top of page
നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും അരൂപിയില്‍ നാം യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. നമ്മുടേതായ ജീവിതചുറ്റുപാടുകളില്‍ അതീവ ശ്രദ്ധയോടെ ജീവിച്ചില്ലെങ്കില്‍ പല വീഴ്ചകളും കടന്നുവരാം. സ്നാപകയോഹന്നാന്‍റെ വരവിനുശേഷം ദൈവരാജ്യം ബലപ്രയോഗത്തിലൂടെയാണ് നേടേണ്ടതെന്ന് യേശു പഠിപ്പിക്കുന്നുണ്ട്. ചെറിയ ഒരു നൊമ്പരം അനുഭവിക്കുന്ന കാലമാണല്ലോ നോമ്പ്. ഗോതമ്പുമണി നിലത്തുവീണഴിയുമ്പോള്‍ പുതിയ കൊയ്ത്തുത്സവങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു. അഴിഞ്ഞുതീരുക എന്ന നൊമ്പരത്തില്‍നിന്നാണ് ഗോതമ്പുമണിയുടെ പുനര്‍ജന്മം. കണ്ണുകളുടെ ദുരാശ, ജഢത്തിന്‍റെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിവയെ ശ്രദ്ധിക്കണമെന്ന് യോഹന്നാന്‍ ശ്ലീഹാ പഠിപ്പിക്കുന്നു.
മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുമ്പോള്‍ ചെറിയ ഒരു ത്യാഗമുണ്ടെങ്കിലും ആഴങ്ങളിലുള്ള മാനസാന്തരത്തിന് അതു സഹായിക്കുന്നില്ല. നമ്മെ ആഴമായി സ്വാധീനിക്കുന്ന ഉപേക്ഷകളാണ് ആവശ്യം. അതിനിടയില്‍ ഒരു നൊമ്പരമുണ്ട്. പുതുജന്മത്തിനുള്ള ഉള്‍വിളി നല്‍കുന്ന ഇത്തരത്തിലുള്ള ത്യാഗങ്ങളാണ് നമ്മില്‍ നിറഞ്ഞുനില്‍ക്കേണ്ടത്.
ഇന്ദ്രിയങ്ങളിലുള്ള ബലപ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലതും കാണുവാന്‍ എനിക്കു പ്രലോഭനമുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ കാണുവാനാണ് കണ്ണുകളുടെ താല്പര്യം. എന്‍റെ ഉള്ളിലിരുപ്പാണ് കണ്ണുകളിലൂടെ കടന്നുവരുന്നത്. ഉറവിടം ശുദ്ധമായാല്‍ ഉറവയുടെ ഗതിമാറ്റാം. മദ്യപാനത്തിന് അടിമയായവന്‍ നടന്നുപോകുമ്പോള്‍ മദ്യഷാപ്പുകള്‍ മാത്രം കാണും. അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായവന്‍ മൊബൈല്‍ ഫോണില്‍ അതുമാത്രം കാണും. എന്‍റെ കണ്ണുകളുടെ മേല്‍ ഞാന്‍ ബലപ്രയോഗം നടത്തണം. എന്‍റെ കണ്ണുകളുമായി ഒരു ഉടമ്പടി ഞാന്‍ സ്ഥാപിക്കണം. വേണ്ടാത്തത് കാണുവാനുള്ള പ്രലോഭനം വരുമ്പോള്‍ കണ്ണുകളുടെ മേല്‍ ബലപ്രയോഗം നടത്തുക.
എന്‍റെ നാവിനെ ഞാന്‍ നിയന്ത്രിക്കണം. നമ്മുടെ വാക്കുകള്‍ അതെ, അതെ, എന്നും അല്ല, അല്ല എന്നുമായിരിക്കണമെന്ന് യേശു പഠിപ്പിച്ചു. അനാവശ്യമായിപ്പറയുന്ന ഓരോ വാക്കിനും വിധിയുടെ ദിവസത്തില്‍ കണക്കുബോധിപ്പിക്കേണ്ടി വരുമെന്നും യേശു പഠിപ്പിക്കുന്നു. കത്തികൊണ്ടു കുത്തിയും തോക്കുകൊണ്ട് വെടിവച്ചും മനുഷ്യരെ കൊല്ലുന്നവരുണ്ട്, എന്നാല്‍ മൂര്‍ച്ചയുള്ള നാക്കിന്‍റെ സംസാരം വഴി മറ്റുള്ളവരെ കൊല്ലുന്നവര്‍ നമുക്കിടയിലില്ലേ. എന്‍റെ നാവിന്‍റെമേല്‍ ബലപ്രയോഗം നടത്തണം. നാക്കു കടിച്ചുപിടിച്ചും വായ് അടച്ചുവെച്ചും സ്വയം നിയന്ത്രിക്കണം. ഇപ്രകാരമുള്ള ബലപ്രയോഗം വഴി ഞാന്‍ പുതിയ മനുഷ്യനായി രൂപാന്തരപ്പെടും.
എന്‍റെ കാതുകളെയും ഞാന്‍ ശ്രദ്ധിക്കണം. പരദൂഷണം കേള്‍ക്കുവാന്‍, പ്രലോഭനം തരുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്. മറ്റുള്ളവരുടെ കുറ്റം കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഒരു മാനസികാവസ്ഥ എന്നിലുണ്ടോ? എന്‍റെ ചിന്തകളുമായും ഞാന്‍ ഉടമ്പടി ഉണ്ടാക്കേണ്ടതുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ചു സമയം കളയുന്ന പ്രവണത നമ്മിലില്ലേ? അപരന്‍റെ തകര്‍ച്ചയില്‍ സന്തോഷവും ഉയര്‍ച്ചയില്‍ നൊമ്പരവും തോന്നാറുണ്ടോ? ഹൃദയത്തില്‍ അസൂയ മുളപൊട്ടി വളരുന്ന അവസ്ഥയാണിത്. ചിന്തയില്‍ വ്യഭിചാരം ചെയ്യുന്നവരും കൊലപാതകം നടത്തുന്നവരുമുണ്ട്. ചിന്തയില്‍ മോശമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ സാഹചര്യം കിട്ടാത്തതുകൊണ്ടുമാത്രം ആ പ്രവൃത്തികള്‍ ചെയ്യുന്നില്ല. അവര്‍ ഹൃദയത്തില്‍ കൊലപാതകവും വ്യഭിചാരവും ചെയ്യുന്നവരാണ്. നമ്മുടെമേല്‍ ഒരു ബലപ്രയോഗം നടത്തിയാല്‍ പുതിയ വ്യക്തിത്വങ്ങളായി നമുക്കു ജനിക്കുവാന്‍ കഴിയും.
അമ്പതു നോമ്പിന്‍റെ കാലം സഹനമരണഉത്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സമയമാണല്ലോ. യേശുവില്‍ സംഭവിച്ചതെല്ലാം എന്നില്‍ ആവര്‍ത്തിക്കണം. അപ്പോള്‍ ക്രിസ്തുരഹസ്യങ്ങള്‍ എന്നിലൂടെ ആവര്‍ത്തിക്കുകയും ചെറുതും വലുതുമായ സഹനങ്ങള്‍ ജീവിതത്തിലുണ്ടാവുകയും ചെയ്യും. സമചിത്തതയോടെ എന്‍റെ പാപങ്ങള്‍ക്കുള്ള പരിഹാരമായി അവയെ സ്വീകരിക്കണം. അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതുപോലെ നാം അസ്വസ്ഥരാകരുത്. ഈ സഹനങ്ങള്‍ ഒരു മരണാനുഭവത്തിലേക്ക് നമ്മെ നയിക്കും. എന്‍റെ പാപത്തിന് ഞാന്‍ മരിക്കണം. എന്‍റെ അഹങ്കാരത്തിനും അസൂയയ്ക്കും ഞാന്‍ മരിക്കണം. എന്‍റെ ജഡികാസക്തികള്‍ക്കും ഞാന്‍ മരിക്കണം. ആ മരണാനുഭവങ്ങള്‍ എന്നെ ഉയിര്‍പ്പിക്കും. യേശുവിന്‍റെ ശ്രദ്ധ ജീവനിലും പുനരുത്ഥാനത്തിലുമാണ്. യേശു പറയുന്നു ഞാനാണ് ജീവനും പുനരുത്ഥാനവും. ഓരോ നിമിഷവും എന്‍റെ സ്വാര്‍ത്ഥതയ്ക്കു മരിച്ച് പുതുജീവന്‍ പ്രാപിച്ച് മുന്നേറാം. എന്നില്‍ മാറ്റം വരുമ്പോള്‍ അതെന്‍റെ ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തും. അങ്ങനെ പുതിയ ഒരു യുഗത്തിന്‍റെ പിറവിക്കു സാക്ഷ്യം വഹിക്കുവാന്‍ നമുക്കു കഴിയും.