top of page

ആകാശവും ഭൂമിയും നഷ്ടമാകുന്നവര്‍

Jul 1

4 min read

ജോര്‍ജ് വലിയപാടത്ത്

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യഘട്ടങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ തന്‍റെ കുടുംബത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും കൗമാരത്തെക്കുറിച്ചും സന്ന്യാസ സമൂഹത്തെക്കു റിച്ചും ഒക്കെ ഏറെ പങ്കുവച്ചിരുന്നു.

തന്‍റെ പിതാവിന്‍റെയും മാതാവിന്‍റെയും മാതാപിതാക്കളെ കാണാനും അവരോട് ബന്ധം പുലര്‍ത്താനും സാധിച്ചു എന്നത് തന്‍റെ ജീവിതത്തിലെ വലിയ അനുഗ്രഹമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ റോസാമുത്തശ്ശിയെക്കുറിച്ച് പലപ്പോഴും അദ്ദേഹം സ്മരിച്ചിട്ടുണ്ട്. അഞ്ച് മക്കളില്‍ മൂത്ത വനായ ഹോര്‍ഹെ (ജോര്‍ജ് എന്ന പേര് Jorge എന്നാണ് സ്പാനിഷ് ഭാഷയില്‍ എഴുതു ന്നതെങ്കിലും അതിന്‍റെ ഉച്ചാരണം ഹോര്‍ഹെ എന്നാണ്) തന്‍റെ ബാല്യത്തില്‍ ഏറെ നാളുകള്‍ തന്‍റെ റോസാ മുത്തശ്ശിയോടൊപ്പം കഴിഞ്ഞിരുന്നു. ഹോര്‍ഹെയുടെ ജീവിതത്തില്‍ അനല്പമായ സ്വാധീനം ചെലുത്താന്‍ ഈ മുത്തശ്ശിക്ക് കഴി ഞ്ഞിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റ കുടുംബമായിരുന്നു ഹോര്‍ഹെയുടേത്. അദ്ദേഹ ത്തിന്‍റെ പിതാവായ മാരിയോക്ക് പക്ഷേ, അര്‍ജ ന്‍റീനിയന്‍ സ്പാനിഷ് ഭാഷ മാത്രമേ അറിയു മായിരുന്നുള്ളൂ. തന്‍റെ ഇറ്റാലിയന്‍ സാംസ്കാരിക പൈതൃകത്തോട് ഹോര്‍ഹെയെ ചേര്‍ത്തുനിര്‍ത്തി യത്, ഇറ്റാലിയന്‍ ഭാഷ കൂടി പരിചിതമായിരുന്ന റോസാ മുത്തശ്ശി ആയിരുന്നു. ഹോര്‍ഹെ വൈദിക നായതിനുശേഷം മുപ്പത്തിനാല് വയസ്സായിരി ക്കേയാണ് റോസാ മുത്തശ്ശി ഇഹലോകവാസം വെടിയുന്നത്. അതും, വൈദികനായ തന്‍റെ പ്രിയ പൗത്രന്‍റെ ആശ്ലേഷത്തിലിരുന്നാണ് ആ ഭാഗ്യപ്പെട്ട മുത്തശ്ശി മരണം പ്രാപിച്ചത്.

റോസാ മുത്തശ്ശി തന്‍റെ വൈദികപട്ടത്തിന് തനി ക്കയച്ച കത്ത് തന്‍റെ അനുദിന പ്രാര്‍ത്ഥന പുസ്തകത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ളതായി ഫ്രാന്‍സിസ് പാപ്പാ പറ ഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അതി ലൊരു ഭാഗം അദ്ദേഹം ഉദ്ധരിച്ചിട്ടുമുണ്ട്: 'എന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കിയ എന്‍റെ ഈ കൊച്ചുമക്ക ള്‍ക്ക,് ദീര്‍ഘവും സന്തോ ഷകരവുമായ ജീവിതം ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാ ല്‍, വേദനാജനകമായ ഏതെങ്കിലും ദിവസമോ രോഗമോ പ്രിയപ്പെട്ട ആര ുടെയെങ്കിലും വേര്‍പാടോ ദുഃഖഭാരത്തോടെ നിന്നെ താഴോട്ട് വലിക്കുമ്പോള്‍ ഏറ്റവും മഹാനും ശക്ത നുമായ രക്തസാക്ഷി വസിക്കുന്ന സക്രാരിക്കു മുമ്പില്‍ ഒന്നു മുട്ടുകുത്തി യാല്‍, കുരിശിന്‍ ചുവ ട്ടിലെ മറിയത്തിലേക്ക് ഒന്ന് ദൃഷ്ടികള്‍ പായി ച്ചാല്‍, ആഴവും വേദനയുമുള്ള നിന്‍റെ മുറിവുക ളിലേക്ക് നിശ്ചയമായും ആശ്വാസത്തിന്‍റെ ഒരു തുള്ളി തൈലം വീഴ്ത്താന്‍ അതിനു കഴിയും.'

തന്‍റെ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഫ്രാന്‍സിസ് പാപ്പ യുവജനങ്ങള്‍ക്ക് അവരുടെ കുടുംബത്തിലെ മുതിര്‍ന്ന രണ്ടാം തലമുറയുമായി അടുത്ത ബന്ധം ഉണ്ടാകേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തൊ ന്നില്‍ ആണ് ഗ്രാന്‍റ് പാരന്‍റ്സ് ആന്‍റ് എല്‍ഡര്‍ളി ഡേ (മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും പ്രായമുള്ളവര്‍ക്കും വേണ്ടിയുള്ള ദിനം) സഭയില്‍ സവിശേഷമാംവിധം ആചരിക്കുന്നതിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്തത് യേശു വിന്‍റെ മുത്തശ്ശീ മുത്തശ്ശന്മാരായ വി. ജോവാക്കി മിന്‍റെയും വി. അന്നയുടെയും തിരുനാളിന്‍റെ പശ്ചാത്തലമായിരുന്നു. ജൂലൈ 26 ന് ആണ് ആ വിശുദ്ധ ദമ്പതികളുടെ ഓര്‍മ്മത്തിരുനാള്‍. അതി നോട് ചേര്‍ന്നുവരുന്ന ഞായറാഴ്ച മുത്തശ്ശീമുത്ത ശ്ശന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ദിന മായി ആചരിക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടത്. അതുപ്രകാരം ഇക്കൊല്ലം അത് നമ്മുടെ അല്‍ഫോ ന്‍സാമ്മയുടെ തിരുനാള്‍ ദിനം കൂടിയായ ജൂലൈ 28 ഞായറാഴ്ചയാണ്. 71-ാം സങ്കീര്‍ത്തനത്തിലെ 'വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ' എന്ന 9-ാം വാക്യമാണ് ഇക്കൊല്ലത്തെ ചിന്താവിഷയമായി മാര്‍പാപ്പ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നമ്മുടെ നാട്ടില്‍ ചുരുക്കം കുടുംബങ്ങളിലൊ ഴികെ മിക്കയിടത്തും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന മുത്തശ്ശീമുത്തശ്ശന്മാര്‍ യുവത്വത്തിന്‍റെ സൗന്ദര്യ സങ്കല്പത്തിനും, സമൂഹത്തിലെ സ്ഥാനവലിപ്പങ്ങള്‍ക്കും ഡിജിറ്റല്‍ ലോകത്തിന്‍റെ നവമാധ്യമ സംസ്കൃതിക്കും നിരക്കാത്തവര്‍ എന്ന നിലയില്‍ പിന്നാക്കം തള്ളപ്പെടുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും, ലോകം പുതിയ പുതിയ മാറ്റങ്ങളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഇക്കാലഘട്ടത്തില്‍. എന്നാല്‍, ബൈബിളില്‍ ഒട്ടനവധി തവണ സൂചിപ്പിക്കും വിധം വാര്‍ദ്ധക്യം കൊണ്ടുവരുന്ന സാമൂഹികവും വൈയക്തികവുമായ സംഭാവനകള്‍ വേറൊരു തലത്തില്‍ ഉള്ളവയാണ്. വിജ്ഞാനം എന്നും വിവേകം എന്നുമാണ് ബൈബിള്‍ അതിനെ  വിളിക്കുക. ഇക്കാര്യം തന്നെ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തികവും സാമൂഹികവു മായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ വിലയിരുത്താന്‍ തുനിയുന്നവരാണ് പൊതുവേ യൗവ്വനയുക്തരായ മാതാപിതാക്കള്‍. അതിനപ്പുറ ത്തേക്ക് ജീവിതത്തെ നിരീക്ഷിക്കാനുള്ള കഴിവ് അവരില്‍ പരിമിതമായിരിക്കും. പൊതുവേ പറ ഞ്ഞാല്‍, വളരെ വൈകി മാത്രം ജീവിതത്തില്‍ മുളയെടുക്കുന്നതും മിക്കവാറും വാര്‍ദ്ധക്യദശയില്‍ മാത്രം പുഷ്പിക്കുന്നതുമായ ഒന്നാണ് ആത്മീയ വിജ്ഞാനം എന്നത്.


സ്വയം ശൂന്യമാക്കുന്ന, സ്വയം ബലിയാകുന്ന സ്നേഹവും മറ്റുള്ളവരോടുള്ള കരുതലും കരുണയും ആണ് ജീവിതത്തെ ആത്യ ന്തികമായി നിര്‍ണയിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുക എന്നത് മിക്കവരും തങ്ങളുടെ യൗവന കാലത്ത് പ്രായോഗികമായി തിരിച്ചറിയാതെ പോകുന്ന ഒന്നാണ്. വിജ്ഞാനം എന്ന് ബൈബിള്‍ വിളിക്കുന്നത് അതിനെയാണ്. അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയെന്നതാണ് വിവേകം. മുത്തശ്ശീമുത്തശ്ശന്മാരുടെ സാന്നിധ്യത്തില്‍, അവരുമായി ഇടപെട്ട് കുഞ്ഞുങ്ങള്‍ വളരുമ്പോ ഴാണ്, അവരുടെ വാര്‍ദ്ധക്യത്തില്‍ അവരില്‍ പൂക്കുന്ന ഈ ദൈവികവിജ്ഞാനത്തിന്‍റെ ചെറു വിത്തുകള്‍ കുഞ്ഞുങ്ങളിലേക്ക് കൂടി പാറിവീഴുക. സമൂഹത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളുടെ ഫല മായി അണുകുടുംബങ്ങള്‍ ഉണ്ടായിവരികയും മുത്തശ്ശീമുത്തശ്ശന്മാരില്‍ നിന്ന് വേര്‍പെട്ട് സ്വന്തം മാതാപിതാക്കളുടെ മാത്രം ശിക്ഷണത്തില്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരികയും ചെയ്തതിന്‍റെ പോരായ്മകളില്‍ ഒന്നാണ് ലോകം ഒന്നാകെ നാം കാണുന്ന ആത്മീയശോഷണങ്ങള്‍. പുതുതലമുറ യുടെ ജീവിതത്തിന് ദിശാബോധം നല്‍കാന്‍ മുത്തശ്ശീമുത്തശ്ശന്മാരുമായി സ്നേഹാദരങ്ങളോ ടെയുള്ള അവരുടെ ഇടപെടലുകള്‍ക്ക് സാധിക്കും.

പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ ജോവാക്കിമും അന്നയും കാനോനിക സുവിശേഷ ങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍, സുവിശേ ഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വൃദ്ധരായ ദമ്പതികള്‍ സക്കറിയായും ഏലീശ്വയും ആണ് സ്നാപക യോഹന്നാന്‍റെ മാതാപിതാക്കള്‍. അവരെക്കുറിച്ച് സുവിശേഷങ്ങളില്‍ പ്രധാനപ്പെട്ട ചില വാഴ്ത്തുകള്‍ ഉണ്ട്. അവരില്‍ നിന്നാണ് 'സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റവും വലിയവന്‍' എന്ന് യേശു വാഴ്ത്തിയ യോഹന്നാന്‍ സ്നാപകന്‍ എന്ന കരുത്തനായ പ്രവാചകന്‍റെ പിറവി. എന്നാല്‍, ദമ്പ തികളായിരുന്നില്ല എങ്കില്‍പ്പോലും പ്രാര്‍ത്ഥന യിലും ദൈവാനുഭവത്തിലും വിജ്ഞാനത്തിലും ആത്മീയതയിലും ഏറെ ശ്ലാഘിക്കപ്പെടുന്ന മുത്തശ്ശീ മുത്തശ്ശന്മാരാണ് ശിമയോനും ഹന്നയും. പ്രവച നവരം സിദ്ധിച്ചവരായിരുന്നു അവരിരുവരും. തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും താപസജീവിത ത്തിന്‍റെയും ആള്‍രൂപങ്ങള്‍. ലോകത്തിന്‍റെ മദ്ബഹ യില്‍ സ്തുതിഗീതങ്ങളുടെ ഒരു സ്ഥിരം ഗായക സംഘമായിരിക്കാന്‍ പ്രായമായ തലമുറയ്ക്ക് കഴിയും എന്ന് ശിമയോനെയും ഹന്നയെയും ചൂണ്ടിക്കാട്ടിയിട്ട് ഫ്രാന്‍സിസ് പാപ്പാ പറയുന്നുണ്ട്. അവര്‍ ലോകത്തിനുള്ള ദൈവസാന്നിധ്യത്തിന്‍റെ സാക്ഷ്യമാണ്; ഇടറിയ മാനസങ്ങള്‍ക്ക് അവര്‍ ബലമാണ്; ജീവിതത്തിന്‍റെ തിക്തതകളുമായി മല്ലിടുന്നവര്‍ക്ക് അവര്‍ ഒരത്താണിയും വഴികാട്ടി യുമാണ്.

മനുഷ്യരുടെ ശാരീരികവും സാമൂഹികവുമായ പരികല്പനകള്‍ ദൈവത്തില്‍ ആരോപിക്കുന്ന തിനെ ആന്ത്രോപോമോര്‍ഫിസം എന്നാണ് ദൈവ ശാസ്ത്രത്തില്‍ പറയാറ്. ഒരല്പം ആന്ത്രോപോമോ ര്‍ഫിസം ആയി തോന്നാമെങ്കിലും, പഴയനിയമ ത്തില്‍ ദൈവം എപ്പോഴും സ്നേഹനിധിയും കാരുണ്യവാനും തന്നെയാണെങ്കിലും, ഒത്തിരി കര്‍ക്കശനും ശിക്ഷകനും ആയി പലപ്പോഴും ജനത്തിന് അനുഭവപ്പെടുന്നുണ്ട്. പുതിയ നിയമത്തി ലേക്ക് വരുമ്പോള്‍, തന്‍റെ പുത്രന്‍റെ മനുഷ്യാവതാ രത്തിനു ശേഷം തന്‍റെ പേരക്കുട്ടികളോട് മുത്തശ്ശ സദൃശമായ വാത്സല്യവും ലാളനയും ദൈവത്തില്‍ നിന്ന് ദൃശ്യമാണ് എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. തന്‍റെ മക്കളെ വളരെ കാര്‍ക്കശ്യത്തോടെ വളര്‍ ത്തുന്ന മാതാപിതാക്കള്‍പോലും തന്‍റെ പേരക്കുട്ടി കളോട് അനവദ്യമായ വാത്സല്യവും സഹാനു ഭൂതിയും പ്രദര്‍ശിപ്പിക്കുന്നത് അവര്‍ തങ്ങളുടെ മക്കളല്ലാത്തതുകൊണ്ടല്ല, മറിച്ച് അവരില്‍ സംഭവി ക്കുന്ന സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ക്ഷമയുടെയും പരിപക്വമായ വളര്‍ച്ച കൊണ്ടാണ്.

'പ്രായമായവരുടെ ഹൃദയം പൊതുവേ ഭൂത കാല വിദ്വേഷങ്ങളില്‍ നിന്നും വര്‍ത്തമാനത്തിലെ സ്വാര്‍ത്ഥതകളില്‍ നിന്നും വിമുക്തമായി കാണുന്ന തിനാലാണ് ചെറുപ്പക്കാര്‍ക്ക് അവര്‍ കൂടുതല്‍ സ്വീകാര്യരാകുന്നത്' എന്ന് ഫ്രാന്‍സിസ് പാപ്പാ ഒരിക്കല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കാലഘട്ടത്തിലെ 'ന്യൂ ജെന്‍' ചലചിത്രങ്ങളെ അവലോകനം ചെയ്താല്‍, മാതാപിതാക്കള്‍ അസ്വീകാര്യരോ അപ്രസക്തരോ അദൃശ്യരോ ആയി മാറുമ്പോഴും മുതിര്‍ന്ന രണ്ടാം തലമുറയായ ഗ്രാന്‍റ് പാരന്‍റ്സ് സ്വീകൃതരും, എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയുന്നതായി അവതരിപ്പിക്ക പ്പെടുന്നതും കാണാം.

പ്രാക്തന സമൂഹങ്ങളില്‍ മുത്തശ്ശീമുത്തശ്ശന്മാ ര്‍ക്കും മുതിര്‍ന്നവര്‍ക്കും നല്കപ്പെടുന്ന പദവിയും ബഹുമാനാദരവുകളും അതിശയകരമാണ്. അമേരി ക്കയിലെ ചില റെഡ് ഇന്‍ഡ്യന്‍ ഗോത്രവിഭാഗ ങ്ങളുമായി അല്പമാക്കെെ ബന്ധപ്പെടാന്‍ ഇടയായിട്ടുണ്ട്. അവരുടെ സമൂഹങ്ങളില്‍ മുത്തശ്ശീമുത്ത ശ്ശന്മാര്‍ക്ക് അവര്‍ നല്‍കുന്ന പദവിയും ബഹുമാനവും ഒന്നു വേറെ തന്നെയാണ്. കുടുംബത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതും ദിശാബോധം നല്‍കുന്നതും നയിക്കുന്നതും വിശ്വാസകാര്യങ്ങളില്‍ സ്വാധീനിക്കുന്നതും ഈ മുതിര്‍ന്ന തലമുറയാണ് എന്ന് കാണാം. അവര്‍ക്കിടയില്‍ മുതിര്‍ന്ന തലമുറയ്ക്ക് അവര്‍ നല്കുന്ന പ്രാമുഖ്യം അവര്‍ക്കിടയിലെ ഇടവകപ്പള്ളികളില്‍ വൈദികരും അവര്‍ക്ക് നല്കുന്നുവെന്നത് നല്ലയൊരു കീഴ്വഴക്കമാണ്. ഞായറാഴ്ചകളിലെ ദിവ്യബലിയുടെ അന്ത്യത്തില്‍ സമാപനാശീര്‍വ്വാദത്തിനു മുമ്പായി മുതിര്‍ന്ന തലമുറയിലെ ആരെയെങ്കിലും മുന്നോട്ടു വിളിച്ച് സമൂഹത്തിനുവേണ്ടി അവരുടെ തനതു ഭാഷയില്‍ ഒരു ചെറിയ സ്വയംപ്രേരിത പ്രാര്‍ത്ഥന നടത്തിക്കാറുണ്ട്. അതവര്‍ക്കുള്ള ഒരു അംഗീകാരം എന്നതിലുപരി, മുതിര്‍ന്ന തലമുറയുടെ പ്രാര്‍ത്ഥനകളിലും ആശീര്‍വ്വാദങ്ങളിലുമാണ് സമൂഹം സുരക്ഷിതമായിരിക്കുന്നത് എന്നൊരു സന്ദേശവും നല്കുന്നുണ്ട്.

വാര്‍ദ്ധക്യം കൊണ്ടുവരുന്ന അനിവാര്യമായ ക്ലേശങ്ങള്‍ അനവധിയാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍, സമപ്രായക്കാരുടെ തിരോധാനങ്ങള്‍, ജീവിതപങ്കാളിയുടെയും അടുത്ത സുഹൃത്തുക്ക ളുടെയും നഷ്ടം നല്‍കുന്ന ശൂന്യത, ശരീരത്തിന്‍റെ ചലന സാധ്യതയും വഴക്കങ്ങളും ഇല്ലാതാകുന്നത് മൂലമുള്ള യാത്രാവകാശങ്ങളുടെ നിഷേധം, ശരീരത്തിന്‍റെ സൗകുമാര്യങ്ങള്‍ നഷ്ടമാകുന്നതു നിമിത്തമുള്ള അനാകര്‍ഷകത്വവും അപകര്‍ഷതയും എന്നിവയെല്ലാം സ്വാഭാവികമാണ് എന്നു പറയുമ്പോഴും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അവയ്ക്കെല്ലാം പുറമേയാണ് ശരീരത്തിന്‍റെ, മനസ്സിന്‍റെ, ഓര്‍മ്മയുടെ, ബുദ്ധിയുടെ എല്ലാം നിയന്ത്രണങ്ങള്‍ വ്യക്തിയുടെ കൈയില്‍ നിന്ന് പോകുന്ന സന്ദര്‍ഭങ്ങള്‍ നല്കുന്ന അനിശ്ചിതത്വങ്ങള്‍. തന്നെ താനാക്കുന്ന ഘടകങ്ങളിന്മേല്‍ തനിക്കുതന്നെ നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്നത് അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം ലജ്ജാകരവും ശൂന്യവല്ക്കരിക്കുന്നതും ആയിരിക്കും എന്നോര്‍ക്കുക.

ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുത്തശ്ശീമുത്തശ്ശന്മാരെയും മുതിര്‍ന്നവരെയും പരിഗണിക്കാനും ബഹുമാനിക്കാനും അവരെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് അവകാശപ്പെട്ട ആകാശവും ഭൂമിയും അവര്‍ക്ക് നല്‍കാനും നമ്മുടെ സമൂഹം ഇനിയും ശാസ്ത്രീയമായിത്തന്നെ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്.

ജോര്‍ജ് വലിയപാടത്ത്

0

10

Featured Posts