top of page
"കുറച്ചുനേരത്തേയ്ക്കു മുറ്റത്തു വണ്ടിയിട്ടോട്ടേന്നും ചോദിച്ച് ഒരാളുവന്നു നില്‍ക്കുന്നു."
"മെയിന്‍ റോഡ്സൈഡില്‍ അമ്പതുവണ്ടിയി ടാന്‍ ഇടയുണ്ടല്ലോ, ആശ്രമത്തിന്‍റെ മുറ്റത്തിട്ടെന്നും കണ്ട് വണ്ടിക്കു പ്രത്യേകിച്ചു ദോഷപൊറുതി യൊന്നും കിട്ടുകേലെന്നു പറയാന്‍മേലാരുന്നോ?
"ഒരച്ചന്‍ വന്ന വണ്ടിയാണെന്നാ പറഞ്ഞത്."
"എന്നാപ്പിന്നെ നമ്മക്കു ദോഷപൊറുതി കിട്ടുമെന്നോര്‍ത്തായിരിക്കും. ഏതായാലും ഞാന്‍ തന്നെ ചെല്ലാം."
ഞാനിറങ്ങിച്ചെന്നു. അവിടെക്കിടന്നവണ്ടി അടുത്ത നാട്ടീന്നെങ്ങുമുള്ളതല്ലെന്നു രജിസ്റ്റര്‍നമ്പറു കണ്ടപ്പോള്‍ മനസ്സിലായി. അത്ര മൈന്‍ഡുചെയ്യാതെ ഞാനവിടെ നിന്നപ്പോള്‍ അപേക്ഷകന്‍ നേരിട്ടു ഹാജരായി, വിശദീകരണവുമായി. ഇവിടെ അടു ത്തൊരു വീട്ടില്‍ മരിച്ചടക്കിന് ഒരച്ചനേംകൊണ്ടു വന്നതാണ്. അവിടെ വണ്ടികളിടാനുള്ള സൗകര്യ മൊന്നുമില്ലാത്തതുകൊണ്ട് അച്ചന്‍തന്നെ വണ്ടി ആശ്രമത്തിലിട്ടാല്‍ മതിയെന്നു പറഞ്ഞുവിട്ടതാണ്. അത്രയും കാര്യങ്ങള്‍ പറയാന്‍തന്നെ രണ്ടുമൂന്നു മിനിറ്റയാളെടുത്തു. വീതികുറഞ്ഞവഴിയായിരുന്നു, ഹോണ്‍ അടിച്ചിട്ടും ആള്‍ക്കാരു മാറിയില്ല, മരണവീട്ടില്‍ ചെന്ന് അച്ചനിറങ്ങിക്കഴിഞ്ഞ് വണ്ടി തിരിക്കാന്‍ നോക്കിയപ്പോള്‍ പന്തലിന്‍റെ കാലില്‍ തട്ടി, മുന്നോട്ടെടുത്തപ്പോള്‍ ചെടിച്ചട്ടിയിടിച്ചു മറിച്ചു, ആള്‍ക്കാരോടിവന്നപ്പോഴേയ്ക്കും വിട്ടുപോന്നു. ഇതെല്ലാം വര്‍ണ്ണിക്കുന്നതുകേട്ടപ്പോള്‍ യാത്ര എങ്ങനെയുണ്ടായിരുന്നു എന്നൊന്നു കുശലം ചോദിക്കാനൊരുങ്ങിയതു വേണ്ടെന്നുവച്ചു. പക്ഷേ അയാള്‍ വിട്ടില്ല, സംസാരം തുടര്‍ന്നു. ആറു മണിക്കൂര്‍ ഓടിയാണ് ഇവിടെ എത്തിയത്. അയാള്‍ കൊണ്ടുവന്ന അച്ചനൊരു ധ്യാനമന്ദിരത്തിലാണ്. അവിടുത്തെ പാട്ടുകാരന്‍റെ അമ്മയാണു മരിച്ചത്. അതുകൊണ്ടാണ് അച്ചന്‍ വണ്ടീം പിടിച്ചു പോന്നത്. അടക്ക് ഉച്ചകഴിഞ്ഞാണ്. ആശ്രമത്തിന്‍റെ മുറ്റത്തു പാര്‍ക്കുചെയ്താല്‍മതി, വണ്ടി വേണ്ടി വരുമ്പോള്‍ വിളിച്ചേക്കാം എന്നു പറഞ്ഞ് അവനെ വിട്ടിട്ട് അച്ചന്‍ അവിടടുത്തൊരു വീട്ടില്‍ വിശ്രമിക്കുന്നു.
"വേണമെങ്കില്‍ അച്ചന്‍ വിളിക്കുന്നതുവരെ തനിക്കു ഞങ്ങളുടെ റീഡിങ്റൂമില്‍ പോയിരുന്നു വല്ലതും വായിക്കാം."
അയാളെന്‍റെ കൂടെ വന്നു. നടക്കുന്നതിനിടയില്‍ത്തന്നെ, കേള്‍ക്കാന്‍ എനിക്കു തീരെ താത്പര്യം ഇല്ലായിരുന്നെങ്കിലും അയാള്‍ ചരിത്രം പറയാന്‍ തുടങ്ങി. സെമിനാരീല്‍ മൂന്നാലു കൊല്ലം പഠിച്ചിട്ടുണ്ട്. തിരിച്ചു പോന്ന് പ്ലമ്പിങ്ങും വയറിങ്ങും പഠിച്ചു, പലയിടത്തു പണീം ചെയ്തു നടന്ന അയാളെ, സെമിനാരീല്‍ നേരത്തെ പഠിപ്പിച്ചിട്ടുണ്ടായിരുന്ന ഒരച്ചന്‍ ജോലിക്കു വിളിച്ചു. അപ്പോള്‍ അദ്ദേഹം വലിയ ഒരു ധ്യാനമന്ദിരത്തിന്‍റെ ഡയറക്ടറായിരുന്നതുകൊണ്ട് അവിടുത്തെ വയറിങ് പ്ലമ്പിങ് കാര്യങ്ങളെല്ലാം ഇയാളെ ഏല്പിച്ചു. അവിടെ വച്ച് ഒരപകടത്തില്‍പെട്ട് വലത്തു കൈയ്യുടെ രണ്ടുവിരലുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അച്ചന്മാരിയാളെ നല്ലതു പോലെ സഹായിച്ചു. നാലു സെന്‍റു സ്ഥലത്ത് ഒരു വീടും വച്ചുകൊടുത്ത് അവസാനം ധ്യാനമന്ദിരത്തിലെ സഹായിയായിരുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി കല്യാണവും നടത്തിക്കൊടുത്തു. ധ്യാനമന്ദിരത്തിലെ എല്ലാ ജോലികളിലും അവന്‍ സഹായിച്ചു. അഞ്ചു വര്‍ഷംകൊണ്ടു മൂന്നു മക്കളുമായി. മൂത്തതു രണ്ടും ആണ്‍മക്കള്‍. അവരെയെല്ലാം പോറ്റാന്‍വേണ്ടി ധ്യാനമന്ദിരത്തിന്‍റെ ഒരു കാറ് ടാക്സി ഓടാന്‍ അവനു കൊടുത്തു. അതുമായി ഇയാള്‍ നല്ലവരുമാനമുണ്ടാക്കി. ഭാര്യ നേരത്തത്തെപ്പോലെ തന്നെ ധ്യാനമന്ദിരത്തിലെ പാട്ടും പ്രാര്‍ത്ഥനയും, കൗണ്‍സലിങ്ങുമൊക്കെയായി, ഏറെസമയും അവിടെത്തന്നെയായിരുന്നു. മക്കള്‍ വളര്‍ന്നതും ആ രീതിയില്‍ത്തന്നെയായിരുന്നു. പത്തുപതിനഞ്ചു വയസ്സുവരെ അവര്‍ക്കു വലിയ കുഴപ്പമില്ലായിരുന്നു. അതുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് അവിടെനിന്നു മാറിത്താമസിക്കണമെന്നു നിര്‍ബ്ബന്ധം. അവരുടെ അമ്മക്ക് അവിടം വിട്ടു പോകുന്ന കാര്യം ഓര്‍ക്കാന്‍ പോലും പറ്റത്തുമില്ലാത്ത അവസ്ഥ. ധ്യാനമന്ദിരത്തിലെ സ്വരമായിരുന്നു അവരുടെ പ്രശ്നം. മിക്കദിവസങ്ങളിലും അവിടെ ഒച്ചപ്പാടും ബഹളവുമായിരുന്നു. എന്തായാലും ആമ്പിള്ളേരു രണ്ടും പ്ലസ്റ്റൂ കഴിഞ്ഞ് എക്സ്റേ വെല്‍ഡിങ്ങും പഠിച്ചു ബോംബേയ്ക്കു വണ്ടി കയറി. താമസം മാറ്റാതെ അവരു നാട്ടിലേക്കു വരില്ലെന്ന കടുംപിടുത്തത്തിലാണ്. മൂത്തവനു വയസ്സു മുപ്പത്തിരണ്ടായെങ്കിലും കല്യാണം കഴിച്ചിട്ടില്ല. വീടു മാറിയിട്ടേ കെട്ടൂ എന്ന വാശിയിലാണ്. രണ്ടുപേരും കല്യാണം കഴിച്ചിട്ടില്ല.
"വാസ്തവത്തില്‍ അച്ചാ ഒച്ചേം ബഹളോമൊന്നും എനിക്കും ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ ഭാര്യയെ സംബന്ധിച്ച്, അതില്ലാതെ പറ്റത്തുമില്ല. മക്കളെന്തു പറഞ്ഞാലും ഒരു കൈയ്യിലെ പകുതി വിരലുകളില്ലാത്ത എനിക്കു കുടുംമ്പോം സ്ഥലോം വീടും എല്ലാമാക്കിത്തന്നത് ആ അച്ചന്മാരാണ്. അവിടം വിട്ടുപോകാന്‍ എനിക്കു മനസ്സുവരുന്നില്ല."
"താന്‍ വീടും മാറണ്ട, സ്ഥലോം മാറണ്ട, ധ്യാനമന്ദിരത്തിലെ കോലാഹലങ്ങള്‍ നിര്‍ത്താനും നോക്കണ്ട. മക്കളെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യ പ്പെടുത്തിക്കൊടുക്കാന്‍ നോക്ക്."
"ഞാനെന്തെല്ലാം പറഞ്ഞുകൊടുത്തിട്ടും അവര്‍ക്കു മനസ്സിലാകുന്നില്ല. അവര്‍ക്കു പഠിക്കാന്‍ പറ്റാതെ പോയത് അവിടുത്തെ ബഹളം കാരണമാണെന്നാണ് അവരുടെ പരാതി. വാസ്തവത്തില്‍ വൈകുന്നേരങ്ങളില്‍ മൈക്കിന്‍റെ സ്വരം കാരണം പഠിക്കാനിരിക്കുമ്പോള്‍ അവരു വിരലില്‍ പഞ്ഞി പൊതിഞ്ഞ് ചെവീല്‍ കുത്തിക്കയറ്റിപ്പിടിക്കുന്നതുകണ്ട് ഞാന്‍ ചിരിക്കാറുണ്ടായിരുന്നു. അക്കാലം മുതലു തുടങ്ങിയതാണ് വീടു മാറണമെന്ന അവരുടെ വഴക്ക്. ഭാര്യ പറയുന്നത് അതെല്ലാം അവരെ നശിപ്പിക്കാനുള്ള പിശാചിന്‍റെ തന്ത്രമാണ്, അവരു പ്രാര്‍ത്ഥിക്കാഞ്ഞിട്ടാ, അവളെയും കൂടെ പിന്തിരി പ്പിക്കാനുള്ള പിശാചിന്‍റെ കളിയാണിതൊക്കെയെന്നാണ്. അന്നൊക്കെ അച്ചന്മാരോടു ഞാനിക്കാര്യം പറയുമ്പോള്‍ അവരെയുംകൊണ്ടു പ്രാര്‍ത്ഥിക്കാന്‍ ചെല്ലാനും ധ്യാനം കൂടിക്കാനും പറഞ്ഞു. അവന്മാരതിനൊന്നുമൊട്ടു സമ്മതിക്കത്തുമില്ലായിരുന്നു. പോത്തിന്‍റെ ചെവീല്‍ വേദമോതീട്ടു കാര്യമില്ലല്ലോ."
"മക്കളു പോത്താണെങ്കില്‍ തന്നെ പിന്നെന്താ വിളിക്കുക? അവരു പോത്തന്മാരായതുകൊണ്ടല്ല, വിവരമുള്ളവരായതുകൊണ്ടാ അവരെതിര്‍ക്കുന്നത്. താനൊരു മദ്യപാനിയല്ലെന്നെനിക്കു തോന്നുന്നു, അതുകൊണ്ട് തനിക്കു കള്ളു കുടിയന്മാരോട് മഹാ പുഛമായിരിക്കും. അതു തന്നെയാടോ തന്‍റെ മക്കളുടെ പ്രശ്നോം. എടോ പട്ടയടിക്കുന്നതിനേക്കാളും വലിയ ഒരു ലഹരിയാ ഈ ഭക്തിയെന്നു പറയുന്ന സാധനം. അതൊന്നു തലക്കു പിടിച്ചു കഴിഞ്ഞാലൊണ്ടല്ലോ, പിന്നെ പിടിച്ചാല്‍ കിട്ടത്തില്ല. താന്‍ കേട്ടിട്ടില്ലേ, ഈ സായിപ്പന്മാര് നമ്മടെയിവി ടുള്ള മുക്കുടിയന്മാരു കുടിക്കുന്നതിനേക്കാളും കൂടുതലു കുടിച്ചാലും അവരു പാമ്പാകുകേല, വാളുവയ്ക്കത്തുമില്ല. എന്താകാരണം? അവരു സമയമെടുത്ത് നല്ല കനമുള്ള തീറ്റേം കേറ്റിയേച്ചാ മദ്യം കഴിക്കുന്നത്. അതുകൊണ്ട് അതെത്ര ചെന്നാലും തലക്കുപിടിക്കില്ല, വയറ്റിലെ പിടിക്കൂ. ഇതാണു ഭക്തിയുടേം പ്രശ്നം. വിശ്വാസമില്ലാത്ത ഭക്തി തീറ്റയില്ലാത്ത കുടി പോലെയാ. ഭക്തിയൊരു വികാരമാടോ, അതിനെ ഉണര്‍ത്താം. പൊരിച്ച കോഴീടെ മണം വരുമ്പോള്‍ കൊതി വരുന്നതുപോലെയാ, അതങ്ങു കത്തിക്കയറും. പാട്ടും, താളോം, മൈക്കും, അല്ലേലൂയ്യായും എല്ലാം കൂടാകുമ്പോള്‍ പലരിലും ഭക്തിയുണരും, അവരു പാടും, ആടും, ബഹളം വയ്ക്കും, പട്ടയടിച്ചു തലക്കുപിടിച്ചതുപോലൊരു ഹരം."
"അല്ലച്ചാ, വിശ്വാസമുള്ളതുകൊണ്ടല്ലേ ആളുകളൊക്കെ അവടെ വരുന്നത്. എന്‍റെ മക്കളെപ്പോലെ വിശ്വാസമില്ലാത്തവര്‍ക്കല്ലെ ഈ എതിര്‍പ്പ്?"
"തന്‍റെ വിശ്വാസം തന്നെ പൊറുപ്പിക്കട്ടെ. താനീപ്പറഞ്ഞ വിശ്വാസമെന്താ? കണ്‍വന്‍ഷന്‍റേം ധ്യാനത്തിന്‍റേമൊക്കെ പരസ്യ ബാനറില്‍ കാണുന്നതുപോലെ, അത്ഭുത രോഗശാന്തി കിട്ടും, എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകും എന്നൊക്കെയല്ലേ? അതെല്ലാം വിശ്വസിച്ച് ഓടിക്കൂടുന്ന പെണ്ണുങ്ങളും വികാര ജീവികളുമാണീ ബഹളം വയ്ക്കുന്നതു മുഴുവന്‍. വിശ്വാസമെന്നു പറയുന്നത് അതൊന്നുമല്ല. ഇയാളുടെ നാട്ടിലും ഏറ്റവും മാന്യമായി ജീവിക്കുന്ന എത്രയോ നല്ല മനുഷ്യരുണ്ട്? അവരുടെ ജീവിതത്തിലും പ്രശ്നങ്ങളില്ലാഞ്ഞിട്ടാണോ? അവരും പ്രാര്‍ത്ഥിക്കുന്നില്ലേ? അവരാരും കാറിക്കൂവി അട്ടഹസിച്ചൊന്നുമല്ലല്ലോ പ്രാര്‍ത്ഥിക്കുന്നത്. വിജാതീയരെപ്പോലെ അതിഭാഷണം ചെയ്യണ്ടാ, ചോദിക്കുന്നതിനു മുമ്പു തന്നെ അറിയുന്നവനാണു സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നു പഠിപ്പിച്ച തമ്പുരാന്‍ കര്‍ത്താവിലാണ് അവരു വിശ്വസിക്കുന്നത്. അതുകൊണ്ടാ. അവര്‍ക്കു ഹരോം ലഹരീം ഒന്നും വേണ്ട പ്രാര്‍ത്ഥിക്കാന്‍ അത്രതന്നെ. പറഞ്ഞിട്ടു കാര്യമില്ലെടോ, അല്പ വിശ്വാസികള്‍ക്കു പിടിച്ചുനില്ക്കാന്‍ ഇതൊക്കെയില്ലാതെ പറ്റത്തില്ല. ഭക്തിലഹരി കുടിച്ചു ശീലിച്ച കുറെ ബഹളക്കാര് പ്രസംഗക്കാര്‍ക്കും ഇതില്ലാതെ പറ്റത്തില്ല. അവരെ അവരുടെ വഴിക്കുവിട്ടേക്ക്. അല്ലെങ്കില്‍ അവരു വ്യാജന്‍ തേടിപ്പോകും. നമ്മുടെ നാട്ടില്‍ വല്യ കോലാഹലമുണ്ടാക്കിയ മദ്യനിരോധനം കൊണ്ടു വന്നത് ഓര്‍ക്കുന്നില്ലേ, എന്നിട്ടെന്തായി? വ്യാജന്മാരൊഴുകി. മദ്യപന്മാര്‍ക്കു കുറവുണ്ടായോ, ഇല്ലല്ലോ. അതുപോലെ തന്നെയാ ഈ ഭക്തിഭ്രാന്തന്മാരും. മാനം മര്യാദയ്ക്കു കാര്യം പറഞ്ഞാല്‍ മനസ്സിലാകു ന്നിടത്ത് അലറിവിളിച്ചു പ്രസംഗിക്കുന്നതെ ന്തുകൊണ്ടാ? അവര് അലറുമ്പോള്‍ മുമ്പിലിരിക്കു ന്നവരുടെ ഹരം കാണുമ്പോള്‍ അവര്‍ക്കും ഹരം. അതു കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാരും പറയും, ഭയങ്കര അനുഭവമായിരുന്നെന്ന്! വാസ്തവത്തില്‍ എന്താ സംഭവം? തൃശൂര്‍ പൂരത്തിന് കൂട്ടപ്പൊരിച്ചിലു കേള്‍ക്കുമ്പോള്‍ തോന്നുന്ന ഹരം."
"ഞനിതിനെപ്പറ്റി അച്ചനോടു ചോദിച്ചപ്പോഴൊക്കെ അച്ചന്‍ പറഞ്ഞത്, പറയുന്നതു, പ്രത്യേകിച്ചും വചനം, ആഴത്തിലിറങ്ങാന്‍ തറപ്പിച്ചു പറയാനാണ് അത്രയും സ്വരത്തില്‍ പറയുന്നതെന്നാ."
"അങ്ങനാണേല്‍ സ്കൂളിലും കോളേജിലുമൊക്കെ അധ്യാപകര് കാറിക്കൂവേണ്ടിവരുമല്ലോ. ക്ലാസ്റൂമിലിരിക്കുന്ന കുട്ടികളോട് ശാന്തമായിട്ടു പറഞ്ഞുകൊടുത്താല്‍ അവര്‍ക്കു മനസ്സിലാകും, അലറിപ്പറഞ്ഞാലോ? പിന്നെന്താ ധ്യാനത്തിന് ഇത്ര അലറി കാറാന്‍? അതു പൂസാകാനാണ്, ഭക്തിയടിച്ചു പൂസാകാന്‍. അതു കൊടുക്കുന്നവര്‍ക്കും കിട്ടുന്നവര്‍ക്കും ഹരം കിട്ടാന്‍ അത്രതന്നെ. പണ്ട് ഇതൊക്കെ പെന്തിക്കോസുകാര്‍ക്കു മാത്രമായിരുന്നു. നമ്മടെ കൂട്ടത്തില്‍പെട്ട പലരും അവരുടെ കൂടെപ്പോയി പൂസായി. അങ്ങനെ പോയി വ്യാജനടിക്കണ്ടാന്നും പറഞ്ഞു നമ്മളു നമ്മുടെ സ്വന്തം ബ്രാന്‍റങ്ങു തുടങ്ങി. ജനത്തെ പ്രബോധിപ്പിക്കുന്നതിനു പകരം പ്രകമ്പനം കൊള്ളിക്കലായി ധ്യാനങ്ങളൊക്കെ. ആട്ടോം അട്ടഹാസോമൊക്കെ പൊതുജനത്തിനു പോലും ശല്യമായപ്പോള്‍ ചോദ്യം ചെയ്തവരോട്, ദാവീദ് പ്രജകളോടൊപ്പം ഉടുതുണി പോലും നോക്കാതെ വീണവായിച്ചു, നൃത്തംചെയ്തു; പൗലോസ് ശ്ലീഹാ അങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു; എന്നൊക്കെ ബൈബിളീന്നു തപ്പിപ്പെറുക്കിയ കുറെ ന്യായീകരണോം നിരത്തി. ചെകുത്താനുപോലും ബൈബിള്‍ ഉദ്ധരിക്കാമല്ലോ. 'മൂഡന്‍ അവന്‍റെ ഹൃദയത്തില്‍ പറയുന്നു ദൈവവമില്ല എന്ന്', എന്നുള്ളതു മുഴുവന്‍ പറയാതെ ദൈവമില്ല എന്ന് ബൈബിളില്‍ തന്നെ പത്തിരുപതിടത്തു പറഞ്ഞിട്ടുണ്ടെന്നു വാദിച്ചാലോ?
ഏതായാലും നമ്മടെയാ സ്വന്തം ബ്രാന്‍റ്, അതിഷ്ടം പോലെയങ്ങു വിറ്റു. സര്‍ക്കാരിന്‍റെ ബിവറേജസ് ഔട് ലെറ്റുകള്‍പോലെ ഇഷ്ടംപോലെ വില്പന കേന്ദ്രങ്ങളുമായി. ഇനിയിപ്പം അതു തടയാന്‍ പോയാല്‍ ഉമ്മന്‍ ചാണ്ടി സാറിനു പറ്റിയതു തന്നെ പറ്റും. അങ്ങേരു ബാറെല്ലാം പൂട്ടിച്ചു. എന്നിട്ടിപ്പളെന്തായി? സാക്ഷാല്‍ തിരുസഭ നോക്കിയിട്ടും ബാറുകളെല്ലാം തുറന്നു. പുതിയതു വന്നുകൊണ്ടുമിരിക്കുന്നു. ഋഷിസാറു പറഞ്ഞതു പോലെ തടയുന്നതു മണ്ടത്തരമാണ്, വ്യാജന്‍ ഒഴുകും; പല പേരില്‍, സ്പിരിറ്റ് ഇന്‍ ഏതാണ്ടോ, എമ്പറര്‍ ഏതാണ്ടോ ഒക്കെപ്പോലെ. അതു വേണോ? പാടുന്നവരു പാടട്ടെ, കാറുന്നവരു കാറട്ടെ. കുടിക്കുന്നവരു കുടിച്ചോട്ടെടോ, കുടിപ്പിക്കുന്നവര്‍ക്കും പണിയില്ലാതാക്കണോ? അവരും പണിയെട്ടടോ. ഇതെല്ലാം താന്‍ തന്‍റെ പിള്ളേരെ വിളിച്ചു പറ. അല്ലെങ്കില്‍ ഇങ്ങോട്ടു പറഞ്ഞുവിട്, ഞാന്‍ പറഞ്ഞുകൊടുക്കാം."
"വണ്ടീം എടുത്തോണ്ട് ആശ്രമത്തിന്‍റെ മുറ്റത്തൂന്ന് പൊയ്ക്കോളാന്‍ പറയുകേലെങ്കില്‍ ഞാനൊരു സത്യം പറയാം."
"എനിക്കു വട്ടാണെന്നായിരിക്കും ഇയാളു പറയാന്‍പോകുന്നത്. അതു തന്നെക്കാളും മുമ്പ് ഞാനിതു പറഞ്ഞുകൊടുത്ത എത്രയോ പേരു പറഞ്ഞു കഴിഞ്ഞതാ, പുതിയതു വല്ലോമുണ്ടേല്‍ പറ."
"യ്യോ, അങ്ങനൊന്നും ഞാന്‍ പറയുന്നില്ല, എന്നാലും അച്ചനിതൊക്കെപ്പറഞ്ഞാലും, എന്‍റെ ഭാര്യേം ചോദിക്കുന്ന ഒരു കാര്യമുണ്ട് എത്ര ആയിരക്കണക്കിനു പേരാ ഇതു കൊണ്ടൊക്കെ രക്ഷപെട്ടു പോകുന്നത്. പള്ളീക്കേറാതെ നടന്ന എത്രപേരാ ബൈബിളു വായനേം പ്രാര്‍ത്ഥനയുമൊക്കെയായി നന്നായിരിക്കുന്നത്?"
"ഞാന്‍ പറയാത്ത കാര്യം താന്‍ സ്വന്തമായി ചേര്‍ത്തു വായിച്ചതെന്തിനാ, എല്ലാവരുടേം പണി ഈ എഴുതാപ്പുറം വായനയാ. ധ്യാനം വേണ്ടെന്നു ഞാന്‍ പറഞ്ഞോ? വെറുതെ മനുഷ്യനെ വെകിളി പിടിപ്പിക്കുകേം, വലിയ മൈക്കിന്‍റെ സ്വരം പുറത്തേക്കെല്ലാം വച്ചു നാട്ടുകാരുടെ സ്വൈര്യം കെടുത്തുകയും, അലറിവിളിക്കുകേം ചെയ്യുന്ന കോലാഹലധ്യാനത്തെപ്പറ്റിയല്ലെ ഞാന്‍ പറഞ്ഞുള്ളു. പിന്നെ മറ്റൊന്നു കൂടിയുണ്ട്, ആളൊത്തിരി കൂടി, പതിനായിരങ്ങളു അല്ലേലൂയ പാടി, ഒത്തിരിപ്പേരു ബൈബിളു വായിച്ചു എന്നൊക്കെയുള്ള കണക്കെടുപ്പൊക്കെ വളരെ ചീപ്പാ. കര്‍ത്താവു ശിഷ്യ രേംകൂട്ടി ജറൂസലേം ദൈവാലയത്തിലേയ്ക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ആരോ ഹരം കൊണ്ട് ഓശാന വിളിച്ചു, ബാക്കിയുള്ളവരേറ്റുപാടി, എന്തായിരുന്നു പിന്നെ പ്രപഞ്ചം; ചില്ലകളൊടിക്കുന്നു, വഴീല്‍ തുണി വിരിക്കുന്നു, ആര്‍പ്പുവിളിക്കുന്നു, ലോകം കണ്ടത് വിജയശ്രീലാളിതനായ കര്‍ത്താവിനെ. നാലു ദിവസം കഴിഞ്ഞു വെള്ളിയാഴ്ച അതേ ജനം അതേ ആവേശത്തില്‍ വിളിച്ചു കാറിയതോ, 'അവനെ ക്രൂശിക്കുക' എന്നല്ലായിരുന്നോ? അവരതു ചെയ്യുകയും ചെയ്തു. ഈ ആവേശമെന്നു പറയുന്നതു സൃഷ്ടിക്കാന്‍ കോലാഹലം മതി. അതെളുപ്പവുമാണ്. നമ്മുടെ ചാനലുകാരു ചെയ്യുന്നതു കാണുന്നില്ലേ? ആവേശവും ഭക്തി ലഹരീം ഒക്കെ അല്പജീവിയാ. കര്‍ത്താവതു കൊണ്ടല്ലേ, അത്ഭുതം പ്രവര്‍ത്തിച്ചിട്ട് ആരോടും വിളിച്ചുകൂവി നടക്കരുതെന്നു പറഞ്ഞത്. ജനമങ്ങനെ ഭ്രമിക്കരുതെന്ന് അവിടുത്തേയ്ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഞാനീപ്പറഞ്ഞതു ഇയാളു വിശ്വസിക്കണമെന്നില്ല, മക്കള്‍ക്കെന്തോ ബാധയോ, ബന്ധനമോ ഏതാണ്ടു തകരാറാണെന്നിയാളു പറഞ്ഞതു ശരിയല്ലെന്നിയാളെ ബോധ്യപ്പെടുത്താമോന്നു നോക്കിയതാ. ഇതും വ്യാജനാണെന്നു തോന്നുന്നെങ്കില്‍, അച്ചന്‍റെ വിളിവരുന്നതുവരെ താനിരുന്നീ പത്രമെല്ലാം വായിച്ചു തീര്‍ക്ക്." അയാളുടനെ പത്രമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതയാള്‍ക്കു തീരെ ബോധ്യപ്പെട്ടില്ലെന്നുറപ്പായി.