ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
ഒരു ദിവസം ഫ്രാന്‍സിസും ലിയോ സഹോദരനും മഞ്ഞിലൂടെയും ചെളിയിലൂടെയുമെല്ലാം കഷ്ടപ്പെട്ട് പെറൂജിയയില്‍ നിന്ന് സെന്‍റ് മേരി ഓഫ് ദി എയ്ഞ്ചല്‍സ് പള്ളിയിലേയ്ക്കു പോവുകയായിരുന്നു. ലിയോ സഹോദരനോട് ഓരോന്നിങ്ങനെ പറഞ്ഞു കൊണ്ടാണ് ഫ്രാന്‍സിസിന്‍റെ സഞ്ചാരം. അതായിരുന്നു യാത്രകളിലെ പതിവും.
"സഹോദരാ, നമുക്കു ലഭിച്ചേക്കാവുന്നതില്‍വച്ച് ഏറ്റവും വിജയപ്രദമായ ഒരു പഠനയാത്രയായിരിക്കും ഇത്. നമ്മളെപ്പോലെ രണ്ടു സാധുക്കളില്‍ ദൈവമിങ്ങനെ കരുണ കാണിക്കുന്നതില്‍ എന്നെപ്പോലെ തന്നെ താങ്കളും സന്തുഷ്ടനായിരിക്കും എന്ന് എനിക്കറിയാം. എന്തെന്നാല്‍ ദൈവത്തില്‍ നിന്ന് ഇത്തരം കാരുണ്യങ്ങള്‍ നമ്മുടെ മേല്‍കൂടെക്കൂടെ വര്‍ഷിക്കപ്പെടുന്നു. എങ്കിലും സഹോദരാ, ക്രിസ്തുവിലായിരിക്കുക എന്നതില്‍നിന്നു ലഭിക്കുന്ന സമ്പൂര്‍ണ്ണമായ ആനന്ദം ഇതല്ല."
"പിതാവെ! യേശുവിലായിരിക്കുകയെന്നതില്‍നിന്നു ലഭിക്കുന്ന ആ സമ്പൂര്‍ണ്ണമായ ആനന്ദം എന്താണെന്നൊന്നു പറയാമോ?" ലിയോ ചോദിച്ചു.
യാത്രകളില്‍ ലിയോയുടെ ഈ ചോദ്യം തന്‍റെ ആശയം വിശദമാക്കുന്നതിന് ഫ്രാന്‍സിസിന് ഏറെ സഹായകമായി. ഫ്രാന്‍സിസ് ഇങ്ങനെ വിശദീകരണം നല്‍കി.
"ലിയോ സഹോദരാ, നമ്മള്‍ പോര്‍സ്യുങ്കുലായിലെത്തി വാതിലില്‍ മുട്ടുന്നു. എന്നാല്‍ ആ സഹോദരന്‍ നമ്മളെ തിരിച്ചറിയാതിരിക്കുകയും തെണ്ടികള്‍ എന്നോ മദ്യപന്മാര്‍ എന്നോ വിളിച്ചുകൊണ്ട് പിറുപിറുക്കുകയും ചെയ്താലൊ? ഏതെങ്കിലും വിരുന്നിനുശേഷം അവിടെത്തിയ പേക്കൂത്തുകാരാണെന്ന് അക്ഷമയോടെ പറഞ്ഞാലോ? എന്നിട്ട് അദ്ദേഹം കോപത്തോടെ വാതിലുമടയ്ക്കുന്നു! ഈ ദുരനുഭവങ്ങളുടെ മുമ്പിലും നമ്മള്‍ ക്ഷമയോടെ നിന്നാല്‍ അതാണ് ആനന്ദത്തിന്‍റെ തുടക്കം. ആ സഹോദരന്‍ നമ്മെ ദേഹോപദ്രവമേല്പിച്ചാലും നമ്മള്‍ അദ്ദേഹത്തെ സ്നേഹിച്ചു കൊണ്ടിരുന്നാല്‍ അതാണ് സമ്പൂര്‍ണ്ണമായ ആനന്ദം."
"എന്നാല്‍ അദ്ദേഹം നമ്മളെ തിരിച്ചറിഞ്ഞാലൊ? എന്തൊരു പൊള്ളയായ ഉദാഹരണമാണ് തങ്കള്‍ പറഞ്ഞത്! ഞാന്‍ എന്തായാലും അദ്ദേഹത്തിന്‍റെ ചെയ്തികളെ തടയും."
ലിയോയുടെ ഈ പ്രതികരണം ഫ്രാന്‍സിസിനെ സന്തോഷിപ്പിച്ചു. യഥാര്‍ത്ഥ വസ്തുതയിലേയ്ക്കു വരാന്‍ ആ പ്രതികരണം ഒരു നല്ല പ്രേരണയായി. ലിയോ സഹോദരന്‍, തന്നെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി വരുന്നു എന്നതില്‍ ഫ്രാന്‍സിസിന് അഭിമാനം തോന്നി. അതുകൊണ്ട് ലിയോയുമായി പുതിയ പുതിയ ആശയങ്ങളെക്കുറിച്ചു സംസാരിക്കുവാനും ഫ്രാന്‍സിസിനു സാധിച്ചു.
"സഹോദരാ, ക്ഷമിക്കുവാനുള്ള കരുത്ത് നമുക്കു നല്‍കുന്നത് യേശുവിന്‍റെ ചൈതന്യമാണ്. നമ്മള്‍ ഏറെ ശ്രദ്ധാലുക്കളായിരുന്നെങ്കിലേ നമ്മുടെ സ്വാര്‍ത്ഥതയെ പിന്‍തള്ളി യേശുവിന്‍റെ ചൈതന്യം ജ്വലിച്ചുനില്‍ക്കൂ. സ്വാര്‍ത്ഥതയാണ് ശക്തി പ്രാപിച്ചു നില്‍ക്കുന്നതെങ്കില്‍ ഈശ്വര ചൈതന്യം നമ്മോടു വിട പറയും. അപ്പോള്‍ നമ്മള്‍ തിന്മയുടെ ക്രൂരഹസ്തങ്ങളിലുമാവും. ലിയോ സഹോദരാ, എനിക്ക് ഈ വിപത്തുണ്ടാവാതിരിക്കുവാന്‍ പ്രാര്‍ത്ഥിക്കണം."
ഒരു ശിശുവിന്‍റെ ഹൃദയശുദ്ധിയോടെ നില്‍ക്കുന്ന ഫ്രാന്‍സിസിന്‍റെ മുമ്പില്‍ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനും സാധിക്കാത്ത ഒരവസ്ഥയിലായി ലിയോ.
"ഫ്രാന്‍സിസ് പിതാവേ, താങ്കളെപ്പോലെയുള്ള ഒരാളെയുപേക്ഷിച്ച് ഒരിക്കലും ഈശ്വര ചൈതന്യം എങ്ങും പോവില്ല. താങ്കള്‍ക്കുള്ള വിശ്വാസവും സ്നേഹവും എന്നിലും വളരുവാന്‍ അങ്ങ് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം."
ഫ്രാന്‍സീസില്‍, ലിയോ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും സന്ദര്‍ഭം ലഭിക്കുമ്പോഴെല്ലാം അതു തിരുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. താന്‍ പാപിയാണെന്ന ഒരു ആത്മനിന്ദ! എങ്കിലും അതിന്‍റെ പേരില്‍ ഫ്രാന്‍സിസ് ഒരിക്കലും തളര്‍ന്നു നിന്നിട്ടില്ല. അതായിരുന്നു ഫ്രാന്‍സിസ്! എപ്പോഴും ക്രിസ്തുവിലായിരിക്കുക. ആ ചൈതന്യധന്യത മനസ്സില്‍ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ലിയോ, ഫ്രാന്‍സിസിനെ ഇഷ്ടപ്പെട്ടു.