top of page

നോമ്പ് ഉണര്‍ത്തുന്ന രക്ഷാകരചിന്തകള്‍

Mar 1, 2002

3 min read

ഫത

symbol and color of Lent

ആരാധനക്രമവത്സരത്തിലെ പരമപ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണ് അമ്പതുനോമ്പ്. യേശുവിന്‍റെ പീഡാസഹനവും മരണവും ഉത്ഥാനവുമാണ് ഈ കാലഘട്ടത്തിലെ പ്രധാന ധ്യാനവിഷയം. നോമ്പ് നമ്മില്‍ ഉണര്‍ത്തേണ്ട ചില രക്ഷാകരപദ്ധതികള്‍ പങ്കുവെയ്ക്കുവാനാണ് ഞാനിവിടെ പരിശ്രമിക്കുന്നത്.


മനുഷ്യാ നീ മണ്ണാകുന്നു

നോമ്പുകാലം അനുഷ്ഠാനപരമായി ആരംഭിക്കുന്നത് നെറ്റിയില്‍ ചാരം കൊണ്ടു നെറ്റിയില്‍ കുരിശു വരയ്ക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഈ അനുഷ്ഠാനത്തിന്‍റെ അന്തസ്സത്ത വ്യക്തമാക്കുന്നതാണ്. "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു തന്നെ മടങ്ങുമെന്ന് ഓര്‍ത്തുകൊള്ളുക."

ലോകത്തിലെ ഏറ്റവും വിഡ്ഢിയായ മനുഷ്യന്‍ ആരാണെന്ന് ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപകനോട് ചോദിച്ചുവത്രെ. വിഡ്ഢിക്ക് താഴെ കാണുന്ന ലക്ഷണങ്ങള്‍ അധ്യാപകന്‍ പറഞ്ഞു. അവന്‍ മലര്‍ന്നു കിടക്കുന്നവനാകണം. അവന്‍റെ ശിരസ്സിനു മുകളില്‍ ഒരു തേന്‍കുടം തൂക്കിയിട്ടിട്ടുണ്ടാകണം. കുടത്തിനടിയില്‍ ഒരു ദ്വാരവും. ദ്വാരത്തിലൂടെ തേന്‍, തുള്ളിതുള്ളിയായി മലര്‍ന്നു കിടക്കുന്ന മനുഷ്യന്‍റെ വായിലേക്കു വീണുകൊണ്ടിരിക്കണം. അതിന്‍റെ മധുരം നുണഞ്ഞ് അനുഭവിക്കുന്ന മനുഷ്യന്‍ ഇങ്ങനെ ആത്മഗതം ചെയ്യണം. "ഈ ലോകം ഒരിക്കലും അവസാനിക്കുകയില്ല. ഈ കുടത്തിലെ മധു ഒരിക്കലും തീരുകയില്ല." ഇങ്ങനെ പറയുന്ന മനുഷ്യന്‍ ആരാണോ അവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി.

മനുഷ്യന്‍ ഈ ലോകത്തില്‍ വെറുമൊരു യാത്രക്കാരനാണ്. മരണമെന്ന യാഥാര്‍ത്ഥ്യം മനുഷ്യന്‍ എന്ന് മറക്കുന്നുവോ അന്ന് അവന്‍റെ ജീവിതത്തില്‍ തകര്‍ച്ച ആരംഭിക്കുന്നു. ബൈബിള്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. "ജാഗരൂകരായിരിക്കുവിന്‍" "രാത്രിയില്‍ കള്ളനെപ്പോലെ മരണം കടന്നുവരും." "യജമാനന്‍ വരുമ്പോള്‍ വിളക്കുകൊളുത്തി വിവേകത്തോടുകൂടെ വര്‍ത്തിക്കുന്ന ദാസന്‍ യജമാനനോടൊത്ത് നിത്യസന്തോഷത്തില്‍ പ്രവേശിക്കും. നീര്‍കുമിളപോലെ കടന്നുപോകുന്ന ജീവിതസുഖങ്ങളില്‍ മനുഷ്യന്‍ ഭ്രമിക്കരുത്. ലോകസുഖങ്ങള്‍ മനുഷ്യന്‍ ലക്ഷ്യമായി തെറ്റിദ്ധരിക്കരുത്. മരണചിന്ത രക്ഷാകരമാണ്. വി. അഗസ്തീനോസ് മനുഷ്യന്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ ആത്മശോധനാപൂര്‍വ്വം ചിന്തിക്കുകയാണെങ്കില്‍ അവന്‍ പിന്നീടൊരിക്കലും പാപം ചെയ്യുകയില്ല എന്നു പ്രസതാവിക്കുന്നു. നോമ്പുകാലം മനുഷ്യന്‍റെ പരിമിതകളെ ഓര്‍മ്മപ്പെടുത്തുന്നു. മരണത്തിലൂടെ ഈ ലോകത്തോട് യാത്ര പറയേണ്ട മനുഷ്യന്‍ നിത്യജീവിതത്തെ മുന്നില്‍ കണ്ടുകൊണ്ട് അനശ്വരതയുടെ സ്വത്തു സ്വരൂപിക്കാന്‍ നോമ്പുകാലത്ത് പരിശ്രമിക്കണം.


പാപബോധവും പശ്ചാത്താപവും

ആധുനിക സംസ്കാരത്തെക്കുറിച്ച് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ സദാ ആവര്‍ത്തിക്കുന്ന ഒരു വസ്തുതയുണ്ട്. പാപബോധം നഷ്ടപ്പെട്ട മനുഷ്യരുടെ പ്രളയമാണ് നമ്മുടെ ഇന്നത്തെ സമൂഹമെന്ന്. നാം ജീവിക്കുന്ന സമൂഹത്തില്‍ പാപം പെരുകുന്നത് പ്രകാശവേഗത്തിലാണ്. എന്നാല്‍ എല്ലാത്തരം തിന്മകളുടെയും നടുവില്‍ ആരും വ്യക്തിപരമായി പാപികളായി വിശേഷിപ്പിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാ പാപങ്ങളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് അനിവാര്യമായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു സാംസ്കാരിക പശ്ചാത്തലമാണ് ഇവിടുള്ളത്.

ജീവന്‍ എന്ന ദാനത്തിനെതിരെ ഇന്നു നടക്കുന്ന കിരാതമായ അതിക്രമങ്ങള്‍ ഏറെ വേദനാജനകമാണ്. അത് ഭ്രൂണഹത്യയും ദയാവധവും ആത്മഹത്യയും കൊലപാതവും വയോജനങ്ങളോടുള്ള അവഗണനയുമൊക്കെയായി ഇന്നു നമ്മുടെ സമൂഹത്തില്‍ അഴിഞ്ഞാടുന്നു. പക്ഷേ ആരാണ് ഈ തെറ്റുകളുടെ ഗൗരവത്തെക്കുറിച്ച് ഇന്നു ശരിക്കും ബോധവാന്മാരായിട്ടുള്ളത്. കളവ്, ചതി, കൈക്കൂലി, കള്ളക്കടത്ത്, അമിതപലിശ, മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ തെറ്റുകള്‍ക്ക് ആരാണ് നമ്മുടെ സമൂഹത്തില്‍ ഉത്തരവാദി? ആരും ഉത്തരവാദികളല്ല എന്നുള്ള അവസ്ഥ പാപബോധം നഷ്ടപ്പെട്ടതിന്‍റെ പരിണതഫലമാണ്.

പാപം തിരുത്തപ്പെടണമെങ്കില്‍ മനുഷ്യന്‍ പശ്ചാത്താപവിവശനും പരിഹാരസന്നദ്ധനുമാകണം. നോമ്പുകാലം പശ്ചാത്താപത്തിലേയ്ക്കു മനുഷ്യനെ വിളിക്കാന്‍ ദൈവം ഒരുക്കുന്ന അവസരമാണ്. ശിക്ഷിക്കുന്നതിനു മുന്‍പ് ദൈവം ജനത്തെ പശ്ചാത്താപത്തിലേക്കു വിളിക്കാന്‍ പ്രവാചകന്മാരെ അയച്ച സംഭവങ്ങള്‍ വി. ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരം നല്‍കിയ ജനത്തോട് ദൈവം കരുണകാണിച്ചതാണ് യോനായുടെ പുസ്തകത്തിന്‍റെ ഉള്ളടക്കം. യോനായുടെ പ്രസംഗം നിനവേ നിവാസികളില്‍ പശ്ചാത്താപത്തിന്‍റെ കോളിളക്കം സൃഷ്ടിച്ചു. അവര്‍ എഴുന്നേറ്റ് വസ്ത്രങ്ങള്‍ മാറ്റി ചാക്കും ചാരവും ധരിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചു. അവരുടെ കണ്ണുനീര് ദൈവത്തിന്‍റെ മനസ്സ് അലിയിച്ചു. ദൈവം അവരോട് കരുണ കാണിച്ചു. എന്നാല്‍ മാനസാന്തരത്തിലേയ്ക്കുള്ള വിളി അവഗണിച്ച സോദോംഗൊമോറ നിവാസികളെ ദൈവം ശിക്ഷിച്ചു. നിങ്ങള്‍ മനസ്തപിക്കയില്ലെങ്കില്‍ നിങ്ങളുടെ അനുഭവങ്ങള്‍ സോദോംഗൊമോറ നിവാസികളുടേതില്‍ നിന്നും വ്യത്യസ്തമാകില്ലെന്ന് യേശു ഓര്‍മ്മപ്പെടുത്തി. യേശുവിന്‍റെ പഠനത്തിന്‍റെ അന്തസത്ത മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗ്ഗരാജ്യം അടുത്തിരിക്കുന്നു എന്നുള്ളതാണ്. ഈ നോമ്പുകാലം പാപബോധവും പശ്ചാത്താപവും നമ്മില്‍ നിറയ്ക്കാന്‍ ദൈവം ഒരുക്കുന്ന അവസരമാണ്. ധൂര്‍ത്തപുത്രനെപ്പോലെ പാപബോധത്തോടെ പശ്ചാത്താപവിവശരായി പിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങിവരാന്‍ നോമ്പുകാലം അവസരമാക്കണം.


സഹനം രക്ഷാകരമാണ്

കുറച്ചുനാളുകള്‍ക്കു മുന്‍പ് ഒരു വികാരിയച്ചനെ  കാണാന്‍ പള്ളിമേടയില്‍ ചെന്നപ്പോള്‍ അച്ചന്‍ സ്ഥലത്തില്ലായിരുന്നു. അച്ചന്‍ താമസിയാതെ വരുമെന്നറിഞ്ഞതിനാല്‍ അച്ചനെ കാത്തു നിന്നു. ഞാന്‍ പള്ളിയില്‍ കയറിയപ്പോള്‍ പള്ളിനിറയെ കുട്ടികളായിരുന്നു. അവര്‍ ഭക്തിപൂര്‍വ്വം നിത്യസഹായമാതാവിന്‍റെ രൂപത്തിനു മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതു കണ്ട് എനിക്ക് അത്ഭുതം തോന്നി. പ്രാര്‍ത്ഥന കഴിഞ്ഞു പോകുന്ന കുട്ടികള്‍ പള്ളിയുടെ പുറകില്‍ ഇരിക്കുന്ന എന്നെ കണ്ട് അഭിവാദ്യം ചെയ്തു. ഞാന്‍ വാത്സല്യപൂര്‍വ്വം അവരെ അടുത്തുവിളിച്ചു ചോദിച്ചു. എന്താണ് ഇത്ര ഭക്തിയായി നിങ്ങള്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചത്. അവരില്‍ ഒരു കുട്ടി നിഷ്കളങ്കതയോടെ പറഞ്ഞു; അച്ചാ, പരീക്ഷയാണ്. പഠിക്കാതെ പരീക്ഷയില്‍ ജയിക്കാന്‍ പോംവഴി പറഞ്ഞുതരാന്‍ ഞങ്ങള്‍ മാതാവിനോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അള്‍ത്താരയിലെ ക്രൂശിതനെ നോക്കി ആത്മഗതം ചെയ്തു. ഇതു കുട്ടികളുടെ മാത്രം പ്രാര്‍ത്ഥനയല്ല. സര്‍വ്വരുടെയും സര്‍വ്വസാധാരണമായ പ്രാര്‍ത്ഥനയാണ്. പഠിക്കാതെ എല്ലാവര്‍ക്കും പരീക്ഷ ജയിക്കണം, പണിയെടുക്കാതെ എല്ലാവര്‍ക്കും പണം കിട്ടണം. അധ്വാനിക്കാതെ അപ്പം ഭക്ഷിക്കണം. കുരിശില്ലാതെ കിരീടം കിട്ടണം.

നോമ്പുകാലം കുരിശിന്‍റെ വഴിയുടെ കാലമാണ്. ഈശോ സഹനത്തെക്കുറിച്ചു പഠിപ്പിച്ചത് വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്. തന്‍റെ ശിഷ്യന്‍ തന്നെപ്പോലെ കുരിശെടുത്ത് തന്‍റെ പിന്നാലെ കാല്‍വരി കയറണമെന്ന് യേശു പഠിപ്പിച്ചു. സഹനത്തിന് എന്താണ് അര്‍ത്ഥം എന്നു ചോദിക്കുന്നവരുടെ എണ്ണം നമുക്കു ചുറ്റും പെരുകുകയാണ്.

സഹനം എന്തുകൊണ്ട് എന്നു ചോദിക്കുന്ന ഒരുപാടു വ്യക്തികളെ ദിവസവും കണ്ടുമുട്ടാറുണ്ട്. ചിലപ്പോള്‍ സഹനത്തിന്‍റെ മുമ്പില്‍ ഉത്തരം കിട്ടാതെ നിര്‍വ്വികാരനായി ഞാന്‍ നിന്നിട്ടുണ്ട്. നോമ്പുകാലം അവസാനിക്കുന്നത് സന്തോഷത്തിലാണ്. ദുഃഖവെള്ളിയാഴ്ച ഉയിര്‍പ്പുഞായറിന്‍റെ വാതില്‍ തുറക്കുന്ന താക്കോലാണ്. സഹനത്തെക്കുറിച്ച് പ്രസംഗിച്ച് നമ്മെ മടുപ്പിച്ചവനല്ല യേശു. സഹനത്തിലൂടെ വിജയം വിലയ്ക്കു വാങ്ങാമെന്നു തന്‍റെ ജീവിതം കൊണ്ട് ഈശോ പഠിപ്പിച്ചു. നോമ്പുകാലം സഹനത്തെ രക്ഷാകരമാക്കി. ഉത്ഥാനത്തിന്‍റെ സന്തോഷം സ്വായത്തമാക്കുകയാണ് ആവശ്യം.


ദാനധര്‍മ്മത്തിലൂടെ സ്വര്‍ഗ്ഗീയധനം സ്വരൂപിക്കുക

'സഹോദരന്‍റെ കാവല്‍ക്കാരന്‍ ഞാനാണോ?' എന്ന ചോദ്യം ഏറെ അടിസ്ഥാനപരവും ആഴമേറിയ അര്‍ത്ഥമുള്ളതുമാണ്. സഹോദരന്‍റെ കാവല്‍ക്കാരനാകാതെ ഒരു മനുഷ്യനും ദൈവത്തിന്‍റെ കാവല്‍ക്കാരനാകാന്‍ കഴിയുകയില്ലെനന് ഗുരുനാഥന്‍ പഠിപ്പിച്ചു. നോമ്പുകാലത്തില്‍ മാംസവര്‍ജ്ജനം, ഉപവാസം തുടങ്ങിയ വ്രതങ്ങളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ മനുഷ്യന്‍ പണിപ്പെടാറുണ്ട്. ആത്മനിയന്ത്രണത്തിന് ഇത്തരം പ്രവൃത്തികള്‍ നല്ലതുതന്നെയാണ്. എന്നാല്‍ സഹോദരന്‍റെ ദുഃഖം മറന്നുകൊണ്ടുള്ള ഉപവാസം, സഹോദരനു നല്കേണ്ട നീതി നിഷേധിച്ചുകൊണ്ടുള്ള താപസവൃത്തികള്‍ അര്‍ത്ഥരഹിതമാണെന്ന് നല്ല സമരിയാക്കാരനിലൂടെയും ധനവാന്‍റെയും ലാസറിന്‍റെയും ഉപമയിലൂടെയും യേശു പഠിപ്പിച്ചു. അനുഷ്ഠാനപരമായ ആദ്ധ്യാത്മികതയ്ക്കു നേരെ യേശു ഉയര്‍ത്തിയ ചോദ്യചിഹ്നങ്ങളായിട്ടാണ് ഞാന്‍ ഇവയെ കാണുന്നത്.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആഡംബരങ്ങളും ആഘോഷങ്ങളും പ്രദര്‍ശനസംസ്കാരത്തിന്‍റെ ഭാഗമാണ്. സഹോദരന് അവകാശപ്പെട്ട അപ്പമെടുത്ത് ഞാനും നിങ്ങളും ആര്‍ഭാടമായി ജീവിക്കുന്നു. സഹോദരന്‍റെ കാവല്‍ക്കാരനാകാനുള്ള വെല്ലുവിളിയുയര്‍ത്തുകയാണ് നോമ്പുകാലം. സഹോദരനുവേണ്ടി മരിക്കുമ്പോള്‍ മാത്രമാണ് മഹത്ത്വം എന്ന് യേശു ജീവിതത്തില്‍ തെളിയിച്ചു. സ്വന്തം ജീവിതത്തെ സ്വാര്‍ത്ഥതയുടെ വേലികെട്ടി ആര്‍ക്കും പങ്കിടാതെ കാത്തുസൂക്ഷിക്കുന്നവന്‍ അതു നശിപ്പിക്കുന്നവനാണെന്നും അതു സര്‍വ്വര്‍ക്കുംവേണ്ടി പങ്കിട്ടു നശിപ്പിക്കുന്നവന്‍ അതു നേടുന്നവനുമാണെന്നുമുള്ള യേശുവിന്‍റെ പഠനം തെളിയിച്ചത് കാല്‍വരിയിലാണ്.

നോമ്പുകാലത്തിലൂടെ കടന്ന് ഉയിര്‍പ്പുതിരുനാളിലെത്തുമ്പോള്‍ സ്വാര്‍ത്ഥതയുടെ കല്ലറകളെ തകര്‍ക്കാന്‍ കഴിയണം. സഹോദരന്‍റെ കണ്ണുനീരൊപ്പുന്ന നല്ല സമരിയാക്കാരനെ നമ്മുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായി പ്രാവര്‍ത്തികമാക്കണം. ലാസറിനെ കാണാന്‍ കാഴ്ചയില്ലാതെപോയ ധനവാന്‍റെ അന്ധത നമുക്കു ഭവിക്കാതിരിക്കാന്‍ നോമ്പുകാലം സഹോദരനുവേണ്ടി ജീവിച്ചുകൊണ്ട് അനശ്വരമായ ആത്മീയ സമ്പത്ത് സ്വരൂപിക്കാന്‍ സാധ്യതകള്‍ ഒരുക്കുന്നു.

ഫത

0

0

Featured Posts