top of page

വ്രതം

Jul 1, 2013

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Holy Cross

അനിവാര്യമായൊരു വേര്‍പിരിയലിന്‍റെ ഇടനാഴിയില്‍ നിന്ന് പണ്ടൊരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് പറഞ്ഞു: ഞാനൊരേയൊരു യജമാനന്‍റെ നായയാണെന്ന് - Single masters dog! ആ വാക്കിന്‍റെ ഗുരുത്വം സങ്കല്പ്പിക്കാവുന്നതിനെക്കാള്‍ കഠിനമായിരുന്നു. ഒരാളുടെ പാദങ്ങളെ മാത്രം ഉരുമ്മിയും, വലംചുറ്റിയും ഒടുവില്‍ അയാള്‍ ഇല്ലാതെയാകുമ്പോള്‍ പശിത്തീയില്‍ സതിയനുഷ്ഠിക്കുന്ന ഒരുവള്‍... നഖശിഖാന്തം ആത്മാഭിമാനം പുലര്‍ത്തിയൊരുവള്‍ തന്നെത്തന്നെ അടയാളപ്പെടുത്തുവാന്‍ അത്ര കുലീനമല്ലാത്ത പദം തിരഞ്ഞതെന്തിനാവണം? ദൈവമേ, നായയെപ്പോലെ തങ്ങളെത്തന്നെ ചില ചരണങ്ങളില്‍ അര്‍പ്പിക്കുന്ന നൂറ്റൊന്ന് ശതമാനം വിശ്വസ്തരായ ചില മനുഷ്യര്‍!


ഉവ്വ്, ഒരിക്കല്‍ ഒരു സ്ത്രീയെ വിശേഷിപ്പിക്കുവാന്‍ ക്രിസ്തു കണ്ടെത്തിയ പദവുമതായിരുന്നു-നായ. കുറെ ദിവസങ്ങളായി അവന്‍റെ ശ്രദ്ധയെ നിശ്ശബ്ദമായി ക്ഷണിച്ചുകൊണ്ട് അവള്‍ അവനെ അനുധാവനം ചെയ്തിട്ടുണ്ടാവും. ആ വാക്കില്‍ അവള്‍ തകര്‍ന്നില്ല, പകരം അടിമുടി ഉലഞ്ഞു. ആമ്മേന്‍, ആമ്മേന്‍ എന്ന് പറഞ്ഞ് വിനയാന്വിതയായി - പ്രഭോ നായ്ക്കളും മക്കളുടെ മേശയുടെ താഴെ വീഴുന്ന അപ്പത്തുണ്ടുകള്‍ ഭക്ഷിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് ഒരിക്കല്‍ക്കൂടി ആ ചരണങ്ങളെ ഉരുമ്മി. അവളെ വാഴ്ത്തിയാണ് ഇത്രമേല്‍ വിശ്വാസം ഇസ്രായേലില്‍പ്പോലും ഞാന്‍ കണ്ടിട്ടില്ലെന്ന് അവിടുന്ന് പറഞ്ഞത്.


മനുഷ്യന്‍റെ ചരിത്രത്തിലേക്ക് അണുവിട ശ്രദ്ധ പതറാതെ ഉരുമ്മിയുരുമി വന്ന വിശ്വസ്തതയുടെ മറുപദമായിരുന്നു അത്. നായയോളം ശ്രേഷ്ഠത പുലര്‍ത്തിയിരുന്നില്ല പലപ്പോഴും അതിന്‍റെ ഇരുകാലി യജമാനന്‍. തൊണ്ണുറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ അതേ പേരില്‍ തകഴിയെഴുതിയ കഥ ഏതൊരു തൊമ്മിക്കും പട്ടേലിനും വഴങ്ങും. വെളളം ഉയര്‍ന്നുപൊങ്ങുമ്പോള്‍ രക്ഷപെടാനുളള ശ്രമത്തില്‍ തത്രപ്പെടുന്ന അയാളുടെ കുടുംബത്തോടൊപ്പം ആ ചെറിയ വഞ്ചിയില്‍ വളര്‍ത്തുനായയ്ക്ക് ഇടംകിട്ടേണ്ട കാര്യമില്ല. നായയെങ്ങോട്ടും നീന്തിപ്പോകുന്നില്ല. വീടിന് കാവലാണതിന്‍റെ ധര്‍മ്മം. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളെ തിരഞ്ഞെത്തുന്ന മോഷ്ടാക്കളോട് ഏറ്റുമുട്ടി അതിന് പരിക്കുപറ്റുന്നുപോലുമുണ്ട്. വെളളമിറങ്ങിയ വീട്ടില്‍ നായയുടെ ജീര്‍ണിച്ച ഉടല്‍ പിന്നീട് യജമാനന്‍ കണ്ടെത്തുന്നു. അല്ല, നായയുടെ കഥയൊന്നുമല്ലത്. ഭൂമിയിലെ ചില വിശ്വസ്തതകളുടെ സങ്കടം പതയുന്ന ആഖ്യായികയാണിത്. നായയില്ലാത്ത മോക്ഷം തങ്ങള്‍ക്ക് വേണ്ടെന്ന് ശഠിക്കുവാന്‍ ഇത് ധര്‍മ്മപുത്രന്മാരുടെ ഭൂമിയൊന്നുമല്ല.


ഒരിക്കലും വരാത്ത തന്‍റെ യജമാനനുവേണ്ടി ഒമ്പതുവര്‍ഷം റയില്‍വേ സ്റ്റേഷനില്‍ കണ്ണടയുവോളം കാത്തുകിടന്ന ഒരു നായയുണ്ടായിരുന്നു. ഹാച്ചിക്കോ എന്ന പേരില്‍ അതൊരു ചലച്ചിത്രമായിട്ടുണ്ട്. ഒരു വെങ്കല പ്രതിയൊക്കെ അതിന്‍റെ ഓര്‍മ്മയ്ക്കായി ആ പ്ലാറ്റ്ഫോമില്‍ ആ ദേശക്കാര്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എനിക്ക് അതൊരു ഉപമപോലെ അനുഭവപ്പെടുന്നു - a strory with divine edge. . മനുഷ്യരുടെ വിശ്വസ്തതകളെക്കുറിച്ച് ആവശ്യത്തിലേറെ സന്ദേഹങ്ങള്‍ ഉയരുന്ന ഒരു കാലത്തില്‍ യജമാനനുവേണ്ടി കാത്തുകിടക്കുന്ന ഒരു നായ, വെറുതെ കണ്ണുകലക്കുന്നു.


ഈശ്വരനെന്ന സൂര്യനില്‍ നിന്ന് കണ്ണാടിപ്പൊട്ടുകള്‍ പോലുളള നമ്മുടെ ചെറിയ ജീവിതം പ്രതിഫലിപ്പിക്കേണ്ട ഒരു സുകൃതം നിശ്ചയമായും വിശ്വസ്തത തന്നെയാവണം. ഭഗവത്ഗീതയില്‍ നിന്ന് ഗാന്ധി കണ്ടെത്തിയ മൂല്യവുമതായിരുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍ എന്നാണല്ലോ സങ്കീര്‍ത്തനങ്ങളില്‍ അവനുളള വാഴ്ത്ത്. തന്നെത്തന്നെ ആ പരമചൈതന്യം അടയാളപ്പെടുത്തുന്നതും അങ്ങനെയാണ്: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍ (പുറ. 34:6). ഒരു ഉടമ്പടിയില്‍നിന്നും അവിടുന്ന് പിന്നോട്ടു പോകുന്നില്ല. പിന്‍വാങ്ങുന്നതും ലംഘിക്കുന്നതുമൊക്കെ നമ്മളാണ്. ഒരുദാഹരണത്തിന് തിരുവത്താഴമേശയില്‍ വച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞു, ഇനി മുതല്‍ ഞാന്‍ നിങ്ങളെ ശിഷ്യര്‍ എന്നു വിളിക്കുകയില്ല. സ്നേഹിതന്‍ എന്നുമാത്രം. ആ മേശയില്‍നിന്ന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയ ഒരാള്‍ വൈകാതെ പന്തങ്ങളുടെ അകമ്പടിയോടെ അവനെ തേടിയെത്തുമ്പോള്‍ ആ മഹാകാരുണ്യം അവനെ അപ്പോഴും വിളിച്ച വാക്കതാണ് - സ്നേഹിതാ.


അതീവവിശ്വസ്തത പുലര്‍ത്തിയ ഒരാളായിട്ടാണ് ഹെബ്രായലേഖകന്‍ യേശുവിനെ വിശേഷിപ്പിക്കുന്നത്: മോശ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തിയതുപോലെ യേശുവും ദൈവത്തോട് വിശ്വസ്തത പുലര്‍ത്തി. യേശുവിന്‍റെ വിശ്വസ്തതയ്ക്ക് മോശയെക്കാള്‍ അഴകും പ്രകാശവുമുണ്ടെന്ന മട്ടിലാണ് അതിലെ മൂന്നാമത്തെ അദ്ധ്യായം മുന്നോട്ട് പോകുന്നത്. തന്‍റെ കഥകളിലൊക്കെ വിശ്വസ്തത എന്ന സനാതനമൂല്യത്തിന്‍റെ പൊന്‍പരാഗങ്ങള്‍ തൂകാന്‍ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എവിടെനിന്നൊക്കെയാണ് ആ വിശ്വസ്തനായ ഭൃത്യാ എന്ന വിളി മുഴങ്ങുന്നതെന്ന് ഓര്‍ത്തു നോക്കുക. താലന്തിന്‍റെ കഥയൊക്കെ വിശ്വസ്തതയുടെ കഥ തന്നെയാണ്. തങ്ങളുടെ സാദ്ധ്യതകളെ പരമാവധി വിനിമയം ചെയ്ത് അതിനെ പെരുക്കിയവരോട് ആ യജമാനന്‍ പ്രസാദിക്കുന്നത് ഇങ്ങനെയാണ്: നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നാല്‍ അനേകം കാര്യങ്ങള്‍ക്കു ഞാന്‍ നിന്നെ ഭരമേല്പിക്കാം.


ശരിയാണ്, ചെറിയ ചെറിയ കാര്യങ്ങളില്‍ പുലര്‍ത്തുന്ന വിശ്വസ്തത തന്നെയാണ് ഒരാളുടെ ജീവിതത്തിന്‍റെ ലോഹം ഉരച്ചുനോക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉരകല്ല്. അല്ലെങ്കില്‍ത്തന്നെ ഏത് ചെറുത് ഏത് വലുത്. ചെറിയ വാക്കുകള്‍ വ്രതം കണക്ക് സൂക്ഷിക്കുവാന്‍ മനുഷ്യര്‍ കൊടുത്ത വിലകളാണ് ഭൂമിയുടെ ശരിയായ മഹാത്ഭുതങ്ങള്‍. ജോലിഭാരം കൊണ്ട് സര്‍ക്കാര്‍ കടലാസ്സുകളെ വീട്ടിലേക്ക് കൊണ്ടുവന്നു പഠിക്കുകയും കുറിപ്പെഴുതുകയും ചെയ്തിരുന്ന ഒരു ദിവാന്‍ അതു വായിക്കുവാന്‍ സര്‍ക്കാരിന്‍റെ ഖജനാവില്‍ കണക്കു കൊടുക്കേണ്ട മെഴുകുതിരികള്‍ ഉപയോഗിക്കുകയും ഒരു പുസ്തകപാരായണത്തിന് അതണച്ച് സ്വന്തം മെഴുകുതിരി കത്തിക്കുകയും ചെയ്ത കഥകളൊക്കെ ഇനി വരുംകാലങ്ങളില്‍ എന്തൊരു ഫലിതമായിരിക്കും. ചിരിച്ച് ചിരിച്ച് മണ്ണുകപ്പട്ടെ, നമ്മുടെ ജനപ്രതിനിധികളും സേവകരും!


ഭൂമിയുടെ അതിരുകളിലേക്ക് തന്‍റെ ചെറിയ അജഗണത്തെ അയയ്ക്കുമ്പോള്‍ ക്രിസ്തു ആവശ്യപ്പെട്ട ഒരു പ്രധാനകാര്യം അതായിരുന്നു. നിങ്ങളുടെ സഞ്ചാരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് കൂടാരമാകാന്‍ പോകുന്ന ചില മനുഷ്യര്‍; ദേശം വിടുവോളം അവരോടൊപ്പം ആയിരിക്കുക. ആരും ആരെയും പാതിവഴിയില്‍ വിട്ട് പൊയ്ക്കൂടാ. അത് പ്രണയമായാലും പരിണയമായാലും. ഒരു കണ്ടുമുട്ടലും യാദൃച്ഛികമായിരുന്നില്ല. ക്രിസ്തു പറയുന്നതുപോലെ ദൈവമാണ് യോജിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവസാനത്തോളം ചിലര്‍ക്ക് കൂട്ടുപോകുക എന്നുള്ളതാണ് എന്‍റെ ദൈവവിളി. വൃദ്ധി ക്ഷയങ്ങളില്‍ ഉലയേണ്ടതല്ല ഈ വിചാരം. ഒരു മദ്ബഹയുടെ മുമ്പില്‍ കൈകോര്‍ത്ത് ആ പുരുഷനും സ്ത്രീയും മന്ത്രിക്കുന്നതുപോലെ: കൂടെയുണ്ടാവും- ദാരിദ്ര്യത്തിലും ധനത്തിലും, രോഗത്തിലും ആരോഗ്യത്തിലും, വൈരൂപ്യത്തിലും അഴകിലും... ലോകത്ത് ഏറ്റവും മനോഹരമായ കാഴ്ച വയോധികരായ രണ്ടുപേരുടെ കൈകോര്‍ത്തുള്ള നടപ്പാണെന്ന് തോന്നുന്നു. ഒരു ദിവസം അതിലൊരാളുടെ കൈ മറ്റൊരാളുടെ കൈയില്‍ ആലിപ്പഴം പോലെ തണുത്തുപോകും. അതുവരെ പരമാവധി ചേര്‍ത്തുപിടിച്ച്... കൂട്ടുപോകാന്‍ ആരുമില്ലെന്നുള്ളതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ദുരന്തമെന്ന് തോന്നുന്നു. വേദപുസ്തകം രേഖപ്പെടുത്തുന്ന ആദ്യത്തെ സങ്കടവും അതുതന്നെയായിരുന്നു. ഈ കൂട്ട് ഭൗതികമായ ഒരു യാഥാര്‍ത്ഥ്യമാകണമെന്നുപോലുമില്ല. കാഞ്ചനമാല എന്ന എഴുപതു കഴിഞ്ഞ സ്ത്രീയെ കോഴിക്കോട്ടുകാര്‍ക്ക് പരിചയമുണ്ട്. പുഴയില്‍ മുങ്ങിമരിച്ച അവളുടെ കൂട്ടുകാരന്‍. അന്നവര്‍ തീരെ ചെറുപ്പമായിരുന്നു. പട്ടിണി കിടന്ന് മരിക്കാന്‍ തീരുമാനിച്ചു. എപ്പോഴോ അയാളുടെ സജീവിത അവര്‍ക്ക് വെളിപ്പെട്ടു കിട്ടി. അയാള്‍ മുങ്ങി മരിച്ച പുഴയിലെ വെള്ളം കുടിച്ച് ഉപവാസമവസാനിപ്പിച്ചു. പിന്നെ അയാളുടെ താത്പര്യങ്ങള്‍, ആഭിമുഖ്യങ്ങള്‍, ഇടപെടലുകള്‍ എന്നിവയ്ക്കിണങ്ങിയ ഒരു ജീവിതം രൂപപ്പെടുത്തി, മരണത്തിനപ്പുറത്തേക്ക് നീളുന്ന വിശ്വസ്തതയുടെ അടയാളമായി പ്രസാദവതിയായി അവരിപ്പോള്‍ ജീവിക്കുന്നുണ്ട്.


ഇതൊക്കെ മനുഷ്യര്‍ക്ക് കൂട്ടിയാല്‍ കൂടാത്ത കാര്യങ്ങളാണ്. അതുകൊണ്ടാണ് സ്ഥൈര്യത്തെ പരിശുദ്ധാത്മാവിന്‍റെ ദാനം എന്നൊക്കെ നമ്മള്‍ വിളിക്കുന്നത്. ആ പേരില്‍ ഒരു കൂദാശപോലുമുണ്ട്- സ്ഥൈര്യലേപനം. ബാക്കിയുള്ള കൂദാശകളൊക്കെ തീരെ ചെറിയ പ്രായത്തില്‍ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സുമൊക്കെ പക്വത പ്രാപിച്ചതിനുശേഷം മാത്രം നല്കപ്പെടുന്ന ഒരു അടയാളമാണത്. ഒരാളുടെ ആന്തരിക പക്വതയെ പ്രകാശിപ്പിക്കുന്ന അടയാളമാണ് ഒരാള്‍ പുലര്‍ത്തുന്ന സ്ഥൈര്യം. വിജയിയാകാനല്ല വിശ്വസ്തനാകാനാണ് ദൈവം എന്നെ വിളിച്ചതെന്ന് മദര്‍ തെരേസ. യേശയ്യായുടെ പുസ്തകത്തിലെന്നപോലെ ദൈവം വിശ്വസ്തരെ തേടുന്നുണ്ട്. ജ്ഞാനികള്‍ക്കും കര്‍മികള്‍ക്കും പഞ്ഞമില്ലാത്ത ഈ ഭൂമിയില്‍.


ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭവുമായി ബന്ധപ്പെട്ട് കാനായിലെ കല്യാണത്തിന്‍റെ പശ്ചാത്തലമുണ്ട്. കഥയൊക്കെ എല്ലാവര്‍ക്കുമറിയാം. ജലത്തെ വാഴ്ത്തി ലഹരിയായി നുരച്ചത്. ഒടുവിലത്തെ വരിയാണ് ഒന്നുകൂടി വായിക്കേണ്ടത്. ഒത്തിരി വിരുന്നുകളില്‍ അന്നം വിളമ്പിയ ആ കലവറക്കാരന്‍ ഒരു പ്രത്യേകത ഇവിടെ കണ്ടെത്തി. നിങ്ങള്‍ നിങ്ങളുടെ നല്ല വീഞ്ഞ് അവസാനം വരെ സൂക്ഷിച്ചു. ഇതിനെക്കാള്‍ അഴകുള്ള ഒരു കോംപ്ലിമെന്‍റ് ലഭിക്കാനില്ല. എല്ലാത്തിന്‍റെയും ആദ്യം മേല്‍ത്തരം വീഞ്ഞ് വിളമ്പുകയും ഒടുവില്‍ രണ്ടാംതരം പാനീയങ്ങള്‍ വച്ചുനീട്ടുകയും ചെയ്യുന്ന നമ്മുടെ മീതെയുള്ള ഗുരുതരമായ ആരോപണമാണത്. ഏതൊരു ബന്ധത്തിലും അതിന്‍റെ പ്രാരംഭദശയില്‍ ഏറ്റവും നല്ലത് വിളമ്പാന്‍ ശ്രദ്ധ കാട്ടുന്ന നമ്മള്‍, പതുക്കെ പതുക്കെ ടേയ്ക്കണ്‍ ഫോര്‍ ഗ്രാന്‍റഡ് എന്ന മട്ടില്‍ കാര്യങ്ങളെ ഇടിച്ചിറക്കുന്നു. അവസാനം വരെ നമുക്കിടയിലെ ചഷകങ്ങളില്‍ നിന്ന് നല്ല വീഞ്ഞ് പതയട്ടെ. നല്ല വീഞ്ഞ് അവസാനത്തോളം സൂക്ഷിച്ച് ഞങ്ങളുടെ ഒരു കൂട്ടുകാരി ഈ മഴക്കാലത്ത് കുടയും ചൂടി കടന്നുപോയി - മാഗി. അവരുടെ കുറിപ്പുകള്‍ 'മനുഷ്യസ്നേഹി'യില്‍ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. വ്യക്തിപരമായ സങ്കടങ്ങളെ പരസ്യപ്പെടുത്തേണ്ട ഇടമല്ലിതെന്ന് നന്നായറിയാം. എന്നിട്ടും അവര്‍ അവസാനമായി കുറിച്ച ഈ വരികളില്‍ തെളിയുന്നത് മരണമോ ജീവനോ. "ഞാന്‍ നദിയാണ്, സരസ്വതി. അന്തര്‍വാഹിനി. കാണാതെ ഒഴുകാം. നിന്‍റെ വേരുകളെ സദാ നനയ്ക്കാം."


ഇടയന്‍ അടിക്കുമ്പോള്‍ ആടുകള്‍ ചിതറപ്പെടുന്നു. എന്നൊരു സങ്കടം ക്രിസ്തു പറഞ്ഞു. വളരെയേറെ 'ലോയലായ' ഒരു സാധുജന്മമാണ് ആടിന്‍റേത്. ആടിന് ഇടയനില്ലാതെ ജീവിക്കുക ഏതാണ്ട് അസാദ്ധ്യം തന്നെ. എന്നിട്ടും ഇടയന് പ്രഹരമേല്ക്കുമ്പോള്‍ ഈ ആടുകള്‍ എവിടേയ്ക്കാണ് ചിതറി ഓടുന്നത്. ഒരിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടയനായി വാഴ്ത്തപ്പെട്ട ഒരാള്‍ ഏതൊക്കെയോ അപവാദങ്ങളുടെ ഒടുവില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു നിന്ന ദിനങ്ങളില്‍ അയാള്‍ അനുഭവിക്കാവുന്ന അശരണതയോര്‍ത്ത് എന്‍റെ ഉള്ളം വല്ലാതെ കലങ്ങി.


വാക്കിന് വിശ്വസ്തതയുടെ വരം ലഭിക്കുന്നതാണ് വ്രതം. വാക്കല്ലാതെ മറ്റെന്താണ് മാറ്റാന്‍ പറ്റുകയെന്ന മട്ടിലുള്ള ചില ഫലിതങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ അവിടുത്തെ ഉപാസകര്‍ക്ക് ഭാരവും ഖേദവും തോന്നണം. വാക്ക് ലഭിച്ച ഒരാള്‍ നിസ്സഹായനായി പോകുന്ന ആ പഴയനിയമ കഥയുണ്ട്, സാംസന്‍റേത്. നാസീര്‍വ്രതക്കാരനാണ് അയാള്‍. മുടിമുറിക്കാത്ത ശിരസ്സ് അതിന്‍റെ ഭാഗമാണ്. അതു മുറിച്ചെടുത്താല്‍ ഇനി അയാളില്ല. വേദപുസ്തകത്തില്‍ ആ കഥ രേഖപ്പെടുത്തുമ്പോള്‍ ഒരു കുഞ്ഞുവരി കൂടെ ചേര്‍ത്തിട്ടുണ്ട്. ദൈവം അവനെ വിട്ടുപോയത് അറിഞ്ഞില്ല. കാര്യങ്ങള്‍ അങ്ങനെയാണ്. ചില നേരങ്ങളില്‍ നമ്മള്‍ പുലര്‍ത്താതെ പോകുന്ന വിശ്വസ്തതകളുടെ ഒടുവില്‍ അങ്ങനെയൊരു വരി കോറിയിടേണ്ടി വരുമോ?


തിയോഫിനച്ചന്‍റെ ജന്മശതാബ്ദിയാണ്. വെളിപാടിന്‍റെ പുസ്തകത്തിലെ ഈ വരി വല്യച്ചനിണങ്ങും. മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്‍റെ കിരീടം നിനക്ക് ഞാന്‍ നല്കും (2:10).

Featured Posts