാം. ബ്രദര്‍ മാസ്സിയോവിനോടദ്ദേഹം പറയുന്നു: "സദ്ബുദ്ധി ജീര്‍ണിക്കാതെ കാക്കുന്ന ഉപ്പാണ് ഭ്രാന്ത്." വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും എല്ലാറ്റിലുമപരി മൗനംകൊണ്ടും ദൈവത്തിലേക്കു വഴി തേടുന്നവന്‍റെ രക്ഷാകവചമാണത്. "എന്‍റെ ജീവിതമാണെന്‍റെ സന്ദേശം" എന്ന് ഗാന്ധി പറഞ്ഞുവെങ്കില്‍, ഫ്രാന്‍സീസ് അതിനുംമുമ്പേ പറഞ്ഞു: "എല്ലാറ്റിലുമുപരി ജീവിതവും പ്രവൃത്തിയും കൊണ്ട് സുവിശേഷവേല ചെയ്യുക."

നരകം സ്വര്‍ഗത്തിന്‍റെ ഒരു പിന്‍വരാന്ത മാത്രമാണെന്നും എല്ലാ പാപവും മായ്ച്ചുകളയുന്നതാണ് ദൈവത്തിന്‍റെ രീതിയെന്നും രണ്ടുകൈകളും നിവര്‍ത്തിയാല്‍ ഓരോ മനുഷ്യനും ദൈവത്തെ ക്രൂശിച്ച കുരിശാകുമെന്നും ഫ്രാന്‍സീസ് ലിയോവിനെ ഓര്‍മിപ്പിക്കുന്നു. ഓരോ കുടിലിലും അടുപ്പില്‍ തീയെരിയാത്തിടത്തോളം കാലം തന്‍റെ അടുപ്പിലും തീയെരിയരുതെന്നദ്ദേഹം ശഠിക്കുന്നു. കഠിനശൈത്യത്തില്‍ തണുത്തുവിറയ്ക്കുന്നവരെയോര്‍ത്ത് സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചുകളയുന്നു. ബുദ്ധനെ അനുസ്മരിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, "ഒരു വര്‍ഷത്തില്‍ മനുഷ്യരൊഴുക്കുന്ന കണ്ണീരുമുഴുവന്‍ ഒന്നിച്ചൊഴുക്കിയാല്‍, കര്‍ത്താവേ നിന്‍റെ ഭവനം മുങ്ങിപ്പോകും. പക്ഷേ നീ എല്ലാമറിയുന്നു. അതിനാല്‍ നീ അവരെ ഓരോരുത്തരെയായി കരയിപ്പിക്കുന്നു."

പിന്നീട് ഫ്രാന്‍സീസ് ഒരു കഥ പറയുന്നുണ്ട്. പ്രപഞ്ചസൃഷ്ടി കഴിഞ്ഞ് വിശ്രമിക്കാനൊരുങ്ങിയ ദൈവത്തിന്‍റെ ചുമലില്‍ ചുകന്ന നഖങ്ങളുള്ള ഒരു സ്വര്‍ണ്ണപ്പക്ഷി വന്നിരുന്ന് കരഞ്ഞു തുടങ്ങി. "വിശ്രമമില്ല, ശാന്തിയില്ല, ഉറങ്ങരുതേ. ഞാന്‍ സമ്മതിക്കുകയില്ല. ഞാനാണ് മനുഷ്യഹൃദയം." ഇത് അഹന്തയാണെന്നു കരുതുന്ന ലിയോവിനോട് ഫ്രാന്‍സീസ് പറയുന്നു: "അതെ, മനുഷ്യന്‍റെ അഹന്ത അനന്തമാണ്. ദൈവം അങ്ങനെയാണ് നമ്മുടെ ഹൃദയങ്ങള്‍ സൃഷ്ടിച്ചത്. അതേ, അതാണദ്ദേഹം ആഗ്രഹിച്ചത് - എണീറ്റുനില്‍ക്കാന്‍, അവനെ എതിരിടാന്‍!"

സംഗീതമുറങ്ങാത്ത ഒരു വിറകുകൊള്ളിപോലുമില്ലെന്ന്, ആഹ്ലാദരഹിതമായ ഒരു വേദനയോ ദിവ്യാത്ഭുതങ്ങളില്ലാത്ത ദൈനംദിന ജീവിതമോ ഇല്ലെന്നു വിശ്വസിക്കുകയും സോദരി രോഗത്തിനുപോലും ദൈവത്തോടു നന്ദി പറയുകയും കശാപ്പു ദിനവും കാത്ത് കഴുത്തില്‍ ചുകപ്പുനാട കെട്ടിയിരിക്കുന്ന ഒരാട്ടിന്‍കുട്ടിയെ തന്‍റെ പ്രതീകമായി കാണുകയും, കശാപ്പുകാരന്‍റെ ചുമലിലെ ആട്ടിന്‍കുട്ടിയുടെ നോട്ടം സഹിക്കാതെ അതിനെ ദാനമായി ചോദിച്ചുവാങ്ങുകയും ഭൂമി തന്ന മനോജ്ഞശരീരത്തെ ചേറും ചോരയുമായി തിരിച്ചേല്‍പിക്കുന്നതിന് അവളോടു മാപ്പു ചോദിക്കുകയും പെരുങ്കള്ളന്‍റെ പോലും മനം മാറ്റി ശിഷ്യപ്പെടുത്തുകയും പക്ഷിമൃഗാദികളെ മുഴുവന്‍ വിലപിക്കാന്‍ വിട്ട് പരമപദം പ്രാപിക്കുകയും ചെയ്യുന്ന അസ്സീസിയിലെ ഫ്രാന്‍സീസിനെ മനസ്സിലാക്കുവാന്‍ ഏറ്റവും നന്നായിക്കഴിയുക ബുദ്ധന്‍റേയും മഹാവീരന്‍റേയും കബീറിന്‍റേയും ഗാന്ധിയുടേയും നാട്ടുകാര്‍ക്ക് തന്നെയായിരിക്കുമെന്ന് എനിക്ക് തോന്നിപ്പോകുന്നു. വിശ്വാസികളെയും അവിശ്വാസികളെയും ഈ ഗ്രന്ഥം ഒരുപോലെ ചലിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും. വിശ്വസിക്കുകയെന്നാല്‍ എന്താണെന്ന് അനുഭവിപ്പിക്കുകയാണ് ആധ്യാത്മികസാഹിത്യത്തിന്‍റെ ലക്ഷ്യമെന്ന ടി. എസ്. എലിയറ്റിന്‍റെ പ്രസ്താവത്തെ അന്വര്‍ഥമാക്കുന്ന മഹത്തായ ഒരാധ്യാത്മികകൃതിയാണ് സെന്‍റ് ഫ്രാന്‍സീസിനെക്കുറിച്ചുള്ള കസന്‍ ദ് സകീസിന്‍റെ ഈ നോവല്‍ : വിശുദ്ധിയിലേക്കുള്ള ഒരു ക്ഷണം.