-
Oct 21
പ്രകൃതിക്കുവേണ്ടി വാദിക്കുന്നവര്‍ പൊതുവെ ബൈബിളിനെ ആക്രമിക്കുന്നത് ഒരു പതിവുരീതി യാണ്. അത്തരം ആക്രമണങ്ങള്‍ക്ക് ഊര്‍ജം കൊടു ത്തത് 1967-ല്‍ വെളിച്ചം കണ്ട ലിന്‍ വൈറ്റ് ജൂണി യറിന്‍റെ ഒരു ലേഖനമാണ്: The Historical Roots of Our Ecological Crisis. (2024 ഏപ്രില്‍ 5 ലെ സത്യദീപത്തിന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത കൊടുത്ത അഭിമുഖത്തിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്.)
ലേഖനം നിശിതവിമര്‍ശനം ഉന്നയിക്കുന്നത് ഉല്‍പത്തി 1:26-28 നെതിരേയാണ്. "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യ ങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്‍റെ ഛായ യില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായ യില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ള വരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാ ശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധി പത്യം ഉണ്ടായിരിക്കട്ടെ" (ഉല്‍പത്തി 1 : 26-28). മനു ഷ്യനും മണ്ണും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നും പ്രകൃതിയെന്നതു വരുതിക്കു നിര്‍ത്തേണ്ടതാ ണെന്നും മനുഷ്യനെന്നത് ആധിപത്യം ഉറപ്പിക്കേണ്ട വനാണെന്നും ബൈബിള്‍ പ്രത്യക്ഷത്തില്‍ പറ ഞ്ഞുവയ്ക്കുന്നു. ഇതാണു ബൈബിള്‍ സത്യത്തില്‍ പറയുന്നതെങ്കില്‍, നമ്മുടെ പ്രകൃതിയെ ഇവ്വിധം ആക്കിയതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നു വേദഗ്ര ന്ഥത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നതു വ്യക്തം. അതുകൊണ്ടുതന്നെ, പ്രസ്തുത വചനഭാഗത്തിന്‍റെ മലയാള വിവര്‍ത്തനം എത്ര കണ്ട് ശരിയാണെന്നത് നാം പരിശോധിക്കേണ്ടതാണ്.
ലിന്‍ വൈറ്റിന്‍റെ വിമര്‍ശനങ്ങള്‍ക്കുള്ള മറു പടികളില്‍ ഏറ്റവും ശ്രദ്ധേയം പഴയനിയമ വിദഗ്ധ നായ നോബര്‍ട്ട് ലോഫിങ്കിന്‍റേതാണ്. അദ്ദേഹ ത്തിന്‍റെ മറുപടിയാണ് ഈ ലേഖനത്തിന്‍റെ പ്രധാന ആധാരം.
പഴയകാല ഇസ്രായേലിന്‍റെ അയല്‍പക്ക ങ്ങളില്‍ പ്രചാരത്തിലിരുന്ന മറ്റു ചില സൃഷ്ടിവിവര ണങ്ങളുടെ പശ്ചാത്തലത്തില്‍ ബൈബിളിലെ സൃഷ്ടിവിവരണം വായിക്കുമ്പോഴാണ് അതിനു മിഴിവേറുന്നത്. ഒരെണ്ണം എനുമ ഏലിഷ് എന്ന ബാബിലോണിയന്‍ മിത്താണ്. മാര്‍ദുക് നല്ല ദൈവവും അതിശക്തനുമാണ്. തിയാമത്ത് ദുഷ്ടദേ വതയും കിംഗു അവളുടെ സൈന്യാധിപനുമാണ്. മാര്‍ദുക് ഇരുവരെയും കൊന്നൊടുക്കി, ദൈവങ്ങ ളുടെ രാജാവായ ദൈവമായി അവരോധിക്കപ്പെ ടുന്നു. തിയാമത്തിന്‍റെ ശരീരം വലിച്ചുകീറി ഇക്കാ ണുന്ന സകല പ്രപഞ്ചത്തിനും മാര്‍ദുക് രൂപം കൊടുക്കുന്നു. മണ്ണും കിംഗുവിന്‍റെ ചോരയുംകൂടി കുഴച്ച്, ചെറുതും വലുതുമായ ദൈവങ്ങളുടെ വീട്ടു വേലക്കായി മനുഷ്യനെയും മെനഞ്ഞുണ്ടാക്കുന്നു.
ഇവിടെയാണ് ബൈബിളിന്‍റെ സൃഷ്ടിവിവരണം സുന്ദരമാകുന്നത്. ഓരോ ദിവസത്തേയും സൃഷ്ടിക്കു ശേഷം നമ്മള്‍ ബൈബിളില്‍ വായിക്കുന്നത് ഇതാണ്: "... അത്/അവ നല്ലതെന്നു ദൈവം കണ്ടു" (ഉല്‍പത്തി 1 : 10, 12, 18, 25). മനുഷ്യനെ സൃഷ്ടിച്ചത് ദൈവങ്ങള്‍ക്കു വിടുപണി ചെയ്യാനല്ല, ദൈവത്തിന്‍റെ അതേ രൂപത്തിലും ഛായയിലുമാണല്ലോ. എല്ലാം സൃഷ്ടിച്ചിട്ട് ഒടുക്കം ദൈവം പറഞ്ഞതും നമുക്ക റിയാം: "താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായി രിക്കുന്നുവെന്നു ദൈവം കണ്ടു" (ഉല്‍പത്തി 1 : 31). എനുമ ഏലിഷില്‍ സൃഷ്ടപ്രപഞ്ചം മുഴുവന്‍ തിന്മ നിറഞ്ഞതാണെങ്കില്‍, ബൈബിളില്‍ സകലമാന പ്രപഞ്ചവും ദൈവത്തിന്‍റെ കൈയൊപ്പു പേറുന്നതാണ്. ആണും പെണ്ണും ദൈവങ്ങളുടെ വീടുകളിലെ അടിച്ചുതളിക്കാരല്ല, ദൈവത്തിന്‍റെ അതേ മഹത്വം ഉള്ളിലേറുന്നവരാണ്.
ഇനി നമുക്ക് ലിന്‍ വൈറ്റ് വിമര്‍ശിക്കുന്ന ഉല്‍പത്തിയിലെ വചനഭാഗം പരിഗണിക്കാം. ഭൂമി മുഴുവന്‍ പെരുകുവിന്‍, ഭൂമിയെ കീഴടക്കുവിന്‍, മാന ത്തും മണ്ണിലും വെള്ളത്തിലുമുള്ള എല്ലാറ്റിന്‍റെയും മുകളില്‍ ആധിപത്യം സ്ഥാപിക്കുവിന്‍ എന്നൊക്കെ യാണ് ബൈബിളിലെ ആദ്യപേജില്‍തന്നെ നാം വായിക്കുന്നത്. അത് അക്ഷരശഃ നടപ്പിലാക്കാന്‍ ശ്രമിച്ചവരാണ് വ്യവസായവത്കരണത്തിനു ചുക്കാന്‍ പിടിച്ച പാശ്ചാത്യ നാടുകള്‍. ഉല്‍പത്തി 1:26-28 ല്‍ പറയുന്നത് അക്ഷരംപ്രതി പ്രയോഗ ത്തില്‍ എത്തിക്കാന്‍ ശ്രമിച്ചവര്‍, പക്ഷേ തൊട്ട ടുത്തു വരുന്ന വചനഭാഗം അപ്പാടെ തള്ളിക്ക ളഞ്ഞു! അവിടെ പറയുന്നത് മനുഷ്യരും സകല ജീവിവര്‍ഗങ്ങളും സസ്യഭുക്കുകളാകണമെന്നാണ്! "ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവക ള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു" (ഉല്‍പത്തി 1 : 29-30). കടുവയുടെയും സിംഹത്തിന്‍റെയും കാര്യം അവിടെ നില്‍ക്കട്ടെ; ഉല്‍പത്തി 1:26-28 ല്‍ ദൈവം പറഞ്ഞതെന്നു പറയുന്ന വാക്കുകളെ സര്‍വാത്മനാ അനുസരിച്ചവര്‍, എന്തേ ഉല്‍പത്തി 1:29-30 ല്‍ പറ ഞ്ഞതനുസരിച്ച് ചീരയും കാബേജും കൊണ്ടു മാത്രം വയറുനിറച്ചില്ല? ബൈബിളിലെ രണ്ടു വാക്യങ്ങള്‍ അതേപടിയെടുത്ത് പ്രകൃതിക്കെതിരേ സകല നെറികേടും കാട്ടിയ മനുഷ്യന്‍, അതേ ബൈബിളില്‍ അതേ ഭാഗത്തു കാണുന്ന മറ്റു രണ്ടു വാക്യങ്ങള്‍ക്കു പുല്ലുവില കൊടുത്തതിന് ന്യായീ കരണമൊന്നുമില്ല. ഒരാള്‍ക്കു സൗകര്യമുള്ളപ്പോള്‍ മാത്രം അനുസരിക്കുകയും സൗകര്യമില്ലാത്തപ്പോള്‍ തള്ളിക്കളയുകയും ചെയ്യുന്ന ഗ്രന്ഥത്തെ അയാ ളുടെ വേദഗ്രന്ഥമെന്ന് എന്തായാലും വിളിക്കാ നാകില്ലല്ലോ.
ഉല്‍പത്തി 1-11 ല്‍ നിറയെയുള്ളത് മിത്തു കളാണ്. അതുകൊണ്ടുതന്നെ അവയുടെ ആകമാന സന്ദേശമാണു പരിഗണിക്കേണ്ടത്, അല്ലാതെ ഓരോ വാക്യവുമല്ല. അപ്പോള്‍, ഉല്‍പത്തി 1:29-30 നെ അക്ഷ രംപ്രതി എടുക്കാത്തതുപോലെതന്നെ, ഉല്‍പത്തി 1:26-28 നെയും അക്ഷരംപ്രതി എടുക്കാനാകില്ല. എന്താണ് പ്രസ്തുത വചനഭാഗം (1:26-28) യഥാര്‍ ഥത്തില്‍ ഉദ്ദേശിച്ചത്?
മനുഷ്യന് മാംസാഹാരം കഴിക്കാന്‍ ബൈബിള്‍ പ്രകാരം അനുവാദം കിട്ടുന്നത് ഉല്‍പത്തി 9:3 ലാണ്: "ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമാ യിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു." ഏതു പശ്ചാ ത്തലത്തിലാണ് മാംസാഹാരത്തെകുറിച്ചു പറയുന്ന തെന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. മനുഷ്യന്‍ നിമിത്തം ഭൂമി മുഴുവന്‍ തിന്മ പെരുകു കയും, തുടര്‍ന്ന് പ്രളയം അയച്ചു ദൈവം ഭൂമു ഖത്തെ വിമലീകരിക്കുകയും ചെയ്തെന്നാണല്ലോ പ്രധാനമായും ഉല്‍പത്തി 1-11 പറയുന്നത്. പ്രളയാ നന്തര ലോകത്തെക്കുറിച്ച് ബൈബിള്‍ പഠിപ്പിക്കു ന്നത് ഇതാണ്: "നോഹയെയും പുത്രന്‍മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. സകല ജീവികള്‍ക്കും ... നിങ്ങളെ ഭയമായിരിക്കും" (ഉല്‍പത്തി 9 : 1-2). ഭൂമി ശുദ്ധീകരിക്കപ്പെട്ടെങ്കിലും, ആദിമുതല്‍ സൃഷ്ടപ്രപഞ്ചത്തില്‍ ഉണ്ടായിരുന്ന ഹാര്‍മണി എന്നേക്കുമായി നഷ്ടപ്പെട്ടു പോയിരി ക്കുന്നു. ഇനിമേല്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ഇടയി ലുള്ളത് ഭയത്തിന്‍റെ ഭാവമായിരിക്കും, ഇരുപക്ഷവും എന്നും ശത്രുപക്ഷങ്ങളില്‍ ആയിരിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, മനു ഷ്യനു മൃഗലോകവുമായുള്ള ബന്ധം കൊല്ലലി ന്‍റെയും തിന്നലിന്‍റെയും മാത്രമായിരിക്കും. ഇതില്‍നിന്നു നമുക്കു മനസ്സിലാകുന്നത് ഹാര്‍മണി നഷ്ടപ്പെടാത്ത ഒരു ലോകത്തെക്കുറിച്ചാണ് ഉല്‍പത്തി 1-ാം അധ്യായത്തില്‍ പറയുന്നത് എന്നാ ണല്ലോ. എല്ലാവരും സസ്യഭക്ഷണംമാത്രം കഴിച്ച് ചോര ചിന്താതെ ജീവിച്ച ലോകമാണ് ഉല്‍പത്തി 1- ലുള്ളത്. അത്തരമൊരു ലോകത്തില്‍ മനുഷ്യന്‍റെ ധര്‍മമെന്താണ് എന്നാണല്ലോ ഉല്‍പത്തി 1:26-28 നമ്മെ പഠിപ്പിക്കുന്നത്.
"അടിക്കുക" എന്ന മലയാള വാക്കിന് ഓരോ സാഹചര്യത്തിലും ഓരോ അര്‍ഥമാണുള്ളത്. "അവള്‍ മുറ്റം അടിച്ചു," "അവനെ കറന്‍റ് അടിച്ചു," "അയാള്‍ക്ക് ലോട്ടറി അടിച്ചു," "വീടിന് പെയിന്‍റ് അടിച്ചു," "അപ്പോള്‍ കാറ്റ് അടിച്ചു," "സാര്‍ കുട്ടിയെ അടിച്ചു" തുടങ്ങിയ വാക്യങ്ങളില്‍ എത്ര അര്‍ഥ ഭേദങ്ങളോടെയാണ് "അടിക്കുക" എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഒരു പദത്തിന്‍റെ ലൊമിശേര ൃമിഴല എന്ന് ഇത് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഉല്‍പത്തി 1:28 ല്‍ കാണുന്ന രണ്ടു ഹീബ്രു വാക്കുകളാണ് കബാഷ് ((kabash)), റദാ radah) എന്നിവ. ഇവയെ "കീഴടക്കുവിന്‍" എന്നും "ആധിപത്യം ഉണ്ടാവട്ടെ" എന്നും മലയാളത്തില്‍ യഥാക്രമം നാം പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈയൊരു പരിഭാഷ മാത്രമേ ഈ വാക്കുകള്‍ക്കുള്ളൂ എന്നതു അന്വേഷിക്കേണ്ട വിഷയമാണ്. അതിന് ഈ രണ്ടു വാക്കുകളുടെ semantic range നാമൊന്നു പരിഗണിക്കേണ്ടതുണ്ട്. "കബാഷ്" എന്ന ഹെബ്രായ പദത്തിന് "കീഴടക്കുക" എന്നര്‍ഥമുണ്ട്.
എന്നാല്‍ മറ്റൊരര്‍ഥംകൂടി ഈ വാക്കിനുണ്ട്. ഇസ്രായേല്യര്‍ കാനാന്‍ ദേശം സ്വന്തമാക്കുന്നതിനെ കുറിച്ചു ജോഷ്വ 18:1 പറയുന്നതു പരിഗണിക്കുക (കബാഷ് എന്ന പദം ഈ വാക്യത്തിലുണ്ട്): "Then the whole congregation of the Israelites assembled at Shiloh and set up the tent of meeting there. The land lay subdued before them.'' "ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു." ഇംഗ്ലീ ഷ്-മലയാള പരിഭാഷകളുടെ താരതമ്യത്തില്‍നിന്ന്, ആ ദേശത്തു ഇസ്രായേല്യര്‍ താമസമുറപ്പിച്ചു എന്നാണു പ്രസ്തുത വചനഭാഗം പറയുന്നതെന്നു നമുക്കു മനസ്സിലാക്കാം. അതായത്, "കബാഷി"ന് ഒരു ദേശം സ്വന്തമാക്കി അവിടെ വാസമുറപ്പിക്കുക എന്നും അര്‍ഥം കല്‍പിക്കാം. "റദാ" എന്ന വാക്കിന്‍റെ സെമാന്‍റിക് റേഞ്ച് കുറേക്കൂടി വലുതാണ്: അധീനമാക്കുക, (ഇടയനെപോലെ) തീറ്റിപ്പോറ്റുക, സഹചാരിയാവുക, നയിക്കുക, ആജ്ഞാപിക്കുക തുടങ്ങിയവയാക്കെ ഈ വാക്കിന്‍റെ അര്‍ഥങ്ങളാണ്. ഏതാനും പഴയനിയമ വാക്യങ്ങള്‍ നമുക്കു പരിഗണിക്കാം: "എന്‍റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ" (2സാമുവല്‍ 5 : 2). "അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു... തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ ഇസ്രായേലിനെയും മേയിക്കുവാന്‍വേണ്ടി അവിടുന്നു ... അവനെ വിളിച്ചുവരുത്തി" (സങ്കീര്‍ത്ത നങ്ങള്‍ 78 : 70-71). "ഞാന്‍ അവയ്ക്ക് ഒരു ഇടയനെ, എന്‍റെ ദാസനായ ദാവീദിനെ, നിയമിക്കും. അവന്‍ അവയെ മേയ്ക്കും. അവന്‍ അവയെ പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും" (എസെക്കിയേല്‍ 34 : 23). ഭരിക്കുക, അധിപനാകുക എന്നീ വാക്കുകള്‍ക്ക് ഇടയനെപോലെ ആടുകളെ പോറ്റുക എന്നയര്‍ഥംകൂടിയുണ്ടെന്ന് ഈ വാക്യങ്ങ ളില്‍നിന്നു വ്യക്തമാണല്ലോ.
ചുരുക്കത്തില്‍, കബാഷ് എന്ന വാക്കിന് കീഴടക്കുക, വാസമുറപ്പിക്കുക എന്നീ അര്‍ഥങ്ങളുണ്ട്. റദാ എന്ന വാക്കിന് അധീനമാക്കുക, ഇടയനെ പോലെ ആടുകളെ പരിപാലിക്കുക തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. ഇവയില്‍ ഏതര്‍ത്ഥമാണ് ഉല്‍പത്തി 1:28ന് കൂടുതല്‍ അനുയോജ്യമെന്നതാണു ഇനി നാം കണ്ടെത്തേണ്ടത്. മുന്‍പു സൂചിപ്പിച്ചതുപോലെ, ഉല്‍പത്തി 1-ലെ ലോകം, മനുഷ്യ രുടെയും ഇതരജീവികളുടെയും പല്ലിലോ നഖത്തിലോ ചോര പുരളാത്ത സസ്യഭുക്കുകളുടെ ലോകമാണ്. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ളത് ഹാര്‍മണി മാത്രമാണ്. ദൈവം ഭരണം നടത്തു മ്പോള്‍ സംഭവിക്കാന്‍ പോകുന്നതിനെകുറിച്ചുള്ള ഏശയ്യായുടെ വാക്കുകള്‍കൂടി പരിഗണിച്ചാല്‍ ഇതേ കാര്യം കുറേക്കൂടി വ്യക്തമാകും. "നീതിയും വിശ്വ സ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണ ലിയുടെ അളയില്‍ കൈയിടും. എന്‍റെ വിശുദ്ധ ഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുക യില്ല" (ഏശയ്യാ 11 : 5-9). "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്‍റെ ആഹാരം പൊടിയായിരിക്കും. എന്‍റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല" (ഏശയ്യാ 65 : 25). അതായത്, ഉല്‍പത്തി 1 ലെ ലോകം ഏശയ്യാ വിഭാവനം ചെയ്ത ലോകമാണ്.
ഒരൊറ്റ കുടുംബംപോലെയാണ് മനുഷ്യരുള്‍പ്പെടുന്ന പ്രപഞ്ചവാസികളെല്ലാവരും ആ ലോകത്തു ജീവിക്കുന്നത്. അത്തരമൊരു ലോക ക്രമത്തില്‍ മനുഷ്യന്‍ ഭൂമിയെ കീഴ്പെടുത്തി, സകലതിനെയും അധീനത്തിലാക്കണമെന്നതാണോ, അതോ മനുഷ്യന്‍ ഈ ഭൂമിയില്‍ വാസമുറപ്പിച്ച് സകലതിനെയും ഇടയന്‍ ആടുകളെയെന്ന പോലെ പരിപാലിക്കണമെന്നതാണോ ഉല്‍പത്തി 1:28ന്‍റെ കൂടുതല്‍ സന്ദര്‍ഭോചിതമായ പരിഭാഷ? രണ്ടാമത്തെ പരിഭാഷയാണ് കൂടുതല്‍ ശരിയെന്നതു മുന്‍പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാണല്ലോ. സന്ദര്‍ഭം നോക്കാതെയുള്ള പരിഭാഷ ഉപയോഗിച്ച് ആര്‍ത്തി പൂണ്ട മനുഷ്യന്‍റെ ദുരയ്ക്ക് ബൈബിള്‍ ഉപയോഗിച്ച് സാധൂകരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ സത്യമായും പാഴ്വേലയാണ്. കാരണം, ബൈബിള്‍ അങ്ങനെ പറയുന്നതേയില്ല.