top of page

മോഹം

May 1, 2011

1 min read

സസ
Image : Shadow of a lady
Image : Shadow of a lady

വിവാഹനാള്‍, താലികെട്ടിനു നേരമായപ്പോള്‍

അമ്മ വധുവിനോടു പറഞ്ഞു:

"മോളെ തല ഇത്തിരിയങ്ങ് കുനിച്ചു പിടിക്ക്"

വധു തലകുനിച്ചു, വരന്‍ താലികെട്ടി

പിന്നെയങ്ങോട്ട് അവളുടെ തല നിവര്‍ന്നിട്ടില്ല.

ഭര്‍ത്തൃഗൃഹപ്രവേശനത്തിന്

വലതുകാല്‍ തെറ്റാതിരിക്കാനവള്‍

തലകുനിച്ചു നോക്കി

മുറ്റമടിക്കുമ്പോഴും

അമ്മിയിലരയ്ക്കുമ്പോഴും

പാചകം ചെയ്യുമ്പോഴും

അരിയിലെ കല്ലുപെറുക്കുമ്പോഴുമെല്ലാം

അവളുടെ തല കുനിഞ്ഞുതന്നെയിരുന്നു....

അവള്‍ക്കാഗ്രഹമുണ്ട്, തലയുയര്‍ത്തി നടക്കാന്‍

ആകാശത്തില്‍ പറക്കുന്ന പറവകളെ കാണാന്‍

നിലാവില്‍ കുളിച്ച ചന്ദ്രനെ കാണാന്‍

മാവിന്‍ കൊമ്പത്തിരിക്കുന്ന മൈനയെ കാണാന്‍

പക്ഷേ, അതെല്ലാം നോക്കിയിരുന്നാല്‍ പിന്നെ

പരാതിയും മുറുമുറുപ്പും മാത്രം ബാക്കി.

അവള്‍ ക്ഷമയോടെ കാത്തിരുന്നു...

ഒരുനാള്‍ മോഹം സഫലമായി

അവള്‍ തലനിവര്‍ത്തി

പക്ഷേ നില്‍ക്കുകയായിരുന്നില്ല

കിടക്കുകയായിരുന്നു!

അവിടെ ആകാശത്തിലെ പറവകളോ

നിലാവില്‍ കുളിച്ച ചന്ദ്രനോ, മൈനയോ ഇല്ല

പരാതികളോ മുറുമുറുപ്പുകളോ ഇല്ല.

ഉണ്ടായിരുന്നത് -

കോണ്‍ക്രീറ്റ് ചെയ്ത കല്ലറയുടെ ഭിത്തിമാത്രം!

Featured Posts